Follow Us On

29

March

2024

Friday

ഉഗാണ്ടയിലെ അനുഭവങ്ങൾ

ഉഗാണ്ടയിലെ അനുഭവങ്ങൾ

ഗോത്രസംസ്‌ക്കാരത്തിന്റെ പ്രാകൃത ശൈലികൾ പിൻതുടരുന്ന ജനതകളുടെ നടുവിൽ സേവനം ചെയ്യേണ്ടി വരുന്ന ഒരു മിഷനറിയുടെ ഹൃദയഭാരം എത്രയെന്ന് നമുക്ക് ഊഹിക്കാൻ കഴിഞ്ഞെന്നുവരില്ല. ഉഗാണ്ട, കമ്പാല, മംമ്പറാറ, ടോറോറാ എന്നീ നാല് എക്ലീസിയാസ്റ്റിക്കൽ പ്രൊവിൻസുകളിലായി 15 രൂപതകളാണ് ഉഗാണ്ട എന്ന രാഷ്ട്രത്തിലെ കത്തോലിക്കാ സാന്നിധ്യം (49.9%) വിളിച്ചോതുന്നത്. ഉഗാണ്ടൻ ജനസംഖ്യയിൽ ഭൂരിപക്ഷ ക്രൈസ്തവരാണെങ്കിലും വിശ്വാസ ജീവിതം നയിക്കുന്നവർ തുലോം കുറവാണ്. ഗോത്ര സംസ്‌ക്കാരത്തിന്റെ നിഗൂഢമായ അടിയൊഴുക്കുകളിൽ നിന്ന് ഇനിയും ആ ജനത വിമുക്തി നേടിയിട്ടില്ല. രാഷ്ട്രീയ അസ്ഥിരത, എച്ച്.ഐ.വി- എയ്ഡ്‌സ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ എന്നിങ്ങനെ ഉഗാണ്ടയുടെ വളർച്ചയ്ക്ക് വിഘാതമാകുന്ന ഘടകങ്ങൾ നീളുന്നു.
മാതാപിതാക്കളിൽനിന്ന് കിട്ടിയ മാർഗദീപം ഉയർത്തിപ്പിടിച്ചാണ് വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ വൈദിക വിദ്യാർത്ഥിയായിരുന്ന ജെയ്മി (ജോണി) പറത്തിനാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എത്തിയത്. തന്നിലെ കഴിവില്ലായ്മകളെയും കുറവുകളെയും ദൈവം പരിഹരിച്ചുകൊള്ളുമെന്നതിൽ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഉയർന്ന മിലിട്ടറി ഉദ്യോഗസ്ഥനായി കാണണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാൽ ക്രിസ്തുവിന്റെ നല്ല പോരാളിയാകണം എന്നതായിരുന്നു എന്റെ ഉറച്ച തീരുമാനം, അതാണ് എന്നെ സമർപ്പിതജീവിതത്തിൽ എത്തിച്ചത്; ഫാ. ജെയ്മി പറത്തിനാൽ പറയുന്നു. മാനന്തവാടി രൂപതയിലെ പുതുശേരിക്കടവ് ഇടവകയിൽ പറത്തിനാൽ ജോർജ് – സലോമി ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് ഫാ. ജെയ്മി പറത്തിനാൽ വി.സി. ഉഗാണ്ടയിൽ കമ്പാല എക്ലീസിയാസ്റ്റിക്കൽ പ്രൊവിൻസിന്റെ കീഴിലുള്ള മസാക്കി രൂപതയിലാണ് ഇപ്പോൾ സേവനം ചെയ്യുന്നത്. പൗരോഹിത്യം സ്വീകരിച്ചിട്ട് നാല് വർഷങ്ങൾ ആകുന്നതേയുള്ളൂ. 2009-ൽ കെനിയായിലാണ് ആദ്യം കാലുകുത്തിയത്. അവിടെ വചനപ്രഘോഷണം നടക്കുന്ന സമയം വൈദികൻ ചോദിച്ചു, 15 മിനിട്ട് പ്രസംഗിക്കാമോ? അപ്രതീക്ഷിതമായ ചുമതല ഏറ്റെടുക്കേണ്ടി വന്നതിൽ ഞാൻ ഞെട്ടിപ്പോയി. നല്ലതുപോലെ ഇംഗ്ലീഷ് പറയാൻ പോലും അറിയില്ല. ഞാനെന്തോ പ്രസംഗ മൽസരത്തിൽ പങ്കെടുക്കാൻ ചെന്നതുപോലെ എനിക്ക് വിഷയം തന്നു. ഞാൻ സമ്മതം മൂളി. ചെറിയ ഒരു നോട്ട് തയ്യാറാക്കി. ശരിക്കും ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു എങ്കിലും ഞാൻ കയറി വീറോടെ പ്രസംഗിച്ചു.
വൈദികരോട് മുട്ടുകുത്തിനിന്ന് സംസാരിക്കുന്ന ജനങ്ങൾ
15 ദിവസങ്ങൾക്കുശേഷം കെനിയയിൽ നിന്ന് ബസിൽ ഉഗാണ്ടയുടെ തലസ്ഥാന നഗരിയായ കമ്പാലയിലേക്ക് പോയി. അവിടെ നിന്ന് 150 കിലോമീറ്റർ അകലെ മസാക്കിയിൽ ഞാൻ എത്തി. അവിടെ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. റോഡ്, വൈദ്യതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ദരിദ്രരായ ജനങ്ങൾ പാർക്കുന്ന ചെമന്ന മണ്ണോടുകൂടിയ വരണ്ട സ്ഥലം. എവിടെയും പൊടിപടലങ്ങൾ. നഗ്നത മറക്കാൻപോലും നിവൃത്തിയില്ലാത്ത പട്ടിണി പാവങ്ങളുടെ ലോകം. ഒരു മിഷനറി എന്ന നിലയിൽ ആശങ്കക്ക് വകയൊന്നുമില്ല. പരുപരുത്ത യാഥാർത്ഥ്യങ്ങൾ അഭിമുഖരിക്കുക എന്നത് വിളിയുടെ ഭാഗമാണ്; ഫാ. ജെയ്മി പറയുന്നു.
”വിൻസെൻഷ്യൻ കാരിസമനുസരിച്ച് വചനപ്രഘോഷണമാണ് ഞങ്ങളുടെ പ്രധാന ദൗത്യം. ആവുന്ന വിധത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു. അതിൽ പ്രധാനപ്പെട്ടത് ഭവന നിർമ്മാണമാണ്. ഏകദിന ധ്യാനങ്ങളാണ് ഇവിടെ നടത്തുക. വരുന്നവർക്കെല്ലാം വയർ നിറയെ ഭക്ഷണം സൗജന്യമായി കൊടുക്കും. ധ്യാനത്തിന് ഫീസ് ഒന്നും വാങ്ങില്ല. കാരണം ജനങ്ങൾ അത്രയും പാവപ്പെട്ടവരാണ്. ത്രിദിന ധ്യാനങ്ങളും നടത്താറുണ്ട.് അപ്പോഴും ഭക്ഷണം, താമസം എല്ലാം സൗജന്യമാണ്. സംഭാവനകൾ വഴിയും സ്‌പോൺസർഷിപ്പ് വഴിയായും ഇതിനുള്ള തുകകൾ കണ്ടെത്തേണ്ട ചുമതല ഞങ്ങൾക്കാണ്. ആരും ആശ്രയമില്ലാത്ത അവസ്ഥയിൽ ദൈവത്തിന്റെ ഇടപെടലുകൾക്ക് വേണ്ടി ദാഹിച്ച് കഴിയുന്ന ജനതകൾ.”
പട്ടിണിയോടൊപ്പം ആത്മീയ ദാരിദ്ര്യത്താൽ നീറി നീറി കരയുന്ന സമൂഹമാണ് ഇവിടെയുള്ളത്. എവിടെ നിന്നെങ്കിലും അൽപം ആശ്വാസം കിട്ടിയിരുന്നെങ്കിൽ എന്നാണ് അവർ വിലപിക്കുന്നത്. പല പ്രദേശങ്ങളിലും ഒരു വിശുദ്ധ കുർബാനയ്ക്ക് മൂന്നും നാലും മാസം കാത്തിരിക്കണം. വൈദികരുടെ ക്ഷാമം അത്രയ്ക്ക് രൂക്ഷം. വൈദിക വിദ്യാർത്ഥിയായിരുന്ന സമയം സന്ധ്യാവേളിൽ നടക്കാനിറങ്ങി. അന്ന് എനിക്ക് ഭാഷ വശമില്ല. പ്രായമായ ഒരു സ്ത്രീ പ്രാർത്ഥിക്കാനായി എന്നെ വീട്ടിലേക്ക് വിളിച്ചു. എനിക്ക് അവരുടെ ഭാഷയിൽ പ്രാർത്ഥിക്കാൻ അറിയാത്തതുകൊണ്ട് ഞാൻ മുട്ടിൻന്മേൽ നിന്ന് കൈകൾ വിരിച്ച് പിടിച്ച് പ്രാർത്ഥിച്ച് തിരികെ പോന്നു. ഏതാനും ദിവസം കഴിഞ്ഞ് അയൽക്കാരിയായ മറ്റൊരു സഹോദരി എന്നോട് പറഞ്ഞു. ബ്രദർ മുട്ടുകുത്തി നിന്ന് പ്രാർത്ഥിച്ച സ്ഥലത്താണ് ആ സഹോദരി കിടന്നുറങ്ങിയത്. വൈദികനല്ലെങ്കിലും വൈദികനെപ്പോലെ അതേ ളോഹ ധരിച്ച വ്യക്തി പ്രാർത്ഥിച്ച സ്ഥലത്ത് കിടന്നുറങ്ങിയാൽ അവർക്ക് മനഃശാന്തി ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ചില ഗോത്രവർഗ സ്ത്രീകൾ വൈദികരുടെ അടുക്കൽ മുട്ടുകുത്തി നിന്നേ സംസാരിക്കൂ. ദൈവത്തോടും വൈദികരോടും അവർക്ക് അത്രമാത്രം ആദരവുണ്ട്; ഫാ. ജെയ്മി അനുഭവങ്ങൾ പങ്കുവച്ചു.
മിഷന്റെ ആരംഭം
വൈരുധ്യങ്ങളുടെയും അതിലേറെ വൈവിധ്യങ്ങളുടെയും നാടായ ഉഗാണ്ടയിൽ 50 വർഷം മുൻപ് ഫാ. ജോസഫ് കുറുപ്പുംപറമ്പിൽ വി.സി (ഫാ. ബിൽ) ആണ് മിഷന് തുടക്കമിട്ടത്. അതോടെ കരിസ്മാറ്റിക്ക് മുന്നേറ്റം കത്തിപ്പടർന്നു. പ്രധാനമായും എയർപോർട്ട് സിറ്റിയായ എൻഡബേ സെന്ററും ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന കബിലസോക്കി എന്നീ സെന്ററുകൾ കേന്ദ്രീകരിച്ചാണ് ധ്യാനങ്ങൾ നടത്തുന്നത്. പ്രധാന ശുശ്രൂഷ സുവിശേഷപ്രഘോഷണമാണ്. കർത്താവിനെ കൊടുക്കുക, ജീവിതങ്ങളെ പരിവർത്തനപ്പെടുത്തുക എന്നതാണ് പരമ പ്രധാനം. ജീവകാരുണ്യപ്രവർത്തനങ്ങളും സഹായങ്ങളുമൊക്കെ നമ്മുടെ കഴിവിനും പരിമിധികൾക്കും അപ്പുറമാണ്. കാരണം ജനങ്ങൾ അത്ര ദുരിതത്തിലാണ്. പിന്നെ ഒരു സന്യാസ സമൂഹമെന്ന നിലയിൽ ഞങ്ങൾക്ക് ഒത്തിരി പരിമിതികൾ ഉണ്ട്. ദൈവത്തെ അറിഞ്ഞ് സ്‌നേഹിച്ച് മുമ്പോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ജനതകൾക്ക് മുമ്പിൽ മറ്റ് പല ഗോത്രങ്ങളുടെയും സ്ഥിതി വളരെ വിചിത്രവും ദുരന്തവുമാണ്.
ഉഗാണ്ടയിൽ 12 ലധികം വ്യത്യസ്ഥ ഗോത്ര വർഗങ്ങളുണ്ട്. ഓരോന്നിലും വ്യത്യസ്തങ്ങളായ സംസ്‌ക്കാരവും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്നു. ഗോത്രസമൂഹത്തിന്റെ രാജാവ് പ്രൊട്ടസ്റ്റന്റ് വിശ്വാസിയാണെങ്കിലും കടുത്ത ആഭിചാര ക്രിയകളിൽ വിശ്വാസമുള്ള ആളാണ്. രാജാവിന്റെ വീട്ടിൽ മന്ത്രവാദികൾ താമസിക്കുന്നുണ്ട്. വിശുദ്ധ കുർബാനയ്ക്ക് മുമ്പിൽ കുമ്പിടാൻ മടിക്കുന്ന ജനങ്ങൾ കബാക്കാ എന്നറിയപ്പെടുന്ന ഇവരുടെ രാജാവ് വന്നാൽ കുമ്പിട്ട് ആരാധിച്ച് നിൽക്കും. ധനാഢ്യരായ സ്ത്രീകൾ ധരിക്കുന്ന ഗോമസ് എന്ന വസ്ത്രം ഗോവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഗോവക്കാരനായ ഗോമസ് എന്ന ആൾ അവിടെ എത്തി രാജ്ഞിക്ക് വസ്ത്രം തയിച്ച് കൊടുത്തു. ഉടുപ്പിന് പേരില്ലാത്തതു കൊണ്ട് തയിച്ച ആളുടെ പേരു തന്നെ അവർ വസ്ത്രത്തിന് നൽകി. ഉഗാണ്ട കിങ്ങ്ഡത്തിൽ പ്രായപൂർത്തിയായ എല്ലാ സ്ത്രീകളുടെയും വസ്ത്രമാണ് ഗോമസ്. പുരുഷൻന്മാർക്ക് വൈദികരുടെ ളോഹപോലെ നീണ്ട വസ്ത്രമാണ്. എന്നാൽ അയഞ്ഞുകിടക്കുന്ന ഉടുപ്പുകളാണ് ഇവർ ധരിക്കുക.
ഇവരുടെ ഭവനങ്ങളിൽ ചെന്നാൽ രാജാവിന്റെയും രാജ്ഞിയുടെയും മക്കളുടെയും ഫോട്ടോകൾ അലംങ്കരിച്ച് വച്ചിരിക്കുന്നത് കാണാം. അമിതമായ രാജഭക്തി ഇവരുടെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു. രാജാവിന് ധാരാളം ഭാര്യമാർ ഉണ്ട്. ജനങ്ങളും ബഹുഭാര്യത്വത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ട് ഭൂരിഭാഗം ആളുകളുടെയും കുടുംബജീവിതം തകർന്ന് തരിപ്പണമായി; ഉഗാണ്ടയുടെ സാമൂഹ്യവസ്ഥയെപ്പറ്റി വേദനയോടെ ഫാ. ജെയ്മി പറഞ്ഞു. ഈ അനുചിത വ്യവഹാരങ്ങൾക്കെതിരെ പള്ളിയിൽ പ്രസംഗിച്ചാൽ സ്ഥിതി വളരെ ഗുരുതരമാകും. മിക്കവാറും ഗോത്രങ്ങൾക്കുമുള്ള പൊതു സ്വഭാവമാണ് മന്ത്രവാദം തുടങ്ങിയ ആഭിചാരക്രിയകൾ. ഇതുകൊണ്ട് ജനം നശിക്കുകയാണ്. ഇതേ സംസ്‌ക്കാരങ്ങളിൽ ജനിച്ച് വളർന്ന തദേശിയരായ സമർപ്പിതർ പോലും ആഭിചാരക്രിയകളുടെ കെട്ടുപാടുകളിൽ നിന്ന് പൂർണ്ണമായി വിമുക്തരായിട്ടില്ല. കാരണം അവരുടെ രക്തത്തിലും സംസ്‌ക്കാരത്തിലും അതിന്റെ അനുരണനങ്ങൾ അലിഞ്ഞ് ചേർന്നിട്ടുണ്ട് എന്നതുതന്നെ.
അനാചാരങ്ങളുടെ അടിമകൾ
ആഭിചാരക്രിയകൾക്ക് നേതൃത്വം കൊടുക്കുന്നവരുടെ വാദഗതികൾ ഇപ്രകാരമാണ.് നിങ്ങൾ എന്തിനാണ് വെള്ളക്കാരുടെ ദൈവത്തിന്റെ പുറകെപോകുന്നത.് നമുക്ക് വലിയ അനുഗ്രഹങ്ങൾ തരുന്നത് മന്ത്രതന്ത്രങ്ങളിലൂടെ പ്രസാദിക്കുന്ന നമ്മുടെ ദൈവമല്ലേ? ഇത്തരം വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവർ ധ്യാനിക്കാൻ വന്നാൽ അവർ പ്രതീക്ഷിക്കുന്നത് ഭൗതിക ആവശ്യങ്ങളാണ്.
ആഭിചാരക്രിയകൾക്ക് വിധേയരാകുന്നവർ കടുത്ത മാനസിക പ്രശ്‌നങ്ങളിലൂടെ കടന്ന് പോകുന്നു. കൗൺസിലിങ്ങിന് വരുന്നവർ പറയുന്നു. ഇത്തരം തിന്മകൾക്ക് അടിമപ്പെട്ടവരുടെ അവസ്ഥ വളരെ ഭീകരമാണ.് അവർക്ക് അറിയില്ല എന്ത് ചെയ്യണമെന്ന്. എങ്ങനെ രക്ഷപെടണമെന്ന്. ആര് എന്നെ രക്ഷിക്കും? എന്ന് വിളിച്ച് നിലവിളിക്കുന്നവരെ ഞങ്ങൾ കാണാറുണ്ട്. വൃത്താകൃതിയിൽ കുറ്റിമരങ്ങൾ വച്ച് പിടിപ്പിച്ച് കൂടാരം പോലെ കെട്ടിയുണ്ടാക്കി അതിനുള്ളിൽ പ്രാകൃത ദൈവങ്ങൾക്ക് ഇവർ ദുഷ്‌കർമ്മങ്ങളും ബലികളും അർപ്പിക്കുന്നു.
ഇത്തരം സാഹചര്യങ്ങളിൽ മിഷനറിമാർ ജനങ്ങളോട് പറയും, നിങ്ങൾ ധ്യാനത്തിൽ സംബന്ധിക്കാൻ വരണം. കർത്താവായ ദൈവം നിങ്ങളെ രക്ഷിക്കും. വചനപ്രഘോഷണം കേൾക്കാൻ വരുന്നവരിൽ പലരും തങ്ങളുടെ തെറ്റുകൾ മനസിലായിക്കഴിയുമ്പോൾ ഉരുണ്ട് വീണ് അലമുറയിട്ട് കരയും. കാലങ്ങളായുള്ള സുവിശേഷശ്രവണങ്ങളിലൂടെ ധാരാളം കുടുംബങ്ങൾ രക്ഷപ്പെട്ട് യേശുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ച് ജീവിക്കുന്നു. ദിവസവും വായിക്കാൻ വേണ്ടി ഞങ്ങൾ അവർക്ക് തിരുവചനങ്ങൾ എഴുതി കൊടുത്തുവിടും. അവ കൃത്യമായി വായിച്ച് വചന നിറവിൽ പൈശാചികബന്ധനങ്ങളിൽ നിന്ന് വളരെ ആളുകൾ രക്ഷപെടുന്നുണ്ട്. ഇന്ന് ധാരാളം കുടുംബങ്ങൾ ദൈവപരിപാലനയിൽ ആശ്രയിച്ച് കഴിയുന്നു.
ഇത്രയെല്ലാം നടക്കുന്നുവെങ്കിലും ഇനിയും അനേകായിരങ്ങൾ തിന്മയുടെ ഇരുണ്ട ഗർത്തങ്ങളിലാണ് കഴിയുന്നത്. തിന്മയുടെ സ്വാധീനങ്ങളിൽ പെട്ട് കഴിയുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ധാരാളം മിഷനറിമാരെ ഇവിടേക്ക് ആവശ്യമുണ്ട്. കേരളത്തിൽ മദ്യശാലയിൽ ചെന്ന് മദ്യപാനത്തിനെതിരെ സംസാരിച്ചാൽ എങ്ങനെ ഉണ്ടാകും? അതുപോലെ ഇവിടെ ക്ഷുദ്രക്രിയകൾക്കും ബഹുഭാര്യത്വത്തിനും എതിരെ സംസാരിച്ചാൽ അപകടമാണ്. എന്തെല്ലാമാണെങ്കിലും വൈദികരായ ഞങ്ങൾ ഇത്തരം തിന്മകളെക്കുറിച്ച് ആളുകളോട് ശക്തമായി പറഞ്ഞ് കൊടുക്കാറുണ്ട്. മരിക്കേണ്ടി വന്നാൽ മരിക്കും. അതിനും തയ്യാറായിട്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. വൈദികരായ ഞങ്ങൾക്കെതിരെ പോലും ശത്രുസംഹാര ആഭിചാരക്രിയകൾ നടത്തുന്നവരുണ്ട്. ദൈവം കൂട്ടിനുള്ളപ്പോൾ നമുക്ക് എന്ത് സംഭവിക്കാനാണ്; ഫാ. ജെയ്മി ചോദിക്കുന്നു.
മസാക്കാ രൂപതാ വൈദികൻ ഫാ. ജോൺ ക്രിസോസ്റ്റം കസ്‌വാ; ഇദ്ദേഹത്തിനാണ് ധ്യാന സെന്ററിന്റെ ഉത്തരവാദിത്വം. വചനപ്രഘോഷണങ്ങളിലൂടെ ജനങ്ങളെ കുമ്പസാരത്തിലേക്കും കൗദാശിക ജീവിതത്തിലേക്കും പിടിച്ചുയർത്തി പൈശാചിക ബന്ധനങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുന്ന ശ്രമകരമായ ശുശ്രൂഷയാണ് വൈദികർ ചെയ്യുന്നത്. വിദ്യാസമ്പന്നരായവർക്ക് വേണ്ടി ഇംഗ്ലീഷിലും അല്ലാത്തവർക്കായി ഉഗാണ്ടാ ഭാഷയിലുമാണ് വചനപ്രഘോഷണങ്ങൾ നടത്തപ്പെടുക. എല്ലാ വ്യാഴാഴ്ചകളിലും ഏകാന്തധ്യാനങ്ങൾ സംഘടിപ്പിക്കും. ജനങ്ങളെ പരമാവധി കൗദാശിക ജീവിതത്തിലേക്ക് കൊണ്ടുവരുക എന്നതാണ് ലക്ഷ്യം.
വഴിതെറ്റുന്ന യുവജനങ്ങൾ
ഉഗാണ്ടയിൽ പഠനം വളരെ ചിലവേറിയതാണ്. ഗവൺമെന്റ് തലത്തിലോ അല്ലാതെയോ സൗജന്യവിദ്യാഭ്യാസം ഇല്ല. ഉയർന്ന ഫീസ് കൊടുത്ത് പഠിപ്പിക്കാൻ നിവൃത്തി ഇല്ലാത്തതുകൊണ്ട് ഭൂരിഭാഗം കുട്ടികളും മറ്റ് കാര്യങ്ങളിൽ വൃാപൃതരായി ജീവിക്കുന്നു. വിദ്യാഭ്യാസത്തിന്റെ അഭാവംകൊണ്ട് സാധാരണ ജനങ്ങൾ പുരോഗതി പ്രാപിക്കാതെ നിസഹായരായി ജീവിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ യുവജനങ്ങളുടെ സാന്നിധ്യം തുലോം കുറവാണ്. അവർ തൊഴിൽ തേടി പോകുന്നു. യുവജനങ്ങൾ പൊതുവേ ജീവിതം അടിപൊളിയായി ആസ്വദിക്കണം എന്ന ചിന്താഗതിക്കാരാണ്. അതിന്റെ ഭാഗമായി തെറ്റായ സ്‌നേഹബന്ധങ്ങൾ, മന്ത്രതന്ത്രങ്ങൾ എന്നിവയുടെ പിന്നാലെ പായുകയാണ്. മിക്കവരും വഴിവിട്ട ബന്ധങ്ങളുടെ പിടിയിലാണ്. യുവജനങ്ങൾക്കുവേണ്ടി ഒരു ധ്യാന പ്രോഗ്രം സംഘടിപ്പിച്ചു. 20 വയസിന് താഴെയുള്ള കുറച്ച് പേർ മാത്രമാണ് പങ്കെടുക്കാൻ വന്നത്. മുതിർന്ന യുവാക്കൾ ആരും എത്തിയില്ല. പലവിധ സ്വാധീനങ്ങൾ അവരെ പിന്തിരിപ്പിക്കുന്നു. മറ്റൊരു ലക്ഷ്യം വിദ്യാഭ്യാസ മേഖലയാണ്. മറ്റുപല കാരണങ്ങളാൽ വളരെ പരിമിതമായ ഇടപെടലുകളെ നടത്താനാകൂ.
”ഒരിക്കൽ യുണിവേഴ്‌സിറ്റിയിൽ, വൺ ഔവർ ഹീലിങ്ങ് ആന്റ് ഡെലിവറൻസ് പ്രെയർ നടത്താൻ വേണ്ടി എന്നെ ക്ഷണിച്ചു. ശുശ്രൂഷയുടെ ഭാഗമായി 20 മിനിറ്റ് വചനപ്രഘോഷണം നടത്താൻ മാത്രമാണ് അവർ എനിക്ക് സമയം അനുവദിച്ചത്. വിദ്യാഭ്യാസ മേഖലയെ സംശുദ്ധീകരിക്കുന്ന ശ്രമങ്ങൾക്ക് പ്രതികൂലമായി നിൽക്കുന്ന വസ്തുതകൾ ഇതാണ്. ഇവിടുത്തെ സംസ്‌ക്കാരത്തിന്റെ ഭാഗമായി നിലനിൽക്കുന്ന ദുരാചാരങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടാൽ അത് തങ്ങളുടെ ഭൗതിക അസ്തിത്വത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ഉൾഭയം അവരിലുണ്ട്. പല സ്‌കൂളുകളിലും ധ്യാനങ്ങൾ നടത്താമെന്നു പറഞ്ഞാൽ പലപ്പോഴും പോസിറ്റീവ് ആയ മറുപടി അല്ല ലഭിക്കുക. എതിർ ചോദ്യങ്ങളും വൈദികരായ ഞങ്ങൾക്ക് കിട്ടാറുണ്ട്.”
ഇപ്പോൾ ഇടവക വൈദികർക്ക് ധ്യാനങ്ങൾ കൊടുക്കുന്നുണ്ട്. കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റത്തോട് പലർക്കും താൽപര്യമില്ല. മസാക്കയിലെ ബിഷപ് പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകുന്നു. തദ്ദേശ ദൈവവിളി പ്രോൽസാഹിപ്പിക്കുന്നതിന് പല സ്‌കൂളുകളിലും പോയി ഞങ്ങൾ കുട്ടികളെ കണ്ട് സംസാരിച്ചു. അതൊന്നും കാര്യമായ പ്രതിഫലനങ്ങൾ സൃഷ്ടിച്ചില്ല.
ഞാൻ വ്യക്തിപരമായി കർത്താവിനോട് ചോദിക്കാറുണ്ട്: കർത്താവേ നീ എന്തിനാണ് എന്നെ ഇവിടെ കൊണ്ടു വന്നത്? പ്രതീക്ഷിച്ചതുപോലെ ഒന്നും ചെയ്യാൻ എനിക്ക് പറ്റുന്നില്ലല്ലോ. കർത്താവ് എനിക്ക് പ്രത്യുത്തരം നൽകി. ‘നിന്റെ ജീവിതം ആകുലചിത്തനാകാനല്ല, ബലിക്കല്ലിൽ ബലിയായിത്തീരാനാണ് നിന്റെ വിളി. ആയിരം പ്രഘോഷണങ്ങൾ നീ നടത്തിയില്ലെങ്കിലും നീ ഇവിടെ വേരു പിടിച്ചാലും… തുരുമ്പ് എടുത്തു പോയാലും…. എല്ലാം ഞാൻ അറിയുന്നുണ്ട്. നീ ഇവിടെ ആയിരിക്കുക. സമയത്തിന്റെ പൂർണ്ണതയിൽ ഞാൻ നിന്നെ എടുത്ത് ഉപയോഗിച്ച് കൊള്ളാം.’എന്റെ ആകുലതകളും ആശങ്കകളും പോയ വഴി ഞാൻ പിന്നെ അറിഞ്ഞില്ല. മനസ് പ്രശാന്തമായി. ഇനി എന്ത് തന്നെ സംഭവിച്ചാലും ദൈവമഹത്വത്തിന് വേണ്ടി എന്റെ ജീവിതവും സേവനങ്ങളും ഞാൻ തുടരും. മനസ് ഉറപ്പിച്ച് തീരുമാനമെടുത്തു; ഫാ. ജെയ്മി പറഞ്ഞു.
തകരുന്ന കുടുംബങ്ങൾ
ഇടവക, ദൈവാലയം തുടങ്ങിയ ഘടകങ്ങൾക്ക് വലിയ പ്രസക്തി ഇല്ല. ഉഗാണ്ടൻ സംസ്‌ക്കാരം അതാണ് പരമപ്രധാനം. ഇടവകയുമായി അടുത്ത് നിൽക്കുന്നത് ചുരുക്കം ചില കുടുംബങ്ങൾ മാത്രം. ബാക്കിയൊക്കെ പള്ളിയിൽ വന്ന് മുഖം കാണിച്ച് പോകുന്നവരാണ്. കൗദാശിക ജീവിതത്തേക്കുറിച്ചുള്ള അജ്ഞത ആത്മീയ ഉണർവിന് വിഘാതമായി നിൽക്കുന്നു.
90 ശതമാനം കുടുംബങ്ങളും തകർന്ന നിലയിലാണ് അവിശ്വസ്തതയുടെ കൂടാരമാണ് കുടുംബങ്ങൾ; വിശ്വസ്തയോടെ ജീവിക്കുന്ന കുടുംബങ്ങളെ തിരഞ്ഞാൽ, ഒരു ഇടവകയിൽ വിരലിൽ എണ്ണാൻ മാത്രമേ കാണൂ. പള്ളിയിൽ വച്ച് വിവാഹിതരാകുന്നതിനെ കുറിച്ച് പറഞ്ഞാൽ ചുരുക്കം ചിലരെ അനുസരിക്കുകയുള്ളു. കുടുംബജീവിതങ്ങൾ പുനരുദ്ധരിക്കുക വഴി മാത്രമേ ഇവിടെ നല്ല ദൈവവിളികൾ ഉണ്ടാകൂ. അതിർ വരമ്പുകളില്ലാത്ത ലൈംഗികതയുടെ പിടിയിലാണ് ഈ രാജ്യം. കത്തോലിക്കാ സഭ വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ പ്രബലമായ ഗോത്രസംസ്‌ക്കാരങ്ങളുടെ പിടിയിൽ അകപ്പെട്ടുകിടക്കുകയാണ് ജനങ്ങൾ.
പ്രതിസന്ധികൾക്ക് ഒറ്റ പരിഹാരമേ ഉള്ളു. ധാരാളം മിഷനറിമാർ കടന്ന് വന്ന് വചനപ്രഘോഷണം ശക്തമാക്കുക. കർത്താവിനെ കൊടുക്കുക. ദൈവവചനം എല്ലാവരിലും എത്തിക്കഴിഞ്ഞാൽ ബന്ധനങ്ങളിൽ നിന്ന് വിമുക്തി പ്രാപിച്ച് ദൈവത്തെ നേടാൻ തീർച്ചയായും ഇവർക്ക് കഴിയും. മരണത്തിന്റെ മണമുള്ള തിന്മയുടെ നീരാളിപ്പിടത്തത്തിൽ നിന്ന്…. ജീവിതം കശക്കിയെറിഞ്ഞ സുഖഭോഗാസക്തികളുടെ ലഹരികളിൽ നിന്ന്…. അറിവില്ലായ്മകളുടെ കൂരിരുൾ ഗർത്തത്തിൽ നിന്ന്…. ദൈവത്തിന് വേണ്ടി, ഒരു കൈത്താങ്ങിനായി ചിലരെങ്കിലും അലമുറയിട്ട് കരയുന്നുണ്ട്. ജീവിതം പരിവർത്തനപ്പെട്ടാൽ വചനാധിഷ്ഠിതമായി ജീവിക്കാൻ ഇവർ തയ്യാറാകും എന്ന് എനിക്ക് ഉറപ്പുണ്ട്. ആ സാക്ഷ്യജീവിതം, അത് അൾത്താരയിൽ നിന്ന് ആരംഭിച്ച് ജനങ്ങളിലേക്ക് എത്തിക്കണം. അതിന് അർപ്പണ മനോഭാവവും സേവന സന്നദ്ധതയുമുള്ള സമർപ്പിതരെ ആണ് ഈ നാടിനാവശ്യം; ഫാ. ജെയ്മി പറത്തിനാൽ പറഞ്ഞുനിർത്തി.
ജയിംസ് ഇടയോടി
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?