Follow Us On

18

April

2024

Thursday

കാണാമറയത്തെ മഹിളാരത്‌നങ്ങൾ

കാണാമറയത്തെ മഹിളാരത്‌നങ്ങൾ

ശാരീരിക വെല്ലുവിളി നേരിടുന്ന ഒരുകൂട്ടം സ്ത്രീകൾ ജോലിക്കും ജീവിതത്തിനും എത്തിപ്പെട്ടത് വിമലാഹോമിലാണ്. ദേവഗിരി ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സിന്റെ ഈ മഠം ഇവർക്ക് കാരുണ്യത്തിന്റെ കൂടാണ്. അനേകം ദേവാലയങ്ങളിലേക്ക് ദിവ്യബലിക്കുവേണ്ട ഓസ്തി നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണിവർ. കാണാമറയത്ത് ഇവർ നടത്തുന്ന പ്രയത്‌നമാണ് ഇവിടെ ശ്ലാഘനീയമാകുന്നത്.
‘ഇവൻ നസ്രായനായ യേശു’ (INRI) എന്ന് കുരിശിനു മുകളിൽ തൂക്കിയ ഫലകം ബലിയായ ക്രിസ്തുവിന്റെ ജീവിതത്തിന് ശീർഷകമായിത്തീർന്നു. രണ്ടായിരം വർഷങ്ങൾക്ക് ശേഷവും പേരുവെച്ച ക്രൂശിതരൂപം മനുഷ്യമനസ്സുകളിൽ പ്രതിഷ്ഠിച്ചുകൊണ്ടേയിരിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹബലി ദൈനംദിനം ദേവാലയങ്ങളിൽ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു. ആയിരക്കണക്കിന് ചെറുതും വലതുമായ ഓസ്തികളിൽ IHS എന്ന് മുദ്രവെയ്ക്കുന്നു. IHS (Iesum Hominum Salvator), ‘യേശു മനുഷ്യരുടെ രക്ഷകൻ’ എന്നതിന്റെ ചുരുക്കരൂപമാണ്. വിമലാലയത്തിലെ വനിതകൾ കുരിശിലെന്നവണ്ണം രക്ഷകന്റെ നാമം ഓസ്തിയിൽ പതിക്കുന്നു. ദൈവം എല്ലാ ധാന്യമണികളിലും അതു കഴിക്കുന്നവന്റെ പേര് മുദ്രണം ചെയ്യുന്നുണ്ട്. ഇവർ നിർമ്മിക്കുന്ന എല്ലാ ഓസ്തികളിലും ദൈവത്തിന്റെ പേരും ആലേഖനം ചെയ്യുന്നു.
ബലിയർപ്പണത്തിൽ നടക്കുന്ന അത്ഭുതം, അപ്പം ശരീരമാകുന്ന അവസ്ഥാന്തരമാണ്. അപ്പത്തിൽ ദൈവത്തിന്റെ ഛായയെ ദർശിക്കുന്നതും ഈ ബലിയിലാണ്. അപ്പം മുറിച്ചുവിളമ്പുന്നവരും വാങ്ങി ഭക്ഷിക്കുന്നവരും സാഹോദര്യത്തിന്റെ പുത്തൻ മാനവികതയിൽ പങ്കുചേരുന്നു.
ക്രിസ്തുവിന്റെ പാദാന്തികത്തിലെത്തി കുശലം പറയുന്ന മറിയവും അടുക്കളയിൽ നാഥന് സ്വാദിഷ്ടമായ ഭക്ഷണമുണ്ടാക്കുന്ന മാർത്തയും ഇവിടെ സ്മരണീയരാണ്. കാണാമറയത്ത് ഭക്ഷണം പാകം ചെയ്യുന്ന മാർത്തമാരാണ് വിമലാലയത്തിലെ വനിതകളും. തങ്കമ്മയും അച്ചാമ്മയും മോളിയും ഡൈനിയും ആൻസിയും ജാൻസിയും ആനീസും ഉഷയും സതിയും അവരിൽ ചിലരാണ്. അകത്തിരുന്ന് ഓസ്തി ഉണ്ടാക്കി അതിൽ ക്രിസ്തുവിന്റെ നാമം പതിക്കുന്ന ഇവർ ഒരേ നാമം സഹസ്രവട്ടം ഹൃദയത്തിലും ആലേഖനം ചെയ്യുന്നു. ഇതൊരു അഖണ്ഡനാമകീർത്തനമായി പരിണമിക്കുന്നു.
ഇവരുടെ സ്വാധീനമില്ലാത്ത കാലുകളുടെ ജോലിയും കൈകളാണ് നിർവഹിക്കുന്നത്. ചലിക്കുവാൻ ഇവർക്ക് കാലുകൾ വേണ്ട. പരിമിതികളെ കീഴടക്കാൻ ദൈവം ഇവരുടെ കൈകളെ ചിറകുകളാക്കുന്നു. അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുമായിരുന്നഇവർ വെല്ലുവിളികളെ അതിജീവിക്കുന്ന ഉദ്യോഗത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ ജീവിതം ഒരുവശത്ത് ധന്യമാകുമ്പോൾ മറുവശത്ത് ഇവർക്കായി കാരുണ്യത്തിന്റെ കവചം തീർക്കുന്ന കന്യാസ്ത്രീകൾ അതിധന്യരാകുന്നു.
പൂജക്കായി ലഭ്യമാക്കുന്ന പൂക്കൾ എവിടെനിന്നു വരുന്നുവെന്നോ ആരുടെ അധ്വാനമാണ് അതിന്റെ പിന്നിലെന്നോ നാം അറിയാറില്ല. മനസിനിണങ്ങിയ വസ്ത്രങ്ങൾ വാങ്ങിയണിയുമ്പോൾ പരിമിതികളുടെ ഭിത്തികൾക്കുള്ളിൽ വിയർപ്പൊഴുക്കുന്നവരെ നാം കാണാറില്ല. കാണാമറയത്ത് നമുക്കുവേണ്ടി എത്രയെത്രയാളുകളാണ് പ്രയത്‌നിക്കുന്നത്.
ചില വസ്ത്രനിർമ്മാണ ഫാക്ടറികളുടെ അകത്തളങ്ങളിൽ ജോലി ചെയ്യുന്ന സഹോദരിമാരിൽ ഏഴിൽ ഒരാൾ വീതം നടത്തിപ്പുകാരാൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന പഠനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. വസ്ത്രം നിർമ്മിച്ച് സമൂഹത്തിന്റെ അന്തസ് സംരക്ഷിക്കാൻ പണിപ്പെടുന്ന പാവപ്പെട്ട തൊഴിലാളികളെ വസ്ത്രാക്ഷേപം നടത്തുകയെന്ന പാതകം സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.
പാലം നിർമ്മിക്കാനും റോഡുപണിയാനും ഇതര വികസന പദ്ധതികൾക്കും സ്വയമേ എത്തുന്നവരും മനുഷ്യക്കടത്തായി ഇറക്കപ്പെടുന്നവരും സാക്ഷരകേരളത്തിന്റെ ഇരുട്ടറകളിൽ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടിവരുന്നതും നമ്മെ ലജ്ജിപ്പിക്കുന്നു.
ഇവിടെയാണ് വ്രതശുദ്ധിയോടെ ഒരുകൂട്ടം ഹതഭാഗ്യരെ ജീവിക്കാൻ അവസരമൊരുക്കുന്ന സിസ്റ്റേഴ്‌സിന്റെ മാതൃക അനുകരണീയമാകുന്നത്.
ഫാ ജോൺ മണ്ണാറത്തറ സി എം ഐ
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?