Follow Us On

29

March

2024

Friday

അമ്മ തുളുമ്പി പോകാത്ത സ്‌നേഹം

അമ്മ തുളുമ്പി പോകാത്ത സ്‌നേഹം

മനസ്സിൽ തുളുമ്പുന്ന വിശുദ്ധ ഓർമ്മയായി ഇന്നുമെന്റെയുള്ളിൽ വസിക്കുന്ന ഊഷ്മളാനുഭവം ഒരു വിശുദ്ധയുടെ ഓർമ്മക്കുറിപ്പിൽ വർണ്ണിക്കുന്നുണ്ട്. അമ്മയുടെ മടിത്തട്ടിലിരുന്ന് നെഞ്ചിൽ തലചായിച്ചു കിടന്ന കുഞ്ഞുമകൾ കൊഞ്ചി ചോദിച്ചു: ”അമ്മേ ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?” അവളുടെ പിഞ്ചു മുടിയിഴകളിൽ തലോടിക്കൊണ്ട് വാത്സല്യത്തോടെ അമ്മ പറഞ്ഞു: ”മോൾക്ക് തീർച്ചയായും സ്വർഗ്ഗത്തിൽ പോകാം. പക്ഷേ കുസൃതിയൊന്നും കാണിക്കരുത്.”
”അപ്പോൾ ഞാൻ കുറുമ്പു കാണിച്ചാൽ നരകത്തിൽ പോകുമായിരിക്കും. ഇല്ല, എനിക്കറിയാം എന്തു ചെയ്യണമെന്ന്. സ്വർഗ്ഗത്തിലുള്ള എന്റെ അമ്മയുടെ കരങ്ങളിലേക്ക് ഞാൻ നരകത്തിൽ നിന്ന് ചാടും. അമ്മയെന്നെ വക്ഷസ്സിൽ അമർത്തി പിടിച്ചിരിക്കുമ്പോൾ ദൈവമെന്നെ പിടിച്ച് സ്വർഗ്ഗത്തിന് വെളിയിലാക്കാനാവില്ല.”
ഒരമ്മയുടെ കരവലയത്തിനുള്ളിൽ അഭയം പ്രാപിക്കുന്നവനെതിരെ ഒന്നും ചെയ്യാൻ ദൈവം തിരുമനസാകുന്നില്ലായെങ്കിൽ, എത്ര ചീഞ്ഞളിഞ്ഞ, പുഴുക്കുത്തേറ്റ ജന്മമാണെങ്കിൽപ്പോലും പരലോകം ഉറപ്പിക്കാൻ മതിയായൊരമ്മയുണ്ട് നമുക്കേവർക്കും. ഈ ഉലകിൽ ജീവിക്കുമ്പോൾ തന്നെ അവളെ ‘അമ്മേ’ എന്ന് വിളിച്ചു ശീലിക്കുക.
അനുഗ്രഹകടാക്ഷം കിട്ടാനായി ശിശുക്കളെ അവന്റെ അടുത്തു കൊണ്ടുവന്നവരെ ശകാരിച്ച ശിഷ്യരോട് യേശു കലഹിക്കുന്നുണ്ട്. ”അവരെ തടയരുത്. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ശിശുവിനെ പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല.” ഒരമ്മയുടെ മുമ്പിലേ നമുക്ക് ശിശുവാകാനാവൂ. നമുക്കുള്ളിലെ ശൈശവത്തെ കാത്തുസൂക്ഷിക്കുന്നത് അമ്മയുടെ സൗമ്യസാന്നിധ്യമാണ്.
അബ്രാഹത്തിന് വാർദ്ധക്യത്തിന്റെ നരബാധിച്ച നാളുകളിലാണ് ഇസഹാക്ക് പിറക്കുന്നത്. ആ പടുവൃദ്ധൻ വാത്സല്യാർദ്രതയാൽ അവനെ നെഞ്ചിലേറ്റി ഓമനിച്ചിരുന്നപ്പോൾ ദൈവം കല്പിച്ചു: ”നിന്റെ മകനെ എനിക്കുവേണ്ടി ദഹനബലിയർപ്പിക്കുക” എന്ന്. ഏറ്റവും ഗതികെട്ട പിതാവ്. പരിഭവങ്ങളോ, പരാതിയോ ഇല്ലാതെ പുത്രനെയുംകൊണ്ട് മോറിയാ മലയിലെത്തി, ബലിപീഠമുണ്ടാക്കി അതിൽ അവനെ കിടത്തി, കത്തിയോങ്ങിയതും മാലാഖയവനെ തടഞ്ഞു. ആ ദുർഭഗ നിമിഷത്തിലവൻ തിരിച്ചറിഞ്ഞു ദൈവാജ്ഞയിൽ ഒളിച്ചുവെച്ചിരുന്ന പരീക്ഷയുടെ വിരൽസ്പർശം. അങ്ങനെ അബ്രാഹം വിശ്വാസികളേവരുടെയും പിതാവായിത്തീർന്നു. ദൈവകുമാരൻ തന്റെ ഉദരത്തിൽ തന്റേതുമാത്രമായ പൊന്നോമൽ പുത്രനായിട്ട് കിട്ടിയപ്പോൾ മറിയവും ‘സ്‌തോത്രഗീതങ്ങൾ’ പാടി ആനന്ദിച്ചു. ദൈവം അവളോടുമാവശ്യപ്പെട്ടു. ”നിന്റെ മകനെ ഈ ലോകത്തിന്റെ പാപപൊറുതിക്കുവേണ്ടി യാഗബലിയായി അർപ്പിക്കുക.” നിറകണ്ണുകളോടെ, വിങ്ങിപ്പൊട്ടുന്ന മനമോടെ അവളും സമ്മതം മൂളി. അവനുമായി അവൾ ഗാഗുൽത്താ മലയിലെത്തി. ആ കണ്ണുനീർ താഴ്‌വരയിൽ മരക്കുരിശിന്റെ ബലിക്കല്ലിൽ ക്രിസ്തു കിടക്കുമ്പോൾ മാതാവ് അബ്രാഹത്തെ ഓർത്തിട്ടുണ്ടായിരിക്കും. പ്രത്യാശയോടെ സമാശ്വസിച്ചിട്ടുണ്ടായിരിക്കും. ”എന്റെ ഉണ്ണിയെ ദൈവം തിരിച്ചുതരും. അവന്റെ പരീക്ഷയാണിത്.” ഉന്നതങ്ങളിൽ അബ്രാഹംപോലും ദൈവതിരുപാദാന്തികത്തിൽ വീണു കേണിട്ടുണ്ടാകും. ”നീയെനിക്ക് എന്റെ മകനെ തിരിച്ചുതന്നില്ലേ. അവൾക്കും നൽകുക.” എന്നാൽ ഒന്നും മാറി പോയില്ല. മരണത്തിന് തൊട്ടുമുമ്പ് മകനാണ് സംസാരിച്ചത്. അവന്റെ അധരങ്ങളിൽ ദൈവത്തിന്റെ അഭീഷ്ടമുണ്ടായിരുന്നു. ”ഇന്ന് ഈ ലോകം മുഴുവനും നിന്നെ അമ്മേ എന്നു വിളിക്കും. ഇനി നിന്റെ മക്കൾ ഈ ലോകംതന്നെയാണ്. എന്നെ സമർപ്പിച്ചതിനാൽ എന്നും ഞാൻ മാത്രമല്ല, സർവ്വജനവും നിനക്ക് മക്കളായിരിക്കും.” പടുകിഴവനായ അബ്രഹാം പോലും ഈ കന്യകയെ അമ്മയായിട്ട് വണങ്ങുന്നു. വിശ്വാസികളുടെ പിതാവിനേക്കാൾ ഭാഗ്യവതിയായ മാതാവായി മറിയം.
ചരിത്രം ജന്മം നൽകിയ ഒത്തിരി മേരിമാരുണ്ട്. യേശുവിന്റെ അമ്മയുടെ പേര് മേരിയെന്നായിരുന്നു. യൂദാസ് സ്‌കറിയോത്തായുടെ അമ്മയും മേരി എന്നുതന്നെ. കന്യാത്വം നഷ്ടമാകാതെ പൈതലിന് ജന്മം കൊടുത്ത സ്ത്രീയാണ് കന്യാമേരി. കന്യാത്വം നഷ്ടപ്പെടുത്തിയിട്ടും മക്കളില്ലാത്ത മഗ്ദലനാമേരിയുമുണ്ട്. എന്നിട്ടും ഒരു മേരിയോടെനിക്ക് വല്ലാത്ത ആദരവ്. ഞാൻ പാപിയെന്നറിഞ്ഞിട്ടും മകനായി സ്വീകരിച്ചതുകൊണ്ട്. ‘അമ്മ’ യെന്നു വിളിക്കാൻ എന്റെ മാതാവായി വന്നതുകൊണ്ട് …..എനിക്ക് ഒത്തിരി ഒത്തിരി സ്‌നേഹമാണീയമ്മയോട്…..
വിക്ടർഹ്യൂഗോയുടെ തൂലികയിൽ നിന്ന് രചിക്കപ്പെട്ട ശോകത്തിന്റെ നിറമുള്ള ഒരു ഫ്രഞ്ച് അമ്മയുടെ കഥയുണ്ട്. വിപ്ലവകാലത്ത് പ്രാണരക്ഷയ്ക്കുവേണ്ടി അവൾക്ക് തന്റെ രണ്ട് മക്കളോടൊപ്പം വീടുപേക്ഷിച്ച് ഓടിപോകേണ്ടിവന്നു. അവർ വനാന്തരങ്ങളിലും തെരുവോരങ്ങളിലും അലഞ്ഞുതിരിഞ്ഞു. ആരും അഭയമായില്ല. മൂന്നു ദിവസത്തോളമായി എന്തെങ്കിലും ഭക്ഷിച്ചിട്ട്. രണ്ടു പട്ടാളക്കാരെ കണ്ടു ഭയന്ന് കുറെ കുറ്റിച്ചെടികൾക്കുള്ളിൽ അവർ ഒളിച്ചു. സൈനികർക്കു മനസ്സിലായി ആ പൊന്തക്കാടിനുള്ളിൽ ആരോ ഉണ്ടെന്ന്. ഒരുവൻ അവരെ പുറത്തേക്കു വലിച്ചുകൊണ്ടുവന്നു. അവരുടെ വാടിക്കൊഴിഞ്ഞ വിഷാദ വദനം കണ്ട മാത്രയിൽ ക്യാപ്റ്റന് അലിവു തോന്നി. തന്റെ പക്കലുണ്ടായിരുന്ന ഒരപ്പക്കഷണമെടുത്തു നീട്ടി. ആ അമ്മ ഒരു ക്രൂരമൃഗത്തെപ്പോലെ അതിലേക്കു ചാടിവീണു. വലിച്ചുമുറിച്ച് അപ്പം രണ്ടാക്കി തന്റെ ഇരുവശങ്ങളിലെ കുഞ്ഞുമക്കൾക്കു നൽകി, ശാന്തയായി നിന്നു. അതു ശ്രദ്ധിച്ച സഹസൈനികൻ പിറുപിറുത്തു. ”കണ്ടില്ലേ, അവൾക്ക് വിശക്കാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.”
എനിക്കുറപ്പുണ്ട്. അവൾക്ക് വിശക്കാത്തതുകൊണ്ടല്ല, അവൾ അമ്മയായതുകൊണ്ടാണ്. ”അമ്മ ഒരു വ്യക്തിയല്ല. വലിയൊരു മനസ്സാണ്. ക്ഷമാശീലയായി സ്വയം രൂപപ്പെടുത്തിയ ഒരു വലിയ മനസ്സാണത്. എല്ലാ നന്മകളിലും വച്ച് മേന്മയേറിയത്” എന്നു പറഞ്ഞവന്റെ ആത്മീയ വെളിച്ചത്തിന്റെ വിശാലതയ്ക്കു മുമ്പിൽ പ്രണാമങ്ങൾ! കൃപ നിറഞ്ഞ ദൈവംതമ്പുരാൻ മറിയത്തിന് നീട്ടിക്കൊടുത്ത ദിവ്യഭോജനമാണ് യേശു. അവനെ അവൾ ഏറ്റുവാങ്ങുമ്പോൾ ആർക്കും വിട്ടുകൊടുക്കാതെ തന്റെ മാതൃത്വത്തിന്റെ, വാത്സല്യത്തിന്റെ, ഒടുങ്ങാത്ത വിശപ്പടക്കാമായിരുന്നു. പ്രാണനിങ്ങനെ നീറി പുകയുമ്പോഴും ഒരുവട്ടം പോലും മറിച്ചൊന്നു ചിന്തിക്കാതെ അവനെ കാൽവരിയിൽ മുറിച്ച് നമുക്കു നൽകിയത് അവൾ നമ്മുടെയും അമ്മയായതുകൊണ്ടാണ്. എന്റെ കർത്താവേ, ദിനംപ്രതി ഞാൻ അൾത്താരയിൽ നിന്നെ സ്വീകരിക്കുമ്പോൾ സ്വർഗ്ഗകവാടത്തിൽനിന്ന് നിന്നെ വിളമ്പുന്നത് എന്റെ അമ്മയാണെന്നെനിക്കറിയാം. യേശു, എനിക്കും എന്റെ അമ്മയ്ക്കുമിടയിലെ സ്‌നേഹത്തിന്റെ അന്നമാണ്. അവളുടെ കരങ്ങളിലൂടെ ദിവ്യകാരുണ്യം എന്റെയും നിന്റെയും അധരങ്ങളിലെത്തുമ്പോൾ അവളുടെ വാത്സല്യത്തിന്റെ അമ്മിഞ്ഞപ്പാൽ തന്നെയാണ് നമ്മുടെ ഹൃദയങ്ങളിലെത്തുന്നത്. അമ്മ തുളുമ്പി പോകാതെ നിൽക്കുന്ന സ്‌നേഹമാണെനിക്ക്.
ക്രിസ്തു അകലങ്ങളുടെ ആഴികളെ അടുപ്പങ്ങളുടെ തീരം കൊണ്ട് ഊറ്റിയെടുത്തവൻ. ദൈവത്തെ അവൻ പിതാവാക്കി, ശിഷ്യരെ സ്‌നേഹിതരെന്നു വിളിച്ചു, പാപികളെ അണച്ചു പിടിച്ചു, വിജാതീയരുടെ ഊട്ടുമേശയിലെ അത്താഴമുണ്ണി. എന്നിട്ടും അമ്മയെ ‘സ്ത്രീ’ എന്നു വിളിച്ചകറ്റിയതെന്തുകൊണ്ട്? മേരിയുടെ ഉദരത്തിൽ പിറന്നു വീഴുന്നതിനു മുമ്പേ ഒരായിരം കുഞ്ഞുങ്ങൾകൂടിയുണ്ടവൾക്ക്. പിന്നെ എല്ലാ ദൃശ്യമിഴികളിലും ക്രിസ്തു മറിയത്തെ സർവ്വരുടെയും അമ്മയാക്കാനാണ് മോഹിച്ചത്. അമ്മേ എന്നു വിളിച്ചാൽ ചിലപ്പോൾ അവൾ തന്റേതു മാത്രമായ അമ്മയെന്നു തെറ്റിദ്ധരിക്കാതിരിക്കാനാണ് ‘സ്ത്രീ’ എന്നവൻ സർവ്വർക്കുംവേണ്ടി വിളിച്ചത്. യോഹന്നാൻ മറിയത്തിന്റെ മകനായത് അവളുടെ ഹൃദയത്തിൽ ജനിച്ചാണ്. ശിമയോൻ പ്രവചിച്ച ‘ഹൃദയത്തെ പിളരുന്ന വാൾ’ അവളുടെ ഈ പേറ്റുനോവല്ലാതെ പിന്നെന്താണ്? അറിയുക. ക്രിസ്തു കന്യാമറിയത്തിന്റെ ഉദരത്തിൽ പിറന്നതുപോലെ നാം ജനിക്കുന്നത് അവളുടെ വിമലഹൃദയത്തിലാണ്.
സർവ്വരേയും തന്റെ നെഞ്ചിലേറ്റുവാങ്ങി മക്കളാക്കുവാൻ രണ്ടുപേർക്കേ ആയിട്ടുള്ളൂ. മറിയത്തിനും ഭൂമിക്കും. മേരിമാതാവിന്റെ പാവനമായ ചേതനയറ്റ ശരീരം ഭൂമിയുടെ മണ്ണിൽ അപ്പോൾ എങ്ങനെ അഴിയാനാണ്. ഭൂമിതൻ ഹൃദയം കേണിരിക്കും ആ നിമിഷം സ്വർഗ്ഗത്തെ നോക്കി. ”സ്വർഗ്ഗമേ സോദരി, ഈ അമ്മയെ എന്റെ ഉദരത്തിലേക്കാവഹിക്കാൻ എനിക്കാവില്ല. ഞാനുമൊരമ്മയാണ്. ഇതാ എനിക്കു തുല്യം മറ്റൊരമ്മ. ഇവളെ ഞാൻ അലിയിച്ചാൽ അതിൽ ഞാനും അലിഞ്ഞില്ലാതെയാകും. മുഴുവനോടെയായി സ്വർഗ്ഗമേ….നീയിവളെ ഏറ്റുവാങ്ങുക!” അങ്ങനെയാവാം മാലാഖമാർ ശരീരത്തോടെ അവളെ സ്വർഗ്ഗത്തിലേക്ക് ആവാഹിച്ചത്. യേശുവിന്റെ വചനം കേട്ടപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീ വിളിച്ചു പറഞ്ഞില്ലേ…..”നിന്നെ വഹിച്ച ഉദരവും നിന്നെ മുലയൂട്ടിയ പയോധരങ്ങളും അനുഗ്രഹീതങ്ങളാണ്.” യേശു നിമിത്തം മറിയം അനുഗ്രഹിക്കപ്പെട്ടവളാണ് എന്നാണവൾ ഉദ്‌ഘോഷിച്ചത്. ഇന്ന് ഈ ഞാൻ പറയുകയാണ്: ”അമ്മേ നിന്റെ ഹൃദയ ഉദരത്തിൽ പിറക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ, നിന്റെ സ്‌നേഹത്തിന്റെ പീയൂഷം നുണയുന്നവർ അനുഗ്രഹീതർ.”
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസ് സ്വപ്നം കണ്ട സ്വർഗ്ഗം എന്നെ വല്ലാതെ അതിശയിപ്പിക്കുന്നു. ”പച്ചപ്പുൽമ്മേട്ടിൽ സുന്ദരമായ ഒരു കൊച്ചുഗ്രാമം. ഗ്രാമ മദ്ധ്യത്തിൽ ദരിദ്രയായ ഒറ്റപ്പെട്ട ഒരു കുടിൽ. മുറ്റത്ത് ഒരു കിണർ. കിണറ്റുകരയിൽ മനുഷ്യാത്മാവ് കന്യാമറിയത്തെപ്പോലെയിരുന്ന് ദൈവത്തെ പാലൂട്ടുന്നു.” ഒരുനാൾ ഈ കിനാവ് പൂവണിയുമോ? അന്ന് നമ്മൾ പരിശുദ്ധ മേരിയെപ്പോലെ രൂപാന്തരപ്പെടുമോ? ജീവിതത്തിലൊരുന്നാളും കളങ്കമേശാത്ത പവിത്രമായ കന്യാമറിയത്തോളം നിർമ്മലരാകാനായില്ലെങ്കിലും നമുക്കും സ്വപ്നം കാണാം. ആയുസിലേറെയും വേശ്യയായി കഴിഞ്ഞിട്ടും ഏഴു പിശാചുക്കളുടെ വാസഗൃഹമായിരുന്നിട്ടുകൂടി കണ്ണീരുകൊണ്ട് പാദങ്ങൾ കഴുകി, മുടിയിഴകൾ കൊണ്ട് തുടച്ച് പാപവിമോചിതയായ മഗ്ദലേനമേരിയെപ്പോലെയെങ്കിലും അവസാനം അനുരഞ്ജനപ്പെടാൻ……പിതാവിന്റെ സമസ്ത ആശകൾക്കും കീഴ്‌വഴങ്ങിയ ക്രൂശിതനോളം എത്താനായില്ലെങ്കിലും അന്ത്യനിമിഷത്തിന്റെ അനുസരണംമൂലം പറുദീസ കരസ്ഥമാക്കിയ ക്രൂശിലെ നല്ല കള്ളനെങ്കിലും ആയിത്തീരാൻ!…….അങ്ങനെ അന്ത്യവിഹായസ്സിൽ അമ്മയുടെ കരവലയത്തിന്റെ സംരക്ഷണത്താൽ സ്വർഗ്ഗം നേടിയെടുക്കാൻ…
ജോനാഥൻ കപ്പൂച്ചിൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?