Follow Us On

29

March

2024

Friday

പാർക്കിൻസൺ രോഗത്തിന്റെ 200 വർഷം

പാർക്കിൻസൺ രോഗത്തിന്റെ 200 വർഷം

എല്ലാ വർഷവും ഏപ്രിൽ പതിനൊന്നാം തിയതി ലോകമെമ്പാടും പാർക്കിൻസൺസ് ദിനമായി ആചരിക്കപ്പെടുന്നു. പാർക്കിൻസൻസ് രോഗത്തിന്റെ 200 വർഷം പിന്നിടുകയാണ്. രോഗത്തെ പ്രതിരോധിച്ചു നിർത്തുവാനും അതിജീവിക്കാനുമുളള നിർദ്ദേശങ്ങൾ, പാർക്കിൻസൺസ് രോഗികൾ ലഭിക്കേണ്ട മാനസികപിന്തുണ, സാമൂഹിക പരിരക്ഷ എന്നിവയെക്കുറിച്ചുളള അവബോധമാണ് ഈ ദിനം ലക്ഷ്യമിടുത്.
പാർക്കിൻസോണിസം എന്നാലെന്ത്.
പാർക്കിൻസോണിസം എന്നത് താഴെപറയുന്ന രോഗലക്ഷണങ്ങൾ ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ്. ഒരുവ്യക്തിക്ക് പ്രവർത്തികൾ ചെയ്യാനുള്ള കാലതാമസവും അതോടെപ്പം വിറയൽ, പേശികളുടെ മുറുക്കം, നടക്കുമ്പോൾ ഉണ്ടാകുന്ന ബാലൻസില്ലായ്മ എന്നീ മൂന്നു രോഗ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒെങ്കിലും ഉണ്ടെങ്കിൽ അയാൾക്ക് പാർക്കിൻസോണിസം എന്ന രോഗാവസ്ഥ ഉണ്ടെന്നു പറയാം.
പാർക്കിൻസോണിസം എന്ന രോഗാവസ്ഥ അനേകം രോഗങ്ങൾ കൊണ്ട് ഉണ്ടാകാവുന്നതാണ്. അവയെ പാർക്കിൻസൺസ് രോഗം, എറ്റിപ്പിക്കൽ പാർക്കിൻസോണിസം, സെക്കന്ററി പാർക്കിൻസോണിസം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
ഇതിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്നതും അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ടതുമായ രോഗം പാർക്കിൻസൺസ് രോഗമാണ്. ഇത് തലച്ചോറിനെ ബാധിക്കുന്ന തേയ്മാന രോഗമാണ്.
പാർക്കിൻസൺസ് രോഗത്തിന്റെയത്ര സാധാരണയായി കാണാത്ത ചില മസ്തിഷ്‌ക തേയ്മാന രോഗങ്ങളാണ് എറ്റിപ്പിക്കൽ പാർക്കിൻസോണിസം എന്ന വിഭാഗത്തിൽപ്പെടുന്നത്. മസ്തിഷ്‌ക തേയ്മാനത്തിനുപുറമെ തലച്ചോറിന്റെ മറ്റുരോഗങ്ങൾ മൂലം പാർക്കിൻസോണിസം ഉണ്ടാകുമ്പോഴാണ് സെക്കന്ററി പാർക്കിൻ സോണിസം എന്നുവിളിക്കുന്നത്. സ്‌ട്രോക്ക് മൂലം ഉണ്ടാകുന്ന പാർക്കിൻസോണിസം, ചില മരുന്നുകൾ മൂലം ഉണ്ടാകുന്ന പാർക്കിൻസോണിസം എന്നിവ ഇതിനുദാഹരണങ്ങളാണ്.
പാർക്കിൻസൺസ് രോഗം എന്നാലെന്ത്?
പാർക്കിൻസൺസ് രോഗം തലച്ചോറിനെ ബാധിക്കുന്ന തേയ്മാന രോഗമാണ്. തേയ്മാന രോഗമായതുകൊണ്ടുതന്നെ, ഇത് രോഗിയുടെ ശിഷ്ടജീവിത കാലം മുഴുവൻ നിലനിൽക്കുന്നതും സമയം ചെല്ലുന്തോറും രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കുന്നതുമായ രോഗമാണ്.
തലച്ചോറിലെ സബ്‌സ്റ്റേൻഷ്യ നൈഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങൾ തേയ്മാനം മൂലം നശിക്കുമ്പോഴാണ് പാർക്കിൻസൺസ് രോഗം ഉണ്ടാകുന്നത്. ഈ നാഡീകോശങ്ങൾ നശിക്കുമ്പോൾ അവ ഉൽപ്പാദിപ്പിക്കുന്ന ‘ഡോപ്പമിൻ’എന്ന രാസവസ്തു തലച്ചോറിൽ കുറയുന്നു. ഒരു പാർക്കിൻസൺസ് രോഗിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഈ നാഡീകോശങ്ങളിൽ 70-80 ശതമാനവും നശിച്ചിട്ടുണ്ടാകും. ‘ഡോപ്പമിൻ’ എന്ന രാസവസ്തുവിന്റെ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശരീരത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ ബേസൽ ഗാംഗ്ലിയ എന്ന ഭാഗത്തെയാണ്. ഇതുമൂലം പാർക്കിൻസോണിസം എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.
പാർക്കിൻസൺസ് രോഗം എന്തുകൊണ്ട് ഉണ്ടാകുന്നു?
പാർക്കിൻസൺസ് രോഗത്തിൽ നാഡീകോശങ്ങളുടെ തേയ്മാനത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. പാരിസ്ഥിതിക ഘടകങ്ങളായ മലിനീകരണം, രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ അമിതഉപയോഗവും ജനിതക ഘടകങ്ങളും കാരണങ്ങളായി സംശയിക്കപ്പെടുന്നു.
ആരിലാണ് പാർക്കിൻസൺസ് രോഗം കാണുന്നത്?
സാധരണയായി 50വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 50 വയസ്സിനു മേലെ പ്രായം ഉള്ളവരിൽ ഒരു ശതമാനം പേരിലും 65 വയസ്സിനുമേലെ പ്രായംഉള്ളവരിൽ 1.8%ആൾക്കാരിലും 85 വയസ്സിനു മേലെ പ്രായം ഉള്ളവരിൽ 2.6 %ആൾക്കാരിലും ഈ രോഗം കണ്ടുവരുന്നു. ഇതു പൊതുവേ വാർദ്ധക്യകാലരോഗമാണെങ്കിലും 10 ശതമാനം രോഗികളിൽ 40 വയസ്സിന് മുമ്പ് തന്നെ രോഗം ഉണ്ടാകാവുതാണ്. ചെറുപ്പകാരിൽ ഉണ്ടാകുന്ന പാർക്കിൻസൺസ് രോഗത്തിന്റെ കാരണം ജനിതക ഘടകങ്ങൾ ആകാനുള്ള സാധ്യത കൂടുതലാണ്.
രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങളെ ചലനപ്രശ്‌നങ്ങൾ, ചലനസംബന്ധമല്ലാത്ത പ്രശ്‌നങ്ങൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ചലന പ്രശ്‌നങ്ങളെ വീണ്ടും കാതലായ ചലനപ്രശ്‌നങ്ങൾ, മറ്റുചലനപ്രശ്‌നങ്ങൾ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. കാതലായ ചലന പ്രശ്‌നങ്ങൾ താഴെ പറയുവയാണ്.
1.വിറയൽ
ഭൂരിഭാഗം രോഗികളിലും വിറയൽ ആണ് ആദ്യം ശ്രദ്ധയിൽപ്പെടുന്ന ലക്ഷണം. പാർക്കിൻസൺസ് രോഗികളിൽ വിശ്രമ അവസ്ഥയിലാണ് വിറയൽ കൂടുതലായി കാണുന്നത്. പ്രവൃത്തികൾ ചെയ്യുമ്പോൾ വിറയൽ മിക്കവാറും അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ ഇതിനെ ‘വിശ്രമാവസ്ഥയിലുള്ള വിറയൽ’ എന്നാണ് വിളിക്കുന്നത്. മാനസിക സംഘർഷമുള്ള അവസരങ്ങളിൽ ഈ വിറയൽ കൂടാറുണ്ട്.
2 പേശികളുടെ മുറുക്കം
മാംസ പേശികളുടെ മുറുക്കം മൂലം ചലനം പ്രയാസമായിത്തീരുന്നു.
3.പ്രവൃത്തികൾ ചെയ്യുന്നതിനുള്ള കാലതാമസം
ഇതുമൂലം ദൈനം ദിന പ്രവൃത്തികളായ ഭക്ഷണം കഴിക്കൽ, വസ്ത്രധാരണം, നടപ്പ് തുടങ്ങിയവ ചെയ്യുവാനുള്ള സമയം ക്രമാതീതമായി വർദ്ധിക്കുന്നു.
4.നടക്കുമ്പോൾ ബാലൻസില്ലായ്മ
ഇതുമൂലം രോഗിക്ക് നടക്കുമ്പോൾ വീഴുമോ എന്ന ഭയം ഉണ്ടാകുന്നു. പാർക്കിൻസൺസ് രോഗികളിൽ താഴെപ്പറയുന്ന മറ്റുചലനപ്രശ്‌നങ്ങളും ഉണ്ടാകാവുന്നതാണ്. മാംസപേശികളുടെ സാധാരണമായ ചലനം കുറയുന്നതുകാരണം രോഗിയുടെ മുഖത്തെ ഭാവഭേദങ്ങൾ കുറയുകയും ദീർഘനേരം ഇമവെട്ടാതെ ഇരിക്കുകയും ചെയ്യുന്നു. കൂടാതെ സംസാരിക്കുമ്പോൾ ശബ്ദം കുറയുകയും കൈയക്ഷരം ചെറുതാകുകയും ചെയ്യുന്നു. രോഗി കൂനി നിൽക്കുകയും നടക്കുമ്പോൾ കൈവീശാതിരിക്കുകയും ചെയ്യും. രോഗി കൊച്ചുകുട്ടികൾ പിച്ച വെച്ചു നടക്കുന്നതുപോലെ നടക്കുന്നു. നടക്കുമ്പോൾ നിയന്ത്രണമില്ലാതെ വേഗതകൂടി മുന്നോട്ട് ഓടിയതുപോലെ ആയിപ്പോകാം. നടക്കുമ്പോൾ പ്രതേ്യകിച്ച് ഒരുകാരണവും കൂടാതെ പെട്ടെന്ന് നിന്നുപോകാം. രോഗം മൂർച്ഛിക്കുമ്പോൾ വീഴ്ച്ചകളും ഉണ്ടാകാവുന്നതാണ്.
പാർക്കിൻസൺസ് രോഗികൾക്ക് ചലനസംബന്ധമല്ലാത്ത പല പ്രശ്‌നങ്ങളും കാണാവുതാണ്. തലച്ചോറിലെ ‘സബ്‌സാൻഷ്യനൈഗ്ര’ എ ഭാഗത്തിനു പുറത്തുള്ള നാഡീകോശങ്ങൾ നശിക്കുന്നതുകൊണ്ടാണ് ചലനസംബന്ധമല്ലാത്ത പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. മാനസിക പ്രശ്‌നങ്ങളായ വിഷാദം, അമിതപേടി, അകാരണമായ സംശയങ്ങൾ എന്നിവ ഉണ്ടാകാം. ഓർമ്മക്കുറവും ബുദ്ധിപരമായ പ്രവർത്തനങ്ങളിലെ ശേഷിക്കുറവും ഉണ്ടാകാവുന്നതാണ്. ഉറക്കമില്ലായ്മ, അമിതമായിട്ടുള്ള പകലുറക്കം എന്നിവ ഉണ്ടാകാം. ഉറക്കത്തിൽ സ്വപ്‌നം കണ്ട് അതിനോട് ശാരീരികമായി പ്രതികരിക്കുക സാധാരണയാണ്.
മൂത്രസംബന്ധമായി കൂടുതൽ പ്രാവശ്യം മൂത്രം ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കാൻ തോന്നിയാൽ പിടിച്ചുനിർത്തുവാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. മലബന്ധം സാധാരണയാണ്. അമിതമായി വിയർക്കുക, എഴുൽേക്കുമ്പോൾ തലകറങ്ങുക എന്നീപ്രശ്‌നങ്ങൾ കാണാറുണ്ട്. പാർക്കിൻസസ് രോഗികൾക്ക് ഉമീനീര് ഇറക്കാൻ പ്രയാസം വരുന്നതുകൊണ്ട് വായിൽ നിന്ന് ഉമിനീര് ഊർന്ന് താഴേക്ക് വീഴുന്നു. മേൽപ്പറഞ്ഞലക്ഷണങ്ങൾക്കുപുറമെ ഈ രോഗികളിൽ അമിതമായ ക്ഷീണം ശരീര വേദന മരവിപ്പ് മുതലായ പ്രശ്‌നങ്ങളും ഉണ്ടാകാം. പാർക്കിൻസസ് രോഗികൾക്ക് മണം അിറയാനുള്ള കഴിവ് ഇല്ലാതാകാവുതാണ്.
ചികിത്സ വേണ്ടതെപ്പോൾ?
രോഗലക്ഷണങ്ങൾ രോഗിയുടെ നിത്യജീവിതത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുമ്പോഴാണ് ചികിത്സ വേണ്ടിവരുന്നത്.
ഭക്ഷണവും വ്യായാമവും
പാർക്കിൻസസ് രോഗികൾക്ക് ഭക്ഷണത്തിൽ യാതൊരു പഥ്യവും ആവശ്യമില്ല. സാധാരണകഴിക്കുന്ന എല്ലാ ഭക്ഷണവും കഴിക്കാവുന്നതാണ്. എന്നാൽ ഈ രോഗികളിൽ മലബന്ധം സർവ്വസാധാരണയായി കണ്ടുവരുന്നതിനാൽ നാരുകൾ അടങ്ങിയ ഭക്ഷണവും പഴങ്ങളും പച്ചകറികളും കഴിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ രോഗികളിൽ മാംസപേശികളിൽ മുറുക്കം അനുഭവപ്പെടുന്നതുകുറയ്ക്കാൻ വ്യായാമം ചെയ്യുന്നത് നല്ലതാണ്. രോഗികളുടെ നടക്കാനുള്ള ബുദ്ധിമുട്ടുകളും ബാലൻസില്ലായ്മയും വ്യായാമത്തിലൂടെ ഭാഗികമായി നിയന്ത്രിക്കാവുന്നതാണ്. ഇതിനായി ഫിസിയോതെറാപ്പിസ്റ്റിന്റെ ഉപദേശവും തേടണം.
പാർക്കിൻസസ് രോഗി ആദ്യം ചെയ്യേണ്ടത് രോഗത്തെയും അതിന്റെ ചികിത്സയെയും കുറിച്ച് ഡോക്ടറോട് ചോദിച്ചുമനസ്സിലാക്കുകഎന്നതാണ്. ഇത് രോഗിയെ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനും ചികിത്സയിൽ വിശ്വാസം വളർത്താനും സഹായിക്കുന്നു. ഡോക്ടറുടെ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുകയാണെങ്കിൽ പാർക്കിൻസൺസ് രോഗികൾക്ക് ആനന്ദജീവിതം നയിക്കാവുന്നതാണ്.
ഡോ. ശ്രീറാം പ്രസാദ് (ലൂർദ് ഹോസ്പിറ്റൽ, കൊച്ചി)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?