Follow Us On

29

March

2024

Friday

ലോകത്തെ വിശുദ്ധീകരിക്കുകയാണ് ക്രൈസ്തവ ധർമം: വത്തിക്കാൻ

ലോകത്തെ വിശുദ്ധീകരിക്കുകയാണ് ക്രൈസ്തവ ധർമം: വത്തിക്കാൻ
വത്തിക്കാൻ സിറ്റി: മാതൃകാപരമായ ജീവിതം നയിച്ച് ലോകത്തെ വിശുദ്ധീകരിക്കുക എന്നതാണ് ക്രൈസ്തവന്റെ യഥാർത്ഥ ദൗത്യമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദിനാൾ പിയെത്രോ പരോളിൻ. തങ്ങളുടെ അൽമായ ദൈവവിളിയിൽ ഉറച്ചുനിന്ന് ഈ ദൗത്യത്തിനായി പരിശ്രമിക്കുന്നവരാണ് ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ അംഗങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര അൽമായ പ്രസ്ഥാനമായ ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ന്റെ 135-ാം പിറന്നാളിനോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പയുടെ പേരിൽ അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്.
ലോകത്തെ വലിയ അൽമായ ആത്മീയ പ്രസ്ഥാനമായ  ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ സാഹസിക കടൽ യാത്രികൻ ക്രിസ്റ്റഫർ കൊളംബസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.  പ്രസ്ഥാനത്തിന്റെ പേരിൽ കൊളംബസ് എന്നത്  ഉൾക്കൊള്ളിക്കാനുള്ള കാരണവും അതുതന്നെ.പ്രാദേശിക കൗൺസിലുകളിലൂടെ ഒരോ രാജ്യത്തും സമൂഹങ്ങളിലും ഇടവകകളിലും കൊളംമ്പസിന്റെ യോദ്ധാക്കൾ ജീവിച്ചുകൊണ്ടാണ് അനുദിനം അവരുടെ ആത്മീയത പ്രാവർത്തികമാക്കുന്നത്. ജീവിതവെല്ലുവിളികൾ ഹൃദയവിശാലതയോടെ അവർ നേരിടുന്നു.
തങ്ങളുടെ അൽമായ ദൈവവിളിയിൽ ഉറച്ചുനിന്നുകൊണ്ട് ലോകത്തിന്റെ വിശുദ്ധീകരണത്തിനായി അനുദിന ജീവിത ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ ജീവിക്കാൻ അവർ പരിശ്രമിക്കുന്നു. സുവിശേഷമൂല്യങ്ങളിൽ മുറുകെ പിടിച്ച് ക്രിസ്തുവിനെ ലോകത്തിനു കാണിച്ചുകൊടുക്കാനും അവിടുത്തേക്ക് സാക്ഷ്യമേകാനും കൊളംബസിന്റെ യോദ്ധാക്കൾ പരിശ്രമിക്കുന്നു.
സമൂഹത്തിന്റെ ആത്മീയ നവോത്ഥാനം ലക്ഷ്യംവെച്ച് മനുഷ്യഹൃദയങ്ങളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു. അതിനായി ജനങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന ആത്മീയ അൽമായ പ്രസ്ഥാനമാണിത്. സമൂഹത്തിൽ സമാധാനം വളർത്താനും നിലനിർത്താനും ‘നൈറ്റ്‌സ് ഓഫ് കൊളംമ്പസ്’ ഓരോ വ്യക്തിയെയും ഓരോ സമൂഹത്തെയും സമീപിക്കുന്ന രീതി സ്ഥാപക പിതാവിൽനിന്ന്  പൈതൃകമായി ലഭിച്ച സിദ്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊളംബസിന്റെ യോദ്ധാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും വിവിധ രാജ്യങ്ങളിലെ കൗൺസിലുകൾക്കും ഫ്രാൻസിസ് പാപ്പയുടെ  പ്രാർത്ഥനാശംസകൾ നേർന്നുകൊണ്ടാണ് കർദിനാൾ പരോളിൻ സന്ദേശം ഉപസംഹരിക്കുന്നത്. ഫാ. മൈക്കേൽ ജെ. മക്ഗിവ്‌നിയാണ് സംഘടനയുടെ സ്ഥാപകൻ. കാൾ ആന്റേഴ്‌സണാണ് ഇപ്പോൾ ‘നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ’ സുപ്രീം കമാൻഡർ.
ലോകമാകമാനം അടിച്ചമർത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന തിൽ ഏറ്റവും മുമ്പന്തിയിൽ നിൽക്കുന്ന സന്നദ്ധസംഘടനകൂടിയാണ് ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’. ലോകവ്യാപകമായി അടിച്ചമർത്തപ്പെട്ടവരും അഭയാർത്ഥികളുമായ ക്രിസ്ത്യാനികളുടെ പുനരധിവാസത്തിനും മറ്റുമായി ഏതാണ്ട് 17,50,79,192 ഡോളർ ഇതുവരെ സമാഹരിച്ചു നൽകിയിട്ടുണ്ട്.കഴിഞ്ഞ മെയ് മാസത്തിൽ, ഇറാഖിൽ ദുരിതത്തിൽ കഴിയുന്ന ക്രിസ്ത്യൻ അഭയാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പദ്ധതി ക്കായി രണ്ടു മില്യൺ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.
Share:

Latest Posts

Related Posts

    Don’t want to skip an update or a post?