Follow Us On

29

March

2024

Friday

എന്തുകൊണ്ട് ദൈവമേ?

എന്തുകൊണ്ട് ദൈവമേ?

പരമ്പരാഗത പുരാണബ്രാഹ്മണ കുടുംബത്തിൽപ്പെട്ട ദിനേഷ് എന്ന നാൽപതുകാരന്റെ ചോദ്യമാണിത്. ഇതു വെറുമൊരു ചോദ്യമല്ല, അവന്റെ ദൈനംദിന പ്രാർത്ഥനയിലെ ആരംഭവാക്കുകളാണ്. താൻ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ എത്രയെത്ര നേർച്ചകാഴ്ചകൾ…..ബലികൾ….ഹോമങ്ങൾ….അർച്ചനകൾ….പൂജകൾ….രാമനാമം വിളിച്ചു തഴമ്പിച്ച നാവിൽ ഇന്നു ക്രിസ്തുജപമാണ് ഉതിരുന്നത്. യൗവനത്തിൽ വാരിക്കൂട്ടാൻ പണത്തിനു പുറകെ പോയി, ശേഷം മദ്യത്തിനും മയക്കുമരുന്നുകൾക്കും. ലക്ഷപ്രഭുവായിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന ബന്ധുക്കളും മിത്രങ്ങളും അവന്റെ തകർച്ചയിൽ മാറിയൊളിച്ചു. മദ്യപാനം ഒരു ദിനചര്യയെന്നതിലുപരി ഒരിക്കലും കീഴടക്കാനാവാത്ത ഒരു ഭ്രമമായി അവനിൽ വിളയാടാൻ തുടങ്ങി. അപ്പോഴാണ് ക്രൈസ്തവ പ്രാർത്ഥനാമന്ദിരത്തിലേക്കു പോയത്. തകർച്ചയല്ലേ മനുഷ്യന് ദൈവത്തെ തേടാനുള്ള ഏറ്റവും മനോഹരമായ വീഥി.
ധൂർത്തപുത്രനെപോലെ ഒരായിരം പൂജാവിധികളിലേക്കും ഒട്ടേറെ ശത്രുസംഹാരക്രിയകളിലേക്കും അവൻ വഴിമാറിനോക്കി. ഒന്നിനും തന്നെ രക്ഷിക്കാനാവില്ലെന്ന് അവസാനമാണവൻ തിരിച്ചറിഞ്ഞത്. ആ യാത്ര ക്രൂശിതനിൽ എത്തുവോളം ദീർഘിച്ച ഒരു യാത്രയായിരുന്നു. കുരിശിലവസാനം അവൻ അഭയം കണ്ടെത്തി. യേശു സ്‌നേഹവും കാരുണ്യവും തിരിച്ചറിഞ്ഞ ദിനേഷ് ദൈവത്തിനോട് ഒരു ചോദ്യം മാത്രം ചോദിക്കും: ”എന്തുകൊണ്ട് ആരംഭംമുതലേ എന്നെ ക്രിസ്ത്യാനിയാക്കിയില്ല?” ഉത്തരം പ്രതീക്ഷിക്കാത്ത ഈ ചോദ്യത്തിന് ഒരു മറുഭാഗവും കൂടിയുണ്ട്.
ക്രൂശിതന്റെ മുഖത്തുനിന്നും തല തിരിച്ച് പിന്നെയവൻ നോക്കുന്നത് ക്രൈസ്തവരുടെ മുഖത്തേക്കാണ്: ”എന്തുകൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ച് ഇത്രയും കാലം എന്നോടു പറയാതിരുന്നത്?”
ദൈവമേ! എന്റെ സമർപ്പണജീവിതത്തിന്റെ അടിത്തറ കുലുക്കുന്ന ചോദ്യമാണിത്! ഇതാണ് ദിനേഷിന്റെ വിശ്വാസപ്രഖ്യാപനം. അലസമായി ഞാൻ ചരിക്കുമ്പോൾ, ആരാധനയില്ലാതെ ഞാൻ പ്രാർത്ഥിക്കുമ്പോൾ, സമർപ്പണമില്ലാതെ ഞാൻ ചിന്തിക്കുമ്പോൾ ഒക്കെ എത്രയെത്ര അക്രൈസ്തവരുടെ ചോദ്യശരങ്ങളായിരിക്കും എനിക്കു മുമ്പിലുണ്ടാവുക. രാമനും കൃഷ്ണനും അള്ളാഹുവും ക്രിസ്തുവും ഒക്കെ ഒന്ന് എന്ന് പഠിക്കാനും പഠിപ്പിക്കാനും നീണ്ട ചർച്ചകളും സെമിനാറുകളും പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെടുമ്പോൾ, ഒരായിരം ദിനേഷുമാരുടെ ചോദ്യം എന്നെ വെളിവിന്റെ പ്രകാശത്തിലേക്കു നയിച്ചിരുന്നെങ്കിൽ! ഞാൻ പ്രാർത്ഥിക്കാതിരിക്കുമ്പോൾ, ക്രിസ്തുവിനെക്കുറിച്ച് ദിവസത്തിലൊരിക്കലെങ്കിലും ഒരു സുഹൃത്തിനോടു പങ്കുവയ്ക്കാതിരിക്കുമ്പോൾ ക്രൂശിതന്റെ ”എനിക്കു ദാഹിക്കുന്നു” എന്ന വചനത്തിന്റെ അലയടികൾ എന്നെ അസ്വസ്ഥനാക്കുന്നു. യേശു കാരുണ്യത്തിനായി പ്രത്യക്ഷമായും പരോക്ഷമായും ആഗ്രഹിക്കുന്ന എത്രയെത്ര മനുഷ്യക്കോലങ്ങളാണു നമുക്കു ചുറ്റും? യേശു വാഗ്ദാനം ചെയ്ത രക്ഷയും വിമോചനവും ക്രൈസ്തവർക്കു മാത്രമുള്ളതാണോ? അവിടുന്ന് എല്ലാമാണ്, എല്ലാവർക്കുമുള്ളതാണ്.
വിശ്വാസിയുടെ അലസത ഒരവിശ്വാസിയെ യേശുകാരുണ്യത്തിന്റെ തുറമുഖത്തേക്കാനയിക്കാനുള്ള വിലങ്ങുതടിയാണെന്നോർക്കുക. അതേസമയം, ഒരു വിശ്വാസിയുടെ തീക്ഷ്ണതയാകട്ടെ, ഒട്ടേറെ പേരെ യേശു സ്‌നേഹത്തിലേക്ക് നയിക്കാൻ കഴിയുന്ന ശക്തിസ്രോതസ്സും. പ്രകാശത്തിന്റെ മക്കളുടെ നിർവികാരപരമായ പെരുമാറ്റം അന്ധകാരത്തിന്റെ മക്കളുടെ വിളയാട്ടത്തിന് ആക്കം നൽകുന്നു. ജന്മംകൊണ്ടും പാരമ്പര്യം കൊണ്ടും വിശ്വാസികളെന്നവകാശപ്പെടുന്ന ക്രൈസ്തവന്റെ വിശ്വാസചെയ്തികളെ ഒരാത്മശോധനയ്ക്കു വഴിമാറ്റേണ്ട സമയമാണിത്. ഒരാളോടെങ്കിലും ദിവസത്തിലൊരിക്കൽ യേശുവിനെക്കുറിച്ച് പറയാതെ സായാഹ്ന പ്രാർത്ഥനയ്ക്കണയില്ല എന്നു പ്രതിജ്ഞയെടുക്കാൻ നാം തയ്യാറായാൽ ഒരായിരം ദിനേഷുമാരുടെ ചോദ്യത്തിന് ക്രിയാത്മകമായി ഉത്തരം നൽകുന്നവരാകും നാം. മാത്രമല്ല, യേശുവിന്റെ കുരിശു മരണോത്ഥാനത്തിന്റെ പ്രഘോഷകരും വാഹകരും ആയിത്തീരും. ലക്ഷങ്ങൾക്കുമുമ്പിൽ നിന്നുകൊണ്ട് പ്രഘോഷിക്കപ്പെടുന്ന വചനചിന്തകളുടെ വിളവെടുപ്പിനേക്കാൾ നൂറിരട്ടി ശക്തമാണ്, വൈയക്തികാനുഭവങ്ങളുടെ സ്‌നേഹകാരുണ്യത്തിൽ ചാലിച്ചെടുത്ത വചനശക്തിയ്‌ക്കെന്ന് നാം ഒരിക്കലും വിസ്മരിക്കരുത്.
റവ.ഡോ. റോയ് പാലാട്ടി സി.എം.ഐ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?