Follow Us On

28

March

2024

Thursday

ഭക്ഷകം

ഭക്ഷകം

”ഭക്ഷണം കഴിച്ചാലും, റബ്ബീ” ശിഷ്യന്മാർ യേശുവിനോട് പറഞ്ഞു. അവൻ മൊഴിഞ്ഞു ”നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്.” ആഴിയിൽനിന്ന് ക രയെ തഴുകുന്ന ഒരായിരം തിരമാലകൾപോലെ ‘ഭ ക്ഷണം’ എന്ന വാക്കിന് വ്യത്യസ്ത ധ്വനികൾ ക്രി സ്തു കൽപിക്കുന്നുണ്ടാവണം. ശരീരത്തെ നിരാകരിക്കുന്ന എല്ലാ വിശ്വാസ പ്രമാണങ്ങളും പൊളിയാണ്. ശരീരത്തെ നിരാകരിക്കുന്നതിനല്ല ഉദാത്തീകരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മനുഷ്യസദൃശ്യനായത്. നിസംശയം പറയാനാവും മനുജന്റെ ഭക്ഷണകാര്യത്തിൽ ക്രിസ്തു നന്നേ ശ്രദ്ധിക്കുന്നുവെന്ന്.
”മകൻ അപ്പം ചോദിച്ചാൽ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ. അഥവാ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? മക്കൾക്ക് നല്ല വസ്തുക്കൾ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും” (മത്താ.7:9-11). അപ്പോൾ എന്താണ് ഭക്ഷണം? ഒരുവന്റെ സമഗ്ര വളർച്ചയ്ക്ക് ഒരുവൻ ആഹരിക്കുന്നതെന്തും ഭക്ഷകമാണ്.
ജീവിതകാലഘട്ടത്തിൽ മൂന്ന് രീതിയിൽ ഒരാൾ ആഹരിക്കുന്നുണ്ട്. ആദ്യം ഒരാൾക്ക് ഭക്ഷകമായി മാറുന്നത് മാതാപിതാക്കൾ തന്നെയാണ്. മാതൃരക്തത്തിൽനിന്ന് പ്രാണവായുവും പോഷകങ്ങളും വലിച്ചെടുക്കുന്നതിനൊപ്പം അവളുടെ വികാരങ്ങളും വിചാരങ്ങളും സന്തോഷവും ദുഃഖവും സ്‌നേഹവും ആകുലതയുമൊക്കെ കുഞ്ഞ് ആഹരിക്കുന്നു. ഇവിടെ ഓർത്തെടുക്കേണ്ട സുവിശേഷഭാഗം മറിയത്തിന്റെ സാന്നിധ്യത്തിൽ എലിസബത്തിന്റെ സന്തോഷം ശിശു ഏറ്റെടുക്കുന്നുവെന്നതാണ്. ”മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി” (ലൂക്കാ 1:41). പിതാവിൽനിന്നും കുഞ്ഞ് ആഹരിക്കുന്നുണ്ട്. പിതാവിന്റെ മൂകതയും അമ്മയുടെ ഏകാന്തവാസവും മൗനമരുഭൂവിലേക്ക് യോഹന്നാനെ നയിക്കുന്നു. ”അവൻ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു” (ലൂക്കാ 1:22). അഞ്ചുമാസത്തേക്ക് അവൾ മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി (ലൂക്കാ 1:24).
ഉദരത്തിലേക്ക് പോകുന്നവ മാത്രമല്ല ഒരുവന്റെ ഭക്ഷണം. കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നതൊക്കെ ഒരുവനെ വളർത്താനും തളർത്താനും പോരിമയുള്ളവയാണ്. നിങ്ങൾ നൽകുന്ന സ്‌നേഹം അമൂല്യമാണെന്ന ബോധ്യത്തിലേക്കും കാണിക്കുന്ന ക്ഷമ ജീവിതത്തിൽ വീണ്ടും അവസരങ്ങളുണ്ടെന്ന തിരിച്ചറിവിലേക്കും നൽകുന്ന കാരുണ്യം പകരംവയ്ക്കാൻ പറ്റാത്തവനാണെന്ന ഓർമയിലേക്കും വളർത്തുന്നു. ഹിറ്റ്‌ലറിന് സംഭവിച്ചത് വലിയ വെളിച്ചം നൽകും. വളരെ ക്ലിഷ്ടകരമായിരുന്നു ഹിറ്റ്‌ലറിന്റെ ബാല്യം. ആഹരിച്ച വെറുപ്പും നിഷേധിക്കപ്പെട്ട സ്‌നേഹവുമാണ് അയാളെ ലോകം അറിയുന്ന ക്രൂരനാക്കിയത്. കുഞ്ഞുഹിറ്റ്‌ലറിനെ ഭ്രാന്തിയായ അമ്മായി എന്നും പേടിപ്പിക്കുമായിരുന്നു. അധികാരം കൈയിലെത്തിയപ്പോൾ ഊനമുള്ള ഒന്നിനും ഭൂമിയിൽ പുലരാൻ അവകാശമില്ലെന്ന് ഉത്തരവിട്ടു. ഫലമോ, കോങ്കണ്ണുള്ളവരെപ്പോലും തേടിപ്പിടിച്ച് നിഷ്‌ക്കരുണം വധിച്ചു, അദ്ദേഹത്തിന്റെ പടയാളികൾ. അപ്പൻ യഹൂദനായിരുന്നു. കുഞ്ഞുനാളുകളിൽ തൂണിൽ കെട്ടിയിട്ട് നിഷ്‌ക്കരുണം പ്രഹരിച്ചിരുന്നുവത്രേ അയാൾ. യഹൂദരെ മുഴുവൻ ഗ്യാസ് ചേംബറിൽ നശിപ്പിക്കുവാനുള്ള ചോരവറ്റിയ മനഃസാക്ഷിയുടെ ഉടമയായി ഹിറ്റ്‌ലറിനെ വളർത്തിയതിൽ ഇതും ഒരു കാരണം. സ്‌നേഹം നിഷേധിക്കുമ്പോൾ അപ്പത്തിനു പകരം കുഞ്ഞുങ്ങൾക്ക് കല്ലു കൊടുക്കുന്നവരും മീൻ ചോദിക്കുമ്പോൾ പാമ്പിനെ കൊടുക്കുന്നവരുമായി നിങ്ങൾ പരിണമിക്കുന്നു. അഞ്ചപ്പവും രണ്ടു മീനും ക്രിസ്തുവിന്റെ കരങ്ങളിലേക്ക് വാഴ്ത്തുവാനായി നൽകിയ ബാലനെ വിസ്മരിക്കരുത്. നൽകുന്നതിന്റെ മഹത്വം അവൻ എവിടെനിന്നാണ് ആഹരിച്ചത്?
ക്രിസ്തു ഇപ്പോഴും ചോദിക്കുന്നു: കുഞ്ഞുങ്ങളേ, എന്താണ് നിങ്ങളുടെ കൈവശമുള്ളത്? നല്ലതുമാത്രം ആഹരിച്ചവർക്കേ നല്ല ഭക്ഷണം നൽകാൻ കഴിയൂ. നിറ നയനങ്ങളോടെയും നുറുങ്ങിയ മനമോടെയും തന്റെ കന്മഷങ്ങളൊക്കെ പേപ്പറിൽ പകർത്തി പിതാവിന്റെ മുൻപിൽ നിൽക്കുന്ന ബാലനായ ഗാന്ധി. എല്ലാം വായിച്ചതിനുശേഷവും കണ്ണടയ്ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരോടും സൗഖ്യസ്‌നേഹത്തോടും പിതാവ് പുത്രനെ അണച്ചുപിടിക്കുന്നു. പിതാവിൽനിന്ന് മാപ്പ് ആഹരിച്ച വ്യക്തിക്കേ തന്നെ മർദ്ധിച്ചവരെ നോക്കി ദണ്ഡമില്ലാത്ത ഹൃദയത്തോടെ പുഞ്ചിരിക്കാനാവൂ.
രണ്ടാമതായി, ഒരാൾ ക്രിസ്തുവിനെ ഭക്ഷിച്ചാണ് വളരുന്നത്. ‘ഗുരു ദയവായി നിൽക്കണം’ തിടുക്കത്തിൽ നടന്നുകൊണ്ടിരുന്ന ഗുരുവിന്റെ പിന്നാലെ ഒരു സ്ത്രീ തന്റെ കുഞ്ഞിനെയും കൈയ്ക്കു പിടിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. ഗുരു കേട്ടതായി ഭാവിച്ചില്ല. അവൾ ഗുരുവിന്റെ മുൻപിലെത്തി. ഗുരു ചോദിച്ചു: ”എന്താണ് നിനക്കു വേണ്ടത്.” അവൾ പറഞ്ഞു: ഞാൻ എന്റെ കുഞ്ഞിനെ അങ്ങയെ ഏൽപിക്കുകയാണ്. ഗുരു: എന്തിന്? നീ ഇവന്റെ അമ്മയല്ലേ? ഗുരു വീണ്ടും നടന്നു തുടങ്ങി. സ്ത്രീ: ‘അതേ, ഇവനിലെ ശാരീരിക മനുഷ്യന് ജന്മം നൽകിയത് ഞാനാണ്.’ ഗുരു നിശ്ചലനായി അവളുടെ മിഴികളിലേക്ക് നോക്കി. അവൾ: ‘ഇവനിലെ ദൈവിക മനുഷ്യന് വേണ്ടുന്ന ഭക്ഷണം നൽകാൻ അങ്ങേക്കേ കഴിയൂ.’ തുടർന്ന് കുഞ്ഞിനോടായി അവൾ പറഞ്ഞു: ‘ഇന്നുമുതൽ നിന്റെ അമ്മ ഗുരുവാണ്.’ ഈ ഭൂവിലെ ഒരു വിത്തുപോലും മനുഷ്യൻ സൃഷ്ടിച്ചിട്ടില്ല. ലാബിൽ ഉണ്ടാക്കിയിട്ടില്ല. ആദ്യന്തം പറയാനാവുന്നത് ദൈവം ഇവയെ ഇല്ലായ്മയിൽനിന്ന് ഉള്ളായ്മയിലേക്ക് വിളിച്ചു എന്നതാണ്. യുദ്ധത്താലും കാലുഷ്യത്താലും വൈര്യത്താലും മരുഭൂമിപോലെ തിളച്ചു മറിയുന്ന ഈ ലോകത്തിൽ ശിഷ്യന്മാരുടെ ചോദ്യത്തിന് പ്രസക്തിയേറുന്നു. ‘ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടത്ര അപ്പം ഈ മരുഭൂമിയിൽ എവിടെനിന്നു കിട്ടും? (മത്താ. 15:33). ക്രിസ്തുതന്നെയാണ് ഈ പാരിന്റെ പശിയടക്കുന്ന ഏറ്റവും നല്ല അപ്പം. കാരണം ക്രിസ്തുവിന് നൽകുവാനുള്ളത് അനന്തമായ സ്‌നേഹവും പരിധികളില്ലാത്ത കരുണയും ചക്രവാളങ്ങളില്ലാത്ത ക്ഷമയുമാണ്. ആയതിനാൽ ക്രിസ്തുവിനെ ഭക്ഷിക്കുന്നവർ ആർജിക്കുന്നത് സ്‌നേഹവും ക്ഷമയും കരുണയുമാണ്.
ഒരു ക്രിസ്മസ് രാത്രി വിവേകാനന്ദൻ ശ്രീരാമകൃഷ്ണ സന്യാസപ്രസ്ഥാനം സ്ഥാപിച്ചിട്ട് തന്റെ സന്യാസികളോട് പറഞ്ഞു: ”നിങ്ങൾ ക്രിസ്തുവാകണം.” ക്രിസ്തുവിനെ ഭക്ഷിക്കുന്നവർ ക്രിസ്തുവാകും, സ്‌നേഹമാകും, കാരുണ്യമാകും. മഞ്ഞുമൂടിയ മലയിൽ ഒരു വിമാനം തകർന്നു വീഴുകയാണ്. മുറിവുകളോടും ചതവുകളോടും കൂടെ കുറച്ചുപേർ രക്ഷപെട്ടു. ആ കൂട്ടത്തിൽ മുറിവേറ്റ് അർദ്ധപ്രാണനായ ഒരു പുരോഹിതനും ഉണ്ടായിരുന്നു. ദിവസങ്ങൾ കടന്നുപോയപ്പോൾ രക്ഷപെടുക ദുഷ്‌കരമാണെന്ന് മനസിലായ പുരോഹിതൻ മറ്റുള്ളവരോട് ജീവൻ നിലനിർത്തുവാൻ തന്റെ മാംസം ഭക്ഷിക്കുവാൻ നിർബന്ധിച്ചു. ”മഞ്ഞു മൂടിക്കിടക്കുന്ന ഈ മലയിൽ ഒരു രക്ഷാസൈന്യവും എത്താൻ പോകുന്നില്ല. എന്റെ മരണം സുനിശ്ചിതമാണ്. നിങ്ങളുടെ ജീവൻ നിലനിർത്താൻ വേണ്ടിയെങ്കിലും എന്റെ മാംസം ഭക്ഷിച്ചുകൊള്ളുക” പുരോഹിതൻ പറഞ്ഞു. അവരുടെ നിസ്സംഗത കണ്ട് ചെറുപുഞ്ചിരിയോടെ പുരോഹിതൻ: ”ഞാൻ അല്പം മദ്യപിക്കും. ഭയമരുത്, എന്നെ ഭക്ഷിക്കുന്നതുകൊണ്ട് നിങ്ങൾ കുടിയന്മാരാവില്ല.” ഒരു ചെറു പുഞ്ചിരി എല്ലാ മുഖങ്ങളിലും പരന്നു. ”എന്റെ മാംസം ഭക്ഷിക്കുമ്പോൾ എന്റെ സ്‌നേഹമാണ് നിങ്ങൾ ഭക്ഷിക്കുന്നത്.” കുറച്ചു വേദനിച്ചും ഏറെ സന്തോഷിച്ചും പുരോഹിതൻ പറഞ്ഞു. ഇപ്പോൾ നമ്മൾ ക്രിസ്തുമൊഴികൾ സ്മരിക്കും: ”എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്” (യോഹ.6:54).
മൂന്നാമതായി, ഭക്ഷണമായി മാറുകയാണ് ഈ ഘട്ടത്തിൽ മനുജന്റെ ഭക്ഷണം. നിങ്ങളറിയാത്ത ഭക്ഷണം എന്നതുകൊണ്ട് ക്രിസ്തു വിവക്ഷിക്കുന്നതിതാണ്. ഇത്രയും കാലം നമ്മൾ മറ്റുള്ളവരിൽനിന്നും ആഹരിച്ചു. ഇപ്പോൾ സമയമായിരിക്കുന്നു, ഭക്ഷണമായി മാറുവാനായി. എല്ലാ ഇലകൾക്കും അതേ വൃക്ഷത്തിന്റെ വേരിന് പോഷണമാകാൻ ദൗത്യമുണ്ട്. ക്ഷമയുടെയും സ്‌നേഹത്തിന്റെയും ശീലങ്ങൾ ക്രിസ്തു ആർജ്ജിച്ചത് അമ്മയിൽനിന്നാവണം. ഉത്തരവാദിത്വത്തിന്റെയും നന്മയുടെയും ശീലുകൾ ആഹരിച്ചത് യൗസേപ്പിൽനിന്നും. കല്ലെറിഞ്ഞു കൊല്ലുവാൻ മറിയത്തെ വിട്ടുകൊടുക്കുവാനുള്ള നിയമത്തിന്റെ അനുശാസന ഉണ്ടായിരുന്നിട്ടും അവളെ രഹസ്യത്തിൽ ത്യജിക്കുവാനും അങ്ങനെ കല്ലേറുകളിൽനിന്നും മറിയത്തെ രക്ഷിച്ച കഥ അമ്മയിൽനിന്നും യേശു കേട്ടിരിക്കണം. പാപത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാൻ കൊണ്ടുവന്നപ്പോൾ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെയെന്ന് പറയുവാൻ കുതിപ്പായത് യൗസേപ്പിന്റെ ഈ നന്മ ആഹരിച്ചതുകൊണ്ടാവാം.
കല്ലുകൾക്ക് അപ്പമാകാൻ കഴിയില്ലെന്ന്, യന്ത്രങ്ങൾക്ക് സ്‌നേഹം നൽകാൻ കഴിയില്ലെന്ന് ഇനിയെന്നാണ് നമ്മൾ നിനയ്ക്കുക. നാൽപത് ദിനരാത്രങ്ങളിലെ ഉപവാസത്തിനൊടുവിൽ ക്രിസ്തു പറയുന്നതാകട്ടെ അപ്പംകൊണ്ട് മാത്രം മനുജന് പുലർന്നുപോകാനാവില്ലായെന്ന യാഥാർത്ഥ്യമാണ്. അന്നന്നുവേണ്ടുന്ന അപ്പം എന്നാൽ ഓരോ ദിനവും പുലർന്നു പോകാനാവശ്യമായ സ്‌നേഹത്തിന്റെയും ക്ഷമയുടെയും സൗഹൃദത്തിന്റെയും അപ്പക്കഷണമെന്നാണ്. അപ്പം ആഹരിച്ചവർക്കേ അപ്പമാകാൻ കഴിയൂ. സ്‌നേഹം ആഹരിച്ചവർക്കേ സ്‌നേഹമാകാൻ കഴിയൂ. ഗൂഗ്ലി ജില്ലയിൽ ഒരച്ഛൻ തന്റെ ഏകമകനെ വെള്ളത്തിൽ മുക്കി കൊന്നു. ഭക്ഷണത്തിനുവേണ്ടിയുള്ള അവന്റെ കരച്ചിൽ സഹിക്കാനാവാഞ്ഞിട്ടാണ് അയാൾ അങ്ങനെ ചെയ്തത്. കാരണം, അവന്റെ വിശപ്പടക്കുവാൻ അയാളുടെ കൈവശം ഒന്നുംതന്നെയില്ലായിരുന്നു. നൽകാൻ ഒന്നും അവശേഷിക്കുന്നില്ല എന്നതാണ് ഇന്നിന്റെ പ്രശ്‌നം. യേശു അവരോട് ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? (മത്താ.15:34). എന്തുത്തരമാണ് നമ്മൾ ക്രിസ്തുവിന് നൽകുക?
അചിന്ത്യമാണ് ആണിപ്പാടുള്ള ഈ കരമില്ലാത്ത ലോകം. ക്രിസ്തുവേ, നീ തന്നെയാണ് ഈ പാരിന്റെ പശിയടക്കുന്ന ഏറ്റവും നല്ല അപ്പം. ദൈവം തന്റെ നെഞ്ചിലെ നെരിപ്പോടിൽ ചുട്ട അപ്പം.
ഫാ. സെബാസ്റ്റ്യൻ തോബിയാസ് 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?