Follow Us On

29

March

2024

Friday

വിയറ്റ്‌നാം തടവറയിലെ സുവിശേഷകൻ

വിയറ്റ്‌നാം തടവറയിലെ സുവിശേഷകൻ

സാധാരണ പ്രചോദനാത്മക പ്രസംഗകരിൽനിന്നും ഏറെ വ്യത്യസ്തനാണ് ചാൾസ് പ്ലബ്. ക്രിസ്തുവിനോടൊപ്പം ചേർന്നുനിന്നാണ് തന്റെ പ്രസംഗങ്ങൾ എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം. വേദനകൾ സമ്മാനിക്കുന്നവരെ സ്‌നേഹിക്കാൻ പ്രേരിപ്പിക്കുന്നതുമാത്രമല്ല പ്ലബിന്റെ പ്രസംഗങ്ങളുടെ അന്തസഃത്ത. നമുക്കുവേണ്ടി ത്യാഗങ്ങൾ ഏറ്റെടുത്തവർക്ക് ഹൃദയത്തിൽ ഇടംനൽകണമെന്നുകൂടിയാണ്. ക്ഷമിക്കാനും സ്‌നേഹിക്കാനുമാണ് ഒന്നാമതായി അദ്ദേഹം കേൾവിക്കാരെ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടാൽ അറിയാതെ നമ്മിലെ വെറുപ്പുകൾ ഇല്ലാതാകും. എത്ര വേദനകൾ സമ്മാനിച്ചവരെയും സ്‌നേഹിക്കാൻ തുടങ്ങും. കാരണം, പ്ലബ് പങ്കുവയ്ക്കുന്നത് വായിച്ചതോ കേട്ടറിവുകളോ ഒന്നുമല്ല, ജീവിതത്തിൽ നേരിട്ട കഠിനമായ യാതനകളുടെ കഥകളാണ്. അതോടൊപ്പം പ്രതീക്ഷയ്ക്കു വകയില്ലാത്ത സമയത്ത് തന്റെ മനസിൽ ജീവിതത്തെക്കുറിച്ചുള്ള പുതുസ്വപ്‌നങ്ങൾ നിറച്ച ദൈവത്തെപ്പറ്റിയാണ് ചാൾസ് പ്ലബിന് പറയാനുള്ളത്. പരാജയത്തിന്റെ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന ഏതൊരാൾക്കായും ദൈവം അവസരങ്ങൾ കാത്തുവച്ചിട്ടുണ്ടെന്നും സ്വന്തം അനുഭവങ്ങൾ നിരത്തിക്കൊണ്ട് അദ്ദേഹം സമർത്ഥിക്കുന്നു. ഐ ആം നോ ഹീറോ, ദ ലാസ്റ്റ് ഡോമിനോ എന്നിവ ചാൾസ് പ്ലബിന്റെ പ്രശസ്തമായ പുസ്തകങ്ങളാണ്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഹൃദയത്തോട് സംസാരിക്കുന്നതുപോലുള്ള അനുഭവമാണ് ഈ പുസ്തകങ്ങൾ വായനക്കാരന് സമ്മാനിക്കുന്നത്.
ലോകപ്രശസ്ത പ്രചോദനാത്മക പ്രസംഗകനും എഴുത്തുകാരനും, യു.എസ് നേവി, ഗവൺമെന്റ് സ്ഥാപനങ്ങൾ, കമ്പനികൾ, മാധ്യമങ്ങളടക്കം നിരവധി സ്ഥാപനങ്ങളുടെ ഉപദേശകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് ഈ 77-കാരൻ. തന്നെ ക്രൂരമായി പീഡിപ്പിച്ചവരോടും ജീവിതത്തിൽ വേദനകൾ സമ്മാനിച്ചവരോടും അല്പംപോലും വിദ്വേഷമില്ലാതെ സ്‌നേഹിക്കാൻ കഴിഞ്ഞപ്പോൾ ചുറ്റുപാടും ഉണ്ടായ അമ്പരിപ്പിക്കുന്ന മാറ്റങ്ങൾക്ക് സാക്ഷിയാണ് പ്ലബ്.
ജീവിതത്തിന്റെ കഠിനമായ സാഹചര്യങ്ങളെ വിശ്വാസംകൊണ്ട് അതിജീവിച്ചതിനെക്കുറിച്ചും അദ്ദേഹം പങ്കുവയ്ക്കുന്നു. ചാൾസ് പ്ലബിന്റെ പ്രസംഗം കേട്ടതിനുശേഷം ഒരാൾക്ക് പരാജയബോധവുംപേറി പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല. സാധ്യതകൾ അസ്തമിച്ചു എന്ന് കരുതാനുമാവില്ല. അടഞ്ഞ വാതിലുകൾക്കപ്പുറം ദൈവം തുറന്നിട്ടിരിക്കുന്ന ജനലുകൾ കാണാൻ അനേകരുടെ ആന്തരിക നേത്രങ്ങളെ തുറക്കാൻ ഈ പ്രചോദനാത്മക പ്രസംഗകന് കഴിഞ്ഞിട്ടുണ്ട്. അതിന് ഏറ്റവും വലിയ തെളിവാണ് ഒരു വേദിയിൽനിന്നും അടുത്ത വേദിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരക്കുപിടിച്ച യാത്രകൾ.


 
സ്വപ്‌നങ്ങളുടെ മുകളിൽ പതിച്ച മിസൈൽ
യുദ്ധവിമാനങ്ങൾ പറപ്പിക്കുന്നതിൽ അസാമാന്യമായ മികവുള്ള പൈലറ്റായിരുന്നു ചാൾസ് പ്ലബ്. അമേരിക്കയിലെ ഇൻഡ്യാനയിലുള്ള ഗാരിയിൽ 1942 നവംബർ മൂന്നിന് ജനിച്ചു. പിതാവ് ആശാരിപ്പണിക്കാരൻ. അമ്മ സാധാരണ വീട്ടമ്മ. 22-ാം വയസിൽ യു.എസ് നേവൽ അക്കാദമിയിൽനിന്നും ബിരുദം പൂർത്തിയാക്കി. രണ്ടു വർഷത്തിനുശേഷം സ്വന്തമായി യുദ്ധവിമാനങ്ങൾ പറപ്പിക്കാൻ തുടങ്ങി. 25 വയസുള്ളപ്പോൾ വിയറ്റ്‌നാം യുദ്ധത്തിൽ 74 സൈനിക ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മിടുമിടുക്കൻ. 1967 മെയ് 19 ചാൾസ് പ്ലബിന്റെ വിയറ്റ്‌നാമിലെ 75-ാം സൈനിക ദൗത്യമായിരുന്നു. അഞ്ച് ദിവസംകൂടി കഴിഞ്ഞാൽ ജോലി പൂർത്തിയാക്കി അമേരിക്കയിലേക്ക് മടങ്ങാം. വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. കണക്കുകൂട്ടലുകൾ എവിടെയോ അല്പം പിഴച്ചു. ശത്രു സൈന്യത്തിന്റെ മിസൈൽ പ്ലബിന്റെ വിമാനത്തിൽ പതിച്ചു. വിമാനം കത്തിയെരിഞ്ഞെങ്കിലും പാരച്യൂട്ട് വഴി ചാൾസ് പ്ലബും സഹപൈലറ്റ് ഗാരി ആറ്റേഷ്‌സണും രക്ഷപ്പെട്ടു. എന്നാൽ, രണ്ടുപേരും ചെന്നുവീണത് സോവിയറ്റ് യൂണിയന്റെ പിന്തുണയുള്ള വിയറ്റ്‌നാം പട്ടാളക്കാരുടെ കൈകളിലേക്കായിരുന്നു.
ക്രൂരമായ പീഡനങ്ങളായിരുന്നു അവരെ എതിരേറ്റത്. രണ്ടു പേരെയും മർദ്ദിച്ച്, വിവസ്ത്രരാക്കി അടുത്ത ഗ്രാമത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. അടുത്ത രണ്ടു ദിവസം തുടർച്ചയായ മർദ്ദനങ്ങളായിരുന്നു. അമേരിക്കയോടുള്ള ദേഷ്യം മുഴുവൻ വിയറ്റ്‌നാം സൈന്യം തീർത്തത് അവരുടെ ശരീരത്തിലായിരുന്നു. മർദ്ദനമേല്ക്കാത്ത ഒരിഞ്ചുപോലും ശരീരത്തിൽ അവശേഷിച്ചിരുന്നില്ല. അടുത്ത അഞ്ച് വർഷവും ഒമ്പതുമാസവും കൃത്യമായി പറഞ്ഞാൽ 2103 ദിവസം വിയറ്റ്‌നാമിലെ ഏകാന്ത തടവറയിലായിരുന്നു ചാൾസ് പ്ലബിന്റെ ജീവിതം. മൂന്ന് അടിപോലും നടക്കുന്നതിനുമുമ്പ് ഭിത്തിയിൽ ഇടിക്കുമായിരുന്നു എന്നാണ് തന്റെ ജയിലിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. കഷ്ടിച്ച് നിവർന്നുനില്ക്കാൻമാത്രം കഴിയുന്ന ഇടുങ്ങിയ മുറി. ടിൻ ഷീറ്റുകൊണ്ടായിരുന്നു മേല്ക്കൂര. കടുത്ത ചൂടിൽ വെന്തുരുകി. ഇലക്ട്രിക് ഓവന്റെ മുകളിൽ ഇരിക്കുന്ന ഒരാളുടെ അവസ്ഥയായിരുന്നു. എപ്പോഴും കൂരിരുട്ടുമാത്രം.
കക്കൂസിന് പകരമായി നൽകിയിരുന്നത് ഒരു വലിയ ബക്കറ്റായിരുന്നു. അതിലായിരുന്നു പ്രാഥമിക കൃത്യങ്ങൾ. അവിടെനിന്നും വമിച്ചിരുന്ന ദുർഗന്ധം അസഹനീയമായിരുന്നു. ഭക്ഷണം പേരിനുമാത്രം. ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ട ദിവസങ്ങളും കുറവായിരുന്നില്ല. തന്റെ കണ്ണീരായിരുന്നു ഭക്ഷണത്തിന് ഉപ്പു നൽകിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു പുസ്തകമോ പേപ്പറോ ഉണ്ടായിരുന്നില്ല.
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. അതിനിടയിൽ ക്രൂരമായ മർദനങ്ങൾക്ക് പലപ്പോഴും ഇരയാക്കപ്പെട്ടു. മുറിവുകളിൽനിന്നും രക്തവും പഴുപ്പും ഒഴുകി. ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരാൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല ജയിലിലെ സാഹചര്യങ്ങൾ. മനസിന്റെ സമനിലതെറ്റി, ഭ്രാന്തുപിടിച്ചുപോകുന്ന അവസ്ഥ. എന്നാൽ പീഡിപ്പിച്ചവർക്കുവേണ്ടി ജയിലഴികൾക്കുള്ളിലിരുന്നുകൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു 25-കാരനായ ആ ചെറുപ്പക്കാരൻ. മറ്റൊരാളുടെ മുഖം കാണുന്നതുപോലും മാസങ്ങൾക്കുശേഷമായിരുന്നു. ആകാശത്തിന്റെ നീലനിറത്തിന് അത്രയും മനോഹാരിത ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞത് ജയിലിൽനിന്ന് വലപ്പോഴും പുറത്തിറക്കുമ്പോഴായിരുന്നു എന്ന് പ്ലബ് പറയുന്നു.
ടോയ്‌ലെറ്റു പേപ്പറിലും കോഡുഭാഷ
മുമ്പിൽ രണ്ട് സാധ്യതകളായിരുന്നു ഉണ്ടായിരുന്നത്. ഒന്നുകിൽ പീഡിപ്പിക്കുന്നവരെ വെറുക്കുകയും ശപിക്കുകയും ചെയ്യാം. അല്ലെങ്കിൽ വേദനകൾ നൽകുന്നവരെ സ്‌നേഹിക്കുകയും ജീവിതത്തെക്കുറിച്ചുള്ള പുതിയ സ്വപ്‌നങ്ങൾ കാണുകയും ചെയ്യാം. രണ്ടാമത്തെ മാർഗമായിരുന്നു താൻ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു. കേവലം 25 വയസുമാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന് എങ്ങനെ വിപരീത അനുഭവങ്ങളെ ഇത്ര പോസിറ്റീവായി കാണാൻ കഴിഞ്ഞു എന്നത് കേൾവിക്കാരെ അമ്പരിപ്പിക്കാറുണ്ട്. സ്വാത്വികമായൊരു പിന്നാമ്പുറം പ്ലബിന് ഉണ്ടായിരുന്നില്ല. ജീവിതം എന്തെന്ന് പഠിച്ചത് ജയിലിൽവച്ചായിരുന്നെന്ന് ചാൾസ് പ്ലബ് പറയുന്നു. കടുത്ത ഏകാന്തതയിലും വേദനയിലും കൂട്ടിനുള്ള ദൈവസ്‌നേഹം അനുഭവിക്കാൻ കഴിഞ്ഞു. ഇവിടെ താൻ ഒറ്റയ്ക്കല്ല, തന്നോടൊപ്പം ദൈവം ഉണ്ടെന്ന തിരിച്ചറിവ് വേദനകളെ സ്വീകരിക്കാനും വേദനിപ്പിക്കുന്നവരെ സ്‌നേഹിക്കാനും ആ 25-കാരനെ പ്രാപ്തനാക്കി.
അത്തരമൊരു തിരിച്ചറിവ് ഉണ്ടായപ്പോൾ ജയിലിലുള്ള മറ്റനേകം അമേരിക്കൻ പട്ടാളക്കാരെപ്പറ്റിയാണ് അദ്ദേഹം ചിന്തിച്ചത്. പലരുടെയും പ്രതീക്ഷങ്ങൾ അസ്തമിച്ചിരുന്നു. അവിടെനിന്നും പുറത്തിറങ്ങാൻ സാധിക്കില്ലെന്ന ചിന്ത മാനസികമായും ശാരീരികമായും അവരെ തളർത്തി. മറ്റുള്ളവരെ കാണാനും സംസാരിക്കാനുമുള്ള അവസരങ്ങൾ പ്ലബിന് വളരെ വിരളമായിരുന്നു. പ്ലബ് ടോയ്‌ലെറ്റ് പേപ്പറുകളിൽ ആശയങ്ങൾ കോഡുഭാഷയിൽ എഴുതി കൈമാറി. അവരെ പ്രത്യാശഭരിതരാക്കുകയായിരുന്നു ലക്ഷ്യം. മറ്റുള്ളവർ ജയിലിലെ പണിസമയങ്ങളിൽ കാവൽക്കാരുടെ കണ്ണുവെട്ടിച്ചു ആശയങ്ങൾ കൈമാറി. ജന്മദിനം, വിവാഹവാർഷികം, ക്രിസ്മസ്, ഈസ്റ്റർ എല്ലാം അവർ ആഘോഷിക്കാൻ ആരംഭിച്ചു. സമ്മാനങ്ങൾ കൈമാറി. കേക്കുമുറിച്ചതും സമ്മാനങ്ങൾ നൽകിയതും സങ്കല്പങ്ങളിലായിരുന്നു എന്നുമാത്രം. ജയിലിന്റെ ഏകാന്തതയിലിരുന്ന് സിനിമകൾ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തു. അവയും സങ്കല്പത്തിലായിരുന്നു. പണ്ട് കണ്ട സിനിമകളും വായിച്ച പുസ്തകങ്ങളും ഓർമയിലേക്കുകൊണ്ടുവന്നു. എന്നിട്ടവർ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്തു. പ്രതീക്ഷ നഷ്ടപ്പെട്ട അനേകർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ അവ കാരണമായി. ഓരോ ദിവസവും അവർ ചിന്തിച്ചത് അടുത്ത ആഴ്ച തങ്ങൾ മോചിതരാകുമെന്നായിരുന്നു. മോചനം നീണ്ടുപോയത് അവരെ നിരാശരാക്കിയില്ല. വരാൻ പോകുന്ന ആഴ്ചയെന്ന് അവർ എന്നും മനസിൽ കുറിച്ചിട്ടുകൊണ്ടിരുന്നു.
ജയിലിലെ സാഹചര്യങ്ങൾക്ക് ഒന്നിനും മാറ്റം വന്നിരുന്നില്ല. മറിച്ച്, കാഴ്ചപ്പാടുകളിൽ വന്ന വ്യതിയാനം ജീവിതത്തെ ആഹ്ലാദത്തോടെ കാണാൻ പലരെയും പ്രേരിപ്പിച്ചു. ഇനിയും പുലരികൾ തങ്ങളെ കാത്തിരിപ്പുണ്ടെന്ന് അവർക്ക് തോന്നി. അങ്ങനെ സ്വപ്‌നം കാണുമ്പോഴും പിറ്റേദിവസം വേണമെങ്കിൽ ജീവിതം അവസാനിക്കാനുള്ള എല്ലാ സാധ്യതയും മുമ്പിൽ ഉണ്ടായിരുന്നു. ജയിലിലെ ഏതെങ്കിലും അധികാരിക്ക് ദേഷ്യം തോന്നിയാൽ ക്രൂരമായി മർദിക്കുകയോ വെടിവച്ചുകൊല്ലുകയോ ചെയ്യപ്പെടുമായിരുന്നു. എന്നിട്ടും ഞങ്ങൾ ജീവിതത്തെ സ്‌നേഹിക്കുകയാണ് ചെയ്തത്. പീഡകരോട് അവിടെവച്ച് പൊറുക്കാൻ സാധിച്ചതാണ് താൻ ഇപ്പോൾ ജീവിച്ചിരിക്കുന്നതിന്റെയും തന്റെ ജീവിത വിജയത്തിന്റെയും അടിസ്ഥാനമെന്ന് ചാൾസ് പ്ലബ് പറയുന്നു.
ഈ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നു, നിങ്ങൾക്ക് ദുഃഖങ്ങൾ സമ്മാനിച്ചവരോട് ക്ഷമിക്കാൻ കഴിയില്ലേ?
കാത്തുകിടന്ന ഡൈവോഴ്‌സ് നോട്ടീസ്
ജയിലിൽനിന്നും പുറത്തിറങ്ങാൻ ഒരു സാധ്യതയും ഇല്ലാത്തപ്പോഴും അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞതാണ് അനേകർക്ക് പിന്നീട് ശുദ്ധവായു ശ്വസിക്കാൻ കാരണമായത്. ഇനി മോചനമില്ലെന്ന് തോന്നിയിരുന്നെങ്കിൽ മാനസികമായി ഉണ്ടായ തളർച്ച ശരീരത്തെയും തളർത്തി അനേകരുടെ ജീവനെടുക്കുമായിരുന്നു. ജീവിതത്തിൽ സ്വയം തീർത്തിരിക്കുന്ന മനസിന്റെ തടവറകളിൽനിന്നും ആദ്യം പുറത്തുവരണം. ഇനി സാധ്യതകൾ ഒന്നും അവശേഷിക്കുന്നില്ലെന്ന് ലോകവും ബുദ്ധിയും നമ്മെ ഉപദേശിച്ചെന്നുവരാം. എന്നാൽ, ദൈവം നമുക്കുവേണ്ടി ചില സാധ്യതകൾ ഒരുക്കിവച്ചിട്ടുണ്ട്. നിരാശ നിറഞ്ഞ ചിന്തകൾ മനസിൽനിന്നും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങൾക്ക് വേദനകൾ സമ്മാനിക്കുന്നവരെ വെറുക്കുന്നതുകൊണ്ട് എന്തു നേട്ടമാണ് സ്വന്തമാക്കാൻ കഴിയുന്നത്? എന്നാൽ, അവരെയൊന്ന് സ്‌നേഹിച്ചു നോക്ക്, പിരിമുറുക്കങ്ങൾ നാമറിയാതെ അപ്രത്യക്ഷമാകും. ജയിലിൽ എന്നെ മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തവരെ വെറുത്തിരുന്നെങ്കിൽ ഇതു പറയാൻ ഞാൻ അവശേഷിക്കുമായിരുന്നില്ല; പ്ലബ് പറയുന്നു.
1973 ഫെബ്രുവരി 18-ന് മോചനവാർത്ത എത്തി. പ്ലബും സഹപ്രവർത്തകരും യഥാർത്ഥ ക്രിസ്തീയ സ്‌നേഹത്തിന്റെ സാക്ഷികളായി മാറി. തങ്ങളെ മോചിപ്പിക്കുന്നതിന് മുമ്പ് ആ ജയിലിൽ കഴിയുന്ന അവശരും രോഗികളുമായ എല്ലാ അമേരിക്കൻ സൈനികരെയും വിട്ടയക്കണമെന്ന ആവശ്യം മുമ്പോട്ടുവച്ചു. ജയിലധികൃതരെ അമ്പരപ്പിച്ച ഒന്നായിരുന്നത്. ഏതെങ്കിലും സൈനിക തടവുകാരനെ മോചിപ്പിക്കുമെന്ന് അറിയിപ്പ് ലഭിച്ചാൽ എത്രയും നേരത്തേ അവിടെനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരെയാണ് അവർ കണ്ടിരുന്നത്. ശത്രുപക്ഷത്തുള്ള രാജ്യത്തെ സൈനിക തടവറ ഭൂമിയിലെ നരകമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അത്തരമൊരു സാഹചര്യത്തിലും മറ്റുള്ളവർക്കുവേണ്ടി നിലകൊള്ളുക- അതും സ്വന്തം ജീവൻ അപകടത്തിലാകാൻ എല്ലാ സാധ്യതകളും മുമ്പിൽ ഉള്ളപ്പോൾ. അവരുടെ ഉറച്ച നിലപാടിനെത്തുടർന്ന് റഷ്യൻ സൈന്യം എല്ലാവരെയും മോചിപ്പിക്കുകയായിരുന്നു. സഹോദരങ്ങൾക്കുവേണ്ടി നിലകൊണ്ടപ്പോൾ ശത്രുസൈന്യത്തിന്റെ തോക്കിൻ കുഴലിലാണ് തങ്ങളുടെ ജീവൻ എന്നത് അവരെ ഒട്ടും ആശങ്കപ്പെടുത്തിയില്ല.
താൻ ജയിലിൽവച്ച് തിരിച്ചറിഞ്ഞ ക്ഷമയുടെ ആഴം പരിശോധിക്കാനുള്ള അവസരമായി മാറി തിരിച്ചുവരവ്. വിയറ്റ്‌നാമിൽനിന്നും അമേരിക്കയിൽ തിരിച്ചെത്തിയ പ്ലബിനെ എതിരേറ്റത് സന്തോഷകരമായ വാർത്തയായിരുന്നില്ല. ഭാര്യ അയച്ച വിവാഹമോചന നോട്ടീസ് കാത്തുകിടന്നിരുന്നു. ജീവനുതുല്യം സ്‌നേഹിച്ച ഭാര്യ-വർഷങ്ങളുടെ പ്രണയത്തിനുശേഷം ജീവിതത്തിലേക്കു വന്നവൾ. സ്വന്തം രാജ്യത്തിനുവേണ്ടി തടവറയിൽ കഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഭർത്താവ്, കുറച്ചുകൂടി കാത്തിരിക്കാൻ തയാറായില്ലല്ലോ, അവളുടെ സ്‌നേഹത്തിന് ഇത്രയും ആഴമേ ഉണ്ടായിരുന്നുള്ളോ എന്നൊക്കെയുള്ള ചിന്തകളാൽ മനസു പതറി. എന്നാൽ അടുത്ത നിമിഷം ഭാര്യയുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ തുടങ്ങിയെന്ന് പ്ലബ് പറയുന്നു. ആറ് വർഷമായിട്ട് തന്നെ കുറിച്ച് ഒരു വിവരം ഉണ്ടായിരുന്നില്ല, മരിച്ചോ ജീവിച്ചിരിക്കുന്നോ എന്ന ഉറപ്പില്ലാത്ത അവസ്ഥ. 25-ാം വയസിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീ ആറ് വർഷത്തോളം കാത്തിരുന്നു എന്നതുതന്നെ വലിയ കാര്യമല്ലേ എന്നു ചിന്തിച്ചു. അവളുടെ സ്ഥാനത്ത് താനാണെങ്കിലും സമാനമായ രീതിയിലായിരിക്കും പെരുമാറുക എന്ന് പ്ലബ് തിരിച്ചറിഞ്ഞു. ഭാര്യയോട് തോന്നിയ വെറുപ്പ് അലിഞ്ഞ് ഇല്ലാതാകുന്നതായി അദ്ദേഹത്തിന് മനസിലായി. നമുക്ക് മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് ചിന്തിക്കാൻ പലപ്പോഴും കഴിയാത്തതാണ് ജീവിതത്തിലെ പിരിമുറുക്കങ്ങളുടെ കാരണം; പ്ലബ് പറയുന്നു. വീണ്ടും വിവാഹിതനായ പ്ലബ് നാല് മക്കളുടെ പിതാവാണ്.
ജയിൽ ചാപ്ലിൻ
മറ്റുള്ളവർക്ക് ആത്മവിശ്വാസം പകർന്നുകൊടുക്കുമ്പോഴും ജയിലിലെ കടുത്ത പീഡനങ്ങളുടെ നടുവിൽ പിടിച്ചുനില്ക്കാൻ കഴിയുമോ എന്ന് സംശയിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്ന് തുറന്നുസമ്മതിക്കാൻ അദ്ദേഹത്തിന് മടിയില്ല. ജയിലിലെ അവസാനത്തെ രണ്ടു വർഷം ജയിൽ ചാപ്ലിന്റെ ജോലി സ്വയം ഏറ്റെടുത്തു. ഔദ്യോഗികമായി അത്തരമൊരു പദവി അവിടെ ഉണ്ടായിരുന്നില്ലെങ്കിലും ചാപ്ലിൻ ചെയ്യേണ്ട സാധ്യമായ ഉത്തരവാദിത്വങ്ങൾ രഹസ്യമായി നിർവഹിച്ചു. ക്രൂരമായി പെരുമാറുമ്പോഴും തങ്ങളെ സ്‌നേഹിക്കാൻ കഴിയുന്ന ഒരു തടവുകാരൻ വിയറ്റ്‌നാം പട്ടാളക്കാർക്കും അത്ഭുതമായിരുന്നു. അതും കേവലം 30 വയസ് മാത്രമുള്ള ഒരു ചെറുപ്പക്കാരന് വെറുപ്പില്ലാതെ എങ്ങനെ ഈ വിധത്തിൽ പെരുമാറൻ കഴിയുമെന്നത് അവരെയും കുഴക്കി. ഇരുൾ നിറഞ്ഞ ചിന്തകൾ മനസിനെ കീഴടക്കുന്ന നേരത്ത് 13-ാം വയസിൽ ബെയ്‌സ് ബോൾ ഗെയിംസിൽ പരാജയപ്പെട്ടിരിക്കുമ്പോൾ കോച്ച് നൽകിയ ഉപദേശം എങ്ങനെയോ ഓർമയിലേക്കു വന്നു. വിജയിക്കാനാണോ പരാജയപ്പെടാനാണോ ആഗ്രഹം. നിന്റെ മനസാണ് വിജയവും പരാജയവും നിശ്ചയിക്കുന്നത്. ജീവിതം ഒരു സാധ്യതയാണ്; വിജയിയോ പരാജിതനോ ആകാനുള്ള അവസരം. ജയിലിൽ കഴിയുന്ന ഓരോ ദിവസവും ഞാൻ മനസിൽ പദ്ധതികൾ വിഭാവനം ചെയ്യുകയായിരുന്നു. പുറത്തിറങ്ങിക്കഴിയുമ്പോൾ ചെയ്യാനുള്ള കാര്യങ്ങൾ. അതോടൊപ്പം മറ്റുള്ളവർക്കും ഇത്തരം സ്വപ്‌നങ്ങൾ നൽകണമേ എന്നും പ്രാർത്ഥിച്ചു. ഞങ്ങൾ ജീവിക്കുമെന്നും ഈ ദിവസങ്ങളിൽ ഭവനങ്ങളിലേക്ക് പോകുമെന്നും ഭാവന കണ്ടു. ഇത്രയും ആത്മവിശ്വാസമുള്ള ഒരാളുടെ പ്രാർത്ഥന എങ്ങനെയാണ് ദൈവത്തിന് കേൾക്കാതിരിക്കാനാവുക? പുഞ്ചിരിയോടെ പ്ലബ് ചോദിക്കുന്നു.


 
പാരച്യൂട്ടുകൾ പായ്ക്കുചെയ്യുന്നവർ
ചാൾസ് പ്ലബ് ഏറ്റവും കൂടുതൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ള സംഭവം പാരച്യൂട്ടുകൾ പായ്ക്കുചെയ്യുന്നവരെക്കുറിച്ചുള്ള അനുഭവമാണ്. പ്ലബ് പ്രശസ്തനായി വരുന്ന കാലം. കാൻസസിലെ റസ്റ്റോറ ന്റിൽ ഇരിക്കുകയായിരുന്നു പ്ലബ്. അല്പ സമയം കഴിഞ്ഞപ്പോൾ എതിർവശത്ത് ഒരു മധ്യവയസ്‌കൻ വന്നിരുന്നു.
സൂക്ഷിച്ചുനോക്കിയിട്ട് അടുത്തുവന്ന് ഭവ്യതയോടെ ചോദിച്ചു. അങ്ങ് ക്യാപ്റ്റൻ ചാൾസ് പ്ലബ് ആണോ? അതെ, ചെറുപുഞ്ചിരിയോടെ ആയിരുന്നു മറുപടി. അമേരിക്കൻ യുദ്ധവിമാനമായ കിറ്റി ഹ്വാക്കിന്റെ പൈലറ്റായിരുന്ന പ്ലബ്? യുദ്ധവിമാനം തകർന്ന് പാരച്യൂട്ടിലൂടെ രക്ഷപ്പെട്ടെങ്കിലും ശത്രുക്കളുടെ പിടിയിലായി ആറ് വർഷത്തോളം വിയറ്റ്‌നാമിലെ ജയിലിൽ കഴിഞ്ഞ സൈനിക ഉദ്യോഗസ്ഥ ൻ? സ്‌നേഹത്തോടെ അപരിചിതൻ വീണ്ടും ചോദിച്ചു. തന്നെക്കുറിച്ചുള്ള വിവരങ്ങൾ തെറ്റാതെ ചോദ്യങ്ങളായി വന്നപ്പോൾ ക്യാപ്റ്റൻ പ്ലബ് ചോദിച്ചു: എന്നെപ്പറ്റി കൃത്യമായി അറിയുന്ന താങ്കൾ ആരാണ്? ഞാനായിരുന്നു അങ്ങയുടെ പാരച്യൂട്ടുകൾ പായ്ക്ക് ചെയ്തിരുന്ന സൈനികൻ. ഒരു നിമിഷം അമ്പരപ്പോടെ ക്യാപ്റ്റൻ പ്ലബ് ആഗതന്റെ മുഖത്തേക്ക് നോക്കി. എന്തൊക്കെയോ പറയണമെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും വാക്കുകൾ പുറത്തുവന്നില്ല. ആ പാരച്യൂട്ടുകൾ ശരിയായി പ്രവർത്തിച്ചിരുന്നല്ലോ അല്ലേ? അപ്പോഴേക്കും അടുത്ത ചോദ്യം ഉണ്ടായി. ഇല്ലെങ്കിൽ ഞാനിപ്പോൾ ജീവനോടെ കാണുമായിരുന്നോ? ചിരിച്ചുകൊണ്ടായിരുന്നു മറുപടി. എന്റെ പാരച്യൂട്ട് സൂക്ഷ്മതയോടെ പായ്ക്കുചെയ്തതിന് താങ്കളെ നേരിൽ കണ്ട് നന്ദി പറയാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാലും കൃത്യതയോടെ ജോലി നിർവഹിച്ച നിങ്ങളുടെ വിരലുകൾക്കുവേണ്ടി ഞാൻ ജയിലിൽ കിടന്ന് ഒരുപാടു പ്രാർത്ഥിച്ചിട്ടുണ്ട്; ചാൾസ് പ്ലബ് പറഞ്ഞു.
ആ രാത്രിയിൽ ക്യാപ്റ്റൻ പ്ലബിന് ഉറങ്ങാൻ കഴിഞ്ഞില്ല. റസ്റ്റോറന്റിൽവച്ച് വളരെ താല്പര്യത്തോടെ തന്റെ വിവരങ്ങൾ അന്വേഷിച്ച പട്ടാളക്കാരന്റെ മുഖമായിരുന്നു മനസുനിറയെ. പട്ടാളത്തിൽ ആയിരുന്ന സമയത്ത് അയാളെ പലപ്പോഴും കണ്ടിട്ടുണ്ടായിരുന്നെങ്കിലും മുഖത്തുനോക്കി പുഞ്ചിരിക്കുകയോ എന്തെങ്കിലും ചോദിക്കുകയോ ഉണ്ടായിട്ടില്ലെന്ന് കുറ്റബോധത്തോടെ അദ്ദേഹം ഓർത്തു. അന്നത്തെ ചിന്തയനുസരിച്ച് താൻ പൈലറ്റും അയാൾ വെറുമൊരു സൈനികനുമായിരുന്നു. റാങ്കിൽ അന്തരം ഏറെ. ഒരിക്കൽപ്പോലും സംസാരിക്കാത്ത തന്നോട് എത്ര കാര്യമായിട്ടാണ് അദ്ദേഹം വിശേഷങ്ങൾ തിരക്കിയതെന്ന് ഓർത്തു. താമസിയാതെ ഒരു പ്രഭാഷണത്തിൽ ഈ സംഭവം പങ്കുവച്ചതിനുശേഷം ക്യാപ്റ്റൻ പ്ലബ് സദസിനോടായി ചോദിച്ചു, നിങ്ങളുടെ പാരച്യൂട്ടുകൾ പായ്ക്കു ചെയ്തവരെ, പാരച്യൂട്ടുകളായിത്തീർന്നവരെ ഓർക്കാറുണ്ടോ? അതു ചിലപ്പോൾ ജീവിതത്തിന്റെ നിർണായകമായ വഴിത്തിരിവിൽ താങ്ങായി മാറിയവരാകാം. ലോകം മുഴുവൻ ഒറ്റപ്പെടുത്തിയപ്പോൾ ചേർത്തുപിടിച്ചവരാകാം. അപ്രതീക്ഷിതമായി സഹായം നൽകിയവർ മാതാപിതാക്കളോ ബന്ധുക്കളോ പ്രിയപ്പെട്ടവരോ അപരിചിതരോ ആരുമായിക്കൊള്ളട്ടെ, ജീവിതത്തിൽ പാരച്യൂട്ടുകളായി തീർന്നവരെ ഒരിക്കലും വിസ്മരിക്കരുത്. ശബ്ദം നഷ്ടപ്പെട്ടതുപോലെ സദസ് നിശബ്ദമായിരുന്നു. ആ സംഭവത്തിനുശേഷം അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ ഊന്നലിൽ മാറ്റങ്ങൾ വന്നു.
ജോസഫ് മൈക്കിൾ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?