Follow Us On

28

March

2024

Thursday

മദ്യശാലകൾ, ആശങ്കാജനകം : സീറോ മലബാർ സിനഡ്

മദ്യശാലകൾ, ആശങ്കാജനകം : സീറോ മലബാർ സിനഡ്

മദ്യവർജനം പ്രോത്സാഹിപ്പിക്കുമെന്നും ബോധവത്കരണം ശക്തമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ മറുവശത്തു മദ്യത്തിന്റെ ലഭ്യത വലിയ തോതിൽ വർധിക്കുന്നതിനിടയാക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതു ജനവിരുദ്ധമാണെന്ന് സീറോ മലബാർ സിനഡ്.
മദ്യപന്മാരോടല്ല, ആരോഗ്യവും സമാധാനവുമുള്ള സമൂഹത്തോടാണു സർക്കാരിനു കൂടുതൽ കടപ്പാടുണ്ടാവേണ്ടത്. മദ്യപാനികളെ സാധാരണജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ശ്രമങ്ങളുണ്ടാവണമെന്നും സിനഡ് ഓ ർമ്മിപ്പിച്ചു.
ഇടുക്കിയിൽ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നയപരമായ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നത് ആശാവഹമാണ്. എന്നാൽ പട്ടയവിതരണം സംബന്ധിച്ച ഉത്തരവുകളും തുടർനടപടികളും വേഗത്തിലാക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണം.
ജുവനൈൽ ജസ്റ്റീസ് ആക്ട് നടപ്പാകുമ്പോൾ കേരളത്തിലെ അനാഥമന്ദിരങ്ങളും ബാലഭവനങ്ങളും പ്രവർത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം രൂപപ്പെടുകയാണ്. സാമൂഹ്യജീവിതത്തിൽ കാരുണ്യത്തിന്റെ മുഖങ്ങളായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്ന ജെ ജെ ആക്ടിലെ നിർദേശങ്ങളിൽ കൂടുതൽ ചർച്ചകളും പുനരാലോചനകളും ആവശ്യമാണ്. നിരാലംബരെ സംരക്ഷിക്കുന്ന അനാഥമന്ദിരങ്ങളുടെയും വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികളുടെയും ആവശ്യങ്ങളും അവകാശങ്ങളും പരിഗണിച്ചാവണം ജുവനൈൽ ജസ്റ്റീസ് (ജെ ജെ) ആക്ട് നടപ്പാക്കേണ്ടതെന്നു സീറോ മലബാർ സിനഡ് വ്യക്തമാക്കി.
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്നതും ജെ ജെ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ, വിദ്യാഭ്യാസത്തിനുമാത്രം കുട്ടികളെ താമസിപ്പിക്കുന്ന ബാലമന്ദിരങ്ങൾ പ്രത്യേക വിഭാഗമായി പരിഗണിച്ച് പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണം. അനാഥ, ബാലമന്ദിരങ്ങളുടെ നിലനിൽപിനു സഹായകമാകുന്ന നിലപാടാണു സർക്കാരുകൾ സ്വീകരിക്കേണ്ടതെന്നും സിനഡ് അഭിപ്രായപ്പെട്ടു.
രാജ്യം നേരിടുന്ന മത, സാമൂഹ്യ പ്രതിസന്ധികളെക്കുറിച്ചു ചർച്ച ചെയ്യാൻ സിനഡ് പ്രതിജ്ഞാബദ്ധമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. വിശ്വാസജീവിതം അർഥപൂർണമാക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ പൊതുവിഷയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്താനും സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സിനഡിൽ 49 മെത്രാന്മാർ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?