Follow Us On

28

March

2024

Thursday

ജോസഫ് എന്ന അപ്പന്റെ ചൂട്

ജോസഫ് എന്ന അപ്പന്റെ ചൂട്

അമ്മയുടെ അഗാധമായ സ്‌നേഹത്തിൽ മറഞ്ഞുപോകുന്നതാണോ അപ്പന്റെ ഗാഢമായ സ്‌നേഹം? അപ്പന്റെ വീറുള്ള നോട്ടത്തെക്കാളും അമ്മയുടെ ഊഷ്മളതയുള്ള ചൂടിനെ നാം സ്‌നേഹിച്ചു. തീർച്ചയായും അതു തെറ്റല്ല. എങ്കിലും അപ്പനെ അത്രമേൽ നാം ഗൗരവമായി എടുത്തിട്ടുണ്ടോ?
ജൈവശാസ്ത്രപരമായിപ്പോലും ഒരപ്പനില്ലെങ്കിൽ ഒരമ്മയുണ്ടോ? അപ്പൻ അകലെയായിരിക്കുമ്പോൾ, അത് കയ്യെത്താദൂരത്തായിരിക്കുമ്പോൾ, നിത്യതയിൽ മറയുമ്പോൾ ചിന്ത കുറെക്കൂടി ശക്തമാകുന്നു. അരികിലായിരിക്കുമ്പോൾ ഏറെ ചേർത്തുപിടിക്കാത്തവർപോലും അകലെയായിരിക്കുമ്പോൾ ചേർത്തു പിടിക്കുന്നതിന്റെ കാരണമിതല്ലേ. ഓർമകളിലല്ലേ നമ്മുടെ ജീവിതംപോലും. പേനയെടുക്കുമ്പോഴൊക്കെയും അമ്മയെക്കുറിച്ചെഴുതി അപ്പനെന്ന തണൽവൃക്ഷത്തെ പതുക്കെപ്പതുക്കെ നാം വിസ്മരിക്കുന്നു. അമ്മയുടെ അഗാധസ്‌നേഹത്തെ ചേർത്തുപിടിച്ച്, അപ്പനെ ധ്യാനിക്കാം.
പ്രകടിപ്പിക്കാനറിയാത്ത സ്‌നേഹത്തിന്റെ ബിംബമാണ് പലപ്പോഴും അച്ഛൻ. ആ സ്‌നേഹം അത്രകണ്ട് മധുരമായി സംസാരിച്ചെന്നുവരില്ല; കരഞ്ഞു കാണിക്കാനുമാവില്ല. വികാരങ്ങൾ വിചാരങ്ങളെ എളുപ്പം കീഴ്‌പ്പെടുത്തുന്നതുകൊണ്ട് വിചാരങ്ങളുടെ അച്ഛൻ മക്കളുടെ മനസിനെ കീഴ്‌പ്പെടുത്താൻ കാലതാമസമെടുക്കുന്നു. അമ്മയ്ക്ക് വാത്സല്യം കാണിച്ചാൽ മതി. അച്ഛന് തീരുമാനങ്ങളെടുക്കണം. അമ്മയ്ക്ക് വക്കാലത്തു പിടിച്ചാൽ മതി, പക്ഷേ അച്ഛനു വിധി നിർണയം നടത്തണം. അവൾക്ക് അടുക്കള ദേവാലയമാക്കാം. അച്ഛനോ ഇടപെടുന്നിടം മുഴുവനും പ്രസന്നമാക്കണം. അമ്മ മക്കളെ ചേർത്തുപിടിച്ച് കിടന്നുറങ്ങും. അപ്പൻ മക്കളെയോർത്ത് വ്യാകുലപ്പെട്ട് നേരം വെളുപ്പിക്കും. അപ്പൻ ജീവിക്കുന്നത് ചില ഈഗോയിലാണ്. മക്കളെന്ന ഈഗോ. അതിനു ഉലച്ചിൽ തട്ടിയാൽ സകല നിയന്ത്രണവും വിടും. ധാർഷ്ട്യം അച്ഛന്റെ ശിരസിലുള്ളതല്ല, മറിച്ച് പരിസരത്തിന്റെ ഇടപെടലിൽ അദ്ദേഹത്തിൽ വന്നുചേരുന്നതാണ്. രാവോ പകലോ വ്യത്യാസമില്ലാതെ വെയിലിന്റെ ചൂടിൽ അമരുകയും തണുപ്പിന്റെ വിറയലിൽ തളരുകയും ചെയ്യുന്ന അപ്പനെ നമുക്ക് മറക്കാനാകുമോ?
നസ്രത്തിലുമുണ്ടായിരുന്നു ഒരു കുടുംബനാഥൻ, ജോസഫ്. വളർത്തുന്നവൻ എന്നാണീ വാക്കിന്റെ അർത്ഥം. വളർത്തുന്നവരൊക്കെ വേദനിക്കുന്നവരാണ്; ഒരാളെയും കാണിക്കാതെ കരയുന്നവൻ. ഒരർത്ഥത്തിൽ എല്ലാ അപ്പന്മാരും ജോസഫിന്റെ പിൻഗാമികൾതന്നെ. വളർത്തിയശേഷം തിരശീലയിലേക്കു മടങ്ങുന്നവർ. മക്കളുടെ വളർച്ച നിറഞ്ഞാസ്വദിക്കാൻ ആയുസിന്റെ കരുണപോലും പലർക്കും കിട്ടാറില്ല, നസ്രസിലെ ജോസഫിനെന്നപോലെ. എന്നിട്ടും ക്രൈസ്തവ പാരമ്പര്യത്തിൽ ഏറ്റവുമധികംപേർ പേറുന്ന നാമവും ഇതുതന്നെ ജോസഫ്. ആണ്ടുവട്ടത്തിലൊരിക്കൽ -മാർച്ച് പത്തൊൻപതിന്- ഒരോർമയാചരണം എന്നതിലപ്പുറം ജോസഫ് അരങ്ങിലില്ല. വളർത്തുന്ന എല്ലാ പിതാക്കന്മാരും ഇങ്ങനെതന്നെ. ആ തണൽവൃക്ഷത്തിന്റെ ശിഖിരത്തിൽ ചേക്കേറിയും അതിന്റെ ഫലത്തിൽ വയറുനിറച്ചും അതിന്റെ നിഴലിൽ വിശ്രമിച്ചും വളർന്നു വലുതാകുന്നത് മറന്നുപോകുന്നു, നാമൊക്കെ.
അപ്പന്റെ വിധി!
നാലുമക്കളിൽ ഇളയവനായിരുന്നു അപ്പച്ചൻ എന്നു ഞങ്ങൾ വിളിക്കുന്ന എന്റെയപ്പൻ. സ്വന്തം പിതാവിനെ കണ്ട ഓർമ എന്റെ അപ്പച്ചനില്ല. അപ്പച്ചന്റെ ചെറുപ്പത്തിലേ അദ്ദേഹം മൺമറഞ്ഞു. അനുകരിക്കാൻ മറ്റൊരു പിതാവിന്റെ ബിംബമില്ലാതെ എന്റെ അപ്പച്ചൻ ജീവിതമാരംഭിച്ചു. ഏതൊരു പിതാവിനെപ്പോലെയും അദ്ദേഹം വികാരതീവ്രതയോടെ കരയുന്നത് ഞാൻ കണ്ടിട്ടില്ല. തീർത്തും അങ്ങനെ പറയാനുമാവില്ല. ഒരിക്കൽ കരഞ്ഞു, എന്നെയോർത്ത്. ഞാൻ സെമിനാരിയിലേക്ക് ഇറങ്ങുന്നതിന്റെ തലേനാൾ. വിയർപ്പിൽ ശേഖരിച്ചതൊന്നും ഉപകരിക്കില്ലല്ലോ എന്നതിനപ്പുറം വേദനയുണ്ടോ? മകനെ കുടുംബത്തിന്റെ ഭാരം വഹിക്കാൻ കൂട്ടുചേർക്കാം എന്നു കരുതിയിരുന്നപ്പോഴാണ്, ഞാൻ ഇറങ്ങിപ്പോയത്. നെഞ്ചുപൊട്ടിക്കരയുന്നത് അന്നാണ് ഞാൻ ആദ്യമായി കണ്ടത്. പിതാവിന്റെ സംരക്ഷണയിലല്ലാതെ വളർന്ന താൻ അനുഭവിച്ച ക്ലേശങ്ങളും ദുരിതങ്ങളും ഏകമകന് ഒരിക്കലും ഉണ്ടാകരുതെന്ന് കരുതുന്ന ഒരു പിതാവിന്റെ നിലപാടിനെ തെറ്റുപറയാൻ ആർക്കാ കഴിയുക. ഒൻപതു വയസുമുതൽ റോഡിലും വർക്കുഷോപ്പുകളിലുമായി വണ്ടിപ്പണി നടത്തിയും ഡ്രൈവർജോലി ചെയ്തും നടന്നെങ്കിൽ, ഒരിക്കലെങ്കിലും തന്റെ മകൻ പിൻസീറ്റിലിരുന്ന് ഡ്രൈവറെ നിയന്ത്രിക്കണമെന്ന് ചിന്തിക്കുന്ന ഒരച്ഛനോട് എന്ത് പറയാൻ. വണ്ടിപ്പണി തെണ്ടിപ്പണിയെന്ന് ചിന്തിച്ച് ഡ്രൈവിങ്ങുപോലും മകൻ കുറെക്കഴിഞ്ഞ് പഠിച്ചാൽ മതിയെന്നു ശഠിച്ച എന്റെയപ്പച്ചൻ.
വൈദികപട്ടം കഴിഞ്ഞ് ജനമധ്യത്തിൽ നിൽക്കുന്നതു കണ്ടപ്പോഴാണ് ശേഖരിച്ചതൊന്നും പാഴായില്ലെന്ന് അപ്പച്ചൻ തിരിച്ചറിയുന്നത്. ആകാശവും ഭൂമിയും ഒരുപോലെ മഹത്തരമെന്നു വിളിച്ചുപറയുന്ന പ്രപഞ്ചത്തിന്റെ അൾത്താരകളിൽ പ്രാർത്ഥനയുടെ കരങ്ങൾ ചേർത്തുപിടിച്ച് മകൻ ബലിയർപ്പിക്കുന്നതു കാണുന്നതിലുമപ്പുറം ആനന്ദം എന്താണുള്ളത്? തീർച്ചയായും അപ്പച്ചൻ സന്തോഷിച്ചു, എല്ലാം മറന്നു സന്തോഷിച്ചു. കൺകുളിർക്കെ അതു കണ്ടുനിൽക്കാൻ ആയുസിന്റെ കാരുണ്യം കിട്ടിയില്ല അപ്പച്ചന്. ഈ ഫെബ്രുവരി അഞ്ചിന് മൂന്നാണ്ടുകൾ പിന്നിട്ടു ഞങ്ങളെ വിട്ടുപോയിട്ട്. കാൻസറിന്റെ കരുണയില്ലാത്ത അണുക്കൾ അദ്ദേഹത്തെ കീഴടക്കിയശേഷം അധികമാസങ്ങൾ ജീവിച്ചില്ല. മറ്റാർക്കോ വേണ്ടിയല്ലാതെ ആശുപത്രിയിൽ കയറിയിട്ടില്ലാത്ത അപ്പച്ചൻ തനിക്കുവേണ്ടി കയറി അന്ന്, ആദ്യത്തേതും ഒടുക്കത്തേതുമായി. സിരകളും കോശങ്ങളും ഒന്നൊന്നായി ചത്തൊടുങ്ങുമ്പോഴും മനോവീര്യം കൈവിടാതെ വേദന സഹിച്ചും കിടന്നു, മൈലുകൾക്കപ്പുറത്തുനിന്നു ഞാൻ കിടക്കയ്ക്കരുകിൽ വരുംവരെ.
സ്വന്തം അപ്പൻ മരിക്കുമെന്നു വിശ്വസിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ഏറ്റവും വലിയ സത്യങ്ങളെ മറച്ചു പിടിക്കുന്ന വിഡ്ഢിയാണ് മനുഷ്യൻ. എന്നിട്ടോ, അർദ്ധസത്യങ്ങളെയും അസത്യങ്ങളെയും ചേർത്തുപിടിക്കും. മരണത്തിന്റെ കേളികൊട്ട് വീട്ടുമുറ്റത്തുവരുംവരെ നാമതിനെക്കുറിച്ചോർക്കില്ല. നമ്മുടെ പിതാക്കന്മാർ ഒരർത്ഥത്തിൽ മിസ്റ്റിക്കുകളാണ്. എല്ലാം ഉള്ളിലൊതുക്കിയും കണ്ണിമയ്ക്കാതെ വീടിനെ കാത്തും നടക്കുന്ന മിസ്റ്റിക്കുകൾ. അവരെത്രയോ ദുർബലരെന്നും നാമറിയണം. സ്വന്തം പങ്കാളിയുടെ വേർപാടിൽ പിന്നെ അയാൾക്കൊന്നിനും കഴിയാതെ വരുന്നവർ പോലുമുണ്ട്. വീമ്പിളക്കുന്നതൊന്നും വാസ്തവമല്ലെന്നറിയുന്നത് അപ്പോഴാണ്.
അതുകൊണ്ടല്ലേ, എഴുപതു സ്ത്രീകൾ അതിജീവനത്തിന്റെ വഴിയിൽ വിധവകളായി മുന്നേറുമ്പോൾ, നാൽപതു പുരുഷന്മാർക്കുപോലും തനിയെ മുന്നേറാൻ ആകുന്നില്ലെന്നു പഠനങ്ങൾ പറയുന്നത്. ഒട്ടേറെ സമ്പർക്കങ്ങൾക്കും സ്‌നേഹങ്ങൾക്കും ഇടയുള്ള ഈ ഭൂമിയിൽ ഒരാളെമാത്രം സ്‌നേഹിച്ച്, അതും ശരീരത്തിലും മനസിലും തീവ്രമായി സ്‌നേഹിച്ച്, ഒരു കുടുംബത്തിനായി വ്യയം ചെയ്ത്, അതിന്റെ ആനന്ദത്തിൽ പരിസരത്തെ ചേർത്തുപിടിക്കുകയാണ് ക്ലേശകരം. അതിനാകുന്നവരാണ് നമ്മുടെ പിതാക്കന്മാർ. ആ ഗാഢസ്‌നേഹത്തിലാണ് സർവവിശുദ്ധിയും അടങ്ങിയിരിക്കുന്നത്.
ഒരു പുരോഹിതന് ആരാണച്ഛൻ? ഒട്ടേറെപേർ അയാളെ അച്ചാ എന്നു വിളിക്കുമ്പോഴും വീട്ടിലെ അച്ഛന്റെ മുഖത്തെ വിസ്മൃതിയിലേക്കു തള്ളിമാറ്റാൻ ആകില്ല. അപ്പനെന്നു വിളിക്കാൻ ഒരാളില്ലാതെ വരുമ്പോൾ, നമുക്കായി ആരും പ്രത്യേകം കാത്തിരിക്കുന്നില്ല എന്നറിയുമ്പോൾ, പുരോഹിതന്റെ വീടെന്ന ചിത്രത്തിനു മങ്ങലേൽക്കുന്നു. നീണ്ടകാലത്തെ പ്രസംഗങ്ങൾ കഴിഞ്ഞും ശുശ്രൂഷകൾ കഴിഞ്ഞും മടങ്ങിവരുമ്പോൾ അയാൾക്കായി ആരും കാത്തുനിൽക്കുന്നില്ല എന്നു ചിന്തിക്കുന്ന ഒരാവറേജ് പുരോഹിതന്റെ മനോവിഷമം ഗണിച്ചെടുക്കാനാവില്ല. മാത്രമോ ജീവിതത്തിന്റെ അരണ്ട വെളിച്ചത്തിൽ ഇടനാഴികയിലൂടെ നടന്നുനീങ്ങുമ്പോൾ ഒന്നിടറിയാൽ അദ്ദേഹത്തെ ചേർത്തുപിടിക്കാനാരുണ്ട്? ഒരു തിരുമേനിയും ഉണ്ടാകില്ല. ഒരു ജനവും കൂട്ടംനിൽക്കില്ല. ആരൊക്കെ എവിടംവരെ ഉണ്ടാകുമെന്നു നാം കണ്ടതല്ലേ കാൽവരിയിൽ. അവന് നൽകിയതിനെക്കാൾ കേമമായ എന്തെങ്കിലും നാം പ്രതീക്ഷിക്കുന്നതിൽ കഥയുണ്ടോ? ലോകം മുഴുവനും പഴിചാരി മാറിനിന്നപ്പോഴും ക്രിസ്തുവിന് അവസാനമായി വിശ്രമിക്കാൻ ഉണ്ടായിരുന്നത് നിത്യപിതാവിന്റെ മാറിടംമാത്രം. മാതാവിന്റെ മാറിടത്തിൽനിന്നും അമ്മിഞ്ഞ സ്വീകരിക്കുമെങ്കിലും, അന്ത്യവിശ്രമത്തിന് ഒരു പിതാവിന്റെ മാറിടംതന്നെ വേണം. കുറെക്കാലത്തേക്ക് നമ്മുടെ നാൾവഴികൾ എഴുതിച്ചേർക്കാൻ അമ്മമാത്രം മതിയാകും. എന്നാൽ, കാലം പിന്നിടുമ്പോൾ അപ്പനില്ലാതെ മുന്നേറാനാകില്ല.
കാലം ഒരു പുരോഹിതനിലേൽപ്പിക്കുന്ന നോവിനെ അപ്പനോടല്ലാതെ ആരോടു പറയും. നിറഞ്ഞ മൗനത്തിലും ആ മാറിടം നമുക്കായി കാത്തുകിടപ്പുണ്ട്, അപ്പൻ നഷ്ടമായ എല്ലാവർക്കുമായി, ഉണ്ടായിട്ടും അനാഥത്വം അനുഭവിക്കുന്ന സകലർക്കുമായി. ക്രിസ്തു വിലയം പ്രാപിച്ച ആ പൊന്നുപിതാവിന്റെ മാറിടം!
റോയി പാലാട്ടി സി.എം.ഐ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?