Follow Us On

29

March

2024

Friday

സഭകൾ മുൻവിധികൾ ഒഴിവാക്കണം

സഭകൾ മുൻവിധികൾ ഒഴിവാക്കണം

റോം: സഭകൾ മുൻവിധികൾ ഒഴിവാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന്റെ 500-ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടന്ന അന്താരാഷ്ട്ര ചരിത്ര കോൺഫ്രൻസിൽ പ്രസംഗിക്കുകയായിരുന്നു മാർപാപ്പ. വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ കോൺഫ്രൻസായിരുന്നു. വ്യത്യസ്തമായ ശൈലിയിലും ഭാഷയിലും പ്രഘോഷിക്കപ്പെടുന്ന വിശ്വാസത്തോടുള്ള മുൻവിധികളെ മാറ്റിവച്ചും മുൻപേ കടന്നുപോയവർ ചെയ്ത തെറ്റുകൾ പരസ്പരം ക്ഷമിച്ചും കത്തോലിക്കരും പ്രോട്ടസ്റ്റന്റ് വിശ്വാസികളും പ്രവർത്തിക്കണമെന്ന് മാർപാപ്പ പറഞ്ഞു. ദൈവത്തോട് പുനരൈക്യത്തിനായുള്ള കൃപക്കായി പ്രാർത്ഥിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
ചരിത്രം തിരുത്തിയെഴുതാൻ സാധിക്കില്ലെങ്കിലും 50 വർഷമായി ഇരുസഭകളും തമ്മിൽ നടക്കുന്ന എക്യുമെനിക്കൽ ചർച്ചകളുടെ ഫലമായി ഓർമകളുടെ ശുദ്ധീകരണം സാധ്യമാണെന്ന് പാപ്പ പറഞ്ഞു. ഹിസ്റ്റോറിക്കൽ സയൻസസിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ ഈ യജ്ഞത്തിന് ദൈവത്തോട് നന്ദി പ്രകാശിപ്പിക്കണം. കുറച്ചു കാലങ്ങൾക്ക് മുമ്പുവരെ ഇത്തരത്തിലൊരു സംഗമം അചിന്തനീയമായിരുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള ഓഫീസ് ഒരുക്കുന്ന ഒരു സമ്മേളനത്തിൽ കത്തോലിക്കരും ലൂഥറൻ വിശ്വാസികളും മാർട്ടിൻ ലൂഥറിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. പ്രതിബന്ധങ്ങളെപ്പോലും ഐക്യത്തിനുള്ള വേദിയാക്കി മാറ്റുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്; പാപ്പ വിശദീകരിച്ചു.
ലൂഥറിന്റെ വ്യക്തിത്വത്തെക്കുറിച്ചും സഭാവിമർശനത്തെക്കുറിച്ചും ആഴമായ പഠനം നടത്തുന്നതിലൂടെ കത്തോലിക്കരും പ്രോട്ടസ്റ്റന്റ് വിശ്വാസികളും തമ്മിൽ നിലനിൽക്കുന്ന അവിശ്വാസത്തിന്റെയും ശത്രുതയുടെയും അന്തരീക്ഷത്തെ അതിജീവിക്കാൻ സാധിക്കും. മുൻവിധികളില്ലാതെ നടത്തുന്ന വിശദമായ പഠനത്തിലൂടെ നവോത്ഥാനത്തിന്റെ ക്രിയാത്മകമായ വശങ്ങളെ അംഗീകരിക്കാനും തെറ്റുകളിൽനിന്നും അകന്നുകൊണ്ട് വിഭാഗീയതയിലേക്ക് നയിച്ച പാപങ്ങൾ കണ്ടെത്താനും സാധിക്കുമെന്ന് പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?