Follow Us On

28

March

2024

Thursday

ചീരഞ്ചിറ ഒരു മാതൃകയാകട്ടെ!

ചീരഞ്ചിറ  ഒരു മാതൃകയാകട്ടെ!

ചീരഞ്ചിറ ഒരു മാതൃകയാണ്. കരുണയുടെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഉദാത്ത മാതൃക. കാരുണ്യത്തിന്റെ പര്യായമായി ചരിത്രം കോട്ടയം ജില്ലയിലെ ഈ ഗ്രാമത്തെ വിശേഷിപ്പിച്ചാലും തെറ്റുണ്ടാവില്ല. ബൈക്ക് അപടത്തിൽപ്പെട്ട് കുടുംബനാഥൻ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ് മകൾ ആശുപത്രിയിലാകുകയും ചെയ്ത കുടുംബത്തെ സഹായിക്കുന്നതിനായി നടത്തിയ ധനസമാഹരണമാണ് കാരുണ്യത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ഫാ. സെബാസ്റ്റ്യൻ പുന്നശേരി ഡയറക്ടറായ ചങ്ങനാശേരി പ്രത്യാശ ടീമിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതിയാണ് നാട്ടുകാരെ സമീപിച്ചത്. അഞ്ച് മണിക്കൂർകൊണ്ട് 10 ലക്ഷം രൂപ ലക്ഷ്യമിട്ട് നടത്തിയ ധനസമാഹരണത്തിന് സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു ഉണ്ടായത്. 10 ലക്ഷം പ്രതീക്ഷിച്ചിടത്ത് 17.65 ലക്ഷം രൂപയാണ് ലഭിച്ചത്.
മലയാളികളുടെ മുഴുവൻ മനുഷ്യത്വത്തിന്റെ പ്രതീകമായി ആ ഗ്രാമം മാറിക്കഴിഞ്ഞു. നന്മയുള്ള മനുഷ്യരാണ് ഞങ്ങളെന്ന് ആ ഗ്രാമം ലോകത്തോട് വിളിച്ചുപറയുകയായിരുന്നു. നന്മചെയ്യാൻ തയാറാകുമ്പോൾ അത് അനേകരെ പ്രചോദിപ്പിക്കുമെന്നുകൂടി ഈ സംഭവം തെളിയിക്കുന്നു. മനുഷ്യത്വത്തിന് ഭാഷയുടെയും രാജ്യത്തിന്റെയും അതിർവരമ്പുകൾ ഭേദിക്കാൻ കഴിയുമെന്ന ഓർമപ്പെടുത്തലും ഉണ്ടതിൽ. പാക്കിസ്ഥാനികളായ അഞ്ചുപേരും ഈ സംരംഭത്തിൽ പങ്കാളികളായി. ദുബായിൽ ജോലിചെയ്യുന്ന ചീരഞ്ചിറ ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന്റെ അഞ്ച് സഹപ്രവർത്തകരാണ് ആ കാരുണ്യപ്രവൃത്തിയിൽ പങ്കുചേർന്ന് 17,000 രൂപ നൽകിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ വാട്ട്‌സാപ്പിലെ സഹായ അഭ്യർത്ഥന കണ്ടാണ് പാക്കിസ്ഥാനികളായ അഞ്ചുപേർ സഹായിക്കാൻ മുമ്പോട്ടുവന്നത്.
നമ്മുടെ നാടിന് ഉണ്ടായ അനേകം മോശപ്പെട്ട സംഭവങ്ങളുടെ കറകൾ മായിച്ചുകളയാൻ ഈ ഒറ്റസംഭവം മതി. കാരുണ്യപ്രവർത്തനത്തിൽ സഹകരിച്ചവരും അതിന് നേതൃത്വം നൽകിയവരും അഭിനന്ദിക്കപ്പെടേണ്ടവരാണ്. മനുഷ്യനെ നന്മചെയ്യാൻ പ്രേരിപ്പിക്കുകയും സഹോദരന്റെ വേദനയിൽ അവനോടൊപ്പം അണിനിരക്കേണ്ടത് കർത്തവ്യമാണെന്നും അവർക്കു സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പിരിവുകളിൽ തർക്കവും ഭീഷണികളും ഉണ്ടാകുന്നത് പതിവാണ്. എന്നാൽ, ഇതിനോട് സഹകരിച്ചവർ സ്വന്തം താല്പര്യമനുസരിച്ചായിരുന്നു നൽകിയതെന്നൊരു പ്രത്യേകതയുമുണ്ട്. ആർക്കും ബാഹ്യസമ്മർദ്ദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും പ്രതീക്ഷിച്ചതിന്റെ ഇരട്ടിക്കടുത്ത് ലഭിച്ചു. പാക്കിസ്ഥാനികളായ അഞ്ചുപേർ ചേർന്ന് നല്കിയ 17,000 രൂപക്ക് പണത്തിന്റെ വലുപ്പത്തിനപ്പുറം സമൂഹത്തെ ഓർമിപ്പിക്കുന്ന വിസ്മരിക്കാൻ പാടില്ലാത്ത ചില സത്യങ്ങളുമുണ്ട്. ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. അതുവഴി ഏറ്റുമുട്ടലുകളും ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ പാക്കിസ്ഥാൻ എന്നു കേൾക്കുമ്പോൾപ്പോലും പലരുടെയും മനസുകളിൽ ശത്രുക്കളെന്ന ചിന്തയാണ് ഉണ്ടാകുക. പലരും വിചാരിക്കുന്നതുപോലെ എല്ലാവരും ഭീകരന്മാരെ പിന്തുണക്കുന്നവരാണെങ്കിൽ കണ്ടിട്ടില്ലാത്ത ഒരാൾക്കുവേണ്ടി പണം നൽകാൻ തയാറാകുമായിരുന്നോ? അതിർത്തിയിൽ ഉണ്ടാക്കുന്ന സംഘർഷങ്ങൾ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യങ്ങൾ അകൽച്ചകൾ ഉണ്ടാക്കുകയാണ്. അവരെ ആ രാജ്യത്തെ മുഴുവൻ ജനങ്ങളുടെ പ്രതീകമായി നാം കാണരുത്. തെറ്റായ വിശ്വാസങ്ങളോ സ്വാർത്ഥ ലക്ഷ്യങ്ങളോ ആയിരിക്കാം അവരെ അതിലേക്ക് നയിക്കുന്നത്. അതുകൊണ്ട് ആ രാജ്യത്തെ ഇന്ത്യ സൈനികമായി നേരിടണമെന്നൊക്കെ ആഗ്രഹിക്കുമ്പോൾ അങ്ങനെ സംഭവിച്ചാൽ അതിന് ഇരകളാകുന്നത് നമ്മെപ്പോലുള്ള സാധാരണ മനുഷ്യരാണെന്ന് ഓർക്കണം. ചോരപ്പുഴ ഒഴുക്കുക എന്ന ഭീകരന്മാരുടെ ലക്ഷ്യത്തിന് വെള്ളവും വളവും നൽകുകയാണ് അതുവഴി.
നമ്മുടെ ചുറ്റുപാടുമുള്ളവരുടെ വേദനകളോട് ഇത്തരത്തിൽ പ്രതികരിക്കുന്നത് പൊതുരീതിയായി മാറ്റാനുള്ള അവസരമായി മാറണം. ചീരഞ്ചിറയിൽ കടംവാങ്ങി സഹായിച്ചവരും ഉണ്ടാകാം. എന്നാൽ അതിന്റെ പേരിൽ ഗ്രാമവാസികളാരും കടക്കെണിയിൽ ആയിട്ടൊന്നുമില്ല. നമ്മൾ മനസുവച്ചാൽ എല്ലാം നടക്കുമെന്നാണ് ഇതു തെളിയിക്കുന്നത്. നാട്ടിലെ ജനങ്ങളുടെ പട്ടിണിയകറ്റാനും പണം ഇല്ലാത്തതിന്റെ പേരിൽ ചികിത്സയും പഠനവുമൊക്കെ മുടങ്ങുന്നത് പരിഹരിക്കാനുമുള്ള ശേഷി സമൂഹത്തിന് ഉണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഇത്തരം മാതൃകകൾ വാർത്തകൾ അല്ലാതായി മാറണം. അതിനർത്ഥം അവ ജീവിതത്തിന്റെ ഭാഗമായിത്തീരണമെന്നാണ്. കാരുണ്യത്തെപ്പറ്റിയും പങ്കുവയ്ക്കലിനെപ്പറ്റിയും പുതിയ തലമുറയെ പറഞ്ഞുപഠിപ്പിക്കുന്നതിനുപകരം നമ്മുടെ മാതൃകകൾ കണ്ട് അവർ പഠിക്കട്ടെ. ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെപ്പറ്റി നാം അഭിമാനിക്കാറുണ്ട്. ഇത്തരം മാതൃകകൾ ജീവിതത്തിന്റെ ഭാഗമാക്കിയാൽ അതു നാം പറയേണ്ടതായി വരില്ല. ലോകം നമുക്ക് നേരെ വിരൽചൂണ്ടിയിട്ട് അതു പറയും. അത്തരമൊരു കാലത്തിലേക്കുള്ള തിരിച്ചുനടപ്പിന്റെ തുടക്കമായി ഈ സംഭവം മാറട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?