Follow Us On

28

March

2024

Thursday

ജീവിതവെട്ടം

ജീവിതവെട്ടം

കർത്താവിന്റെ കഴുത
നാലു പതിറ്റാണ്ടിലേറെക്കാലമായി തെരുവ് കുഞ്ഞുങ്ങളൊടൊത്ത് ജീവിക്കുകയാണ് ബ്രദർ മാവൂരൂസ്.
ഇക്കലങ്ങളിൽ എത്രയോ പേരെയാണ് അദേഹം തെരുവിൽ നിന്നും കണ്ടെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശരീരം മുഴുവൻ പഴുത്ത് വ്രണം ബാധിച്ച് റയിൽവേ പ്ലാറ്റുഫോമിൽ കിടന്നൊരു വൃദ്ധൻ, സർക്കാരാശുപത്രിയിലെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ടൊരു രോഗി, പരസഹായത്തോടെയല്ലാതെ ഒന്നനങ്ങാൻപോലും കഴിയാതെ തളർന്നുപോയൊരാൾ, എച്ചിൽക്കൂനയിൽ നിന്നും തെരുവ് നായ്ക്കളോട് ഒരിറ്റ് ചോറിന് പോരാടുന്ന മാനസിക രോഗി, കൈയിൽ കിട്ടിയ പണവുമെടുത്ത് വീട്ടിൽ നിന്നും ഒളിച്ചോടിയ കൗമാരങ്ങൾ… ഇങ്ങനെ അക്കമിട്ട് പറയാൻ കഴിയുന്ന എത്രയെത്ര കർമ്മരംഗങ്ങളിലൂടെയാണ് അദേഹം കടന്നുപോകുന്നത്.
പത്തുനാൽപത്തഞ്ച് കൊല്ലം പിന്നിലേക്ക് പോകാം. അന്ന് സി.എം.ഐ. സഭയുടെ ജനറൽ ഹൗസിൽ കഴിയുകയാണ് ബ്രദർ മാവൂരുസ്. വൈകുന്നേരത്തെ കാപ്പി കഴിഞ്ഞ് വെറുതെ നടക്കാനിറങ്ങിയതാണ് അദേഹം. സൗത്ത് റയിൽവേ സ്റ്റേഷൻ പരിസരത്തുകൂടിയായിരുന്നു അന്നത്തെ യാത്ര. അപ്പോഴതാ ഒരു ഭീകരകാഴ്ച. കുറെ തെരുവ് കുട്ടികൾ വഴിവക്കിലുള്ള വീപ്പകളിൽ നിന്നും ഭക്ഷണം വാരിയെടുത്ത് കഴിക്കുന്നു. തൊട്ടടുത്ത് ഇരുളിന്റെ മറപറ്റി കുറെ സ്ത്രീകൾ. അവർ വേശ്യകളായിരിക്കണം. ബ്രദർ തന്നോടുതന്നെ ചോദിച്ചു പോയി; ”നീ സ്വർഗ്ഗം പൂകാനായി വിഭവസമൃദ്ധമായ ഭക്ഷണം നാലുനേരം ശാപ്പിട്ട് സുഖമായി ഉറങ്ങി വിശ്രമിക്കുന്നു. അങ്ങനെയെങ്കിൽ ഈ മക്കളൊക്കെ ഏതു സ്വർഗത്തിലായിരിക്കും പോകുക?” അസ്വസ്ഥതയോടെ അദ്ദേഹം ആ ചോദ്യത്തിനുത്തരം കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
ദൈവാത്മാവ് ആ സമയം അദ്ദേഹത്തെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് നയിച്ചു. ഉപേക്ഷിക്കപ്പെട്ടവരുടെ വാർഡിൽ അതാ ഒന്നുരണ്ട് പേർ മരിച്ചുകിടക്കുന്നു, മറ്റു ചിലരാകട്ടെ മരണത്തോട് മല്ലിടുന്നു. ഇവരെല്ലാവരും തന്നെ ഏവരാലും തിരസ്‌ക്കരിക്കപ്പെട്ടവർ. ആരാരുമില്ലാത്ത ഈ മക്കൾക്കായി ശേഷിച്ച ജീവിതം അർപ്പിക്കണമെന്നുള്ള തീരുമാനമെടുക്കുകയായിരുന്നു അന്ന് ബ്രദർ.
സഭാധികൃതരുടെ പൂർണ അനുമതിയോടെ തന്നെ തെരുവ് മക്കൾക്കായി ജീവിക്കാനും അവരോടിടപഴകാനും തുടങ്ങി. മുത്തുകൾ തിരഞ്ഞുകൊണ്ടുള്ള യാത്രകളിൽ അദ്ദേഹത്തിനൊരു കാര്യം വ്യക്തമായി. ഒരു സന്യാസിയായ തനിക്കുള്ളതിനേക്കാൾ നന്മകൾ ആ മക്കളിലുണ്ടെന്ന്. ക്ഷമിക്കുന്ന സ്‌നേഹവും, പങ്കുവയ്ക്കലിന്റെ മനോഭാവവുമൊക്കെ ആ മക്കളിൽ നിന്നാണ് ബ്രദർ മനസിലാക്കുന്നത്. താൻ സ്വന്തമാക്കിയ മക്കൾക്ക് ബ്രദർ പുതിയൊരു പേരു നല്കി. ‘തെരുവിലെ മുത്തുകൾ’, സർവ്വാംഗം പൊടിയിലും, അഴുക്കിലുമടിഞ്ഞ അവരെ കരങ്ങളിൽ പുണർന്ന്, ബ്രദർ അഭയസങ്കേതങ്ങളിൽ ആശ്രയം നല്കി. ഇക്കാലങ്ങൾക്കിടക്ക് അയ്യായിരത്തോളം മക്കളെ ചെളിയിൽ നിന്നും കൈപിടിച്ചുയർത്താനും വിവിധ പ്രേഷിത ഭവനങ്ങളിലെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ഗവൺമെന്റ് ആശുപത്രിയിലുള്ള ആയിരക്കണക്കിന് നിരാലംബരായ രോഗികളെ കണ്ട് യേശുവിന്റെ ശാന്തിയും സ്‌നേഹവും പകരാനും ചേരിയിലെ ഇരുളകങ്ങളിൽ ജീവിതം ഹോമിക്കപ്പെട്ട നൂറുകണക്കിന് കുരുന്നുകൾക്ക് ആശ്വാസതൈലം പുരട്ടാനും തന്റെ ഈ ജീവിതത്തിനിടയിൽ അദ്ദേഹത്തിനു കഴിഞ്ഞു. നാനൂറിലേറെ ചെറ്റക്കുടിലുകൾ യേശുവിന്റെ മക്കൾ വസിക്കുന്ന ‘സ്‌നേഹക്കൂടു’കളാക്കി അദ്ദേഹം പുനർനിർമ്മിച്ചു. ഇതിനൊക്കെ വരുമാനം എന്താണ് എന്ന ചോദ്യത്തിന് മാവൂരൂസിന് കൃത്യമായ ഉത്തരമുണ്ട്. ”മനസ്സിൽ കരുണ സൂക്ഷിക്കുന്ന, പങ്കുവെയ്ക്കാനാഗ്രഹിക്കുന്ന മനുഷ്യരുടെ സ്‌നേഹോപഹാരങ്ങളാണത്. എനിക്കൊന്നിനും മുട്ടിതുവരെയുണ്ടായിട്ടില്ല. എല്ലാം എന്റെ യേശു എനിക്കുവേണ്ടി മുൻകൂട്ടി ചെയ്തു തരുന്നു. പണ സമ്പാദനത്തിനായി ആരുടെ പക്കലും പോകേണ്ടി വന്നിട്ടില്ല. കിട്ടുന്നതിൽ നിന്നും അർഹിക്കുന്നവർക്കും, കാരുണ്യത്തിനായി കരങ്ങൾ നീട്ടുന്നവർക്കും നല്കുന്നു. അപ്പോൾ ദൈവവും നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നല്കും” അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
മാവൂരൂസിന് തന്റെ ശുശ്രൂഷയെപ്പറ്റി നിറം പിടിപ്പിച്ച സ്വപ്‌നങ്ങളൊന്നുമില്ല. തെരുവ് മക്കൾക്ക് ശേഷിച്ച കാലവും തുണയായി തീരണം. അനാഥനായി മരിക്കണം. അനാഥ മണ്ണിൽ വളമാകണം. ഇങ്ങനെയുള്ള ചില സങ്കല്പങ്ങളൊക്കെയേ അദ്ദേഹത്തിനുള്ളു. എന്നും ബ്രദറിന് താങ്ങും തണലും പ്രോത്സാഹനവുമായിരുന്ന സി.എം.ഐ സഭാധികൃതർക്ക് ബ്രദർ എഴുതി.
”ബഹുമാനപ്പെട്ട പിതാക്കന്മാരെ, സമയം സമാഗതമായിരിക്കുന്നു. സി.എം.ഐ. സഭാ സമൂഹത്തിൽ നിന്നും മോചിതനായി തെരുവിൽ അലയുന്നവരിൽ ഒരുവനാകണം, വർഷങ്ങളായി എന്റെ മനസിലുള്ള ആഗ്രഹമാണിത്.” അദ്ദേഹത്തിന്റെ കാഴ്ചപ്പാടും, അർപ്പണവും തിരിച്ചറിഞ്ഞ സന്യാസശ്രേഷ്ഠർ വളരെ നല്ല രീതിയിലുള്ള റിപ്പോർട്ടുകളാണ് മേജർ ആർച്ച് ബിഷപ്പിന് നല്കിയത്. ”ആ റിപ്പോർട്ട് പ്രകാരം പിതാവ് എനിക്ക് രേഖാമൂലമുള്ള അനുവാദം സഭാധികൃതർ വഴി തന്നു. 1990 മെയ് മാസത്തിൽ ഞാൻ ‘അവരിൽ’ ഒരുവനായിത്തീർന്നു. കൂടെയുണ്ടായിരുന്ന കുറെ മക്കൾക്ക് ഒരു ഭവനം വേണം. അതും അക്രൈസ്തവരായ വ്യക്തികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അക്കാര്യം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ദൈവം സമയാസമയങ്ങളിൽ അതിനുള്ള വഴികളെല്ലാം തുറന്ന് തന്നു…”
മരിച്ചുപോയാലും ആരും അറിയരുതെന്ന് തന്നെയാണ് മാവൂരുസ് ബ്രദറിന്റെ ആഗ്രഹം. അനാഥർക്കുള്ള ഭൂമിയിൽ സംസ്‌കരിക്കപ്പെടണം. ഇതിനായി ജില്ലാ പോലീസ് അധികൃതർക്കുള്ള കത്തും പോലീസ് കമ്മീഷണറുടെ സന്ദേശവും സഞ്ചിയിൽ കരുതിയാണ് ബ്രദറിന്റെ തീർത്ഥാടനങ്ങളെല്ലാം.
ഒന്നിനെക്കുറിച്ചും ആകുലതയില്ലാതെ ബ്രദർ മാവൂരൂസ് യേശുവിനോടൊപ്പം ആടിപ്പാടി ഒരു കഴുതയായി ഇന്നും സഞ്ചരിക്കുകയാണിന്ന്. സഭയുടെ വേറിട്ടൊരു സുവിശേഷ സാക്ഷ്യമായി…..
സുഖത്തിനൊരു ദുഃഖം
ഒരു വിവേകിയായ വൃദ്ധൻ തന്റെ രണ്ടു പുത്രന്മാരോടൊപ്പം ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്നു. അവർക്ക് ആകെ സ്വന്തമായുള്ളത് ഒരു കുതിര മാത്രമായിരുന്നു. ഒരിക്കൽ, ആ കുതിര കാട്ടിലേക്ക് ഒളിച്ചോടിപ്പോയെന്നു അറിഞ്ഞതോടെ മകൻ വിളറിപ്പോയി.
”നമ്മുടെ സമ്പത്ത് നശിച്ചു, അച്ഛാ….””
അയാൾ വിലപിച്ചു.
”അങ്ങനെ പറയരുത്. കുഞ്ഞേ! ഇതൊരു ഭാഗ്യത്തിന്റെ ആരംഭമാകാം!””
വൃദ്ധൻ പറഞ്ഞത് ശരിയായി. അടുത്തദിവസം നഷ്ടപ്പെട്ട കുതിര, മറ്റൊരു കുതിരയെയും കൂട്ടി വീട്ടിലെത്തി.
”അച്ഛാ! നമ്മുടെ ഭാഗ്യം! നാം രക്ഷപ്പെട്ടു.”
ആ കുതിരകളെ ബന്ധിക്കുമ്പോൾ മകൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. “”അങ്ങനെ പറയരുത് മോനേ! ഇതൊരു പക്ഷേ ദൗർഭാഗ്യത്തിന്റെ ആരംഭമാകാം!””
ആ വാക്കുകൾ മകൻ തള്ളിക്കളിഞ്ഞു. ഈ സന്തോഷത്തിൽ അച്ഛനല്ലാതെ മറ്റാരും ഇങ്ങനെ പറയില്ലല്ലോ.
പുതുതായി വന്ന കുതിരയെ പരിശീലിപ്പിക്കുമ്പോൾ അതിന്റെ പുറത്തുനിന്നും വീണു മകന്റെ രണ്ടുകാലും ഒടിഞ്ഞു.
കിടക്കയിൽവേദനകൊണ്ട് പിടയുമ്പോൾ മകൻ പറഞ്ഞു:
”അച്ഛൻ പറഞ്ഞത് എത്ര ശരിയാണ്. നമുക്ക് ദൗർഭാഗ്യം വന്നു. നമ്മൾ ഭാഗ്യഹീനരാണ്.” പക്ഷേ വൃദ്ധൻ സാന്ത്വനിച്ചു.
”അങ്ങനെ പറയരുത് മോനേ! ഇതൊരു ഭാഗ്യത്തിന്റെ ആരംഭമാകാം.”
വൃദ്ധൻ പറഞ്ഞത് ശരിയായി. രാജാവ്, നിർബന്ധിത സൈനിക സേവനം നടത്താൻ തീരുമാനിച്ചിരുന്നു. 16-നും 35-നും ഇടയ്ക്കുള്ള എല്ലാ യുവാക്കളും സൈന്യത്തിൽ ചേർക്കപ്പെട്ടു;
കാലൊടിഞ്ഞു എന്ന കാരണത്താൽ ഈ യുവാവ് മാത്രം തിരസ്‌ക്കരിക്കപ്പെട്ടു. അവനു വലിയ സന്തോഷമായി.
”യുദ്ധം ചെയ്തു മരിക്കാതിരിക്കാമല്ലോ!” യുവാവ് പറഞ്ഞു.
”ഇതൊരു ദൗർഭാഗ്യത്തിന്റെ ആരംഭമായിരിക്കാം മോനേ!”വൃദ്ധൻ പറഞ്ഞു. അതു ശരിയായിരുന്നു. പട്ടാളത്തിൽ പോയ മക്കളുടെ ശമ്പളം കിട്ടിയപ്പോൾ അയൽവക്കത്തും, നാട്ടിലും, വീട്ടിലുമെല്ലാം വലിയ സന്തോഷം. അതു കണ്ടപ്പോൾ മകൻ ദുഃഖത്തോടെ പറഞ്ഞു.
”അന്ന് കാലൊടിഞ്ഞില്ലായിരുന്നില്ലെങ്കിൽ ഞാനും ഇപ്പോൾ പട്ടാള ഉദ്യോഗസ്ഥനായേനേ!’’
അങ്ങനെ പറയാൻ വരട്ടെ മകനേ! ഇതൊരു ഭാഗ്യത്തിന്റെ ആരംഭമാണ്” അച്ഛന്റെ സമാശ്വാസ സ്വരം അങ്ങനെയായിരുന്നു. അതുതന്നെ സംഭവിച്ചു. ആ രാജാവ് തൊട്ടടുത്ത രാജാക്കന്മാരുമായുളള ഏറ്റുമുട്ടലിൽ പരാജയപ്പെട്ടു. സൈന്യങ്ങളും വധിക്കപ്പെട്ടു. വൃദ്ധനും, പുത്രനും സന്തുഷ്ടരായി ശേഷിച്ച കാലം ദൈവപരിപാലനയിൽ ആശ്രയിച്ച് കഴിഞ്ഞു.
സന്തോഷവും ദുഃഖവുമെല്ലാം നാണയത്തിന്റെ ഇരുപുറങ്ങൾ പോലെയാണ്. അതുമാറിമാറി വീഴും. സന്തോഷമാണ് ആദ്യം ലഭിക്കുന്നതെങ്കിൽ അമിത സന്തോഷം വേണ്ട. കാരണം ആ സന്തോഷം അധികം നീളും മുമ്പേ മറ്റൊരു നൊമ്പരം നമുക്ക് ലഭിക്കും. ആയതിനാൽ ജീവിതത്തിൽ സഹനങ്ങളും കഷ്ടപ്പാടുകളുമാണ് നേരിടേണ്ടിവരുന്നതെന്നോർത്ത് ആരും വിലപിക്കേണ്ടതില്ല. അവക്ക് മേൽ ദൈവത്തിന്റെ കരം സ്പർശിക്കാൻ അധികനേരം വേണ്ട. അതോടെ നമ്മുടെ ജീവിതം ആനന്ദഭരിതമായി മാറും. ദൈവത്തിൽ ആശ്രയിച്ച് മാത്രമേ മനുഷ്യന് മുന്നോട്ട് പോകാൻ കഴീയു എന്ന് തീർച്ച.
നഷ്ടപ്പെടുന്ന സമയം
ഇന്ന് മനുഷ്യൻ ഏറ്റവുമധികം പറയുന്ന വാക്കുകളിലൊന്ന് സമയത്തെക്കുറിച്ചാണ്. ‘സമയം പോയി”സമയമില്ല’ സമയമായി’ തുടങ്ങിയ എത്രയോ വാക്കുകളാണ് നാം ദിവസവും പറയുന്നത്. എന്നാൽ സമയത്തിന്റെ വിലയറിയാതെ ചുരുക്കം ചിലരെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ മുഴുവൻ സമയവും ചെലവഴിക്കുന്നവരുണ്ട്. എത്രമാത്രം സമയമാണ് അവരിൽ പലരും വെറുതെ കളയുന്നത്.
സമയമില്ല എന്ന് വിലപിക്കുന്നവരും സമയം പോയി എന്ന് വിലപിക്കുന്നവരും അവരാണ്. അതിനാൽ സമയത്തിന്റെ വിലയെക്കുറിച്ച് നാം മനസിലാക്കണം.
സമയത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നത് റിസ്റ്റ് വാച്ചുകളാണ്. ‘വാച്ച്’ (Watch) എന്ന വാക്കിന് പോലും അതിനാൽ വിശാലാർത്ഥമുണ്ടെന്ന് കെ.പി. കേശവ മേനോൻ എഴുതുന്നു. Watch-ലെ ഓരോ അക്ഷരങ്ങളും അമൂല്യമായ പദങ്ങളാണ്. ആ പദങ്ങളാകട്ടെ സമയത്തിന്റെ വിലയെത്ര വലുതെന്ന് നമ്മെ ബോധ്യപ്പെടുത്തിതരുന്നു. W എന്ന ആദ്യ അക്ഷരം ‘Word’ നെയാണ് സൂചിപ്പിക്കുന്നത്. ‘സമയം അമൂല്യമാണ്. അതുകൊണ്ട് നാം പറയുന്ന ഓരോ വാക്കും അളന്നും തൂക്കിയും ആയിരിക്കണമെന്ന് വാച്ച് നമ്മെ ഓർമിപ്പിക്കുന്നു.
രണ്ടാമത്തെ അക്ഷരം A ആണ.് Action എന്നാണിതിന്റെ പൂർണ്ണരൂപം. നാം പറയുന്ന വാക്കിനനുസരിച്ച് പ്രവൃത്തിക്കണമെന്നാണ് ഈ പദം വിവക്ഷിക്കുന്നത്. ഇന്ന് ചെയ്യേണ്ട പ്രവൃത്തികൾ ഒരിക്കലും നാളേക്ക് മാറ്റിവെക്കരുതെന്നും ഈ വാക്ക് നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
മൂന്നാമത്തെ അക്ഷരം t ആണ്. Thought േനെയാണ് ഇത് കാണിക്കുന്നത്. വാക്കും പ്രവൃത്തിയും ശരിയാകണമെങ്കിൽ ചിന്ത വിശുദ്ധമായിരിക്കണമെന്നാണ് ഈ പദം ഓർമിപ്പിക്കുന്നത്. നന്നായി ചിന്തിക്കുന്നവന് നന്നായി പ്രവർത്തിക്കാൻ കഴിയും.
നാലാമത്തെ അക്ഷരമായ C എന്നാൽ Character എന്ന് വിപുലീകരിക്കാം. വാക്കും പ്രവൃത്തിയും, ചിന്തയും വിശുദ്ധമാണെങ്കിൽ ആ വ്യക്തിയുടെ സ്വാഭാവവും വിശുദ്ധമായിരിക്കും.
അവസാന അക്ഷരം H ആണ്. അത് Heart നെ സൂചിപ്പിക്കുന്നു. നല്ലൊരു ഹൃദയത്തിനുടമ ഒട്ടും സമയം കളയാതെ ജീവിതത്തെ നിർമ്മലമാക്കുമെന്നാണ് ഈ വാക്കുകളെല്ലാം ധ്വനിപ്പിക്കുന്നത്.
‘വാച്ച്’ കെട്ടുന്നവർ ‘വാച്ചിന്റെ’ ഈ വിശാലാർത്ഥം ചിന്തിച്ചിരുന്നെങ്കിൽ സമയത്തെപ്പറ്റി ഉറച്ച ബോധ്യം ലഭിക്കുമായിരുന്നു. അവർ സമയം പാഴായിപ്പോയെന്ന് വിലപിക്കില്ല, സമയമില്ലെന്ന പാഴ്‌വാക്കും പറയില്ല.
സമയം ആർക്ക് വേണ്ടിയും ഒരിക്കലും കാത്തുനിൽക്കുന്നില്ല. ഓരോ മിനിട്ടും മുന്നോട്ടുപോകുന്നതനുസരിച്ച് നമ്മുടെ ജീവിതാന്ത്യത്തിന്റെ ദിനങ്ങൾ കുറെക്കൂടി അടുത്തുവന്നുകൊണ്ടിരിക്കുകയാണെന്ന യഥാർഥ്യം മറക്കാതിരിക്കുക.
പഠനത്തിൽ സമർത്ഥനായ കഥ
(രക്ഷകർത്താവിനോട് ഹിന്ദി അധ്യാപിക)
”സ്‌കൂൾ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ നിങ്ങളുടെ മകൻ എങ്ങനെയാണ് ഹിന്ദിയിൽ ഒന്നാമനായി മാറിയത്?”
രക്ഷകർത്താവ്: ”അവനെ ഞാൻ രണ്ടാഴ്ച ബംഗാളി പിള്ളേരുടെ കൂടെ കെട്ടിടനിർമ്മാണത്തിന് അയച്ചു ടീച്ചറേ…അത്രേയുള്ളൂ…”
ജയ്‌മോൻ കുമരകം
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?