Follow Us On

28

March

2024

Thursday

ഫാ. ജോസഫ് പാംബ്ലാനി ഉൾപ്പെടെ മൂന്ന് പേർ സീറോ മലബാർ ബിഷപ്പുമാർ

ഫാ. ജോസഫ് പാംബ്ലാനി ഉൾപ്പെടെ മൂന്ന് പേർ  സീറോ മലബാർ ബിഷപ്പുമാർ

കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാർ കൂടി.  സിനഡിന്റെ സമാപനത്തോടനുബന്ധിച്ച്  സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍  മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്  പ്രഖ്യാപനം നടത്തിയത്. സീറാ മലബാർ സഭാ കൂരിയയിൽ റവ. ഡോ.സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെയും തലശേരിയിൽ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂർ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, കാഞ്ഞിരപ്പിള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സീറോ മലബാര്‍ സഭാസിനഡിലെ എല്ലാ മെത്രാന്മാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
* നിയുക്തമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി
പാംബ്ലാനിയില്‍ തോമസ്-മേരി ദമ്പതികളുടെ  ഏഴു മക്കളില്‍ അഞ്ചാമനായി 1969 ഡിസംബര്‍ 3-ന് ജനിച്ച ഫാ. ജോസഫ് തലശ്ശേരി അതിരൂപതയിലെ ചരല്‍ ഇടവകാംഗമാണ്. ചരല്‍ എല്‍. പി. സ്‌കൂള്‍, കിളിയന്തറ യു. പി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും  നിര്‍മലഗിരി കോളേജില്‍ പ്രീഡിഗ്രിയും കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദികപരിശീലനത്തിനായി തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത മെത്രാന്‍ 1997 ഡിസംബര്‍ 30-ന് മാര്‍ ജോസഫ് വലിയമറ്റം പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് പേരാവൂര്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും ദീപഗിരി ഇടവകയില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. 2001-ല്‍ ഉപരിപഠനാര്‍ഥം ലൂവൈനു പോയ നിയുക്ത മെത്രാന്‍ പ്രസിദ്ധമായ ലുവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശ്ശേരി ബൈബിള്‍ അപ്പസ്റ്റൊലേറ്റ് ഡയറക്ടറായി നിയമിതനായി. ആല്‍ഫാ ഇന്‍സ്റ്റിട്യൂട്ടിന്റെ സ്ഥാപകനായ ഫാ.പാംബ്ലാനി ആലുവാ, വടവാതൂര്‍, കുന്നോത്ത്, ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് എന്നീ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറാണ്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ നിയുക്ത മെത്രാന്‍ ഇപ്പോള്‍ തലശ്ശേരി അതിരൂപതയുടെ സിന്‍ചെല്ലൂസാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജര്‍മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
* നിയുക്തമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍
നീലങ്കാവില്‍ ഷെവലിയര്‍ എന്‍. എ. ഔസേപ്പിന്റെയും റ്റി. ജെ. മേരിയുടെയും  അഞ്ചു മക്കളില്‍ മൂത്തമകനായി 1967 ജൂലൈ 23-ന് ജനിച്ച ഫാ. ടോണി തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ഇടവകാംഗമാണ്. ഒല്ലൂര്‍ സെന്റ് റാഫേല്‍സ് എല്‍. പി. സ്‌കൂള്‍, തൃശ്ശൂര്‍ ലത്തീന്‍ കോണ്‍വെന്റ് യു. പി. സ്‌കൂള്‍, മോഡല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും  സെന്റ് തോമസ് കോളേജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം 1984-ല്‍ വൈദികപരിശീലനത്തിനായി തൃശ്ശൂര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത മെത്രാന്‍ 1993-ാമാണ്ട് ഡിസംബര്‍ 27-ന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ഒല്ലൂര്‍, പാലയൂര്‍ എന്നീ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു. 1995-ല്‍ ഉപരിപഠനാര്‍ഥം ബെല്‍ജിയത്തിനു പോയ നിയുക്ത മെത്രാന്‍ അവിടത്തെ പ്രസിദ്ധമായ ലുവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2002-ല്‍ നാട്ടില്‍ തിരിച്ചെത്തി തൃശ്ശൂര്‍ മേരി മാതാ സെമിനാരിയില്‍ ആനിമേറ്ററായും ആത്മീയപിതാവായും അധ്യാപകനായും ഡീന്‍ ഓഫ് സ്റ്റഡീസ് ആയും സേവനമനുഷ്ഠിച്ച അദ്ദേഹം 2017 മാര്‍ച്ചിലാണ് ഇതേ സെമിനാരിയില്‍ റെക്ടറായി നിയമിക്കപ്പെട്ടത്. ഇക്കാലയളവില്‍ തന്നെ മഞ്ഞക്കുന്നു പള്ളിയില്‍ പ്രോ-വികാരിയായും സെന്റ് മര്‍ത്താസ്,  സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി, നിര്‍മലദാസി എന്നീ സന്യാസിനി സമൂഹങ്ങളില്‍ ആത്മിയനിയന്താവായും, ജീസസ് ഫ്രട്ടേണിറ്റി ചാപ്ലയിനായും ശുശ്രൂഷ ചെയ്തു.   അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനും ദൈവശ്ശാസ്ത്രജ്ഞനുമാണ് നിയുക്ത മെത്രാന്‍.  മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
പുതിയതായി നിയമിക്കപ്പെടുന്ന മൂന്നു മെത്രാന്മാര്‍ ഉള്‍പ്പെടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 61 ആണ്. ഇവരില്‍ 16 പേര്‍ റിട്ടയര്‍ ചെയ്തവരും 10 പേര്‍ സഹായമെത്രാന്മാരുമാണ്. സീറോ മലബാര്‍ സഭയ്ക്ക് ആഗോളവ്യാപകമായി 32 രൂപതകളാണുള്ളത്. ഇവയില്‍ 29 എണ്ണം ഇന്ത്യയിലും 3 എണ്ണം വിദേശത്തും. ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവയാണ് വിദേശത്തുള്ളത്. ഇതു കൂടാതെ കാനഡായില്‍ ഒരു അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റും, ഇന്ത്യ, ന്യൂസിലന്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്റ്റോലിക് വിസിറ്റേഷനുകളും ഉണ്ട്.
ത്രോയിന (ഫാ.സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍), മസ്സുക്കാബാ (ഫാ. ടോണി നീലങ്കാവില്‍), നുംളുലി (ഫാ. ജോസഫ് പാബ്ലാനി) എന്നിവയാണു നിയുക്ത മെത്രാന്മാരുടെ സ്ഥാനികരൂപതകള്‍. മൂവരുടെയും മെത്രാഭിഷേക തിയതികള്‍ പിന്നീട് തീരുമാനിക്കും.
* നിയുക്തമെത്രാന്‍ മാര്‍ ഫാ.സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ 
പെരുവന്താനം വാണിയപ്പുരയ്ക്കല്‍ വി. എം.തോമസിന്റെയും പരേതയായ ഏലിയാമ്മയുടെയും ഒന്‍പതു മക്കളില്‍  എട്ടാമനായി 1967 മാര്‍ച്ച് 29-ന് ജനിച്ച ഫാ.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ നിര്‍മലഗിരി ഇടവകാംഗമാണ്. മുണ്ടക്കയം സെന്റ് ലൂയിസ് എല്‍. പി. സ്‌കൂള്‍, പെരുവന്താനം സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1982-ല്‍ വൈദികപരിശീലനത്തിനായി പൊടിമറ്റം മേരി മാതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ ഫാ. വാണിയപ്പുരയ്ക്കല്‍ 1992 ഡിസംബര്‍ 30-ന് മാര്‍ മാത്യു വട്ടക്കുഴി പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു. 1995-ല്‍ കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തി ഡയറക്ടറായി നിയമിക്കപ്പെട്ടു. 2000-ാമാണ്ടില്‍ ഉപരിപഠനാര്‍ഥം റോമിനു പോയ നിയുക്ത മെത്രാന്‍ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു സഭാനിയമത്തില്‍ ഡോക്ടറേറ്റു നേടി. കാഞ്ഞിരപ്പള്ളി രൂപതാ ജൂഡീഷ്യല്‍ വികാരിയായും കൊരട്ടി, പൂമറ്റം, ചെന്നാക്കുന്ന്, മുളംകുന്ന് എന്നീ പള്ളികളില്‍ വികാരിയായും സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതിയില്‍ ബന്ധസംരക്ഷകനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. കപ്പാട് ബനഡിക്‌റ്റൈന്‍ ആശ്രമത്തിലും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയിലും പൊടിമറ്റം നിര്‍മലാ തിയളോജിക്കല്‍ കോളേജിലും പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സലറായി സേവനം ചെയ്തു വരവേയാണ് കൂരിയാ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
സീറോ മലബാര്‍ സഭയിലെ രണ്ടാമത്തെ കൂരിയാ മെത്രാനാണ് ഫാ.സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. 2010 മുതല്‍ 2014 വരെ പ്രഥമ കൂരിയാ മെത്രാനായിരുന്ന ബിഷപ് ബോസ്‌കോ പുത്തൂര്‍ ഓസ്‌ട്രേലിയായില്‍ മെല്‍ബണ്‍ കേന്ദ്രമാക്കി സ്ഥാപിതമായ സീറോ മലബാര്‍ രൂപതയുടെ മെത്രാനായി നിയമിതനായതു മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.


 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?