Follow Us On

28

March

2024

Thursday

താണനിലത്തേ നീരോടൂ…

താണനിലത്തേ നീരോടൂ…

വളർച്ചയുടെ വഴികൾ
പ്രതിസന്ധികളിലൂടെ കയറി ഉയരങ്ങളിലെത്തിയവരുടെ കഥകൾ എന്നും സമൂഹം അത്യാവേശത്തോടെയാണ് കേൾക്കാറുള്ളത്. ഇതിൽ ഏറ്റവും നല്ല ഉദാഹരണമായി തോന്നിയത്, ഏഷ്യാനെറ്റിൽ വന്ന ‘പൊരുതി നേടുന്നവർ’ എന്ന പ്രോഗ്രാമിന് എത്തിയ ഡോ. മധു ജി കണ്ടത്തിന്റെ അനുഭവമാണ്. ഇന്ന് ഡോക്ടറുമാരുടെ അധ്യാപകനായി ആലപ്പുഴ മെഡിക്കൽ കോളജിൽ സേവനം ചെയ്യുകയാണ് അദേഹം. എന്നാൽ ഈ ഉയർച്ചക്ക് പിന്നിൽ മറ്റാരും അറിയാത്ത ഒരുപാട് വേദനകളും കഠിനകഷ്ടപ്പാടുകളുമുണ്ടെന്ന് തന്റെ ജീവിതത്തിലൂടെ അദേഹം പ്രേക്ഷകരോട് തുറന്നുപറഞ്ഞു. അദേഹം പറഞ്ഞ കഥ ഇങ്ങനെയാണ്;
”ഹരിപ്പാടിനടുത്ത് മണ്ണാറശാലക്ഷേത്രത്തിന് സമീപത്താണ് ഞാൻ ജനിച്ചത്. കയർ പിരിച്ചും ചെറിയ കൃഷിനടത്തിയും ജീവിക്കുന്നൊരു കുടുംബമായിരുന്നു എന്റേത്. രണ്ട് പറകണ്ടമുണ്ട്. അതിൽ നിന്നും കിട്ടുന്ന അരിയായിരുന്നു വരുമാനം. അച്ഛന് ചെറിയൊരു ജോലിയുണ്ട്. അമ്മ കഞ്ഞിയുണ്ടാക്കും. എന്നാൽ കറിയൊന്നും ഉണ്ടാകില്ല. ചേച്ചി ഒരു മുളക് ഇടിച്ച് തരും. ഇതാണ് കറി. മക്കളെ എങ്ങനെ വളർത്തണമെന്ന് അമ്മക്കറിയാമായിരുന്നു. ആർഭാടമായി വളർത്തുന്നൊരു കാലമാണല്ലോ ഇത്. അന്ന് അങ്ങനെയായിരുന്നില്ല. 10 രൂപാ കിട്ടിയാൽ ഒമ്പതു രൂപയും നാളത്തെ കരുതലിനായി മാറ്റിവെച്ചിട്ട് ഒരുരൂപ കൊണ്ട് മാതാപിതാക്കൾ ചെലവ് നടത്തും. അപ്പോൾ നാം കുറെ കഷ്ടപ്പെടും. എങ്കിലും നമ്മുടെ ഭാവി ശോഭനമാക്കാനാണല്ലോ എന്നൊരു ചിന്ത നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യും. അന്ന് കപ്പയൊക്കെ കൃഷി ചെയ്യുമ്പോൾ ഞങ്ങളെല്ലാം കൂടി വേണം, അതിന് തടമെടുക്കാനും ചാണകമിടാനും വെള്ളമൊഴിക്കാനുമൊക്കെ. ഇതെല്ലാം ചെയ്തു കഴിഞ്ഞാലും വിളവ് എടുക്കുമ്പോൾ അത് നാട്ടുകാർക്ക് കൊടുത്ത് അമ്മപൈസ മേടിക്കും. ഇന്നുമോർക്കുന്നൊരു സംഭവമുണ്ട്. അന്നിങ്ങനെ കപ്പയുണക്കി ചാക്കിനകത്തുവെച്ചിരിക്കുന്നു. അത് എടുത്തുതിന്നാനൊന്നും ഞങ്ങൾക്ക് അനുവാദമില്ല. അതിനാൽ ഞങ്ങളത് എടുത്ത് പോക്കറ്റിലിട്ട് മറ്റുവല്ലവരുടെയും പുരയിടത്തിൽ പോയിരുന്ന് കഴിക്കും. അന്ന് സ്‌കൂളിൽ നിന്ന് ഉപ്പുമാവ് കിട്ടുന്ന കാലമാണ്. സ്‌കൂളിൽ നിന്ന് ഒരു ഗ്ലാസ് ഉപ്പുമാവ് കിട്ടും. അതാണ് ഉച്ചഭക്ഷണം. ചോറുകൊണ്ടുവരുന്നവർ വളരെ ചുരുക്കം. ചോറ് കൊണ്ടുവരുന്നവരെ ഉപ്പുമാവ് തിന്നുന്നവർ ആദരവോടെയാണ് അക്കാലത്ത് നോക്കിയിരുന്നത്.
യു.പിസ്‌കൂളിലൊക്കെ എത്തിക്കഴിയുമ്പോൾ നമ്മൾ വീട്ടിലെ ജോലി മൊത്തം ചെയ്യണം. പശുവുണ്ട്. അതിന്റെ ചാണകം വാരി വളരെ ദൂരെയുളള പാടത്ത് കൊണ്ടുപോയി ഇടണം. ചെറിയ കുഞ്ഞായിരുന്നെങ്കിലും അത്തരം ജോലിയൊക്കെ ചെയ്യാൻ മാതാപിതാക്കൾ ഞങ്ങളെ നിർബന്ധിക്കുമായിരുന്നു. അതിരാവിലെ ഉണർന്നാൽ ഉടൻതന്നെപാടത്ത് പോയി കിളക്കണം. അത് ഏഴരവരെയെങ്കിലും ചെയ്യണം. പിന്നെ വീട്ടിൽ വന്ന് ഒരു ‘കാക്കകുളി’യൊക്കെ കുളിച്ചാണ് സ്‌കൂളിലേക്ക് ഓടിയിരുന്നത്. അന്ന് ഇടാൻ പ്രത്യേക ഡ്രസുകളൊന്നുമില്ല. ആകെ ഒന്നോരണ്ടോ ഡ്രസ്. അതുതന്നെ അധികം.
യു.പി സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ വീട്ടിലെ മാങ്ങ പറിച്ച് അത് പഴുപ്പിച്ച് ഞാനും ചേട്ടനും കൂടി ഏതെങ്കിലും കടയുടെ അടുത്തിരുന്ന് വിൽക്കും. അല്ലെങ്കിൽ തലച്ചുമടായി കൊണ്ടു നടന്നു വിൽക്കും. അങ്ങനെ ഒരുദിവസം മാങ്ങയുമായി ചെന്ന് കയറിയത് എന്റെ സ്‌കൂളിലെ ഹെഡ്മിസ്ട്രസിന്റെ വീട്ടിലായിരുന്നു.
കാന്താരിമുളകിന്റെ സീസൺ വരുമ്പോൾ പത്തുപൈസക്ക് ‘ഒരു കൂട്ടം’ എന്ന് പറഞ്ഞ് വിൽക്കും. ഇങ്ങനെ മുളകുള്ള സീസൺ മുഴുവൻ ഇതൊക്കെ വിറ്റാണ് ജീവിച്ചത്. ഇതുകൊണ്ടാണ് അന്നന്നേക്കുള്ള അരിയും പച്ചക്കറിയുമൊക്കെ വാങ്ങിയത്. അന്ന് കടയിൽ നിന്ന് അരമുറി സോപ്പ് 100 പഞ്ചസാര ഇങ്ങനെയൊക്കെ മേടിക്കുന്ന കാലമാണ്. ഉത്സവസമയമടുക്കുമ്പോൾ കപ്പലണ്ടി കച്ചവടത്തിന് ചേട്ടന്റെ കൂടെ ഞാനും പോകും. അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിലെ ഉത്സവത്തിന് കപ്പലണ്ടിവിൽക്കുകയാണ് ഞാനുംചേട്ടനും. അപ്പോൾ അമ്മ കണ്ടു. അമ്മയന്ന് അവിടെ നാടകം കാണാൻ വന്നിട്ടുണ്ടായിരുന്നു. അമ്മയുടെ മുമ്പിലാണ് ഞങ്ങൾ അബദ്ധത്തിൽ ചെന്ന് ചാടിയത്. അതുകണ്ടപ്പോൾ അമ്മക്ക് ഭയങ്കര വിഷമമായി. അതോടെ ആ പരിപാടി തീർന്നു. അന്ന് സ്‌കൂളിൽ പോകാൻ കുടയൊന്നും ഉണ്ടായിരുന്നില്ല, അമ്മാവനൊക്കെ വരുമ്പോഴാണ് ഒരു കുട കിട്ടുന്നത്. പെരുമഴയത്തൊക്കെ നനഞ്ഞാണ് ഞങ്ങൾ സ്‌കൂളിൽ പോയിരുന്നത്.
ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് എനിക്കൊരു പനിവന്നു. അന്ന് അധ്യാപകൻ മറ്റൊരു കൂട്ടിയെയും കൂട്ടി ഹരിപ്പാട് ഗവണ്മെന്റെ് ആശുപത്രിയിൽ വിട്ടു. അന്ന് അവിടെ ചെന്നപ്പോൾ രാജൻ എന്നൊരു ഡോക്ടർ കാറിൽ വരുന്നു. അന്ന് ഡോക്‌ടേഴ്‌സിന്റെ കാർ പ്രിമിയർ പദ്മിനിയാണ്. അംബാസിഡറും പ്രിമിയർ പദ്മിനിയും മാത്രമേ അന്ന് കാറുകളായിട്ടുള്ളൂ. കാർ അങ്ങനെ പോർച്ചിലേക്ക് വന്ന് കയറുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. അതുവരെ ആശുപത്രി വരാന്തയിലൊക്കെ കുത്തിയിരുന്ന രോഗികൾ ഡോക്ടറെക്കണ്ട് അത്യാദരവോടെ എണീൽക്കുന്നു. ഡോക്ടർ ചെറുത്, അദേഹത്തിന്റെ കാറും ചെറുത്. എന്നാൽ ബഹുമാനിക്കുന്ന ആളുകളാകട്ടെ വളരെ വലുതും. അത് എന്റെ ഹൃദയത്തില് വല്ലാത്തൊരു ആകർഷണമായി. അന്ന് ഞാനൊരു തീരുമാനമെടുത്തു. എന്തുവിധേനയും പഠിച്ച് ഒരു ഡോക്ടറാവണമെന്ന്. കാലം മുന്നോട്ട് പോയപ്പോൾ ദൈവം അതിനുള്ള വഴിയൊരുക്കിതന്നു.
”അതുകൊണ്ടുതന്നെ ഇന്ന് രോഗികളായി ആശുപത്രി വരാന്തയിൽ കാത്തുനിൽക്കുന്ന രോഗിയുടെ മനസ് എനിക്കറിയാം.”
അതെ വിഷമവും പ്രയാസവും അറിഞ്ഞവനേ അതറിഞ്ഞവരുടെ കണ്ണീരും നൊമ്പരവും അടുത്തറിയാൻ കഴിയൂ. ഇല്ലായ്മകളിലൂടെ കയറിപ്പോയിട്ടും തന്റെ ഇല്ലായ്മകളെക്കുറിച്ച് മറക്കാത്ത ഇത്തരം ആളുകൾ നമുക്കിടിയിലുണ്ടാകട്ടെ…..
എല്ലാം ഉടുമുണ്ടിനുവേണ്ടി
ആത്മീയ ജീവിതത്തിൽ നിന്നും ഭൗതികതയിലേക്ക് തിരിയുന്നവർ കൂടുതൽ അതിൽതന്നെ മുഴുകിപ്പോകുന്നു. നിസാരമായ കാരണങ്ങളാണ് ഇതിനവർ ന്യായം പറയാറുള്ളത്. ശ്രീരാമകൃഷ്ണ പരമഹംസർ ഇത്തരം കാലുമാറ്റക്കാരെ കളിയാക്കിക്കൊണ്ട് പറഞ്ഞ ഒരു കഥകേൾക്കുക. ഒരു സന്യാസി കാട്ടിൽ ഏകാന്തജീവിതം നയിച്ചിരുന്നു. അയാൾക്ക് സ്വന്തമെന്നു പറയാൻ രണ്ട് കാവിമുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ രാത്രിയിൽ ഉണർന്ന സന്യാസി, അഴയിൽ അലക്കിവിരിച്ചിരുന്ന തന്റെ മുണ്ട് എലി വെട്ടി നശിപ്പിച്ചിരിക്കുന്നതുകണ്ട് നടുങ്ങിപ്പോയി. അവശേഷിച്ച തുണിയെ രക്ഷിക്കാൻ അയാൾ ഒരു പൂച്ചയെ വളർത്തി. പൂച്ചയ്ക്ക് പാലുകൊടുക്കുവാൻ പശുവിനെയും വിലയ്ക്കുവാങ്ങി. സന്യാസിക്ക് പശുവിനെ മേയ്ക്കാൻ കഴിയില്ലല്ലോ? അതുകൊണ്ട് ഇടയച്ചെറുക്കനെ ജോലിക്കു നിറുത്തി. പക്ഷെ ഒരു പശുവിനെ മാത്രം മേയ്ക്കുന്നതു സമയനഷ്ടമായതുകൊണ്ട് രണ്ടു പശുക്കളെക്കൂടി സന്യാസി വിലയ്ക്കു വാങ്ങി. അവയെ തീറ്റാൻ ധനാഢ്യനോട് പറമ്പും വാങ്ങി. പശുക്കൾ പെറ്റുപെരുകി. ഇഷ്ടംപോലെ പണം സന്യാസിക്ക് കിട്ടാൻ തുടങ്ങി. അപ്പോൾ ‘വേളി’ കഴിച്ചാലോയെന്നു സന്യാസിക്കു തോന്നി. ഉടനെ വിവാഹവും കഴിച്ചു. അവർക്ക് മക്കളുമുണ്ടായി. അപ്പോഴാണ് ഈ സന്യാസിയുടെ സുഹൃത്തായ മറ്റൊരു സന്യാസിയുടെ വരവ്. തന്റെ കൂട്ടുകാരനു വന്ന മാറ്റത്തെക്കുറിച്ച് അറിഞ്ഞ രണ്ടാമത്തെ സന്യാസി കാരണം അന്വേഷിച്ചു. ”എല്ലാം ഒരു ഉടുമുണ്ടിനുവേണ്ടി.” ഇതായിരുന്നു ആദ്യത്തെ സന്യാസിയുടെ ന്യായം.
നാം ആശുപത്രികളും സ്‌കൂളുമൊക്കെ തുടങ്ങുന്നത് നല്ല ലക്ഷ്യങ്ങൾക്കുവേണ്ടിയാണ്. എന്നാൽ പലപ്പോഴും കാലത്തിന്റെ പ്രവാഹത്തിൽ ആ നല്ല ലക്ഷ്യങ്ങൾ ആ പ്രസ്ഥാനങ്ങളിൽ നിന്ന് ചോർന്നുപോകുന്നു. എന്തിനുവേണ്ടി ഒരു പ്രസ്ഥാനം ആരംഭിച്ചോ ആ ലക്ഷ്യമൊഴിച്ച് മറ്റെല്ലാം അതിലുണ്ടാകും. ദരിദ്രനും സംതൃപ്തനുമായിരുന്ന സന്യാസി ആശ്രമജീവിതം വിട്ട് കുടുംബജീവിതം തെരഞ്ഞടുത്തപ്പോഴുള്ള ന്യായം പോലെ.
സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം സുവിശേഷ പ്രഘോഷണമാണ്. വചനത്തിന്റെ അടയാളവും സാക്ഷികളുമാകേണ്ട വൈദികരും സമർപ്പിതരും ആ ലക്ഷ്യം നിറവേറ്റാതെ മറ്റു കാര്യങ്ങളിൽ വ്യാപൃതരായാൽ അത് ലക്ഷ്യത്തിൽനിന്നുള്ള വ്യതിചലിക്കലാണെന്ന് തീർച്ച. ലോകത്തിനാവശ്യം ആത്മീയ ശക്തി പ്രവഹിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയുമാണ്. നമ്മിലൂടെ ക്രിസ്തു ലോകത്തിലേക്ക് പ്രവഹിക്കപ്പെടുന്നുണ്ടോ എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു.
ബുദ്ധി കൂടുമോ കുറയുമോ?
അധ്യാപകൻ: ”കുട്ടികളേ ഉപ്പ് അധികം തിന്നരുത്. അത് നിങ്ങളുടെ ബുദ്ധി കുറയുന്നതിന് വഴിയൊരുക്കും..”
കുട്ടികൾ അത്ഭുതത്തോടെ അധ്യാപകനെ നോക്കി.
അധ്യാ: ”പക്ഷേ, നെല്ലിക്ക തിന്നുന്നത് നല്ലതാണ്. അത് നിങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കും…”
ക്ലാസിലെ പടുവികൃതി ഉണ്ണിക്കുട്ടൻ എണീറ്റു.
”അപ്പോ…സാറേ ഒരു സംശയം. ഉപ്പിലിട്ട നെല്ലിക്ക തിന്നാലോ”
ജയ്‌മോൻ കുമരകം

Share:

Related Posts

Latest Postss

Don’t want to skip an update or a post?