കരിസ്മാറ്റിക് പ്രസ്ഥാനം കൃപയുടെ സ്രോതസ്:മാര്‍ ആന്‍ഡ്രൂസ് താഴത്ത്

243
ഫാ. ജോമി തോട്ട്യാന്‍
ഇരിങ്ങാലക്കുട: കത്തോലിക്കാസഭയുടെ വസന്തമായ  കരിസ്മാറ്റിക് നവീകരണം ഒരു സമാന്തര പ്രസ്ഥാനമല്ലെന്നും മറിച്ച് സഭയോടൊപ്പം പ്രയത്നിക്കേണ്ട കൃപയുടെ സ്രോതസ്സാണെന്നും തൃശ്ശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.ഇരിങ്ങാലക്കുട രൂപതയില്‍ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ്ണജൂബിലി സംഗമത്തോടനുബന്ധിച്ച് ആളൂര്‍ ല്യൂമന്‍ യൂത്ത് സെന്ററില്‍  രാവിലെ 10ന് ആരംഭിച്ച അഖില ലോക മലയാളി കരിസ്മാറ്റിക് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നവീകരിക്കപ്പെട്ട് തിരികെ പോരുന്ന ഓരോരുത്തരും ഐക്യത്തിന്റെ കൂട്ടാളികളും സഹനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നവരും സാക്ഷ്യത്തിന്റെ ജീവിതങ്ങളുമാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിശുദ്ധിയില്‍ വളരാനുള്ള ദൃഢനിശ്ചയവും പ്രഖ്യാപിച്ച വിശ്വാസം പ്രഘോഷിക്കാനുള്ള ആത്മധൈര്യവും പ്രതികൂലസാഹചര്യങ്ങളില്‍ വിശ്വാസികള്‍ പ്രകടമാക്കണമെന്ന് സമ്മേളത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.ഇരിങ്ങാലക്കുട രൂപതയില്‍ സംഗമം നടത്താന്‍ ലഭിച്ച അവസരത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാനും കെ.സി.ബി.സി കമ്മീഷന്‍ ചെയര്‍മാനുമായ സാമുവല്‍ മാര്‍ ഐറേനിയോസ് ആഗസ്റ്റ് 15 മുതല്‍ കേരളം മുഴുവന്‍ പ്രദക്ഷിണമായി സഞ്ചരിക്കുന്ന ഫാത്തിമ മാതാവിന്റെ രൂപം പ്രതിഷ്ഠിച്ച് സന്ദേശം നല്‍കി. അഭിവന്ദ്യപിതാക്കന്മാരുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്ന പ്രതിനിധികളുടെയും നേതൃത്വത്തില്‍ ല്യൂമന്‍ യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പെരേപ്പാടന്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി.
1959-ല്‍ വി.ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ  വിളിച്ചുചേര്‍ത്ത 2-ാം വത്തിക്കാന്‍ കൗണ്‍സിലോടുകൂടി ആരംഭിച്ച കത്തോലിക്കാ സഭയിലെ നവീകരണമാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തിന് കാരണമായത്. 1967 ഫെബ്രുവരി 17 മുതല്‍ 19 വരെ അമേരിക്കയിലെ ഡ്യൂക്കെയിന്‍ സര്‍വ്വകലാശാലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലാണ് ആഗോള തലത്തില്‍ ഔദ്യോഗികമായി കരിസ്മാറ്റിക് പ്രസ്ഥാനം ആരംഭിച്ചത്.ലോകമാകെ  വ്യത്യസ്ത ശുശ്രൂഷകള്‍ നടത്തുന്ന ഈ പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ ജൂബിലി സംഗമമാണ് ആഗസ്റ്റ് 12 മുതല്‍ 15 വരെ ആളൂരില്‍ നടക്കുന്നത്.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോബി പൊഴോലിപറമ്പില്‍, എന്‍.എസ്.ടി ചെയര്‍മാര്‍ സന്തോഷ് തലച്ചിറ,കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി  ഫാ. വര്‍ഗ്ഗീസ് മുണ്ടയ്ക്കല്‍ കപ്പൂച്ചിന്‍, വൈസ് ചെയര്‍മാന്‍ ഷാജി വൈക്കത്തുപറമ്പില്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ താന്നിക്കല്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, സി.ബി.സി.ഐ എപ്പിസ്‌കോപ്പല്‍ അഡൈ്വസര്‍ എന്‍.സി.സി.ആര്‍.എസ്. റൈറ്റ് റവ. ഡോ. ഫ്രാന്‍സിസ് കല്ലിസ്റ്റ്, സി. നിര്‍മല്‍ ജ്യോതി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. യു.കെ, അമേരിക്ക, സ്വിറ്റ്സര്‍ലന്റ്, സ്പെയിന്‍, യു.എ.ഇ, സൗദിഅറേബ്യ, കുവൈറ്റ്, ആസ്ട്രേലിയ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി അഭിവന്ദ്യപിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും അല്മായ പ്രതിനിധികളുമടങ്ങിയ പതിനായിരം പേരാണ് 4 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് പങ്കെടുക്കാനെത്തിയിരിക്കുന്നത്.
ആദ്യദിന ദിവ്യബലിയ്ക്ക് കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റൈറ്റ് റവ. ഡോ. ഫ്രാന്‍സിസ് കല്ലിസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യന്‍ കറുകപിള്ളി, എന്‍.എസ്.ടി. ചെയര്‍മാന്‍ സിറില്‍ ജോണ്‍, അഡ്വ. റൈജു വര്‍ഗ്ഗീസ്, ഫാ. ജോസ് പാലാട്ടി, ഫാ. പ്രശാന്ത് ഐ.എം.എസ്, നവജീവന്‍ ഡയറക്ടര്‍ പി.യു. തോമസ്, ആലീസ് മാത്യു, ഫാ. അബ്രാഹം പള്ളിവാതുക്കല്‍, പി.വി. അഗസ്റ്റിന്‍, പാച്ചന്‍ പള്ളത്ത്, വത്തിക്കാനിലെ ഫ്രെട്ടേണിറ്റി ഓഫ് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വീസസിന്റെ ട്രഷറര്‍ മനോജ് സണ്ണി എന്നിവര്‍ സംസാരിച്ചു.