Follow Us On

29

March

2024

Friday

ദൈവത്തിന്റെ സ്വന്തം നോവലിസ്റ്റ്

ദൈവത്തിന്റെ സ്വന്തം നോവലിസ്റ്റ്

ശസ്തിയുടെ നടുവിൽ നില്ക്കുമ്പോഴായിരുന്നു ടെറി ബ്ലാക്ക്‌സ്റ്റോക്കിന്റെ പ്രഖ്യാപനം ഉണ്ടായത്. ഇനിയുള്ള കാലം താൻ തൂലിക ചലിപ്പിക്കുന്നത് വായനക്കാരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനുമാത്രമായിരിക്കും. അമേരിക്കൻ സാഹിത്യലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നത്. പ്രണയനോവലുകൾ എഴുതുന്നതിൽ അസാമാന്യമായ മികവായിരുന്നു ഈ സാഹിത്യകാരിക്ക്. അതിനാൽത്തന്നെ ഏറെ വായനക്കാരുള്ള എഴുത്തുകാരി. അമേരിക്കയിലെ മുൻനിര പബ്ലീഷിംഗ് കമ്പനികൾ ടെറിയുടെ മുമ്പിൽ ക്യൂ നില്ക്കുന്ന കാലം. വില്പനയിൽ ടെറിയുടെ ഏതു പുസ്തകത്തിനും മിനിമം ഗ്യാരന്റിയുണ്ട്. വായനക്കാരന്റെ ഹൃദയംതൊടുന്ന തരത്തിലുള്ള മനോഹരമായ ഭാഷ. പ്രണയവും സസ്‌പെൻസും ഇഴപിരിഞ്ഞു നില്ക്കുന്ന 30-ൽ പരം നോവലുകൾ ഇറങ്ങിയെങ്കിലും ഒന്നിനും ആവർത്തനവിരസത അനുഭവപ്പെട്ടിരുന്നില്ല. അവതരണത്തിലെ പുതുമ വിഷയങ്ങളെ അപ്രസക്തമാക്കി എന്നു പറയുന്നതാകും കൂടുതൽ ശരി. നാല്പതുകളിൽ എത്തിയപ്പോൾത്തന്നെ അമേരിക്കൻ സാഹിത്യ ലോകത്തെ പ്രധാന പുരസ്‌കാരങ്ങൾ എല്ലാം സ്വന്തമായിക്കഴിഞ്ഞിരുന്നു.
പ്രശസ്തിയുടെ നടുവിലെ അസ്വസ്ഥത
എന്നിട്ടും മനസ് അസ്വസ്ഥമായിരുന്നു. ആത്മീയ ജീവിതത്തിൽ സംഭവിച്ച പാളിച്ചയാണ് അതിന് കാരണമെന്ന് ടെറി തിരിച്ചറിഞ്ഞു. വളർച്ചയുടെ വഴികളിൽവച്ച് ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിന്റെ നിർണായകമായ ആ ദിവസം ടെറി ഒരു തീരുമാനമെടുത്തു. ഇനി എഴുതുകയാണെങ്കിൽ അത് ദൈവത്തിലേക്ക് വായനക്കാരെ അടുപ്പിക്കുന്നതുമാത്രമായിരിക്കും. ജീവിക്കുന്നതിന് വരുമാനം കണ്ടെത്തുന്നതിനുള്ള മറ്റു വഴികളെക്കുറിച്ച് ആ ദിവസങ്ങളിൽ ഏറെ ആലോചിച്ചു. ആത്മീയതയിൽ കേന്ദ്രീകൃതമാകുമ്പോൾ പഴയതുപോലെ സ്വീകാര്യത ഉണ്ടാകില്ലെന്നും പുസ്തകങ്ങളുടെ വില്പന കുറയുമെന്നും അവർക്ക് അറിയാമായിരുന്നു. എന്നാൽ, സംഭവിച്ചത് മറിച്ചാണെന്നുമാത്രം. പണവും അംഗീകാരങ്ങളും തനിക്കുവേണ്ടി ഉപേക്ഷിച്ച ആ എഴുത്തുകാരിയുടെ ഒപ്പം ദൈവം ഉണ്ടായിരുന്നു. അവൾക്കുവേണ്ടി പുതിയ വഴികൾ അവിടുന്ന് ഒരുക്കിവച്ചിരുന്നു.
ദൈവത്തിന്റെ വഴികളിലൂടെ ഒരാൾ സഞ്ചരിക്കാൻ തുടങ്ങുമ്പോൾ അവിടുന്ന് കൂടെ നടക്കുമെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന വിധത്തിലായിരുന്നു പിന്നീട് സംഭവിച്ച കാര്യങ്ങൾ. ഒരുപക്ഷേ, ടെറി സ്റ്റോക്കിനുപോലും വിശ്വസിക്കാൻ പ്രയാസമുള്ള രീതിയിൽ. മുമ്പ് ഉണ്ടായിരുന്നതിൽ കൂടുതൽ സ്വീകാര്യതയായിരുന്നു പിന്നീട് ലഭിച്ചത്. മൂല്യങ്ങളിൽ പൊതിഞ്ഞ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അനേകം ക്രൈസ്തവ പ്രസിദ്ധീകരണ ശാലകൾ മുന്നോട്ടുവന്നു. ടെറി ബ്ലാക്ക്‌സ്റ്റോക്കിന്റെ പുസ്തകങ്ങളുടെ ഏഴ് ദശലക്ഷം കോപ്പികൾ ലോകത്ത് ആകെമാനം വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ. അതിൽ പകുതിയിൽ അധികം കോപ്പികളും ടെറിയുടെ മനപരിവർത്തനത്തിന് ശേഷമുള്ളവയാണെന്നതാണ് മറ്റൊരു പ്രത്യേകത. 25 വർഷങ്ങൾകൊണ്ട് കിട്ടിയതിൽ അധികം സ്വീകാര്യത 10 വർഷങ്ങൾ കൊണ്ട് ലഭിച്ചു എന്നു ചുരുക്കം. ദൈവത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരിക്കലും നിരാശരാകേണ്ടിവരില്ലെന്ന് ലോകത്തെ ഓർമിപ്പിക്കുംപോലെ.
വായനക്കാരെ ഹരംകൊള്ളിക്കാൻ മുമ്പ് സ്വീകരിച്ചിരുന്ന അവതരണശൈലികളിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ ടെറിയുടെ എഴുത്ത് പുതിയ തലങ്ങളിലേക്ക് ഉയരുകയായിരുന്നു. ആ പുസ്തകങ്ങൾ പ്രസരിപ്പിക്കുന്ന സുഗന്ധം അനേകരെ പ്രത്യാശയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ടെറി തന്റെ എഴുത്ത് ദൈവശാസ്ത്ര വിഷയങ്ങളിലേക്കോ അത്തരം രീതികളിലേക്കോ എത്തിച്ചില്ല. മറിച്ച്, പഴയതുപോലെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്കുതന്നെയാണ് കൊണ്ടുപോയത്. പക്ഷേ, ഒരുമാറ്റം, പ്രതികാരചിന്തയോ സമാന ഭാവങ്ങളോ ഉളവാക്കുന്ന വിധത്തിൽ ഒരു നോവലും അവസാനിക്കുന്നില്ല. ജീവിതത്തെ സ്‌നേഹിക്കാൻ പഠിപ്പിക്കുന്ന, നന്മയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ടെറിയുടെ ഇപ്പോഴത്തെ കഥാപാത്രങ്ങൾ. എഴുത്തിന്റെ രണ്ടാംപകുതിയിൽ ടെറിയുടെ അക്ഷരങ്ങൾക്ക് തീപിടിച്ചിരിക്കുന്നു എന്നുപറയുന്നതാകും കൂടുതൽ ശരി. ആ ചൂട് വായനക്കാരുടെ ഹൃദയങ്ങളിലേക്കും പ്രവേശിച്ചുകൊണ്ടിരിക്കുന്നു. പുസ്തകം കൈയിലെടുത്താൽ മുഴുവൻ വായിച്ചുകഴിയാതെ താഴെ വയ്ക്കാൻ കഴിയില്ല. അതെ, ദൈവം തന്റെ കൃപകൊണ്ട് ടെറിയുടെ അക്ഷരങ്ങളെ പൊതിഞ്ഞിരിക്കുന്നു.
അവിശ്വാസിയുടെ കണ്ണുകളിലൂടെയുള്ള യാത്ര
ജീവിതത്തിലെ സാധാരണ സംഭവങ്ങളെ അസാധാരണമായ വിധത്തിൽ അവതരിപ്പിക്കുകയാണ് ഈ നോവലിസ്റ്റ്. മൂല്യങ്ങൾ പ്രസരിപ്പിക്കുന്നവയാണ് ടെറിയുടെ പുസ്തകങ്ങളെങ്കിലും അവയിലെ കഥാപാത്രങ്ങൾ മാലാഖമാരൊന്നുമല്ല. സാധാരണ മനുഷ്യന്റെ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരാണ് എല്ലാവരും. അവിടംകൊണ്ട് തീരുന്നില്ലെന്നുമാത്രം. ‘സീസൈഡ്’ ടെറിയുടെ ഏറെ ചർച്ചചെയ്യപ്പെട്ട നോവലാണ്. മറ്റു നോവലുകളെ അപേക്ഷിച്ച് വളരെ ചെറുതാണ്. ഒരു അമ്മയുടെയും മുതിർന്ന രണ്ട് പെൺമക്കളുടെയും കഥയിലൂടെ വായനക്കാരെ ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് നോവലിസ്റ്റ്. പ്രായമായെങ്കിലും മനസിൽ യുവത്വം കാത്തുസൂക്ഷിക്കുന്ന അമ്മ തന്റെ കൂടെ ഒരാഴ്ച വന്നു താമസിക്കാൻ മക്കളായ സാറയെയും കൊറിനെയും ക്ഷണിക്കുന്നു. കടൽതീരത്ത് സമയം ചെലവഴിക്കാൻ അമ്മ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തിരമാലകളുടെ സംഗീതവും ഉപ്പുരസമുള്ള വെള്ളവുമൊക്കെ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു. താൻ തയാറാക്കാൻ പോകുന്ന ആത്മകഥയിൽ ചേർക്കുന്നതിന് കുറെ ഫോട്ടോകൾ എടുക്കുകയായിരുന്നു അമ്മയുടെ ലക്ഷ്യം.
എന്നാൽ, അമ്മയുടെ ആവശ്യം കേട്ടപ്പോൾ മക്കൾക്ക് അത്ര താല്പര്യം തോന്നുന്നില്ല. രണ്ടുപേരുടെയും വളരെ തിരക്കുപിടിച്ച ജീവിതമാണ്. അതിനിടയിൽ ഇത്തരമൊരു കാര്യത്തിനുവേണ്ടി ഒരാഴ്ച മാറ്റിവയ്ക്കുന്നത് മണ്ടത്തരമല്ലേ എന്ന ചിന്തയായിരുന്നു അവർക്ക്. മക്കളുടെ ഭാഗത്തുനിന്ന് ചിന്തിക്കുന്നവരായിരിക്കും വായനക്കാരിൽ കൂടുതൽ. എന്നാൽ, ആ നോവൽ അവസാനിക്കുമ്പോൾ നിറയുന്ന മിഴികളോടെയെ വായനക്കാരന് പുസ്തകം അടയ്ക്കാൻ കഴിയൂ. ഒരാളും മക്കളുടെ ഭാഗത്തുനിന്നും ചിന്തിക്കുന്നവർ ഉണ്ടാകില്ല. നമ്മുടെ പ്രിയപ്പെട്ടവർവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കാൻ നാം അറിയാതെ തീരുമാനിച്ചിട്ടുണ്ടാകും. ലോകത്തിന്റെ തിരക്കുകൾക്ക് ഇടയിലൂടെ അതിവേഗം ഓടുമ്പോൾ നമുക്ക് നഷ്ടമാകുന്നവയെക്കുറിച്ചുള്ള ബോധ്യങ്ങളാണ് പുസ്തകം സമ്മാനിക്കുന്നത്.
സീസൈഡ് ഭാവനയാണെങ്കിലും അതിലെ ചില സംഭവങ്ങൾക്ക് ആത്മാംശം ഉണ്ടെന്ന് ടെറി സാക്ഷ്യപ്പെടുത്തുന്നു. കാൻസർ ബാധിച്ച് മരിച്ച ചില സുഹൃത്തുക്കളുടെ അനുഭവങ്ങൾ കഥാപാത്രങ്ങളുടെ അനുഭവങ്ങളായി മാറിയിട്ടുണ്ട്. ഓരോ പുസ്തകങ്ങളും വ്യത്യസ്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ‘ഈഫ് ഐയാം ഫൗണ്ട്’ എന്ന പുതിയ നോവൽ ക്രിസ്തീയതയെ അവിശ്വാസിയുടെ കണ്ണുകളിലൂടെ നോക്കികാണുകയാണ്. അമേരിക്കയിലെ വർത്തമാനകാല യാഥാർത്ഥ്യങ്ങളെ ലോകത്തിന്റെ മുമ്പിൽ തുറന്നുവയക്കുന്നു എന്നൊരു വിശേഷണംകൂടിയുണ്ട് ഈ പുസ്തകത്തിന്. ദൈവത്തിന് നിങ്ങളുടെ പരാജയങ്ങളുടെ പിന്നിൽപ്പോലും ലക്ഷ്യങ്ങളുണ്ട്. ഒരു പുസ്തകം കഴിഞ്ഞ് അടുത്തതിലേക്ക് വളരെ വേഗത്തിൽ പോകുന്നല്ലോ എന്ന ചോദ്യവും ടെറിയുടെ നേരെ ഉയരാറുണ്ട്. ദൈവത്തെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരാൾക്ക് സമയം നഷ്ടപ്പെടുത്താനില്ലെന്നാണ് മറുപടി.
1957 ഡിസംബർ ഏഴിന് അമേരിക്കയിലെ ഇല്ലിനോയിസ് സ്റ്റേറ്റിലാണ് ടെറിയുടെ ജനനം. പിതാവ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നതിനാൽ യൗവനത്തിൽ എത്തിയപ്പോഴേക്കും ഏഴ് സംസ്ഥാനങ്ങളിൽ ജീവിച്ചുകഴിഞ്ഞിരുന്നു. അത്തരമൊരു സ്ഥലംമാറ്റത്തിനിടയിലാണ് 11-ാം വയസിൽ മിസിസിപ്പി സ്റ്റേറ്റിൽ എത്തുന്നത്. തന്നെ എഴുത്തുകാരിയാക്കി മാറ്റിയതിന്റെ പിന്നിൽ യാത്രകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ടെറി പറയുന്നത്. സ്ഥിരമായി സ്ഥലം മാറിയിരുന്നതിനാൽ ആഴമുള്ള സൗഹൃദങ്ങൾ ഉണ്ടായിരുന്നില്ല. എന്റെ സ്വപ്‌നങ്ങളായിരുന്നു കൂട്ടുകാർ, അവയാണ് പിന്നീട് അക്ഷരങ്ങളായി രൂപംപ്രാപിച്ചത്; പതിനൊന്നാം വയസിൽ കവിത എഴുതി സാഹിത്യലോകത്തിലേക്ക് പ്രവേശിച്ച ടെറി പറയുന്നു. ഭർത്താവ് കെൻ സ്റ്റോക്ക് മക്കളായ ലിഡ്‌സി, മിഷേൽ, മേരി എന്നിവരോടൊപ്പം മിസിസിപ്പിയിലെ ക്ലിന്റണിലാണ് ഇപ്പോൾ താമസം.
മക്കളുടെ പഠനത്തിലെ മികവുകുറവിന്റെ പേരിൽ ഉൽക്കണ്ഠപ്പെടുന്ന മാതാപിതാക്കളോട് സ്വന്തം അനുഭവമാണ് ടെറി പറയുന്നത്. സ്‌കൂളിൽ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. ചിലപ്പോൾ അതിലും താഴെയായിരുന്നു സ്ഥാനം. എന്നാൽ, കോളജിൽ എത്തിയപ്പോൾ മുൻനിരയിലേക്ക് എത്തുകയായിരുന്നു. പിൻനിരയിൽനിന്ന് മുമ്പിലെത്താൻ അധികം സമയമൊന്നും വേണ്ടെന്ന് സ്വന്തം ജീവിതത്തെ മുൻ നിർത്തി ടെറി ഓർമിപ്പിക്കുന്നു.
മൂല്യങ്ങളുടെ വഴിയെ സഞ്ചരിക്കാൻ തുടങ്ങിയിട്ടും അംഗീകാരങ്ങൾക്ക് കുറവൊന്നുമില്ല. അതിനുശേഷവും നിരവധി പുരസ്‌കാരങ്ങൾ ടെറിയെ തേടിയെത്തി. ദേശീയ ടെലിവിഷൻ- റേഡിയോകളിൽ നിരവധി പ്രോഗ്രാമുകളിൽ അതിഥിതാരമായും ഈ എഴുത്തുകാരി പങ്കെടുത്തുകഴിഞ്ഞു. വായനക്കാർക്ക് പുതിയ ബോധ്യങ്ങൾ നൽകുകയും അവരെ സത്യത്തിലേക്ക്-ക്രിസ്തുവിലേക്ക് നയിക്കുകയുമാണ് തന്റെ എഴുത്തിന്റെ ലക്ഷ്യമെന്ന് പറയാനും ഈ ലോകപ്രശസ്ത എഴുത്തുകാരിക്ക് മടിയില്ല.
ടെറി ബ്ലോക്കിന്റെ പുസ്തകങ്ങൾ വായിക്കുമ്പോൾ സ്വന്തം പോരായ്മകളിലേക്ക് നാം അറിയാതെ തിരിഞ്ഞുനോക്കും. സ്വന്തം സ്‌നേഹരാഹിത്യങ്ങൾ കണ്ണുനിറയിച്ച പ്രിയപ്പെട്ടവരുടെ മുഖങ്ങൾ മനസിലേക്കുവരും. അതിലും പ്രധാനപ്പെട്ടത് നമ്മൾ ശരികളായി വിധിയെഴുതിരുന്നത് പലതും തെറ്റായിരുന്നു എന്ന് അവ നമ്മെ ബോധ്യപ്പെടുത്തുമെന്നതാണ്.
ടെറി ബ്ലാക്ക്‌സ്റ്റോക്കിന്റെ പുസ്തകങ്ങളുടെ ഏഴ് ദശ ലക്ഷം കോപ്പികൾ ലോകത്ത് ആകമാനം വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ. അതിൽ പകുതിയിൽ അധികവും ടെറിയുടെ മനപരിവർത്തനത്തിന് ശേഷമുള്ളവയാണ്; ദൈവത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരിക്കലും നിരാശരാകേണ്ടിവരില്ലെന്ന് ലോകത്തെ ഓർമിപ്പിക്കുംപോലെ. ആ പുസ്തകങ്ങൾ പ്രസരിപ്പിക്കുന്ന സുഗന്ധം അനേകരെ പ്രത്യാശയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തെ സ്‌നേഹിക്കാൻ, നന്മയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ടെറിയുടെ കഥാപാത്രങ്ങൾ.
ജോസഫ് മൈക്കിൾ

Share:

Related Posts

Latest Postss

Don’t want to skip an update or a post?