Follow Us On

29

March

2024

Friday

എന്തിനാണ് ഫാദർ ടോമിയെ അക്രമി കൊലപ്പെടുത്താൻ ശ്രമിച്ചത്?

എന്തിനാണ് ഫാദർ ടോമിയെ അക്രമി കൊലപ്പെടുത്താൻ ശ്രമിച്ചത്?

നമ്മുടെയെല്ലാം മനസിൽ ഭീകരമായ ഓർമ്മ സമ്മാനിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ മാർച്ച് 19 കടന്നുപോയത്. ഓസ്‌ട്രേലിയയിലെ മലയാളികളുടെ പ്രിയപ്പെട്ട വൈദികൻ ഫാ. ടോമി കളത്തൂരിന്റെ നേരെ നടന്ന അക്രമണം ലോകമെങ്ങുമുള്ള ക്രൈസ്തവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.
മെൽബൺ നോർത്ത് റീജിയനിലുള്ള ഫോക്‌നർ സെന്റ് മാത്യൂസ് പള്ളിയിൽ വിശുദ്ധ ബലി അർപ്പിക്കുന്നതിനിടയിലാണ് ഫാ.ടോമി അക്രമിക്കപ്പെടുന്നത്. ഇപ്പോൾ മെൽബണിലെ െ്രെകഗിബേൺ എന്ന സ്ഥലത്തു ബന്ധുഭവനത്തിൽ വിശ്രമിക്കുകയാണ് അദേഹം. സൺഡേശാലോമിനോട് ഹൃദയം തുറന്ന് അദേഹം സംസാരിക്കുന്നു.
പാസ്റ്ററൽ മിനിസ്ട്രിയിലേക്കു വന്നത്
2012 ൽ അന്ന് മെൽബൺ രൂപതയിലെ ഓക് പാർക്ക് ഇടവകയിൽ പാസ്റ്ററൽ മിനിസ്ട്രി ചെയ്ത താമരശ്ശേരി രൂപതാംഗമായിരുന്ന ഫാ. ജോൺ ഒറവങ്കര നാട്ടിലേക്കു മടങ്ങിപോകുന്ന സമയം. മെൽബൺ ആർച്ച് ബിഷപ്പ് ഡെന്നിസ് ഹാർട് പിതാവ് താമരശ്ശേരി രൂപതയിൽ നിന്നും ഒരു വൈദികനെ ഇടവകയിലേക്ക് ആവശ്യപ്പെട്ടു. അങ്ങനെ പിതാവിന്റെ നിർദേശ പ്രകാരം എന്റെ അധികാരികൾ ഓസ്‌ട്രേലിയയിൽ പാസ്റ്ററൽ മിനിസ്ട്രിക്കായി എന്നെ നിയോഗിക്കുകയായിരുന്നു. ഒറവങ്കര അച്ചൻ സേവനം ചെയ്ത ഓക് പാർക്ക് ഇടവകയിൽ ഇടവക അഡ്മിനിസ്‌ട്രേറ്റർ (വികാരി ആയി ഉയർത്തുന്നതിന് മുമ്പ് നൽകുന്ന ഇടവകയുടെ പൂർണ്ണാധികാരം ഉള്ള സ്ഥാനം) ആയി എന്നെ നിയമിച്ചു. രണ്ടു വർഷം ഓക് പാർക്ക് ഇടവകയിൽ സേവനം ചെയ്ത ശേഷം 2014 മുതൽ ഇപ്പോൾ സേവനം ചെയ്യുന്ന ഫോക്‌നർ സെന്റ് മാത്യൂസ് പള്ളി വികാരി ആയി ചുമതലയേൽക്കുകയും പള്ളിയുടെ സ്‌കൂൾ ആയ സെന്റ് മാത്യു സ്‌കൂളിന്റെ മാനേജർ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
റോം അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനാർഥം കുറച്ച് സഞ്ചരിച്ചതൊഴിച്ചാൽ വിദേശ പാസ്റ്ററൽ മിനിസ്റ്റയെക്കുറിച്ചു എനിക്ക് ആവശ്യമായ പരിജ്ഞാനം ഉണ്ടായിരുന്നില്ല. കുറെ നാളുകളായി ഈ രാജ്യത്തും മറ്റു വിദേശ രാജ്യങ്ങളിലും പാസ്റ്ററൽ മിനിസ്ട്രി ചെയ്ത സഹോദര വൈദികരിൽ നിന്നുള്ള അറിവും വായിച്ചറിഞ്ഞുള്ള പരിചയവും മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എങ്കിലും അതിലെല്ലാം ഉപരി ഓക് പാർക്ക് ഇടവകയിൽ മുൻഗാമി ആയിരുന്ന ജോൺ അച്ചന്റെ മാർഗ നിർദേശങ്ങളും സഹായവും അദ്ദേഹത്തിന്റെ സഹോദര വൈദികൻ എന്ന നിലയിൽ ഇടവക സമൂഹത്തിൽ നിന്നും കിട്ടിയ പരിഗണനയും കരുതലും പുതിയ ചുറ്റുപാടിൽ ശുശ്രുഷക്ക് ആശ്വാസവും സഹായവുമായി തീർന്നു. അതുകൊണ്ടു ഏറെ ബുദ്ധിമുട്ടുകൾ ഇല്ലാതെ പുതിയ ശുശ്രുഷാമേഖലയുമായി ഇണങ്ങി ചേരുവാനും കർത്താവിന്റെ പദ്ധതിക്കനുസരിച്ചു ഉത്തരവാദിത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു.
മാർച്ച് 19ന് സംഭവിച്ചത്.
മാർച്ച് പന്ത്രണ്ടു ഞായറാഴച.
അതായതു ഈ സംഭവം ഉണ്ടാവുന്നതിന്റെ തലേ ഞായറാഴ്ച ഞാൻ രാവിലെ 11ന് ദൈവാലയത്തിൽ ഇറ്റാലിയൻ കമ്മ്യൂണിറ്റിക്കായി ചൊല്ലാറുള്ള ഇറ്റാലിയൻ കുർബാനക്കായി തയ്യാറെടുക്കുകയായിരുന്നു. ഇതിനായി ശുശ്രുഷികളോടൊപ്പം പള്ളിയുടെ ഫോയറിൽ (സങ്കീർത്തിക്കു പുറത്ത് പള്ളിയുടെ ആനവാതിലിനു സമീപത്തുള്ള സ്ഥലം) നിൽക്കുമ്പോൾ 70 വയസ് പ്രായമുള്ളതും ഞാൻ മുമ്പ് കണ്ടിട്ടില്ലാത്തതുമായ ഒരാൾ എന്റെ അടുത്ത് വന്നു നിന്നു. അദേഹം എന്നോട് ‘അങ്ങ് ഇന്ത്യനാ ണോ?’ എന്ന് ചോദിച്ചു. അതേയെന്ന് ഉത്തരം പറയുമ്പോൾ ‘താങ്കൾ ഇന്ത്യക്കാരൻ ആണെങ്കിൽ ഹിന്ദുവോ മുസ്ലിമോ ആയിരിക്കുമല്ലോ എന്നും അങ്ങനെയെങ്കിൽ ഇവിടെ കുർബാന അർപ്പിക്കാൻ പാടില്ല..’ എന്നും പറഞ്ഞു.
എന്റെ ഒപ്പമുള്ള ഇറ്റാലിയൻ പൗരൻ ഇടവകാംഗത്തോട് പുറത്തു നിന്നും വന്ന സഹോദരനോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഞാൻ നിർദേശിച്ചു. അതനുസരിച്ചു ഇടവകാംഗമായ ആ സഹോദരൻ അപരിചിതനായ ഈ വയോവൃദ്ധനോട് സംസാരിച്ചു. ഇന്ത്യയിൽ നിന്നും ഓസ്‌ടേലിയായിൽ എത്തിയ അനേകംപേരെക്കുറിച്ചും സംഭാഷണത്തിനിടയിൽ ചർച്ചാവിഷയമായി. അദേഹം അത്ര സന്തോഷത്തോടെ അല്ലെങ്കിലും കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ദൂരേക്ക് വേഗം നടന്നകന്നു. അദേഹം കാര്യങ്ങൾ വ്യക്തമായി മനസിലാക്കിക്കാണുമെന്ന് കരുതി ഞാനും ഈ സംഭവം നിസാരമായി കരുതി. അക്കാര്യം തന്നെ മറന്നു. എന്നാൽ അക്രമം ഉണ്ടായ ഞായറാഴ്ച പതിവുപോലെ രാവിലെ 11 മണിക്കുള്ള ഇറ്റാലിയൻ കുർബാനക്കായി ഞാൻ ഫോയറിൽ വന്നു. ഇടവക സമൂഹം കുർബാനക്കായി ദൈവാലയത്തിനുള്ളിൽ അപ്പോഴേക്കും പ്രവശിച്ചിരുന്നു. ഗായക സംഘം പ്രാരംഭ പ്രാർത്ഥന ഗാനം ആലപിച്ചു. ഞാനും കുർബാനയിൽ സഹായിക്കുന്ന ശുശ്രുഷികളും ഫോയറിൽ നിന്ന് അൾത്താരയിലേക്ക് പ്രദക്ഷിണമായി നടക്കുവാൻ നിമിഷങ്ങളേ ബാക്കിയുള്ളൂ. പെട്ടെന്ന് തലേ ഞായറാഴ്ച ദൈവാലയത്തിൽ വന്ന ആ വയോവൃദ്ധൻ അതിവേഗം എന്റെ അടുത്തേക്ക് വന്നു. ഫോയറിൽ നിൽക്കുന്ന എന്റെ പുറത്തു അദേഹം ഒന്നു തട്ടി. അപ്പോഴേക്കും എന്റെ മുന്നിൽ നിന്ന ശുശ്രുഷികൾ അൾത്താരയെ ലക്ഷ്യമാക്കി നടന്നു തുടങ്ങിയിരുന്നു. പുറത്തു തട്ടിയ ഉടനെ ഞാൻ സ്വാഭാവികമായി തിരിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ക്ഷണനേരം കൊണ്ട് പിന്നിൽ വലതു കയ്യിൽ കരുതിയ കത്തി ഉയർത്തി കഴുത്തിന്റെ ഇടതു ഭാഗം ലക്ഷ്യമാക്കി അയാൾ കുത്തുകയായിരുന്നു. ഒരു നിമിഷം ദൈവകൃപയാൽ സ്വാഭാവിക സ്വയരക്ഷ എന്നനിലയിൽ കഴുത്തു ഞാൻ പിന്നിലേക്കു പെട്ടെന്ന് വെട്ടിച്ചു. അതിനാൽ കത്തി തോളിലാണ് ആഴ്ന്നിറങ്ങിയത്. കഠാര എന്റെ കഴുത്തിന് നേരെ വരുമ്പോൾ, ‘ഇദേഹം എന്നെ കൊല്ലാൻ പോകുകയാണല്ലോ’ എന്നൊരു ചിന്ത മാത്രമാണ് ഉള്ളിലുയർന്നത്. ഞാൻ ധരിച്ച തിരുവസ്ത്രങ്ങൾ തുളച്ചു കൊണ്ട് ശരീരത്തിൽ ഏറ്റ ആദ്യ മുറിവ് ഉദ്ദേശിച്ച സ്ഥാനത്തു കൊണ്ടില്ല എന്ന് മനസിലാക്കിയ അക്രമി രണ്ടാമതും കുത്താനായി കത്തി ഉയർത്തിയ സമയം പള്ളിയുടെ പ്രധാന വാതിലിലൂടെ ഞാൻ പള്ളിക്കുള്ളിൽ നിൽക്കുന്ന ദൈവജനത്തിന്റെ ഇടയിലേക്ക് ഓടിക്കയറി. ഈസമയം പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ചിലർ എന്തോ പന്തികേട് പുറത്ത് സംഭവിച്ചു എന്ന് മനസിലാക്കി പള്ളിക്ക് പുറത്തേക്കിറങ്ങി വരികയും അതുകണ്ടു അക്രമി പൊതു നിരത്തിലൂടെ വേഗത്തിൽ നടന്നകലുകയും ചെയ്തു. ഞാൻ സാവധാനം നടന്നു പള്ളിയുടെ അൾത്താരയിൽ എത്തി മൈക്ക് എടുത്തു എന്താണ് സംഭവിച്ചതെന്ന് വിശ്വാസികളോട് വിശദീകരിച്ചു.
ഇങ്ങനെ ഒരാപത്തു സംഭവിച്ചെങ്കിലും ഒന്നു വിശ്രമിച്ചിട്ട് അല്പസമയത്തിനുള്ളിൽ കുർബാന ആരംഭിക്കാം എന്ന് അവരോട് ഞാൻ പറഞ്ഞു. ഇത് പറയുമ്പോൾ തിരുവസ്ത്രത്തിലൂടെ പുറത്തേക്ക് വമിക്കുന്ന രക്തം ആളുകൾ എനിക് ചൂണ്ടിക്കാട്ടിതന്നു. അതോടെ ജനം പരിഭ്രാന്തരാവുകയും ഉടൻ എമർജൻസി നമ്പറിൽ പോലിസിനെ വിളിക്കുകയും ചെയ്തു. നിമിഷനേരത്തിനുള്ളിൽ പോലീസും ആംബുലൻസും പള്ളിയിലെത്തിച്ചേർന്നു.
ആംബുലൻസിൽ എത്തിയ മെഡിക്കൽ ജീവനക്കാരും, പോലീസും നിർദേശിച്ചതനുസരിച്ചു എനിക്ക് അവരോടൊപ്പം ഹോസ്പിറ്റലിലേക്ക് പോകേണ്ടതിനാൽ കുർബാന ചൊല്ലുവാൻ സാധിക്കില്ല എന്ന് ഞാൻ വിശ്വാസ സമൂഹത്തെ അറിയിച്ചു. സങ്കീർത്തിയിൽ എത്തി തിരുവസ്ത്രങ്ങൾ ഞാൻ അഴിച്ചു.
തുടർന്ന് മുറിയിൽ എത്തി ഷർട്ടും ബനിയനും മാറ്റിയപ്പോഴാണ് അല്പം മരവിച്ചു പോയിരുന്ന മുറിവേറ്റ ഭാഗത്തിന്റെ ഗൗരവം മനസിലാകുന്നത്. ബനിയനും മറ്റും അപ്പോഴേക്കും രക്തത്തിൽ കുളിച്ചിരുന്നു. തുടർന്ന് ഞാൻ വേഷം മാറി പോലീസിനോടും മെഡിക്കൽ ജീവനക്കാരോടുമൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങി. അപ്പോൾ പെട്ടെന്ന് എന്റെ മനസിലേക്ക് ഒരു ചിന്ത നിറഞ്ഞു.
തന്നെ ഭരമേല്പിച്ചിരിക്കുന്ന ജനത്തെ താങ്ങി നിർത്തേണ്ടവനാണ് ഒരു വൈദികൻ. അദേഹം തളർന്നാൽ ദൈവജനവും തളരും. ദൈവജനത്തിനു വേണ്ടി ബലിയാകേണ്ടവനാണ് വൈദികൻ. അപ്പോൾ എന്റെ ഈ മുറിവുകൾ എത്ര നിസാരം. ദൈവിക പ്രചോദനം അനുസരിച്ചു ഞാൻ വീണ്ടും പള്ളിയിലെത്തി. അവിടെ കൂടിയ ഇടവക ജനത്തൊടൊപ്പം പ്രാർത്ഥിച്ചാണ് ആശുപത്രിയിലേക്ക് പോകുന്നത്.
ദൈവാലയത്തിനടുത്തുള്ള ആശുപത്രി ആയ നോർത്തേൺ ആശുപത്രിയിലേക്കാണ് ആംബുലൻസ് പാരാമെഡിക്‌സ് ടീം എന്നെ കൂട്ടി കൊണ്ടുപോയത്. ഉടൻ തന്നെ എന്നെ അവിടെയുള്ള അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്‌കാൻ അടക്കമുള്ള ടെസ്റ്റ്കൾ ഉടനടി നടത്തി. മുറിവ് പരിശോധിച്ചപ്പോൾ മുറിവിനു ഒന്നര ഇഞ്ചോളം ആഴം ഉള്ളതായും ഉള്ളിലുള്ള അവയവങ്ങൾക്കൊന്നും ദൈവത്തിന്റെ പ്രത്യേക സംരക്ഷണത്തിൽ കേടു പാടുകൾ ഇല്ല എന്നും മെഡിക്കൽ ടീം എന്നെ ബോധ്യപ്പെടുത്തി. വേദന സംഹാരികൾ നൽകി ഒരു ദിവസം നിരീക്ഷണത്തിന് നോർത്തേൺ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ ബന്ധുവിന്റെ ഭവനത്തിൽ വിശ്രമത്തിലാണ്.
സമൂഹത്തിന്റെ പ്രതികരണം
എന്റെ ഇടവകജനം വല്ലാതെ വിഷമിച്ചു. എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നിട്ടും അവരാരും പിരിഞ്ഞുപോയില്ല. ഏറെ വേദനയോടെ പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഒരു സമൂഹത്തിൽ അവരുടെ സുഖദുഖങ്ങളിൽ അവരുടെ ഇടയനായി ചേർന്ന് നിൽക്കുമ്പോൾ അത് എത്ര മാത്രം ഊഷ്മളമായ കരുതലിന്റെ സ്‌നേഹം ആണ് സൃഷ്ടിക്കുന്നത് എന്നെനിക്കു ഈ സംഭവം ബോധ്യപ്പെടുത്തി തന്നു. എന്റെ ശരീരത്തിനേറ്റ മുറിവിൽ ഞാൻ പതറിയില്ലെങ്കിലും എന്റെ പ്രിയപ്പെട്ട ജനത്തിന്റെ കരുതലിന്റെയും സ്‌നേഹത്തിന്റെയും മുന്നിൽ ഞാൻ ഒരു നിമിഷം പതറിപ്പോയി.
രൂപത നേതൃത്വത്തിൽ നിന്നുംമെൽബൺ അതിരൂപതയുടെ വികാരി ജനറൽ ആയ ബഹുമാനപ്പെട്ട മോൺ. ഗ്രെഗ് ബെന്നറ്റ് ആശുപത്രിയിൽ എത്തി എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും രൂപതയുടെ സ്‌നേഹവും കരുതലും അറിയിക്കുകയും ചെയ്തു. അതി രൂപതാധ്യക്ഷനായ ഡെന്നിസ് ഹാർട് പിതാവ് ടെലിഫോണിലൂടെ വിവരങ്ങൾ അനുദിനം ചോദിച്ചറിഞ്ഞു. മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന നിരവധി വൈദിക സഹോദരങ്ങൾ പ്രാർത്ഥനകൾ അറിയിച്ചു
അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവ് ടെലിഫോണിലൂടെ വിവരങ്ങൾ ആരായുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. മെൽബൺ വികാരി ജനറൽ ഫ്രാൻസിസ് കോലഞ്ചേരിയച്ചൻ ആശുപത്രിയിലെത്തി പ്രാർത്ഥിക്കുകയും രൂപതാസമൂഹത്തിന്റെ വേദന പങ്കു വയ്ക്കുകയും ചെയ്തു. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള അനേകർ ദിനവും ആരോഗ്യ നിലയെ പറ്റി എന്നും അന്വേഷിക്കാറുണ്ട്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും കോൺസൽ ജനറൽ ടെലിഫോണിൽ വിവരങ്ങൾ അന്വേഷിക്കുകയും, കോൺസൽന്റെ പ്രതിനിധിയായ ഉദ്യോഗസ്ഥർ എത്തുകയും വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. മീഡിയകളെല്ലാം നല്ല രീതിയിൽ സഹകരിച്ചു.
ദൈവവിളിക്ക് പ്രചോദനം
ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നത് പ്രിയ മാതാപിതാക്കളോടാണ്. ഏത് വിഷമഘട്ടത്തിലും അതിരാവിലെ എണീറ്റു ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന അപ്പച്ചനും അമ്മച്ചിയും. അവരായിരുന്ന് എന്റെ പ്രാർത്ഥന ജീവിതത്തിന്റെ സമ്പൂർണ്ണഘടകം. അതുതന്നെയാണ് കുടുംബത്തിലെ മറ്റു സഹോദരങ്ങളുടെ ദൈവവിളിയുടെ കാരണവും. എന്റെ സഹോദരങ്ങൾ എനിക്ക് മുമ്പേ ദൈവ ശുശ്രുഷക്ക് ഇറങ്ങിത്തിരിച്ചവരാണ്. അവരാണ് എനിക്ക് മാതൃകയായത്. തീർച്ചയായും എന്റെ ഇടവകയിൽ ആധ്യാത്മിക പിതാക്കന്മാരായി സേവനം ചെയ്ത വൈദികർ, വിശ്വാസ പരിശീലനത്തിന് സഹായിച്ച സിസ്‌റ്റേഴ്‌സ് സെമിനാരിയിൽ ആധ്യാത്മിക പിതാക്കന്മാരായ ഗുരുസ്ഥാനീയരായ വൈദികർ. അങ്ങനെ പൗരോഹിത്യത്തിലേക്കുമുള്ള വിളിയിൽ എന്നെ സഹായിച്ച ധാരാളം പേർ ഉണ്ട്.”
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ കരിമ്പ് ഇടവകയിലാണ് ഫാ. ടോമി കളത്തൂരിന്റെ ജനനം. അപ്പൻ പരേതനായ കളത്തൂർ മാത്യു. അമ്മ അന്നമ്മ. ഇപ്പോൾ 88 വയസ്. ദൈവകൃപയാൽ ആരോഗ്യത്തോടെ കഴിയുന്നു. ഏഴു മക്കൾ. ഇതിൽ ആറാമത്തെ ആളാണ് ഫാ. ടോമി. ജസ്യൂട്ട് സഭയുടെ ഒറീസ റീജിയൺ സുപ്പീരിയർ ഫാ. .കെ എം ജോസഫ്, സെന്റ് ജോസഫ് സഭാംഗമായി ചെക് റിപ്പബ്ലിക്കിൽ സേവനം ചെയ്യുന്ന സിസ്റ്റർ സെലിൻ, ഡി എസ് ടി സഭാംഗമായി ഉജ്ജയിൻ രൂപതയിൽ സേവനം ചെയ്യുന്ന സിസ്റ്റർ സോഫിയാ എന്നിവർ സന്യാസ സഹോദരങ്ങളാണ്. കൂടാതെ വിവാഹ ജീവിതം നയിക്കുന്ന രണ്ടു സഹോദരന്മാരും സഹോദരിയും അടങ്ങുന്നതാണ് കുടുംബം.
പ്രാഥമിക പഠനത്തിന് ശേഷം വൈദിക പരിശീലനത്തിന് തലശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലും കാർമ്മൽഗിരി മേജർ സെമിനാരിയിലും പഠനം നടത്തി. 1994 ൽ താമരശ്ശേരി രൂപതയുടെ പ്രഥമ ഇടയനായ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽ നിന്നും 1994 ഏപ്രിൽ അഞ്ചിന് താമരശേരി രൂപതക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു.
1994 മുതൽ 1997 വരെയുള്ള കാലയളവിൽ കോഴിക്കോട് അശോകപുരം, കല്ലാനോട് ,കണ്ണോത്ത് ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായിരുന്നു. 1997 1998 വർഷം പാലാ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജിൽ ബി എഡ് പഠനത്തിന് ചേർന്നു. മൂന്നു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (മലയാളം, ഇംഗ്ലീഷ,് ഫിലോസഫി ആന്റ് റിലീജിയസ് സ്റ്റഡീസ്) നേടിയിട്ടുള്ളതിനാൽ തുടർന്ന് പൗരോഹിത്യ ശുശ്രുഷയോടൊപ്പം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല കൂടി അച്ചനുണ്ടായിരുന്നു. 1998 മുതൽ 2000 വരെ താമരശേരി സെന്റ് അൽഫോൻസാ സീനിയർ സെക്കണ്ടറി സ്‌കൂൾ വൈസ് പ്രിൻസിപ്പൽ, ഇംഗ്ലീഷ് അധ്യാപകൻ എന്ന നിലയിലും തുടർന്ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ സേക്രഡ് ഹാർട് സീനിയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ എന്ന നിലയിലും പ്രവർത്തിച്ചു.
സ്‌കൂളിൽ സേവനം ചെയ്യുന്ന കാലത്തും തുടർന്ന് 2011 വരെയും താമരശേരി രൂപതയിലെ അടക്കാക്കുണ്ട്, തെയ്യപ്പാറ,വള്ളിയാട്, ഇരുഡ്, കുന്നമംഗലം, ഊരകം കോട്ടക്കൽ എന്നീ ഇടവകകളിലും പൗരോഹിത്യ ശുശ്രുഷ തുടർന്നു. ചുണ്ടത്തുംപൊയിൽ, വെറ്റിലപ്പാറ ഇടവകകളിൽ വികാരിയായും സേവനം ചെയ്തു.
ഇപ്പോൾ സേവനം ചെയ്യുന്ന ഫോക്‌നർ സെന്റ് മാത്യൂസ് ദൈവാലയത്തിന്റെ വികാരിയും സെന്റ് മാത്യു സ്‌കൂളിന്റെ മാനേജരുമാണ്. അതോടൊപ്പം ഇടവക അതിർത്തിയിൽ ഉള്ള പനോല കാത്തലിക് കോളജിന്റെ കാനോനിക്കൽ അഡ്മിനിസ്‌ട്രേഷൻ കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
”പൗരോഹിത്യ ജീവിതം മറ്റേതു ജീവിതം പോലെ തന്നെ സഹനങ്ങളും സന്തോഷങ്ങളും നിറഞ്ഞതാണ്. കർത്താവിനു വേണ്ടി സ്വന്തമായവയെല്ലാം ഉപേക്ഷിച്ച് ഇറങ്ങി തിരിക്കുമ്പോൾ സഹനങ്ങളെയും സന്തോഷങ്ങളെയും സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനുമുള്ള ദൈവകൃപ പരിശുദ്ധാത്മാവിലൂടെ ലഭിക്കും. കൈ വെപ്പ് ശുശ്രുഷ വഴി നേടിയാണ് ഒരു വൈദീകൻ ശുശ്രുഷ ജീവിതം ആരംഭിക്കുന്നതും തുടർന്നുപോരുന്നതും. എന്നും പ്രഭാതത്തിൽ ആദ്യം ഞാൻ ചെയ്യുന്നത് നെറ്റിയിൽ കുരിശടയാളം വരക്കുക എന്നതാണ്.
വിശുദ്ധ കുരിശിന്റെ മുദ്രണവും ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എന്നുള്ള പ്രാർത്ഥനയും അതുവഴിയുണ്ടാകുന്ന ശക്തി അത്ഭുതകരമാണ്. കുരിശിന്റെ സംരക്ഷണം അത് എന്റെ ജീവിതത്തിലെ എല്ലാ ആപത് ഘട്ടങ്ങളിലും എനിക്ക് കൂട്ടായി തീർന്നിട്ടുണ്ട്. അതുപോലെ ജപമാലയുടെ സംരക്ഷണവും എന്നും എനിക്ക് കൂട്ടായി തീരുന്നു.” അദേഹം പറയുന്നു.
ലിബി നെടുംതകിടി, മെൽബൺ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?