Follow Us On

18

April

2024

Thursday

'കുരിശിന്റെ വഴി' തുടങ്ങാനിടയായത് ഇങ്ങനെ….

'കുരിശിന്റെ വഴി' തുടങ്ങാനിടയായത് ഇങ്ങനെ….

വിശ്വാസികൾ കുരിശിന്റെ വഴി തുടങ്ങിയതെപ്പോഴാണ്? നാലാം നൂറ്റാണ്ടുമുതൽ എന്നാണ് ചരിത്രം. എന്നാൽ ജറുസലേമിലെ ആദിമക്രൈസ്തവർ ക്രിസ്തുനടന്ന വഴിയെ നടക്കുവാൻ തുടങ്ങിയതോടെയാണ് കുരിശിന്റെ വഴി തുടങ്ങുന്നത്. റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈന്റെ കാലത്ത് 250 വർഷത്തെ കിരാതമായ മതപീഡനങ്ങൾക്കുശേഷം ദൈവത്തെ ആരാധിക്കുന്നതിന് ക്രൈസ്തവരെ അനുവദിച്ചു. അങ്ങനെ 313 ൽ അദ്ദേഹം ക്രിസ്തുവിന്റെ കബറിടം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നിടത്ത് ദൈവാലയം പണികഴിപ്പിച്ചു. ചർച്ച് ഓഫ് ഹോളി സെപ്ൾഷർ. ഈ ദൈവാലയം പണികഴിഞ്ഞതോടുകൂടി വിശുദ്ധവാരത്തിൽ വിശ്വാസികൾ അങ്ങോട്ട് പ്രദക്ഷിണമായി പ്രവഹിച്ചുതുടങ്ങി. കുരിശിന്റെ വഴി അവിടെ തുടങ്ങി.
വർഷങ്ങൾക്കുശേഷം പെസഹാദിനം രാത്രി വിശ്വാസികൾ അവിടെ ഒരുമിച്ചുകൂടി പ്രത്യേക പ്രാർത്ഥന നടത്തി ഗദ്‌സെമിനിയിലേയ്ക്ക് പോകാനാരംഭിച്ചു. പിന്നീട് അത് ജറുസലേം നഗരത്തിലേക്കും നീണ്ടു. പീലാത്തോസ് യേശുവിനെ കുരിശുമരണത്തിനുവിധിച്ച കോട്ടയിൽ നിന്നും ഭക്തർ കാൽവരിയിലേക്കും നടന്നു തുടങ്ങി. ജറുസലേമിലെ പഴയനഗര പാതയിലൂടെ, ക്രിസ്തു കാൽവരിയിലേക്ക് നടന്ന വഴിയിലൂടെ തീർത്ഥാടകർ നടന്നു. ആ വഴി ഇപ്പോഴും ദു:ഖത്തിന്റെ പാത എന്ന് വിളിക്കപ്പെടുന്നു.
തുടർന്ന് ക്രിസ്തുവിന്റെ കാൽവരിയിലേക്കുള്ള യാത്രയിലെ സു പ്രധാന സംഭവങ്ങളുടെ സ്ഥലങ്ങളിൽനിന്ന് ജനങ്ങൾ ധ്യാനിച്ചു. ഇതേ സ്ഥലം തന്നെയാണോ അതെന്ന് കൃത്യമായി കണ്ടെത്തുവാൻ കഴിയുമായിരുന്നില്ല. കാരണം, എ.ഡി 70 ൽ റോമൻ പട്ടാളം പഴയ ജറുസലേമിനെ ഇടിച്ചുനിരത്തിയതിനാൽ സംഭവസ്ഥലങ്ങളെല്ലാം അനുമാനിക്കുകയായിരുന്നു പതിവ്.
യൂറോപ്പിൽ നിന്നും വിശുദ്ധനാട്ടിൽ സന്ദർശനം നടത്തി മടങ്ങിയ തീർത്ഥാടകർ ക്രിസ്തുവിന്റെ കബറിടത്തിൽ എരിയുന്ന തിരിയിൽ നിന്നും കത്തിച്ചെടുത്ത തീയും മറ്റു തിരുശേഷിപ്പുകളും തിരികെ കൊണ്ടുപോയി. സ്വന്തം നാട്ടിൽ വിശുദ്ധനാട്ടിലേതുപോലെയുള്ള സ്ഥലങ്ങൾ സൃഷ്ടിച്ചു. കുരിശിന്റെ വഴിയോടുള്ള ഭക്തി കൂടുതൽ പ്രചാരത്തിലാകുന്നത് 1342 മുതലാണ്; ഫ്രാൻസിസ്‌കൻ വൈദികർക്ക് വിശുദ്ധനാട്ടിലെ വിശുദ്ധസ്ഥലങ്ങൾ
ഏൽപ്പിച്ചുകൊടുത്തതോടെയാണത്. കുരിശിന്റെ വഴിയുടെ സ്ഥലങ്ങൾ ഫ്രാൻസിസ്‌ക്കൻ വൈദികർ വെഞ്ചരിക്കുന്ന പതിവും അന്നാരംഭിച്ചു.
കുരിശിന്റെ വഴിയിലെ സ്ഥലങ്ങളുടെ എണ്ണം പല രേഖകളിലും പലതാണ്. ചിലതിൽ 34 സ്ഥലങ്ങൾ വരെയുണ്ട്. കുരിശിന്റെ വഴിയിലെ ഒന്നാം സ്ഥലം എന്ന വാക്ക് ആദ്യം ഉപയോഗിക്കുന്നത് 15 -ാം നൂറ്റാണ്ടിൽ വിശുദ്ധനാട് സന്ദർശിച്ച വില്യം വേയാണ്.
1686 ലാണ് പോപ്പ് ഇന്നസെന്റ് പതിനൊന്നാമനാണ് ദൈവാലയങ്ങളിൽ കുരിശിന്റെ വഴിയിലെ സ്ഥലങ്ങൾ സ്ഥാപിക്കുന്നതിന് അനുവാദം നല്കിയത്. ഫ്രാൻസിസ്‌ക്കൻ വൈദികർ സ്ഥാപിച്ച ഏതെങ്കിലും ദൈവാലയത്തിലെ കുരിശിന്റെ വഴിയിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നത് വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് തുല്യമാക്കി അദ്ദേഹം പിന്നീട് ദണ്ഡവിമേചനവും ഏർപ്പെടുത്തി. 1726 ൽ ബനഡിക്ട് പതിമൂന്നാമൻ മാർപാപ്പ അത് കൂടുതൽ സാർവ്വത്രികമാക്കി. 1731 ൽ ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പ എല്ലാ ദൈവാലയങ്ങളിലും കുരിശിന്റെ വഴി സ്ഥാപിക്കുവാൻ അനുവദിച്ചു. സ്ഥലം 14 എന്ന് നിജപ്പെടുത്തുകയും ചെയ്തു. അടുത്ത കാലത്ത് ചില സഭകൾ ഉത്ഥാനം എന്ന സ്ഥലം കൂടി കുരിശിന്റെ വഴിയിൽ ചേർത്തിട്ടുണ്ട്.
രണ്ട് ഫ്രാൻസിസ്‌ക്കൻ വൈദികരാണ് കുരിശിന്റെ വഴിക്ക് ഇത്രയേറെ പ്രചാരം നൽകിയത്. പോർട്ട് മോറിസിലെ വി. ലിയനാർഡാണ് ഇതിലൊരാൾ. ഇറ്റലിയിലെ 500 ദൈവാലയങ്ങളിൽ കുരിശിന്റെ വഴി സ്ഥാപിച്ചത് ഇദേഹമാണ്. അതുപോലെ തന്നെ ഇന്നത്തെ കുരിശിന്റെ വഴി എഴുതിയത് വി. അൽഫോൺസ് ലിഗോരിയാണ്. കുരിശിന്റെ വഴി നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും ചൊല്ലുന്നത് അദേഹം പതിവാക്കുകയും ചെയ്തു.
കുരിശിന്റെ വഴിയിലെ മൂന്ന്, നാല്, ആറ്, ഏഴ്, ഒമ്പത് എന്നി സ്ഥലങ്ങൾ ബൈബിളിൽ വിവരിച്ചിട്ടില്ല. ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു എന്നതും ബൈബിളിൽ കാണാത്തതാണ്. കുരിശിന്റെ വഴി കൂടുതൽ ബൈബിളധിഷ്ഠിതമാക്കുവാൻ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1991 ൽ കുരിശിന്റെ വഴി പരിഷ്‌ക്കരിച്ചു. തുടർന്ന് റോമിലെ കൊളോസിയത്തിൽ എല്ലാ വർഷവും ഇത് അനുഷ്ഠിച്ചുപോരുന്നു.
2007 ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അത് പൊതു ആഘോഷമാക്കുന്നതിന് അനുവാദം നൽകി. ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഓരോ വർഷവും മാർപാപ്പയുടെ കുരിശിന്റെ വഴി എഴുതിയുണ്ടാക്കുവാൻ ഓരോരുത്തരെയും തിരഞ്ഞടുത്തു. കത്തോലിക്കരല്ലാത്തവരും കുരിശിന്റെ വഴി രചിച്ചിട്ടുണ്ട്. 2000-ൽ കുരിശിന്റെ വഴി രചിച്ചത് ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്നെയായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് കുരിശിന്റെ വഴിയിൽ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു.
ഇന്നും നോമ്പ് കാലത്ത് പാപ പരിഹാരത്തിനായി നാം അനുഷ്ഠിക്കുന്ന ഏറ്റവും ഫലപ്രദമായ കർമ്മമായി കാണുന്നത് ‘കുരിശിന്റെ വഴി’ യാണല്ലോ.
ജീവൻ കോട്ടയം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?