Follow Us On

29

March

2024

Friday

പരദേശികളെ തേടി….

പരദേശികളെ തേടി….

2008 സമർപ്പിതരുടെ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ ഉയർത്തിയ വർഷമായിരുന്നു. ഒഡീഷയിലെ കാണ്ടമാൽ ജില്ലയിൽ വർഗീയവാദികളുടെ വാഴ്ചയിൽ എല്ലാം നഷ്ടപ്പെട്ട് ക്രൈസ്തവർ അലഞ്ഞ് തിരിഞ്ഞ വർഷം. സമർപ്പിതരെക്കുറിച്ച് തിരക്കഥകൾ മെനഞ്ഞ് അത് ഉല്ലാസമാക്കി മാറ്റിയ പരിഷ്‌കൃതകേരളത്തിന്റെ സന്യാസവിരുദ്ധ വർഷം. എന്നാൽ വിശുദ്ധയായൊരു കന്യാസ്ത്രി മൂലം ഭരണങ്ങാനം ചരിത്രത്തിൽ ഇടംനേടിയ വർഷമായിരുന്നു അത്. എല്ലാകുറവുകളെയും ദൈവം വിശുദ്ധീകരിച്ച വർഷം. ഈ സമയത്താണ് എപ്.സിസിസി. മദർ ജനറലായിരുന്ന സീലിയാമ്മ സമൂഹാംഗങ്ങളെ ഉണർത്തികൊണ്ട് ഒരു കത്തെഴുതിയത്. ആ കത്ത് സമൂഹത്തെ മുഴുവൻ സ്പർശിച്ചു.
”വെല്ലുവിളികൾ ഏറ്റെടുത്ത് സുരക്ഷിത മേഖലയിൽ നിന്നും പുറത്തിറങ്ങാൻ ഉൾവിളി ലഭിക്കുന്നവർ അറിയിക്കുക.” ഇതായിരുന്നു കത്തിലെ മുഖ്യസന്ദേശം. ഇത് അനേകം സിസ്റ്റേഴ്‌സിന്റെ ഹൃദയത്തെ പിടിച്ചു കുലുക്കി. ഈ സമയത്താണ് സിസ്റ്റർ റോസിലി ജോൺ എഫ്.സി.സി വിത്യസ്തമായ മറ്റൊരു പാതയിലേക്ക് നടന്നുകയറുന്നത്.
”അങ്കമാലിക്കടുത്ത് കിടങ്ങൂർ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ അധ്യാപനശുശ്രൂഷയിലായിരുന്ന ഞാൻ, കുറെ നാളുകളായി ഇങ്ങനെ ഒരു ചിന്ത മനസ്സിലിട്ട് അതിനൊരുവഴി കണ്ടെത്താൻ ത്യാഗത്തോടെ പ്രാർത്ഥിക്കുകയായിരുന്നു.”സിസ്റ്റർ റോസിലി ജോൺ എഫ്.സി.സി പറയുന്നു.
”ദൈവം മോശയോടു പറഞ്ഞ വാക്കുകളായിരുന്നു മനസ്സു നിറയെ: ”ഇതാ ഇസ്രായേൽ മക്കളുടെ നിലവിളി എന്റെ എടുത്തെത്തിയിരിക്കുന്നു.” (പുറ. 3:9) കാണ്ടമാൽ ദുരന്തകഥ വായിച്ചപ്പോഴെല്ലാം ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ശരിയെന്ന് തോന്നി.”
”സത്യം ഇതല്ലായിരുന്നു; തിന്മയെ വിട്ടകലുന്നവൻ വേട്ടയാടപ്പെടുന്നു. അവിടെ നീതിയില്ലെന്ന് കർത്താവുകണ്ടു. അത് അവിടുത്തെ അസന്തുഷ്ടനാക്കി. അവിടെ ആരുമില്ലെന്ന് അവിടുന്ന് കണ്ടു. ഇടപെടാൻ ആരുമില്ലാത്തതിനാൽ അവിടുന്ന് ആശ്ചര്യപ്പെട്ടു. (ഏശ: 59-16). ബലവാൻമാർ ദുർബലരെ തിന്നുകൊഴുക്കുന്ന അവസ്ഥയാണ് നാടുനീളെ. ദൈവവിളിക്ക് ഉത്തരമേകികൊണ്ട് അധികാരികളെ വിവരം അറിയിച്ചപ്പോൾ അവർ സന്തോഷത്തോടെ അനുവാദമേകി.”
”അങ്ങനെ 2009 ഏപ്രിൽ ഒന്നിന് ദൈവത്തിന് വേണ്ടി വിഡ്ഢികളാകാൻ സിസ്റ്റർ മെറിൻ സി.എം.സിയും ഞാനും തയ്യാറെടുത്തു. ഇതര സംസ്ഥാന സഹോദരുടെ ഇടയിൽ ശുശ്രൂഷ ചെയ്യാനാണ് ഞങ്ങൾ തയാറെടുത്തത്. പെരുമ്പാവൂരിൽ ഒരു വാടക വീട്ടിൽ ഞങ്ങൾ അങ്ങനെ താമസം തുടങ്ങി. കേരളത്തിൽ 40 ലക്ഷം ഇതര സംസ്ഥാനക്കാർ ജോലിചെയ്യുന്നു എന്ന തിരിച്ചറിവ് തന്നെ ഞങ്ങളുടെ ജോലിഭാരം വലുതെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ 20 ലക്ഷത്തോളം എറണാകുളം ജില്ലയിലാണെന്നും അതിൽതന്നെ കൂടുതൽ പേരും പെരുമ്പാവൂരിലും പ്രാന്തപ്രദേശങ്ങളിലുമാണെന്നും ഞങ്ങൾ മനസിലാക്കി.
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്ലൈവുഡ് കമ്പനികളുള്ളത് പെരുമ്പാവൂരാണെന്നതാണ് കാരണം. ഇക്കാരണത്താൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കാലടി, അങ്കമാലി എന്നീ റൂട്ടുകളിലോടുന്ന ബസ്സുകളിൽ ഹിന്ദിയിൽ സ്ഥലപ്പേരുകൾ എഴുതിവച്ചിട്ടുണ്ടല്ലോ. എല്ലാ ഭാഗങ്ങളിലെ എന്നല്ല കേരളത്തിലെ പ്രാധാന ടൗണുകളിലും നഗരങ്ങളിലുമെല്ലാം രാവിലെ ആറുമുതൽ എട്ടുമണിവരെ പണിയാധുങ്ങളുമായി തൊഴിൽതേടുന്ന തൊഴിലാളികൾ ഇവിടത്തെ സാധാരണ കാഴ്ചയാണല്ലോ.
”പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഒഡീഷ, ആസ്സാം, ജാർഖണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറെപ്പേരും. തങ്ങളുടെ നാട്ടിൽ ജോലിയില്ലാത്തവരും ജോലിയുണ്ടെങ്കിൽ തന്നെ തുച്ഛ ശമ്പളംമാത്രം ലഭിക്കുന്നതുമായ അവസ്ഥയാണ് ദൈവത്തിന്റെ നാട്ടിലേയ്ക്ക് ഇവരെ എത്തിച്ചത്. കേരളം ഇവർക്ക് ഗൾഫ് പോലെയാണ്. എസ്.എസ്.എൽ.സി യെങ്കിലും വിദ്യാഭ്യാസമുള്ള മലയാളി സാധാരണ ജോലി ചെയ്യാൻ മടിക്കുന്നതുകൊണ്ടാണ് എല്ലായിടത്തും ഇവരെ ആശ്രയിക്കേണ്ടിവരുന്നത്. എന്നാൽ സംസ്‌കാര സമ്പന്നരെന്നു പറയുന്ന നാം അവരോട് അനീതിയും അവഗണനയുമാണ് കാണിക്കുന്നത്.” സിസ്റ്റർ റോസിലി ജോൺ പറഞ്ഞു.
”ഭൂരിഭാഗം മലയാളികളും ഇവരെ പ്രശ്‌നക്കാരും തീവ്രവാദികളായും കാണുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ഇടയിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഒട്ടേറെ വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇതര സംസ്ഥാനക്കാർ ഇവിടെയുണ്ടെങ്കിൽ അതിലേറെ മലയാളികൾ മറ്റു സംസ്ഥാനത്തേയ്ക്കും പോയിട്ടുണ്ട്. വിദേശരാജ്യങ്ങളിലേയ്ക്കും അങ്ങനെ തന്നെ. നമ്മുടെ ബന്ധുജനങ്ങൾ അവിടെ പരദേശികളായിരിക്കുന്നതുപോലെ ഇവിടെ നമ്മൾ അവരെയും പരദേശികളാക്കിയിരിക്കുന്നത്…” സിസ്റ്റർ ചൂണ്ടിക്കാട്ടി.
”ആദ്യമായി ഞങ്ങൾ കാണ്ടമാലിൽ നിന്നും വന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലാണ് ശ്രദ്ധിച്ചത്. അതിനുശേഷം എങ്ങും ആശ്രയമില്ലാതെപോയ അഭയാർത്ഥികളെ പുനഃരധിവസിപ്പിക്കുന്നതിൽ പങ്കാളികളായി. അവരോടൊപ്പം താമസിച്ചുകൊണ്ട്…”
”അവർക്കായുള്ള ഭവനത്തിന്റെ ആശിർവാദം നിർവ്വഹിച്ചുകൊണ്ട് കൂടിനിന്ന ജനങ്ങളോട് ഫാ. ജോർജ് കുറ്റിക്കൽ ഇങ്ങനെ പറഞ്ഞു. ”സഹോദരങ്ങളേ, മിഷനിൽ പോകാൻ ഞങ്ങൾക്ക് സാധിക്കില്ലല്ലോ എന്നോർത്ത് നിങ്ങൾ വിഷമിക്കേണ്ട, ഇതാ വടക്കേഇന്ത്യ മുഴുവനും നിങ്ങളുടെ ഇടയിലുണ്ട്. ശുശ്രൂഷ ചെയ്യുക.”
പതുക്കെ അവരിലേക്ക് ഇറങ്ങിയപ്പോൾ പലയാഥാർത്ഥ്യങ്ങളും മനസ്സിലായി. മലയാളികൾ ഉപേക്ഷിച്ചുകളയുന്ന പഴയ വീടുകളിൽ ഒരു മുറിയിൽ എട്ടിലധികം ആൾക്കാരെ താമസിപ്പിച്ച് ഓരോരുത്തരിൽ നിന്നും മാസം ആയിരം രൂപ വാങ്ങുന്ന ചില മുതലാളിമാരുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പാർപ്പിടങ്ങൾ. നാലുമാസം ജോലി ചെയ്തിട്ടും. കൂലിചേദിച്ചപ്പോൾ അടിച്ചിറക്കിയ അനുഭവം. അന്വേഷിച്ചു ചെന്നപ്പോൾ…. സിസ്റ്റേഴ്‌സ് കോൺവെന്റിന്റെ കാര്യം നോക്കിയാൽ മതി. ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കികൊള്ളാം എന്നായിരുന്നു തൊഴിലുടമയുടെ മറുപടി.
തന്റെ സ്ഥാപനത്തിൽ ജോലിക്കിടയിൽ മെഷിനടിയിൽപ്പെട്ട് തകർന്ന കാലുകൾക്ക് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവിടെനിന്നു മാറ്റി സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയാക്കിയത് മറ്റൊരു തൊഴിലുടമ. തുടർപഠനത്തിന് പണം നേടാൻ ജോലിതേടി കേരളത്തിലെത്തി ഒരാഴ്ചക്കുള്ളിൽ പനി പിടിച്ച് മരിച്ച മറ്റൊരു യുവാവ്. അപകടങ്ങളിൽ മരിക്കുന്നവർ ധാരാളമാണ്, 16 മണിക്കൂറും 20 മണിക്കൂറുമൊക്കെ ജോലി ചെയ്ത് അവശരാകുമ്പോൾ ജോലിയുടെ അവശതമൂലം മരണത്തെ തേടുന്നവരുണ്ട്. പല മരണങ്ങളും ദുരൂഹമാണ്.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരളസർക്കാർ ക്ഷേമനിധി തുടങ്ങിയിട്ടുണ്ട്. യഥാർത്ഥ തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് അംഗത്വമെടുക്കാം. എന്നാൽ ഭൂരിഭാഗം തൊഴിലുടമകളും അതിനുള്ള അപേക്ഷയിൽ ഒപ്പിട്ടുനൽകില്ല. അവഗണയും വേദനയും തിരസ്‌കരണവും സഹിച്ച് ഇങ്ങനെ കഴിയുന്നവർ ധാരാളമാണ്.
”ഇപ്പോൾ ഈ അന്യദേശത്തെ ജനതയൊടൊപ്പം എട്ടരവർഷം പിന്നിട്ടിരിക്കുന്നു. ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും” എന്നു മോശയോടു പറഞ്ഞ ദൈവം ഞങ്ങൾക്കൊപ്പവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് ഫറവോ കാണിച്ച അതേ ക്രൂരത ഇന്ന് സാംസ്‌കാരിക പരിഷ്‌കൃത കേരളം ഈ സാധു ജനങ്ങളോട് കാണിക്കുന്നുണ്ട്. വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രം വിശുദ്ധ കുർബാനയ്ക്ക് അവസര മുണ്ടായിരുന്ന ഗ്രാമത്തിലെ വിശ്വാസികളാണ് കൈക്കുഞ്ഞിലേനയും മാറത്തടക്കിപിടിച്ച് ദിനങ്ങൾ കാട്ടിലൊളിച്ചതിനുശേഷം പ്രാണരക്ഷാർത്ഥം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്കോടിയത്, വിശ്വാസം സംരക്ഷിക്കാൻ. നടന്നുപോകുന്ന ദൂരമുള്ളിടത്ത് എല്ലാ ഗ്രാമങ്ങളിലും ദൈവാലയങ്ങളുള്ള നമ്മുടെ വിശ്വാസികളുടെ അവസ്ഥ എന്ത് ? ഇപ്പോൾ ഈ ജോലിയിൽ ഏഴു വർഷം പിന്നിടുന്നു. നാലു വർഷം ലീവെടുത്തു. ദൈവഹിതമെന്ന് ബോധ്യപ്പെട്ടപ്പോൾ ജോലി രാജിവച്ചു. അഞ്ചു വർമായിട്ട് ആലുവ പട്ടണത്തിലാണ് താമസം വലിയ കാര്യങ്ങളൊന്നുംതന്നെ ഞങ്ങൾ ചെയ്തിട്ടില്ല. ഇന്നലെ പരിചയപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിനായി പഞ്ചായത്ത് വില്ലേജ് മുൻസിപ്പാലിറ്റി ഓഫീസുകളും ബാലഭവനുകളും സ്‌കൂളുകളും കയറിയിറങ്ങുക. ഇന്നുമാത്രം കണ്ടൊരാൾക്ക് ആശുപത്രിയിലെ ഡോക്ടറെ കാണാൻ കൂടെപോവുക. ഇതുവരെ കണ്ടിട്ടില്ലാത്ത സഹോദരങ്ങളുടെ മൃതശരീരത്തിനു മോർച്ചറിക്കുമുന്നിൽ കാവലിരുന്നു പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നോക്കുകാണാൻ അവരുടെ ശരീരം ഗ്രാമത്തിലെത്തിക്കാൻ ശ്രമം നടത്തുക. അതിനു സാധിക്കാത്ത നിലയിലുള്ളതാണെങ്കിൽ യോഗ്യമായ രീതിയിൽ സംസ്‌കാരം നടത്തുവാൻ സഹായിക്കുക. ഭൗതിക അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നതോടൊപ്പം ആത്മീയ ഭക്ഷണത്തെക്കുറിച്ചും ബോധ്യപ്പെടുത്തുക… ഇതൊക്കെ കൂട്ടായ ചില കൊച്ചുശ്രമങ്ങൾ മാത്രം. നമ്മുടെ നാട്ടിൽ വഴിക്കവലകളിലും റയിൽവെസ്റ്റേഷനുകളിലും സമനില തെറ്റി അലഞ്ഞു നടക്കുന്നവർ, വഴിയോരങ്ങളിൽ ഉപേഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ, ഭിഷാടന മാഫിയകളുടെ ഇരകളായ അംഗപരിമിതർ ഇവരുടെ ഇടയിലെല്ലാം തക്ക സമയത്ത് മിശിഹാ സാന്നദ്ധ്യമായി നിലകൊള്ളുമ്പോഴുള്ള സംതൃപ്തി ഒന്നു വേറെതന്നെയാണ്.
”ആദ്യ രണ്ടുവർഷം കഴിഞ്ഞപ്പോൾ സിസ്റ്റർ. മെറിൻ സി.എം.സി കമ്മ്യൂണിറ്റിയിലേയ്ക്ക് തിരിച്ചുപോയി പിന്നീട് പലരും വന്നെങ്കിലും പിടിച്ചുനിന്നില്ല. ഇടയ്ക്ക് നാലു മാസം ആരുമില്ലാതെ ഒറ്റയ്ക്കു നടന്നപ്പോൾ ദൈവത്തിന്റെ ശക്തമായ സാന്നിദ്ധ്യം മറ്റു ദിനങ്ങളെക്കാളും അനുഭവമായിരുന്നു. കൂടെ താമസിക്കാൻ രണ്ടം ക്ലാസുകാരി കുഞ്ഞുതെരേസ മുതൽ 70 വയസ്സുള്ള അമ്മച്ചിവരെ റെഡിയായിരുന്ന നാളുകൾ. ഇപ്പോൾ സിസ്റ്റർ ലിറ്റിൽ റോസ് എഫ്.സി.സിയാണ് കൂടെയുള്ളത്. ഞങ്ങൾ ദൈവകരങ്ങളിലെ ഉപകരണങ്ങൾ മാത്രം….” സിസ്റ്റർ അവസാനിപ്പിക്കുന്നു.
പി.കെ ആഞ്ചലോ

Share:

Related Posts

Latest Postss

Don’t want to skip an update or a post?