Follow Us On

29

March

2024

Friday

ഏഷ്യ ഇന്തോനേഷ്യയിലേക്ക്; എ.വൈ.ഡിക്ക്  തിരിതെളിയാൻ മണിക്കൂറുകൾമാത്രം

ഏഷ്യ ഇന്തോനേഷ്യയിലേക്ക്; എ.വൈ.ഡിക്ക്   തിരിതെളിയാൻ മണിക്കൂറുകൾമാത്രം
ഇന്തോനേഷ്യ: ജൂലൈ 30 മുതൽ ഓഗസ്റ്റ് ആറുവരെ നടക്കുന്ന ഏഷ്യൻ യുവജനസമ്മേളനത്തിന് (എ.വൈ.ഡി) തിരിതെളിയാൻ ഇനി മണിക്കൂറുകൾമാത്രം. വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള മൂവായിരത്തിൽപ്പരം യുവജന പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമത്തിന് യോഗകർതയാണ് വേദി. ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസിന്റെ അൽമായർക്കും കുടുംബത്തിനുമായുള്ള കമ്മീഷന്റെ യുവജന വിഭാഗവും ഇന്തോനേഷ്യയും സംയുക്തമായാണ് യുവജനസമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്.
മൂന്ന് വ്യത്യസ്ത വേദികളിലായി ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് യുവജന സമ്മേളനം. ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ഇന്തോനേഷ്യയിലെ 37 രൂപതകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 രൂപതകൾ അതിഥികളെ സ്വീകരിക്കും. രൂപതകളിൽ നടക്കുന്ന പരിപാടികളാണ് സമ്മേളനത്തിന്റെ ആദ്യഭാഗം. വ്യത്യസ്ത സാസ്‌കാരിക പശ്ചാത്തലങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുള്ള കുടുംബങ്ങളിലായിരിക്കും യുവജനങ്ങൾ താമസിക്കുക.അതിനുശേഷം ഓഗസ്റ്റ് രണ്ടുമുതൽ ആറുവരെ ജക്കാർത്തയിലെ സമ്മേളനവേദിയിൽ അവർ ഒരുമിച്ചുകൂടും. ജക്കാർത്തയിലെത്തുമ്പോൾ സെമിനാരികളിലും മ~ങ്ങളിലുമായിരിക്കും താമസം.
ദിവ്യകാരുണ്യ പ്രാർത്ഥനകൾ, യുവജനങ്ങളുടെ സാംസ്‌ക്കാരിക പരിപാടികൾ, സാക്ഷ്യങ്ങളുടെ പങ്കുവെക്കൽ തുടങ്ങിയ വിവിധ പരിപാടികളാണ് യുവജന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്. ഔദ്യോഗികമായി മതേതര രാഷ്ട്രമാണെങ്കിലും മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമാണ് ഇന്തോനേഷ്യ. ക്രൈസ്തവർ 13% മാത്രമേയുള്ളൂ. യുവത്വം കൂടുതൽ ഉപയോഗിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളായതിനാൽ അവ കൂടുതൽ ഉപയോഗിച്ചാണ് സമ്മേളനത്തിന്റെ പ്രചാരണങ്ങൾ. കൂടാതെ, കത്തോലിക്കാവിശ്വാസികളായ അത്‌ലറ്റുകൾ, നടീനടൻമാർ എന്നിവരും പ്രചാരണത്തിൽ പങ്കുചേരുന്നുണ്ടെന്ന് പ്രോഗ്രാം ചെയർമാൻ ഫാ. അന്റോണിയസ് ഹാരിയാന്റോ പറഞ്ഞു.
1985ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ തുടക്കമിട്ട ലോക യുവജനസമ്മേളനത്തിന്റെ ചുവടുപിടിച്ചാണ് ഏഷ്യൻ യുവത്വത്തിന് ഒന്നിക്കാനുള്ള വേദി ആവിഷ്‌കരിക്കപ്പെട്ടത്. 1999ൽ തായ്‌ലൻഡിലെ ഹുവാ ഹിന്നിലായിരുന്നു ആദ്യമായി ഏഷ്യൻ യുവജനസമ്മേളനം. 2014ൽ ദക്ഷിണ കൊറിയയിലെ ഡിജോണിലാണ് ഒടുവിൽ  ഏഷ്യൻ യുവജനസമ്മേളനം നടന്നത്. ആ സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുത്തിരുന്നു. ഇന്തോനേഷ്യ ആദ്യമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?