Follow Us On

18

April

2024

Thursday

കാൽവരിയിലെ കുരിശും മൂന്നു ചോദ്യങ്ങളും

കാൽവരിയിലെ കുരിശും മൂന്നു ചോദ്യങ്ങളും

നമ്മുടെ കർത്താവീശോമിശിഹായുടെ പീഡാനുഭവത്തെയും മരണത്തെയും ഉയിർപ്പിനെയും കുറിച്ച് ഓർമ്മിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വിശുദ്ധവാരത്തിലാണ് നമ്മൾ. കർത്താവിന്റെ പീഡാസഹനചരിത്രം വായിക്കുമ്പോൾ വിവിധ വികാരങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നു. കർത്താവേ, എനിക്കുവേണ്ടിയല്ലേ നീ പീഡനങ്ങളും മരണവും ഏറ്റുവാങ്ങിയത്. ഞാൻ ഇന്നലെ ചെയ്ത പാപങ്ങൾക്കുവേണ്ടി, ഇന്ന് ചെയ്ത പാപങ്ങൾക്കുവേണ്ടി, നാളെ ചെയ്യാനിരിക്കുന്ന പാപങ്ങൾക്കുവേണ്ടി, നീ എനിക്കുവേണ്ടി കാൽവരിയിൽ മരിച്ചു. നിന്നെ ഞങ്ങൾ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
കാൽവരിയിലെ കുരിശിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മൂന്നു ചോദ്യങ്ങൾ ചോദിക്കാൻ നമ്മൾ പ്രേരിതരാകുന്നു. ഒന്നാമത്തെ ചോദ്യം-ആരാണ് കുരിശിൽ മരിച്ചത്? ഒരു വിപ്ലവകാരി? സാമൂഹ്യ പ്രവർത്തകൻ? അത്ഭുതപ്രവർത്തകൻ? ഒരു വിമോചകൻ? കാൽവരിയിൽ മരിച്ചത് വെറുമൊരു വിപ്ലവകാരിയോ സാമൂഹ്യപ്രവർത്തകനോ അത്ഭുതപ്രവർത്തകനോ വിമോചകനോ മാത്രമാണെങ്കിൽ കാൽവരിയിൽ നാട്ടപ്പെട്ട കുരിശ് നിസ്തുലമല്ല. അതിന് പ്രത്യേകതയൊന്നും പറയാനുണ്ടാകില്ല. കാരണം ചരിത്രത്തിൽ എത്രയോ വിപ്ലവകാരികളും വിമോചകരും അത്ഭുതപ്രവർത്തകരും അതിനിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ കാൽവരിയിൽ കൊല ചെയ്യപ്പെട്ടത് ത്രിത്വത്തിലെ രണ്ടാമത്തെയാളായ പുത്രൻ തമ്പുരാനാണ്. കാൽവരിയിൽ ദൈവം തന്നെ ക്രൂശിക്കപ്പെടുകയാണുണ്ടായത്. കാൽവരിയിലെ നിസ്തുലത അവിടെ ദൈവപുത്രൻ ക്രൂശിക്കപ്പെട്ടു എന്നതാണ്. അതിനെപ്പറ്റി വി.പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നത് നോക്കൂ: ”ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ അതെ കുരിശുമരണംവരെ. അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു” (ഫിലിപ്പി.2:6-10). കാൽവരിയിൽ മരിച്ചത് മനുഷ്യനായിത്തീർന്ന ദൈവമാണ്. കാൽവരി നിസ്തുലമാകുന്നത് ഇതുകൊണ്ടുതന്നെയാണ്. ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവമാണ് കാൽവരി.
രണ്ടാമത്തെ ചോദ്യം- എന്തുകൊണ്ട് യേശുക്രിസ്തു ഇപ്രകാരം ഒരു മരണം തെരഞ്ഞെടുത്തു? ദൈവശാസ്ത്രജ്ഞന്മാരും തത്വചിന്തകരും ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ നൽകുവാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഈ ചോദ്യത്തിന്റെ യഥാർത്ഥ ഉത്തരം ദൈവത്തിന്റെ പുസ്തകത്തിൽ നിന്നുതന്നെ നമുക്കു ലഭിക്കുന്നു. വി.യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം 16-ാം വാക്യത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ”എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (3:16). ദൈവം സ്‌നേഹമായതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്. താൻ സൃഷ്ടിക്കുകയും പരിപാലിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മനുഷ്യനുവേണ്ടിയാണ് ദൈവം കാൽവരിയിൽ മരിച്ചത്. പെറ്റമ്മയ്ക്കു തന്റെ കുഞ്ഞിനെ മറക്കുവാൻ കഴിയുമോ? പെറ്റമ്മ മറന്നാലും ദൈവം നമ്മെ ഒരിക്കലും മറക്കില്ലായെന്നാണ് പറയുന്നത്. താൻ സ്‌നേഹിക്കുന്ന മനുഷ്യർക്കുവേണ്ടി തന്നെത്തന്നെ നൽകുന്ന ദൈവത്തെയാണ് ക്രൂശിതനായ യേശുക്രിസ്തുവിലൂടെ നമ്മൾ കാണുന്നത്. ദൈവം സ്‌നേഹമായതുകൊണ്ടാണ് കാൽവരി തെരഞ്ഞെടുത്തത്.
മൂന്നാമത്തെ ചോദ്യം- കാൽവരിയിലെ യേശുക്രിസ്തുവിന്റെ മരണവും എന്റെ ജീവിതവും തമ്മിലുള്ള ബന്ധമെന്താണ്? ഒരു സംഭവം ഞാനോർക്കുന്നു. അമേരിക്കയിലെ നീഗ്രോകളുടെ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ച് വെടിയേറ്റ് മരിച്ച അബ്രാഹം ലിങ്കന്റെ മൃതശരീരം പൊതുദർശനത്തിനായി വെച്ചിരിക്കുകയാണ്. ഒരു നീഗ്രോ സ്ത്രീ തന്റെ കുഞ്ഞിനെയും ഒക്കത്തുവച്ചുകൊണ്ട് ആ മൃതശരീരത്തിനരികെ വന്നു. അവൾ ആ ശരീരം കുറച്ചുനേരം നോക്കിനിന്നു. എന്നിട്ട് ഒക്കത്തിരുന്ന തന്റെ കുഞ്ഞിനോട് ആ മൃതശരീരം ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു: മോനെ, നിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി മരിച്ച വലിയ മനുഷ്യനാണ് ഈ കിടക്കുന്നത്. നിനക്കുവേണ്ടിയാണ് ഇദ്ദേഹം മരിച്ചത്. നീയും ഇദ്ദേഹത്തെപ്പോലെയാകണം. കുരിശിൽ കിടക്കുന്ന യേശുക്രിസ്തുവും ഇതുതന്നെയല്ലേ നിങ്ങളോടും എന്നോ ടും പറയുന്നത്. നിനക്കുവേണ്ടിയാണ് ഞാൻ മരിച്ചത്. നിനക്കുവേണ്ടിയാണ് ഞാൻ ത്യാഗം സഹിച്ചത്. എന്റെ മരണമാണ് നിന്നെ രക്ഷിക്കുന്നത്. നിന്റെ പാപങ്ങൾ കഴുകിക്കളയുന്നത് എന്റെ കുരിശിലെ ബലിയാണ്. നീ ഇനി പാപം ചെയ്യരുത്. നീയും എന്നെപ്പോലെയാകണം.
സ്‌നേഹിതനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ലായെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ദർശനം ഉൾക്കൊണ്ടുകൊണ്ട് നമുക്കു ജീവിക്കാം. കുരിശുമരണത്തിലൂടെ നമുക്കു സ്വാതന്ത്ര്യം നേടിത്തന്ന ആ സ്‌നേഹഗായകനെ നമുക്ക് വിസ്മരിക്കാതിരിക്കാം.
ബിഷപ് ഡോ. വർഗിസ് ചക്കാലക്കൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?