Follow Us On

29

March

2024

Friday

വിശ്വാസപരിശീലനം വിലയിരുത്തുമ്പോൾ

വിശ്വാസപരിശീലനം വിലയിരുത്തുമ്പോൾ

ഇടവകകൾ കേന്ദ്രമാക്കി വിശ്വാസപരിശീലനം അഥവാ മതബോധനം കാര്യക്ഷമമായി നടക്കുന്നതിൽ അഭിമാനിക്കുന്നവരാണ് കേരളകത്തോലിക്കർ. അത് പുതിയ കാലത്തിന്റെ സംഭാവനയല്ല, പഴയ കാലത്തിന്റെ വിശ്വാസതീക്ഷ്ണതയുടെ ബാക്കിപത്രമാണ്.
ഒരു പ്രദേശത്ത് പള്ളിയുണ്ടാവുകയോ ഇടവക രൂപംകൊള്ളുകയോ ചെയ്യുന്നതിനുമുമ്പ്, വിശ്വാസത്തിന്റെ കനൽ കരളിലെരിയുന്ന ചിലരുടെ ആഗ്രഹങ്ങളിലാണ് ഇതിന്റെ തുടക്കം. ഒരു പള്ളിയുടെ അഭാവത്തിലും ഞായറാഴ്ചകളിലെങ്കിലും ഒത്തുകൂടി പുതുതലമുറയ്ക്ക് വിശ്വാസവെളിച്ചം തെളിച്ചുകൊടുക്കാൻ ശ്രമിക്കുമ്പോൾ, സഭയുടെ പിന്തുണയും നേതൃത്വവും ലഭ്യമാകുന്നു. അങ്ങനെ അവിടെ മതബോധനപ്രക്രിയ ആരംഭിക്കുകയായി. നിശ്ചിതദിവസങ്ങളിൽ നടത്തപ്പെടുന്ന പരിശീലനവേദിക്ക് ചിട്ടയും ക്രമവും ഉണ്ടാവുന്നു. അതിന്റെ തുടർച്ചയായി ദൈവാലയം സ്വപ്‌നമായി വളരുന്നു, യാഥാർത്ഥ്യമായിത്തീരുന്നു. അങ്ങനെ സഭയുടെ വിശ്വാസപ്രമാണങ്ങളും തത്വസംഹിതകളും പഠിപ്പിക്കാനും പരിശോധിക്കാനും പരിപാലിക്കാനും അവകാശവും കടമയുമുള്ള ഒരു പ്രാദേശികസംവിധാനം നിലവിൽ വരികയായി.
ചുരുക്കിപ്പറഞ്ഞാൽ മതബോധനത്തിലൂടെയാണ് ദൈവാലയം രൂപപ്പെടുന്നത്. തുടർന്ന് ദൈവാലയവും ഇടവകസമൂഹവും വളരുന്നതും നിലനിൽക്കുന്നതും മതബോധനത്തിലൂടെയാണ്.
വിശ്വാസപരിശീലനം പ്രധാനം
ആരാധനാക്രമം കഴിഞ്ഞാൽ സഭയിൽ പ്രാധാന്യമുള്ളത് മതബോധനത്തിനുതന്നെയാണ്. ഇടവകവൈദികരും സന്യസ്തരും ഇക്കാര്യത്തിൽ പ്രദർശിപ്പിക്കുന്ന താല്പര്യം വലുതാണ്. അർപ്പിതമനസ്‌കരായ മതാധ്യാപകരാണ് ഈ മേഖലയിൽ ശുശ്രൂഷ ചെയ്യുന്നത്. ദമ്പതികൾ, യുവജനങ്ങൾ, വിധവകൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങി വ്യത്യസ്ത ജീവിത-സേവനരംഗങ്ങളിലുള്ളവർ വിശ്വാസപരിശീലനത്തിന് സന്നദ്ധരായി കടന്നുവരുന്നു. ക്രമവത്കൃതമായ ഒരു പഠനപരിശീലനപരിപാടിയായ വിശ്വാസപരിശീലനം, അതിന്റെ നിർവ്വഹണത്തിൽ മികച്ച നിലവാരം പുലർത്തുന്നു. വിശ്വാസപരിശീലനത്തിനായി സമയവും സൗകര്യവും സാഹചര്യവും ഒരുക്കുന്നതിൽ ഇടവകസമൂഹം ഉത്സുകരാണെന്നു പറയാം.
ഉയരുന്ന ചോദ്യങ്ങൾ
എന്നാൽ വിശ്വാസം പരിപോഷിപ്പിക്കുന്നതിന് വ്യക്തിതലത്തിലും കുടുംബതലത്തിലും ഇടവകതലത്തിലും സഭാതലത്തിലും മതബോധനം വേണ്ടത്ര ഉപകരിക്കുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. തത്സംബന്ധിയായ നിരവധി ആക്ഷേപങ്ങളും പരാതികളും സന്ദേഹങ്ങളും ചുറ്റിലും ഉയരുന്നു. പത്തുപന്ത്രണ്ടുവർഷം വേദപാഠം പഠിച്ചിട്ട് കുട്ടികൾ നന്നായോ? അവർ പിന്നീട് കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? വഴിതെറ്റിപ്പോകുന്ന കുട്ടികൾ വിശ്വാസപരിശീലനത്തിന്റെ കുറവുകളെ ഓർമ്മിപ്പിക്കുന്നില്ലേ? ചില ഉപരിപ്ലവകാര്യങ്ങൾക്കപ്പുറം ബോധ്യം പകരുന്ന ആഴത്തിലുള്ള പരിശീലനമൊന്നും ഉണ്ടാവുന്നില്ലല്ലോ. സന്ദേഹങ്ങൾ ഇങ്ങനെ നിരവധിയാണ്.
സന്ദേഹങ്ങളെ സംശയിക്കാതെ ഇവയ്ക്ക് സത്യസന്ധമായ ഉത്തരം കാണാൻ ശ്രമിക്കുകയാണ് കരണീയം. സഭയിലെ ഏതു കുറവിനും വിശ്വാസപരിശീലനത്തിലെ പോരായ്മകൾ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നവരെ കണ്ടേക്കാം. ഇന്നത്തെക്കാര്യങ്ങളൊന്നും ശരിയാവുന്നില്ല, പണ്ടത്തേതായിരുന്നു എല്ലാം നല്ലത് എന്ന മട്ടിലുള്ള നിരീക്ഷണങ്ങളും തീരെ കുറവല്ല. പക്ഷെ, ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കേണ്ടതുതന്നെയാണ്. വിശ്വാസപരിശീലനം നൽകിയതുകൊണ്ടാണോ കുട്ടികൾ വഴിതെറ്റിയത്? വിശ്വാസപരിശീലനത്തിന്റെ സ്വാധീനത്തിൽ നേർവഴിയെ സഞ്ചരിക്കാൻ പ്രാപ്തരായ കുട്ടികളും ഉണ്ടാവില്ലേ? കുമാരനും കുമാരിയും യുവാവും യുവതിയും ഇടറിപ്പോകാൻ ഇടവന്നാൽപ്പോലും അവർ എഴുന്നേറ്റുനിൽക്കാൻ സാധ്യതയില്ലേ? ബാല്യത്തിലമ്മ നമിച്ചുനട്ട നന്മകൾക്കൊപ്പം വേദപാഠക്ലാസ്സിൽ നിന്നു പകർന്നുകിട്ടിയ വിശ്വാസപാഠങ്ങളും പ്രതിസന്ധികളുടെ ഇരുട്ടിൽ വെളിച്ചമായിത്തീരും. നഷ്ടങ്ങളുടെ നടുവിൽ നട്ടംതിരിഞ്ഞ പല ജീവിതങ്ങളും നേട്ടങ്ങളിലേക്ക് തിരികെ നടന്നത് വിശ്വാസവെളിച്ചത്തിൽത്തന്നെയാണ്.
വിശ്വാസപരിശീലനത്തിന്റെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കുട്ടികളെയും മാതാപിതാക്കളെയും കാലഘട്ടത്തെയും നാം പരിഗണിക്കണം; ഒപ്പം മതാധ്യാപകരെയും. ഒരിടവകയിൽ മതാധ്യാപകർക്ക് ലഭിക്കുന്ന പ്രാധാന്യവും ആദരവും തീരെ ചെറുതല്ല. അതിനുതക്കവിധത്തിലുള്ള പരിശീലനവും ജീവിതസാക്ഷ്യവും നൽകാൻ കഴിയുന്നവർ ഏറെയുണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല എന്നു നാം സമ്മതിക്കണം. ഇടവകയിൽ പ്രാമാണ്യം നിലനിർത്തുവാനുള്ള കുറുക്കുവഴിയായി വിശ്വാസപരിശീലനവേദിയിലെ പങ്കാളിത്തം ഉപയോഗിക്കുന്നവരുണ്ടോയെന്ന് പരിശോധിക്കണം. വത്തിക്കാൻ കൗൺസിൽ എത്രയോ മുമ്പു പറഞ്ഞു: ”മതബോധകരെ അവരുടെ ജോലിക്കുവേണ്ടി ശരിയായി ഒരുക്കെയെടുക്കുന്നതിൽ മെത്രാന്മാർ ശ്രദ്ധ ചെലുത്തണം. മതബോധകർക്ക് സഭാപഠനത്തിൽ വ്യൂൽപ്പത്തി നേടാനും അധ്യാപനരീതിയിലും മനഃശാസ്ത്രനിയമങ്ങളിലും താത്വികവും പ്രായോഗികവുമായ അവഗാഹം സിദ്ധിക്കാനും സന്ദർഭം ലഭിക്കേണ്ടതാണ്.
പഠനവും പരിശീലനവുമൊക്കെ പ്രത്യേക നേട്ടങ്ങളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ് എന്ന അപകടകരമായ യാഥാർത്ഥ്യമാണ് ഇന്ന് നിലനിൽക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഉന്നതമൂല്യങ്ങളൊക്ക ബലികഴിക്കപ്പെടുന്ന സമകാലികസാഹചര്യത്തിൽ വിശ്വാസപരിശീലനത്തിന്റെ പ്രായോഗികമായ പ്രയോജനം എന്താണെന്ന് കുട്ടികൾക്കും മുതിർന്നവർക്കും ബോധ്യപ്പെടുന്നില്ല എന്നത് ഒരു വാസ്തവമാണ്. അതിനാൽ ഒരു ചടങ്ങുപോലെ വിശ്വാസപരിശീലനം നൽകാനും സ്വീകരിക്കാനും തയ്യാറാവുന്നു എന്നുമാത്രം. സ്‌കൂൾ വിദ്യാഭ്യാസമാണോ വിശ്വാസപരിശീലനമാണോ പ്രധാനം എന്ന ചോദ്യത്തെ സത്യസന്ധമായി നേരിടാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കുട്ടികൾ ജീവിക്കേണ്ടത് സ്വർഗത്തിനുവേണ്ടിയോ ലോകത്തിനുവേണ്ടിയോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം കൈയിലില്ല എന്നതാണ് വാസ്തവം. വിശുദ്ധ ഡോൺബോസ്‌കോയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്: ”കുട്ടികൾ സ്വർഗത്തിനുവേണ്ടി ജീവിക്കുവാനുള്ളവരാണ്; എന്നാൽ അവർ ഈ ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്.” അതിനാൽ ഈ ലോകത്തിന്റെ വിജ്ഞാനങ്ങളൊക്കെ കുട്ടികൾ സ്വന്തമാക്കട്ടെയെന്ന് അദ്ദേഹം പറയും. എന്നാൽ നാളെ അവർ സ്വർഗത്തിൽ എത്തേണ്ടവരാണ് എന്ന വിചാരത്തോടെ ഈ ലോകത്തിൽ ജീവിക്കേണ്ടവരാണ്.
സ്വർഗത്തെക്കുറിച്ചുള്ള വിചാരവും സംസാരവും ഇടമുറിയാതെ കൊണ്ടുനടന്ന നമ്മുടെ പൂർവികരെ നമുക്കോർക്കാം. ഇന്ന് സ്വർഗത്തെക്കുറിച്ചുള്ള ചർച്ചകൾ തീരെയില്ലാതാവുന്നതിന്റെ അപകടങ്ങൾ തിരിച്ചറിയാം. ഈ ലോകത്തെക്കുറിച്ചുമാത്രം പറയാനുള്ളതാണ് വിശ്വാസപരിശീലനക്ലാസ്സുകൾ എന്ന അബദ്ധത്തെ നമുക്ക് മറികടക്കാം.
നന്നായി നിലമൊരുക്കി, വിത്തുവിതയ്ക്കുന്ന പ്രക്രിയയാണ് വിശ്വാസപരിശീലനം; മുപ്പതും അറുപതും നൂറുംമേനി വിളവ് പ്രതീക്ഷിച്ചുകൊണ്ട്. വിളവു മോശമായാൽ അതിന്റെ കാരണം കണ്ടെത്തണം. സഭാനേതൃത്വവും സഭാതനയരുമൊരുമിച്ച് നിർവ്വഹിക്കേണ്ടതാണ് ഈ അന്വേഷണവും പരിഹാരക്രിയകളും. ആകർഷകവും ഫലപ്രദവുമായ വിശ്വാസപരിശീലനം – അതാകട്ടെ നമ്മുടെ സ്വപ്‌നവും പ്രയത്‌നവും.
ഷാജി മാലിപ്പാറ
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?