Follow Us On

29

March

2024

Friday

ഫാ. മാർട്ടിന്റെ വിയോഗം: അനുസ്മരണാബലിക്ക് മാർ സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും

ഫാ. മാർട്ടിന്റെ വിയോഗം: അനുസ്മരണാബലിക്ക്  മാർ സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും

എഡിൻബർഗ്: ഡൺബാർ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാ. മാർട്ടിൻ വാഴച്ചിറ സി.എം.എയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നാളെ (ജൂൺ 29) ദിവ്യബലി അർപ്പിക്കും. വൈകിട്ട് 5:30 ന് എഡിൻബർഗ് സെന്റ് കാതറിൻ ദൈവാലയത്തിൽ നടക്കുന്ന അനുസ്മരണാശുശ്രൂഷയിൽ സ്‌കോട്ട്‌ലൻഡിലുള്ള എല്ലാ മലയാളീ വൈദികരും വിശ്വാസികളും പങ്കെടുക്കും.
ഇതിനിടെ, ഗവൺമെന്റ് അധികാരികളുമായി ബന്ധപ്പെട്ട്, മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ഇടപെടുമെന്ന് എഡിൻബർഗ് ആർച്ച്ബിഷപ്പ് ലിയോ കുഷ്‌ലി ഉറപ്പു നൽകി. ഇക്കാര്യവുമായ് ബന്ധപ്പെട്ട് മാർ ജോസഫ് സ്രാമ്പിക്കൽ ആർച്ച്ബിഷപ്പിനെ സന്ദർശിച്ചിരുന്നു.മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ട തുടർനടപടികൾ പെട്ടെന്ന് പൂർത്തിയാക്കാൻ അടിയന്തിര ഇടപെടൽ അതിരൂപതയിൽനിന്നുണ്ടാകുമെന്ന കാര്യവും അദ്ദേഹം വാദ്ഗാനം ചെയ്തിട്ടുണ്ട്.
എഡിൻബർഗ് അതിരൂപത സീറോ മലബാർ രൂപതാ ചപ്ലൈൻ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, ഫാ. ഫെൻസുവ പത്തിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം, പ്രോക്കുറേറ്റർ ഫിസ്‌കലുമായി ബന്ധപ്പെട്ട് ഇന്നുതന്നെ മൃതദേഹ പരിശോധന പൂർത്തിയാക്കുമെന്ന് കോൺസുലാർ ചാൻസറി തലവൻ ഭട്ട മിസ്ര അറിയിച്ചു. ഫാ. ടെബിൻ പുത്തൻപുരയ്ക്കൽ സി.എം.ഐ. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫാ. മാർട്ടിൻ സേവ്യർ മരിച്ചതിനെക്കുറിച്ച് അവിടത്തെ സർക്കാരുമായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ബന്ധപ്പെട്ടുവരികയാണെന്നും അന്വേഷണം ഊർജിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂഡൽഹിയിൽ വ്യക്തമാക്കി. ഫാ. മാർട്ടിൻ സേവ്യറുടെ മരണത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു കൊടിക്കുന്നിൽ സുരേഷ് നേരിട്ടുകണ്ട് ആവശ്യപ്പെട്ടപ്പോഴാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?