Follow Us On

28

March

2024

Thursday

വിധി പറയാതെ വധശിക്ഷ

വിധി പറയാതെ വധശിക്ഷ

ലോകചരിത്രത്തിൽ അനേക വധശിക്ഷകൾ നടപ്പിലാക്കിയിട്ടുണ്ട്. അപരാധികൾ മാത്രമല്ല, നിരപരാധികളും വധശിക്ഷക്കർഹരായിട്ടുണ്ട്.പക്ഷേ, അപ്പോഴേക്കും അവർ അപരാധികളായി ആരോപിക്കപ്പെട്ട് അഥവാ വിധിക്കപ്പെട്ട ശേഷമാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ ഒരു നിരപരാധി അതാണെന്ന് വിധിക്കപ്പെട്ട ശേഷവും വധശിക്ഷ നടപ്പിലാക്കിയ ന്യായാധിപൻ പീലാത്തോസാണ്. അതേറ്റ് വാങ്ങിയത് മരണത്തെ കീഴടക്കി ലോകത്തെ രക്ഷിച്ച യേശുക്രിസ്തുവും.
ഈ സംഭവം പരിശോധിക്കുമ്പോൾ എത്തിച്ചേരുക ഏറ്റ വും ഹീനവും കുത്സിതവുമായ ഒരു ഗൂഢാലോചനയിലേക്കാണ്. സംഭവബഹുലമായ ഒരു നാടകത്തെ വെല്ലുന്ന രംഗങ്ങൾ. പ്രബുദ്ധലോകം രണ്ട് സംസ്‌കാരങ്ങളുടെ മുഖമുദ്രയും ഈടുവെപ്പുമായി ആദരിക്കുന്ന നിയമസംഹിതകളാണ്, റോമൻ നിയമങ്ങളും യഹൂദനിയമങ്ങളും.അവയുടെ പാരമ്പര്യത്തേയും ഉത്കൃഷ്ടതയേയും കടപുഴക്കിയെറിയുന്ന ഒരു വിചാരണയും വിധിയുമായിരുന്നു അന്ന് നടന്നത്. രണ്ട് നിയമങ്ങളിലും കുറ്റം ആരോപിക്കപ്പെടുന്നയാൾ ക്ക് കാതലായ ചില അവകാശങ്ങളും ജാമ്യവ്യവസ്ഥകളും ഉറപ്പ് നല്കിയിരുന്നിട്ട് പോലും യേശുവിന്റെ കാര്യത്തിൽ ആ നിയമപരിരക്ഷകളെല്ലാം നഗ്നമായി ലംഘിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും അവഗണിക്കപ്പെടുകയുമാണുണ്ടായത്.
ഒരു മനുഷ്യന്റെ ജീവനോ മരണമോ നിശ്ചയിക്കുന്ന നിയമപരമായ നടപടികൾ തുറന്ന പകൽ വെളിച്ചത്തിൽ നടക്കണം എന്നാണ് യഹൂദ മതനിയമ ഗ്രന്ഥമായ ‘താൽമൂദിൽ’ പറയുന്നത്. സെൻഹെദ്രീൻ ആദ്യയോഗം ചേർന്നതുതന്നെ രാത്രിയിലായിരുന്നു. ഇത് നിയമവിരുദ്ധമാണ്. മത്തായിയുടെയും മർക്കോസിന്റെയും വിവരണമനുസരിച്ച് രാത്രിയിൽ അനൗപചാരിക വിചാരണയും പിറ്റേന്ന് വ്യവഹാരാനുരൂപവും ഔപചാരികമായ കുറ്റാരോപണവും ശിക്ഷാവിധിയും നടന്നുവെന്നനുമാനിക്കാം.
സെൻഹെദ്രീൻ സംഘത്തിൽ ആകെ71 പേരാണ്. ക്വാറം തികയാൻ 23 പേർ മതിയാകും. കുറ്റം ചുമത്താനും വിട്ടയക്കാനും വോട്ടെടുപ്പ് വേണം. ഏതൊരു പൗരനും കുറ്റാരോപണവുമായി ഈ സംഘത്തെ സമീപിക്കാം. വധശിക്ഷാർഹമായ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ഔപചാരികമായ മുന്നറിയിപ്പ് ആദ്യം നൽകണം. വാദിക്ക് സാക്ഷികളായി രണ്ടുപേർ വേണം. കള്ളസാക്ഷി പറയുന്നവർക്ക് പ്രതികളിൽ ആരോപിച്ച ശിക്ഷതന്നെയാണ് ലഭിക്കുക. ന്യായാധിപൻമാർ മുഖം നോക്കാതെ നിഷ്പക്ഷമായി നീതിവിചാരണംചെയ്യണം എന്ന് നിയമം അനുശാസിക്കുന്നു.പ്രതിയുടെ മേലുള്ള ശിക്ഷാവിധി സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞാൽ ഒരു ദിവസത്തെ പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി യോഗം പിരിയണം. ഒരിക്കൽ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിധിതീർപ്പിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അത് പ്രതിക്ക് അനുകൂലമായിരിക്കണം. ശിക്ഷയ്ക്കായിരിക്കരുത്. ഇങ്ങനെ നിരവധിചട്ടങ്ങളാൽ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുന്ന നിയമവ്യവസ്ഥകളാണ് വളച്ചൊടിക്കപ്പെട്ടത്. യേശുവിന്റെ കാര്യത്തിൽ കുറ്റാരോപണവും ശിക്ഷാവിധിയും നേരത്തെതന്നെ നിർണ്ണയിക്കപ്പെട്ടിരുന്നു കുറ്റാരോപണത്തിന് സാധ്യതയേകാൻ എത്തുന്ന സാക്ഷിമൊഴികളുടെ വിശദാംശങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടണമെന്ന നിയമത്തിന് വലിയ പ്രാധാന്യവും കല്പിച്ചിരുന്നു.
സാക്ഷിമൊഴികളുടെ പൊളളത്തരം വെളിപ്പെട്ടപ്പോൾ ദൈവദൂഷണമായി അടുത്തകുറ്റം. ദൈവമഹത്വത്തെ നിന്ദിക്കുക അതാണ് ദൈവദൂഷണം. അതുപോലെതന്നെ ‘യാഹ്‌വേ’ എന്ന പരിശുദ്ധനാമം ഉച്ചരിച്ചാൽ അത് ദൈവനിന്ദയാകും. എ ന്നാൽ ദൈവനിഷേധത്തിന് തുല്യമായ യാതൊ ന്നും യേശു പറയുകയുണ്ടായില്ല. ദൈവനിന്ദകേട്ടാൽ പ്രധാനാചാര്യൻ മാത്രമല്ല അവിടെ സന്നിഹിതരായവർ മുഴുവനും വസ്ത്രത്തിന്റെ വിളുമ്പെങ്കിലും കീറേണ്ടതുണ്ടായിരുന്നു. ഇവിടെ കയ്യപ്പാ.സൊഴികെ മറ്റാരുമത് ചെയ്തില്ല എന്നത് കയ്യാപ്പാസിന്റെ കുതന്ത്രം പൊളിക്കുന്നതായിരുന്നു. ഇതിനൊക്കെ പുറമേ ദൈവദൂഷണക്കുറ്റം ചുമത്താൻ ഒരു ്രപത്യേക ചടങ്ങുണ്ട്. പ്രതിയെ എല്ലാവരും കാണാവുന്ന വിധത്തിൽ ഉയർന്ന ഒരുസ്ഥലത്ത് നിർത്തും. എന്തുകൊണ്ടാണ് പരിശുദ്ധനാമം ഉപയോഗിച്ചതെന്നും അത് പിൻവലിക്കാൻ തയ്യാറുണ്ടോയെന്നും പരസ്യമായി ചോദിക്കും. അത് കഴിഞ്ഞ് മാത്രമേ ഔപചാരികമായി അയാളിൽ ഈ കുറ്റം ചുമത്താൻ പാടുള്ളൂ…
വധശിക്ഷയ്ക്ക് വിധിച്ച സെൻഹെദ്രീൻ സം ഘത്തിന് അതു നടപ്പിലാക്കാൻ അനുവാദമില്ലായിരുന്നു. ഇത് തന്ത്രപൂർവ്വം മറച്ച് വെച്ചാണ് പീ ലാത്തോസിന്റെ മുമ്പിൽ രാജ്യദ്രോഹകുറ്റമായി മാറ്റിയതും. എന്നാൽ പീലാത്തോസിന്റെ വിചാരണയിൽ അങ്ങനെയൊരു കുറ്റം കണ്ടെത്താനായില്ല. എന്നിട്ടും സ്വന്തം കസേരയെ പ്രതി ഒ രു ഭീരുവിനെപ്പോലെ നാലുതവണ നിരപരാ ധിയാണെന്ന് പൊതുജനസമക്ഷം പ്രഖ്യാപിച്ച അധികാരമുണ്ടായിട്ടും അതാഗ്രഹിച്ചിട്ട് പോലും വധശിക്ഷയ്ക്ക് അനുവദിക്കുകയായിരുന്നു.
പൊതുജനത്തിന്റെ അതിശക്തമായ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി പീലാത്തോസ് കൈകഴുകൽച്ചടങ്ങോടെയാണ് ഇത് ചെയ്തതെന്ന് വ്യക്തമാണ്. ”കുറ്റവാളിയെ വിട്ടയയ്ക്കാനും നിരപരാധിയെ ശിക്ഷിക്കാനുമായി മുറവിളികൂട്ടുന്ന ജനക്കൂട്ടത്തിന്റെ അട്ടഹാസങ്ങൾ ഒരു ന്യായാധിപൻ ചെവിക്കൊള്ളരുത്.” എന്ന റോമൻ നിയമത്തിലെ ശക്തമായ അനുശാസന വും അതുവഴികാറ്റിൽ പറത്തുകയായിരുന്നു.
ചരിത്രത്തിൽ ഒരിക്കൽപോലും ആവർത്തിക്കാൻ പാടില്ലാത്ത തെറ്റ് അന്ന് പീലാത്തോസ് ചെയ്തു. വിധിപറയാതെ വധശിക്ഷ നടപ്പിലാക്കിയ ന്യായാധിപൻ- ചരിത്രത്തോട് ചെയ്ത ഈ കളങ്കം ലോകം ഒരുകാലത്തും മറക്കുമെന്ന് തോന്നുന്നില്ല. പീലാത്തോസിന്റെ ജീവിതത്തിനേറ്റ ആ വലിയദുരന്തം ക്രിസ്തുവിന് ലഭിച്ച വലിയ കുരിശായിരുന്നു. ലോകരക്ഷയ്ക്ക് ബലിവസ്തുവായിത്തീരാൻ വന്നവൻ അതിൽ നിന്നും പിന്മാറിയില്ല. എല്ലാം നിസഹായനായി സഹിച്ചു. ജനിക്കാൻ അന്യന്റെ തൊഴുത്ത്, മരിക്കാൻ മറ്റുള്ളവരുടെ കുരിശ്, അടക്കം ചെയ്യാൻ അന്യന്റെ കല്ലറ …. കൂടെ നടന്നവർ ഒറ്റുകാരും തള്ളിപ്പറയുന്നവരുമായി. ഓശാന പാടി എതിരേറ്റ വർ ക്രൂശിക്കാനാർത്തു. ഏത് നേതാവിനാണ് ഇതുപോലൊരു അവഗണനയുണ്ടാകുക?
നാലു തവണ പൊതുജനസമക്ഷം നീതിമാനാണെന്നും നിരപരാധിയാണെന്നും പ്രഖ്യാപിച്ച പീലാത്തോസ് വിധി പറയാതെ വധശിക്ഷവിധിച്ചതുവഴി ഇന്ന് നമ്മോട് സംസാരിക്കുന്നത് എന്തായിരിക്കും? യേശുവിൽ വിശ്വസിക്കുകയും അംഗീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെങ്കിൽ ജീവിതത്തിൽ കള്ളസാക്ഷ്യം പറയുമ്പോൾ ,സഹോദരനെ വെറുക്കുമ്പോൾ, അയൽക്കാരനെ ദ്രോഹിക്കുമ്പോൾ ഓർക്കുക നിങ്ങളും അവനെ ക്രൂശിക്കുകയാണ്. ‘ഇതായിരിക്കില്ലേ ആ സന്ദേശം. നിന്ദ്യമായ പരിഹാസവും ദുസ്സഹമായ അവഗണനയും ക്രൂരമായ പീഡനങ്ങളും നിശബ്ദം ഏറ്റു വാങ്ങിയ ത് കുരിശിനെ വണങ്ങാനോ ചുംബിക്കാനോ ധരിക്കാനോ അല്ല, ചുമക്കാനാണ് എന്ന് നമ്മെ പഠിപ്പിക്കുകയായിരുന്നുവെന്ന് ഓർക്കുകയും അതനുസരിക്കുകയുമാണ് ഇന്ന് നാം ചെയ്യേണ്ടത്.
വിൻസെന്റ് കോട്ടപ്പടി 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?