Follow Us On

28

March

2024

Thursday

വെല്ലുവിളികളിൽ ആശങ്കപ്പെടരുത്: ഫ്രാൻസിസ് മാർപാപ്പ

വെല്ലുവിളികളിൽ ആശങ്കപ്പെടരുത്: ഫ്രാൻസിസ് മാർപാപ്പ

മിലാൻ, ഇറ്റലി: വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ ക്രിസ്തുവിനെ ജനങ്ങളിലേയ്‌ക്കെത്തിക്കുക എന്ന മിഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ മാർപാപ്പ വൈദികരോടും സന്യസ്തരോടും ആഹ്വാനം ചെയ്തു. മിലാനിലെ സെന്റ് മേരി ഓഫ് നേറ്റിവിറ്റി കത്തീഡ്രലിൽ രൂപതയിലെ വൈദികരെയും സന്യസ്തരെയും അഭിസംബോധന ചെയ്തപ്പോഴാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്.
ജനങ്ങളുടെ ബാഹുല്യം കൊണ്ട് വളരാനല്ല, ലോകത്തെ മുഴുവൻ പുളിപ്പിക്കാൻ സാധിക്കുന്ന കുറച്ച് ഉപ്പും പുളിമാവുമാകാനാണ് സന്യാസസഭകൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പ പറഞ്ഞു. പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുപരിയായി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനാണ് സന്യാസസമൂഹങ്ങൾ ശ്രമിച്ചത്. യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാറ്റങ്ങൾക്ക് തയാറാവുന്നതിൽ സമൂഹങ്ങൾ വിമുഖത പുലർത്തി. തങ്ങളുടെ വീക്ഷണങ്ങൾ സഭയുടേതിനേക്കാൾ ശ്രേഷ്ഠമായി കരുതി. എന്നാൽ ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ വെല്ലുവിളി ഉയർത്തുന്നു. ഒരിക്കൽ കൂടി ഉപ്പും പുളിമാവുമാകുവാനുള്ള ക്ഷണമാണിത്. കൂടുതൽ ഉപ്പോ കൂടുതൽ പുളിപ്പോ ഉള്ള ഭക്ഷണം ദഹിക്കാൻ പ്രയാസമാണ്. യാഥാർത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ട് സഭയ്ക്ക് മുഴുൻ പുളിമാവായി വർത്തിക്കുക; മാർപാപ്പ ഉദ്‌ബോധിപ്പിച്ചു.
സഭയിൽ സന്യാസവിളികൾ കുറയുന്ന പശ്ചാത്തലത്തിൽ ആധുനികസമൂഹത്തിൽ സന്യസ്തരുടെ പ്രവാചകദൗത്യം എപ്രകാരം നിറവേറ്റാനാവുമെന്ന ഉർസലൈൻ സിസ്റ്റർ മദർ എം. പവോല പാഗനോനിയുടെ ചോദ്യത്തിനുള്ള മാർപാപ്പയുടെ ഉത്തരം ശ്രദ്ധേയമായി. അംഗങ്ങളുടെ കുറവിനെക്കുറിച്ച് പരിതപിക്കേണ്ടെ ആവശ്യമില്ലെന്നും പിൻവാങ്ങാതിരിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും പാപ്പ പറഞ്ഞു. പിൻമാറ്റത്തിന്റെ അരൂപി നിരാശയിലേക്കും നിസംഗതയിലേക്കും ഉദാസീനതയിലേയ്ക്കും നയിക്കുമെന്ന് പാപ്പ മുന്നറിയിപ്പ് നൽകി. ശരിയാണ്, അംഗങ്ങൾ കുറവാണ്. ഉള്ള അംഗങ്ങൾ പ്രായമായവരുമാണ്. പക്ഷെ അവർ പിൻവാങ്ങിയോ? ഇല്ല. ദൈവതിരുമുമ്പിൽ നടത്തുന്ന വിചിന്തനത്തിലൂടെ മാത്രമേ ഇക്കാര്യം ഗ്രഹിക്കാനാവുകയുള്ളൂവെന്ന് പാപ്പ വിശദീകരിച്ചു.
പിൻമാറ്റത്തിന്റെ അരൂപി പിടികൂടുമ്പോൾ മഹത്വരമായ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ ജീവിക്കാനുള്ള പ്രവണതയുണ്ടാകും. സഭയുടെ യഥാർത്ഥ കാരിസം ഉണർത്തുന്നതിൽ നിന്ന് അപ്പോഴും നാം അകലെയാണ്. ഈ നിലപാട് സ്വീകരിക്കാതിരിക്കുക. സഭയുടെ കീഴിലുള്ള ഉപയോഗരഹിതമായ കെട്ടിടങ്ങൾ ഹോട്ടലുകളോ മറ്റ് സ്ഥാപനങ്ങളോ ആക്കി മാറ്റി പണം സമ്പാദിക്കാനുള്ള മാനുഷിക പ്രവണതയ്ക്ക് വഴങ്ങരുത്. ഇത് നമ്മുടെ ആനന്ദം ഇല്ലാതാക്കും. ഏതൊക്കെ മേഖലകളിലേയ്ക്കാണ് നിങ്ങൾ പോകേണ്ടതെന്ന് പറഞ്ഞുതരുന്നത് പരിശുദ്ധാത്മാവാണ്. യേശുവിനെ ജനങ്ങളുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുമ്പോൾ മാത്രമാണ് ആനന്ദം ലഭിക്കുന്നത്. അപ്പോൾ മാത്രമാണ് നമ്മുടെ ജീവിതം ഫലമണിയുന്നതും ഹൃദയത്തിൽ ജീവൻ നിറയുന്നതും;പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?