Follow Us On

29

March

2024

Friday

വിദ്യഭ്യാസം: സമ്പന്നർക്കു മാത്രമുള്ളതല്ലെന്ന് പാപ്പ

വിദ്യഭ്യാസം: സമ്പന്നർക്കു  മാത്രമുള്ളതല്ലെന്ന് പാപ്പ

 
വത്തിക്കാൻ സിറ്റി: വിദ്യഭ്യാസം എന്നത് സമൂഹത്തിലെ സമ്പന്നർക്കുമാത്രം സംവരണംചെയ്യപ്പെട്ടതല്ലെന്നും സകലർക്കും അവകാശപ്പെട്ടതാണെന്നും ഫ്രാൻസിസ് പാപ്പ. അർജന്റീനയിലെ ബുവനേഴ്‌സ് ഐരിസ് ആർച്ച്ബിഷപ്പായിരിക്കേ അദ്ദേഹം ആരംഭിച്ച ‘സ്‌കോളാസ് ഒക്കുരേന്തെസി’ന്റെ വത്തിക്കാൻ ഉദ്ഘാടനംചെയ്യവേയായിരുന്നു സമകാലീന ലോകത്ത് ഏറെ പ്രസക്തിയുള്ള വാക്കുകൾ പാപ്പയിൽനിന്ന് ഉണ്ടായത്.
സമ്പന്നവിഭാഗങ്ങൾക്കുമാത്രം താങ്ങാവുന്ന ഒന്നായി വിദ്യഭ്യാസം അധഃപതിക്കുന്ന അവസ്ഥ ഭയനാകമാണ്. ഇത് ഒരു വരേണ്യവിഭാഗത്തിന് ജന്മമേകാനും വിദ്യഭ്യാസം ഇല്ലാത്തവരെ തള്ളിക്കളയുന്ന മനോഭാവം വർദ്ധിക്കാനും കാരണമായിട്ടുണ്ട്. ആഗോളവത്ക്കരണത്തെക്കുറിച്ച് സൂചിപ്പിച്ച പാപ്പ, അത് അതിൽത്തന്നെ നല്ലതായിരിക്കാമെങ്കിലും അതു വിതയ്ക്കാവുന്ന ഹാനിയെക്കുറിച്ച് ജാഗ്രതപുലർത്തണമെന്നും ചൂണ്ടിക്കാട്ടി.
ഫ്രാൻസിസ് പാപ്പ 2001ൽ തുടക്കമിട്ട, യുവജനങ്ങൾ യുവജനങ്ങളെ തുണയ്ക്കുന്ന ഉപവിപ്രസ്ഥാനമാണ് ‘സ്‌കോളാസ് ഓക്കുരാന്തസ്’. സ്‌ക്കൂളുകളുടെ കൂട്ടായ്മ എന്നാണ് ഈ ലത്തീൻ പേരിന് അർത്ഥം. കഴിവും പ്രാപ്തിയുമുള്ള യുവജനങ്ങൾ സമപ്രായക്കാരായ പാവപ്പെട്ട സഹോദരങ്ങളെ സഹായിക്കാൻ വേണ്ടി തയാറാക്കിയ ഈ മുന്നേറ്റം ഇന്ന് ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വ്യാപിക്കുകയാണ്.
വത്തിക്കാൻ സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിൽ വരുന്ന സാൻ കലിസ്‌തൊ ചത്വരത്തിലെ കെട്ടിടത്തിലാണ് പുതിയ കാര്യാലയം തുറന്നത്. പൊന്തിഫിക്കൽ പദവിയുള്ള ‘സ്‌കോളാസ് ഒക്കുരേന്തെസി’ അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനമായിരിക്കും പുതിയ ഓഫീസ്. ഉദ്ഘാടന വേദിയിൽവെച്ച് ‘സ്‌കോളാസ് ഒക്കുരേന്തെസി’ന്റെ ഒൻപത് രാജ്യങ്ങളിലുള്ള യുവപ്രതിനിധിസംഘങ്ങളോട് വീഡിയോ കോൺഫറൻസിലൂടെ പാപ്പ സംസാരിച്ചു.
എല്ലാവർക്കും വിശിഷ്യ, യുവജനങ്ങൾക്ക് തുല്യ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും പാപ്പ ഓർമിപ്പിച്ചു. ഒരാൾപോലും ഒഴിവാക്കപ്പെടരുതെന്നും എല്ലാവർക്കും തനതായ മൂല്യം ഉണ്ടെന്നും പറഞ്ഞ പാപ്പ, അത് ഒരു ചെറിയ കല്ലിനു പോലും ലോകത്തിൽ അതിന്റേതായ സ്ഥാനം ഉള്ളതു പോലെയാണെന്നും കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?