Follow Us On

29

March

2024

Friday

ന്യൂജനറേഷൻ തരംഗത്തിലെ അപകടങ്ങൾ

ന്യൂജനറേഷൻ തരംഗത്തിലെ അപകടങ്ങൾ

ന്യൂനജനറേഷൻ ഇപ്പോൾ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുയാണ്. പ്രത്യേകിച്ച്, യുവജനങ്ങളുടെ ഇടയിൽ. വാക്കുകളിലും ചിന്തകളിലും മാത്രമല്ല വസ്ത്രധാരണങ്ങളിൽവരെ അതിന്റെ സ്വാധീനം പ്രകടമാണ്. കാലത്തിന്റെ വളർച്ചക്ക് അനുസരിച്ച് ചിന്താഗതികളിലും ജീവിതരീതികളിലും മാറ്റംവരുന്നത് സ്വാഭാവികംതന്നെ. എല്ലാക്കാലത്തും അപ്രകാരം സംഭവിച്ചിട്ടുണ്ട്. എന്നാൽ, മാധ്യമങ്ങളുടെ വളർച്ചയോടെ ലോകത്തിന്റെ ഏതു കോണിൽ ഉണ്ടാകുന്ന ചലനങ്ങളും വളരെ വേഗം എല്ലായിടത്തേക്കും എത്തുന്നു.
പുതിയ തലമുറയെ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ജീവിതത്തിലേക്ക് ആനയിച്ചുകൊണ്ടിരിക്കുകയാണ് ചില ആശയങ്ങൾ. എല്ലാറ്റിനും മാറ്റം ആവശ്യമാണെന്ന ധാരണ പരത്തുവാൻ ന്യൂജനറേഷന്റെ വക്താക്കൾക്ക് കഴിഞ്ഞു. അത്തരം ധാരണകളെ ആഴപ്പെടുത്തുന്നതിൽ ന്യൂജനറേഷന്റെ ലേബലിൽ ഇറങ്ങുന്ന സിനിമകൾ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ന്യൂജനറേഷൻ ശീലങ്ങൾ എന്ന പേരിൽ പലതും യുവജനങ്ങളുടെമേൽ അടിച്ചേല്പിക്കുകയായിരുന്നു. അതിൽ മുഖ്യപങ്കുവഹിച്ചത് സിനിമകളാണ്. യുവജനങ്ങളുടെ ലേബലിൽ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും നൽകുന്നത് പുതിയ തലമുറയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളാണ്. ചില സിനിമകൾ ആരംഭിക്കുമ്പോൾ മുതൽ അവസാനിക്കുന്നതുവരെ നിറഞ്ഞുനില്ക്കുന്നത് മദ്യപാനവും മറ്റുവിധത്തിലുള്ള ലഹരികളുടെ ഉപയോഗവുമാണ്. കഥയുമായി പുലബന്ധമില്ലെങ്കിലും അത്തരം സീനുകൾ സിനിമകളിൽ തിരുകികയറ്റുന്നതും ഇപ്പോഴത്തെ പതിവായിക്കഴിഞ്ഞു.
യുവജനങ്ങളുടെ ചിത്രമെന്ന് അവകാശപ്പെടുകയും ഇത്തരം കഥകളേ പുത്തൻ തലമുറ ഇഷ്ടപ്പെടൂ എന്നുമുള്ള പ്രചാരണം വ്യാപകമാണ്. അത്തരം സിനിമകളേ സ്വീകാര്യമാകൂവെന്നും പ്രചരിപ്പിക്കപ്പെടുന്നു. പറയുന്നതിൽ സത്യമുണ്ടെങ്കിൽ അതു ഗുരുതരമായ പ്രശ്‌നമാണ്. കാരണം, പുതിയ തലമുറ വഴിതെറ്റിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണല്ലോ അത്. എന്നാൽ, പുതിയ തലമുറയെക്കുറിച്ചുള്ള യഥാർത്ഥ ചിത്രമല്ല സിനിമകളിൽ പ്രതിഫലിക്കുന്നത്.
ഓരോ വർഷവും സാമ്പത്തികമായി വിജയിക്കുന്ന സിനിമകൾ പരിശോധിച്ചാൽ ആ വാദത്തിന്റെ പൊള്ളത്തരം മനസിലാകും. മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും നന്മയുടെ ചിന്തകൾ സമൂഹത്തിലേക്ക് പ്രവഹിപ്പിക്കുകയും ചെയ്യുന്ന സിനിമകൾ വിജയിക്കുന്നുണ്ട്. സിനിമകൾ കാണുന്നത് കൂടുതലും യുവജനങ്ങളാണ്. ന്യൂജനറേഷന്റെ പേരിൽ തട്ടിക്കൂട്ടുന്ന ആശയങ്ങൾക്ക് നേർ വിപരീതമായവ അപ്പോൾ എങ്ങനെയാണ് വിജയിക്കുന്നത്? നന്മ ഇഷ്ടപ്പെടുന്നവരും അത്തരം ചിന്തകളെ സ്വാഗതം ചെയ്യുന്നവരുമാണ് യുവജനങ്ങൾ. പക്ഷേ, വികലമായ ആശയങ്ങൾ അവരുടെ പേരിൽ അവതരിപ്പിക്കപ്പെടുന്നു എന്നുമാത്രം.
യാഥാർത്ഥ്യവുമായി അതിന് ബന്ധം ഉണ്ടാകണമെങ്കിൽ ചെറുപ്പക്കാർ മുഴുവൻ മദ്യപാനികളും ലഹരി ഉപയോഗിക്കുന്നവരും മറ്റു വിധത്തിൽ അധഃപതിച്ചവരുമാകണമായിരുന്നു. ഭാഗ്യവശാൽ അത്തരം അവസ്ഥയിലേക്ക് ഭൂരിഭാഗവും ഇതുവരെയും പോയിട്ടില്ല. തിന്മ കൂടുതൽ കേന്ദ്രീകരിക്കുന്നത് യുവജനങ്ങളിലാണ്. പുതിയ തലമുറയെ ആകർഷിച്ചാൽ സമൂഹത്തെ എളുപ്പം തന്റെ വരുതിയിലാക്കാൻ കഴിയുമെന്ന് നിശ്ചയമുണ്ട്. അശ്ലീലതയിലേക്ക് ആകർഷിക്കുവാനുള്ള വഴികളാണ് ഇത്തരം തുടക്കങ്ങൾ.
ഇന്ന് ലോകത്തിലെ വലിയ ബിസിനസുകളിൽ ഒന്നായി അശ്ലീലത മാറിക്കഴിഞ്ഞു. ഇന്റർനെറ്റിൽ നോക്കിയാൽ അത്തരം സൈറ്റുകളുടെ എണ്ണമെടുക്കാൻ കഴിയാത്ത വിധത്തിൽ അതു വളർന്നുകൊണ്ടിരിക്കുന്നു. കച്ചവടതാൽപര്യങ്ങളാണ് ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിന്റെ പിന്നിൽ. എന്നാൽ, അതു നേരിട്ട് പറയാൻ കഴിയാത്തതുകൊണ്ട് പലവിധത്തിലുള്ള ആശയങ്ങളുടെ ചുമലിൽ ചാരുന്നു എന്നുമാത്രം. ലോകത്തിൽ നടക്കുന്ന സൗന്ദര്യമത്സരങ്ങളെ നിയന്ത്രിക്കുന്നത് വിപണിയാണ്. അവരുടെ കച്ചവടത്തിന് ഉപയോഗപ്പെടുത്തുന്നതിനാണ് താരങ്ങളെ സൃഷ്ടിക്കുന്നത്.
പുതിയ തലമുറ ഇങ്ങനെയൊക്കെ ആകണമെന്ന ചിന്താഗതി അവരിലേക്ക് എത്തിക്കാനുള്ള പാലങ്ങളായി സിനിമകൾ പലപ്പോഴും മാറുന്നു. യുവജനങ്ങളെ തിന്മയിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇത്തരം സിനിമകളെ വിലയിരുത്തുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. നന്മയുടെ ലേബലിൽ ഇറങ്ങുന്ന സിനിമകളെയും വിവേകത്തോടെ സമീപിക്കണം. ഒരു വശത്ത് മൂല്യങ്ങളുടെ വക്താക്കളാകുന്നവർ അതിൽ മ്ലേച്ഛത നിറഞ്ഞുനില്ക്കുന്ന ചില സീനുകൾ തിരുകികയറ്റിയിട്ടുണ്ടാകും. അവിടെയാണ് നാം കൂടുതൽ സൂക്ഷിക്കേണ്ടത്. ഒരേ സമയം നല്ലതിനെപ്പറ്റി വാചാലരാകുന്നവർ തിന്മയിലേക്കുള്ള ആകർഷണങ്ങൾ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്യുന്നു. മനുഷ്യ മനസുകളിലേക്ക് തിന്മകൊണ്ടുവരുന്നത് ആ ഒരു രംഗമായിരിക്കും.
തിന്മ തന്റെ സാമ്രാജ്യം സൃഷ്ടിക്കുന്നതിനായി ബുദ്ധിപരമായി ഇവയെ എല്ലാം ഉപയോഗപ്പെടുത്തുകയാണ്. ബിസിനസ് മേഖലകളെ തിന്മ കീഴടക്കുമ്പോൾ അവിടെ മൂല്യങ്ങൾക്ക് പ്രസക്തിയില്ലാതെയാകും. അതുകൊണ്ടാണ് മാറ്റിനിർത്തിയിരുന്ന തിന്മകൾ മറ്റുചില ലേബലുകളിൽ രംഗപ്രവേശനം നടത്തുന്നത്. ന്യൂജനറേഷന്റെ പേരിൽ എന്തുവന്നാലും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നതിന് മുമ്പ് രണ്ടുവട്ടമെങ്കിലും ആലോചിക്കണം. പലതിന്റെ പിന്നിലും കെണികൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
ന്യൂജനറേഷന്റെ പേരിലുള്ള വഴിതെറ്റിക്കലുകൾ എന്നു പറയുമ്പോൾ മോശം സിനിമകൾമാത്രമോ അല്ലെങ്കിൽ വഴിതെറ്റിയ ആശയങ്ങൾ മാത്രമോ അല്ല. ജീവിതത്തിന്റെ വിശുദ്ധിക്ക് കളങ്കം വരുത്തുന്ന എല്ലാം അതിന്റെ ഭാഗമാണ്. ഏതെങ്കിലുമൊക്കെ സിനിമകളിൽ വന്ന പുതിയ ഫാഷനുകൾ സ്വീകരിക്കുമ്പോൾ ശരീരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുന്നവയാണോ എന്ന് പരിശോധിക്കണം. ഫാഷൻ ഡിസൈനറുമാർ ചിലപ്പോൾ നിഗൂഢ ലക്ഷ്യങ്ങളോടെ ആകും അതു ഡിസൈൻ ചെയ്തിരിക്കുന്നത്. ദൈവം വസിക്കുന്ന ആലയങ്ങളാണ് മനുഷ്യശരീരങ്ങൾ. സൗന്ദര്യം ദൈവത്തിന്റെ അനുഗ്രഹമാണ്. അത് തിന്മയ്ക്ക് കടന്നുവരാനുള്ള മാർഗമായി മാറാൻ നാം അനുവദിക്കരുത്.
സിനിമകൾ വഴിതെറ്റിക്കുന്നു എന്നു പറയുമ്പോൾ, എങ്കിൽ മൂല്യങ്ങൾ കുത്തിനിറച്ചവ കാണിച്ചാൽ സമൂഹം നന്നാകുമല്ലോ എന്ന മറുചോദ്യംകൊണ്ട് നിശബ്ദരാക്കാറുണ്ട്. പക്ഷേ, തിന്മക്ക് എപ്പോഴും ആകർഷണീയത ഏറുന്നതിനാൽ മനുഷ്യനെ സ്വാധീനിക്കാനുള്ള കഴിവ് വളരെ കൂടുതലായിരിക്കും. അതിലുപരി സമൂഹം അലിഖിത നിയമങ്ങളിലൂടെ തെറ്റെന്ന് കണ്ട് മാറ്റിനിർത്തിയിരിക്കുന്ന പലതിനും പൂർണസ്വാതന്ത്ര്യമാണ് അതു നൽകുന്നത്. വഴിതെറ്റിക്കുന്ന ആശയങ്ങളിലേക്ക് യുവജനങ്ങൾ അതിവേഗം ആകൃഷ്ടരാകുന്നുണ്ടെങ്കിൽ അവരുടെ ആത്മീയ അടിത്തറ ഉറച്ചതല്ലെന്നാണ് തെളിയുന്നത്. സമൂഹത്തിന്റെ അനാവശ്യ പിന്താങ്ങലുകളാണ് യുവജനങ്ങളുടെ തകർച്ചക്ക് വഴിയൊരുക്കുന്നത്. അവരെ വഴിതെറ്റിക്കാൻ നടത്തുന്ന ശ്രമങ്ങളെ സമൂഹം കയ്യടിച്ചു പ്രോത്സാഹിപ്പിക്കരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?