Follow Us On

28

March

2024

Thursday

സമാധാനം സ്ഥാപിക്കാൻ എല്ലാവരും പരിശ്രമിക്കണം: ഫ്രാൻസിസ് പാപ്പ

സമാധാനം സ്ഥാപിക്കാൻ എല്ലാവരും പരിശ്രമിക്കണം: ഫ്രാൻസിസ് പാപ്പ

കൊളംബിയ :സമാധാനം സ്ഥാപിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും സ്വാതന്ത്ര്യവും നിയമപാലനവും കൈകോർത്തു നീങ്ങണമെന്നും ഫ്രാൻസിസ് പാപ്പ. തന്റെ മുൻഗാമികളായ വാഴ്ത്തപ്പെട്ട പോൾ ആറാമൻ പാപ്പയേയും വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയേയും അനുകരിച്ചാണ് താൻ കൊളംബിയയിൽ എത്തിയിരിക്കുന്നതെന്നും കൊളംബിയയിലേക്ക് തന്നെ നയിക്കുന്നത് രാജ്യത്തിൽ ആഴത്തിൽ വേരുന്നിയിട്ടുള്ള വിശ്വാസമെന്ന ദാനവും സകലരുടെയും ഹൃദയങ്ങളിൽ സ്പന്ദിക്കുന്ന പ്രത്യാശയുമാണെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയൻ സന്ദർശനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനായ ”കാസ ദെ നരീഞ്ഞൊ” യിലെത്തിയ പാപ്പ പ്രസിഡൻറ് ഹുവാൻ മനുവേൽ സാന്തോസിനോടും തന്നെ കാണാനെത്തിയ ജനക്കൂട്ടത്തോടും സംസാരിക്കുകയായിരുന്നു.
സായുധ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും അനുരഞ്ജനത്തിൻറെ പാത കണ്ടെത്തുന്നതിനുമായി കഴിഞ്ഞ പതിറ്റാണ്ടുകളിൽ നടന്ന പരിശ്രമങ്ങളിൽ തൃപതി പ്രകടിപ്പിച്ച പാപ്പാ എല്ലാവരും സഹകരിച്ചാൽ മാത്രമെ സമാധാനം സ്ഥാപിക്കാനാകൂ എന്നും വ്യക്തമാക്കി. സ്വാതന്ത്ര്യവും ചിട്ടയും” എന്ന കൊളംബിയായുടെ മുദ്രാവാക്യം പോലെ പൗരന്മാരുടെ സ്വാതന്ത്ര്യം വിലമതിക്കപ്പെടുകയും നിയമത്താൽ സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്നും ബലവാൻറെ നിയമമല്ല നിയമത്തിൻറെ ബലമാണ് നടപ്പിലാകേണ്ടതെന്നും പാപ്പ ഓർമ്മിപ്പിച്ചു. വിദ്വേഷത്തിലും പ്രതികാരനടപടികളിലും ദീർഘകാലമാണ് കഴിഞ്ഞത്. “ഇനി അക്രമം മൂലം ഒരു ജീവൻ പോലും ഹനിക്കപ്പെടാൻ പാടില്ല”. പാപ്പ പറഞ്ഞു
“നിങ്ങൾ ഒറ്റയ്ക്കല്ല എന്നു പറയാനാണ് ഞാൻ കൊളംബിയയിലെത്തിയത്”. തന്റെ സന്ദർശനം അനുരഞ്ജനവും സമാധാനവും പുനസ്ഥാപിക്കുന്നതിന് പ്രചോദനമാകട്ടെയെന്നും കൊളംബിയയുടെ വർത്തമാന ഭാവികാലങ്ങൾക്കായി താൻ പ്രാർത്ഥിക്കുന്നതായും പാപ്പ അറിയിച്ചു. പ്രസിഡൻുമായുള്ള സൗഹൃദ സംഭാഷണത്തിനുശേഷം പാപ്പ വിശിഷ്ടസന്ദർശകരുടെ സാന്നിധ്യം രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ഒപ്പ് വെയ്ക്കുകയും പ്രസിഡന്റിന് യേശുക്ക്രിസ്തുവിന്റെ കുരിശിന്റെ വഴി, ക്രൂശികരണം, സ്വർഗ്ഗാരോഹണം എന്നീ രംഗങ്ങൾ ആലേഖനം ചെയ്ത വെള്ളിയിൽ നിർമ്മിച്ച ശില്പ്പം ഉപഹാരമായി നൽകുകയും ചെയ്തു.
തുടർന്ന് പാപ്പ പ്രസിഡന്റിന്റെ വസതിയിൽ നിന്ന് 400 മീറ്റർ ദൂരെയുള്ള കത്തീഡ്രൽ സന്ദർശിക്കുകയും ബൊളീവർ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ചത്വരത്തിന് സമീപമുള്ള നഗരസഭാമന്ദിരത്തിനടുത്ത് മൊബീൽ നിർത്തിയ പാപ്പയുടെ കൈയ്യിൽ നഗരാധിപൻ നഗരത്തിൻറെ താക്കോൽ നല്കി ആദരിച്ചു. തുടർന്ന് നഗരസാഭാധികാരികളെ അഭിവാദ്യം ചെയ്തതിനു ശേഷം പാപ്പാ അമലോത്ഭവനാഥയ്ക്ക് പ്രതിഷ്ഠിതമായ ഭദ്രാസന ദൈവാലയം സന്ദർശിച്ചു. ദൈവാലയത്തിലെത്തിയ പാപ്പയെ ബൊഗൊട്ടാ അതിരൂപതയുടെ അദ്ധ്യക്ഷനും കത്തോലിക്കാ വൈദികമേലദ്ധ്യക്ഷനുമായ കർദ്ദിനാൾ റുബേൻ സലത്സാർ ഗോമെത്സും രൂപതാസമിതിയും ചേർന്ന് സ്വീകരിച്ചു. തുടർന്നവർ നൽകിയ ഹംഗറിയിലെ വിശുദ്ധ എലിസബത്തിൻറെ തിരുശേഷിപ്പ് സ്വീകരിച്ച പാപ്പ ദൈവാലയത്തിൽ ഒരുമിച്ച് കൂടിയ 3000ത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്യുകയും കൊളൊംബിയായയുടെ സ്വർഗ്ഗീയ സംരക്ഷകയായ ”ചിക്വിൻകിറാ ജപമാല നാഥ”യുടെ തിരുച്ചിത്രത്തിനു മുന്നിലെത്തി ലുത്തീനിയ ചൊല്ലുകയും ചെയ്തു. അതിന് ശേഷം തിരുച്ചിത്രത്തിനു മുന്നിൽ ഒരു സ്വർണ്ണജപമാല സമർപ്പിച്ച പാപ്പ വിശിഷ്ട വ്യക്തികൾ സാന്നിദ്ധ്യം സാക്ഷ്യപ്പെടുത്തുന്ന ഗ്രന്ഥത്തിൽ ഒപ്പു വെച്ചു.
തുടർന്ന് ”വിശുദ്ധകുർബ്ബാനയുടെ കപ്പേള” സന്ദർശിച്ച പാപ്പ സന്ദർശനസംഘാടകസമിതിയംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും നേരിട്ടുകണ്ട് അഭിവാദ്യം ചെയ്തു. തുടർന്ന് കത്തീഡ്രലിനടുത്തുള്ള അതിമെത്രാസനമന്ദിരത്തിലേക്ക് പോയ പാപ്പാ മന്ദിരത്തിൻറെ മുകളിൽ നിന്നുകൊണ്ട് ബൊളീവർ ചത്വരത്തിൽ സന്നിഹിതരായിരുന്ന 22000 ത്തോളം യുവജനങ്ങളോട് കൊളംബിയയ്ക്ക് താൻ സമാധാനം ആശംസിക്കുന്നതായി വ്യക്തമാക്കി. കൊളംബിയയിലെ ജനങ്ങളുടെ വിശ്വാസത്തിൽ നിന്ന് പ്രതികൂലാവസ്ഥകളെ തരണം ചെയ്യുന്നതിനുള്ള ആത്മധൈര്യം പഠിക്കാനാണ് താൻ എത്തിയിരിക്കുന്നതെന്നും ക്രിസ്തുവുമായി കണ്ടുമുട്ടുന്ന യുവജനങ്ങളുടെ ഹൃദയത്തിന്റെ സവിശേഷതയായ ആനന്ദം കാത്തുസൂക്ഷിണമെന്നും പാപ്പ പറഞ്ഞു. ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരാകാതെ മഹത്തായ കാര്യങ്ങൾ സ്വപനം കാണണമെന്ന് പാപ്പ അവരോട് ആഹ്വാനം ചെയ്തു. അപരൻറ വേദനകൾ അറിയുന്നതിനുള്ള പ്രത്യേക കഴിവ് യുവജനങ്ങൾക്കുണ്ടെന്ന് പറഞ്ഞ പാപ്പാ ബലഹീനരായവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി സ്വന്തം സുഖസൗകര്യങ്ങൾ ത്യജിക്കാൻ സന്നദ്ധരാണ് യുവജനങ്ങളെന്നും വ്യക്തമാക്കി.
തുടർന്ന് അതിമെത്രാസനമന്ദിരം സന്ദർശിച്ച പാപ്പ അവിടെ കൊളംബിയയിലെ 130 കത്തോലിക്കാബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. കൊളംബിയൻ ബിഷപ്പ് സംഘത്തിന്റെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ഓസ്‌കർ ഉർബീന ഒർത്തേഗയാണ് പാപ്പയെ സമ്മേളനത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. നിയതമായ സമാധനത്തിലേക്കും അനുരഞ്ജനത്തിലേക്കും ധീരമായ ആദ്യചുവടു വയ്ക്കുന്നതിന് കൊളംബിയയ്ക്ക് ബിഷപ്പുമാരുടെ സഹായമാവശ്യമുണ്ടെന്നും നിരവധിയായ സഹനങ്ങൾക്ക് മൂലകാരണമായ അസമത്വങ്ങളും അക്രമങ്ങളും ഇല്ലാതാക്കുന്നതിന് ഇതാവശ്യമാണെന്നും പാപ്പാ പറഞ്ഞു.
തുടർന്ന് ലത്തീനമേരിക്കയിലെ കത്തോലിക്ക ബിഷപ്പ് സംഘങ്ങളുടെ സംയുക്തസമിതിയായ ചേലാമുമായി (CELAM), കൂടിക്കാഴ്ച നടത്തിയ പാപ്പ. സിമോൺ ബളീവർ പാർക്കിലെത്തി സ്പാനിഷിൽ ദിവ്യബലിയർപ്പിച്ചു. പത്ത് ലക്ഷം വിശ്വാസികളാണ് ദിവ്യബലിയിൽ പങ്ക് ചേരാൻ പാർക്കിലെത്തിയിരുന്നത്. മുൻപ് 1956 ജൂലൈ 2 ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയും ഇവിടെ ദിവ്യബലിയർപ്പിച്ചിരുന്നു. സിമോൺ ബളീവർ പാർക്കിലെ ദിവ്യബലിയർപ്പണത്തിന് ശേഷം പാപ്പാ ആറുകിലോമീറ്റർ അകലെയുള്ള അപ്പസ്‌തോലിക് നൺഷിയേച്ചറിലേക്ക് പോയി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?