Follow Us On

28

March

2024

Thursday

തീഹാർ 'ജയിലിലെ' കന്യാസ്ത്രീ

തീഹാർ 'ജയിലിലെ' കന്യാസ്ത്രീ

സിസ്റ്റർ അനസ്താഷ്യ ഗിൽ എന്ന ക്രിമിനൽ അഭിഭാഷക തീഹാർ ജയിൽ അധികൃതർക്കും തടവുകാർക്കും സുപരിചിതയാണ്. അവിടെ കഴിഞ്ഞിരുന്ന അനേകർക്ക് മോചനത്തിനുള്ള വഴിയൊരുക്കിയതും സിസ്റ്റർ ഗില്ലായിരുന്നു.
തീഹാർ ജയിലിൽ സന്ദർശനം നടത്താനുള്ള പ്രത്യേക അനുമതിയുമുണ്ട് സിസ്റ്റർ ഗില്ലിന്. വേണമെങ്കിൽ ലക്ഷങ്ങൾ ഫീസ് വാങ്ങാൻ കഴിയുന്ന ഒരു അഭിഭാഷക. എന്നാൽ ഈ വക്കീലിന്റെ കക്ഷികൾ എല്ലാവരുംതന്നെ ദളിതരും ആദിവാസികളും ഉൾപ്പെടുന്ന പാവപ്പെട്ടവർമാത്രം. കേസിനെ തുടർന്ന് യഥാർത്ഥ കാര്യങ്ങൾ അന്വേഷിക്കാതെ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. മറ്റൊരു അഭിഭാഷകനും ഇവരുടെ കേസുകൾ ഏറ്റെടുക്കുവാൻ തയാറാകുമെന്നു തോന്നുന്നില്ല. കാരണം, ഫീസ് കൊടുക്കാൻ അവരുടെ കയ്യിൽ പണമില്ല. അപ്പോഴാണ് അവരെ തേടി, കേസുകൾ അന്വേഷിച്ച് തീഹാർ ജയിലിൽ എത്തുന്നത്. സിസ്റ്റർ നിയമം പഠിച്ചതുതന്നെ ആരും ഇല്ലാത്തവരുടെ പക്ഷംചേരാനായിരുന്നു.
നിയമ പഠനം തുടങ്ങുന്നു
അധ്യാപികയായിട്ടായിരുന്നു 1989-ൽ സിസ്റ്റർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അപ്പോഴും പാവപ്പെട്ടവരോടുള്ള സ്‌നേഹവും കരുതലും ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്നു. അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ഉത്ക്കടമായ ആഗ്രഹം വിടാതെ പിന്തുടർന്നു. അധ്യാപനത്തോടൊപ്പം പഠനവും മുമ്പോട്ടുകൊണ്ടുപോയി, സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം നേടി. സാമൂഹ്യപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അതു വഴിയൊരുക്കി. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾക്കുരൂപം നൽകി. അതിന്റെ ഭാഗമായി കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം ഒരുക്കി.
2005-ൽ നടന്ന ദാരുണമായ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നീതിനിഷേധമാണ് നിയമത്തിന്റെ വഴിയിലേക്ക് സിസ്റ്ററിനെ എത്തിച്ചത്. ഭോപ്പാലിൽ മൂന്ന് വയസുള്ള ആദിവാസി പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായി. എന്നാൽ പോലീസ് പ്രതിക്ക് ഒപ്പമായിരുന്നു നിലയുറപ്പിച്ചത്. കേസ് ചാർജുചെയ്യുന്നതിനുപോലും വൈമനസ്യം കാണിച്ചു. ഇത്തരം സന്ദർങ്ങളിൽ പ്രതികരിക്കുന്നതിന് നിയമത്തിന്റെ പിൻബലം ആവശ്യമാണെന്ന് സിസ്റ്ററിന് മനസിലായി. സിസ്റ്റർ 2009-ൽ നിയമപഠനം പൂർത്തിയാക്കി. മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു സിസ്റ്റർ ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ സിസ്റ്റർ തീഹാർ ജയിലിൽ എത്തി. പീഡനങ്ങളുടെയും നീതിനിഷേധങ്ങളുടെയും നിരവധി കഥകൾ അവിടെനിന്നും കേട്ടു. അവിടെയുള്ള 70 ശതമാനത്തോളം തടവുകാരും നിസാരമായ കുറ്റങ്ങൾക്ക് തടവിലാക്കപ്പെട്ടവരാണെന്ന് സിസ്റ്റർ ഗിൽ പറയുന്നു. വർഷങ്ങളായി വിചാരണ കാത്തുകഴിയുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽപ്പോലും പലർക്കും അത്രയും വർഷങ്ങൾ ജയിൽ ശിക്ഷ ലഭിക്കുമായിരുന്നില്ല.
കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യത്തുക കെട്ടിവയ്ക്കാൻ ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പലർക്കും എങ്ങനെ കേസിനെ സമീപിക്കണമെന്നോ അവർക്കുവേണ്ടി ആരു വാദിക്കുമെന്നോ അറിയില്ലായിരുന്നു. പലർക്കും ദൈവദൂതൻ മുമ്പിൽ പ്രത്യക്ഷപ്പെട്ട അനുഭവമായിരുന്നു സിസ്റ്ററിന്റെ ഇടപെടലുകൾ. ഇനി പുറംലോകം കാണാൻ കഴിയില്ലെന്ന നിരാശയിൽ കഴിഞ്ഞിരുന്ന അനേകർക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറന്നുകൊടുക്കാൻ സിസ്റ്ററിന് കഴിഞ്ഞു. നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടി വാദിക്കേണ്ടത് ദൈവികമായ ഉത്തരവാദിത്വമായിട്ടാണ് സിസ്റ്റർ ഗിൽ കാണുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സിസ്റ്ററിന്റെ ഇടപെടൽ വഴിയായി ജാമ്യം ലഭിച്ചും കുറ്റവിമുക്തരാക്കപ്പെട്ടുമായി തീഹാർ ജയിലിൽനിന്നും പുറത്തിറങ്ങിയവരുടെ എണ്ണം 800-ന് അടുത്താണ്.
ന്യൂനപക്ഷ കമ്മീഷനിലേക്ക്
തടവുകാരുടെ അവകാശങ്ങളെക്കുറിച്ചും കോടതിയിൽ പെരുമാറേണ്ട വിധങ്ങളെപ്പറ്റിയും അവരെ ബോധവല്ക്കരിക്കുകയായിരുന്നു ആദ്യപടി. കോടതിയിലെത്തുമ്പോൾ ഭയപ്പെട്ട് ചോദിക്കുന്നതിന് ഉത്തരംപോലും പറയാൻ കഴിയാത്തവരായിരുന്നു പലരും. ആരും സഹായിക്കാൻ ഇല്ലാത്തവർക്ക് ജയിലിലും പലവിധത്തിലുള്ള അനീതികളായിരുന്നു നേരിടേണ്ടിയിരുന്നത്. ചെറുപ്പക്കാർക്ക് ലൈംഗിക പീഡനങ്ങളും പതിവായിരുന്നു. ഇത്തരം സാഹചര്യങ്ങൾ പലരെയും കൊടുംകുറ്റവാളികളാക്കി മാറ്റുകയാണെന്ന് സിസ്റ്റർ ഗിൽ പറയുന്നു. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ 60 ശതമാനവും പിന്നാക്കാവസ്ഥകളിൽ കഴിയുന്നവരും താഴ്ന്ന ജാതികളായി പണ്ട് സമൂഹം മുദ്രകുത്തിയിരുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുമാണ്. അതിൽത്തന്നെ 70 ശതമാനവും നിരക്ഷരരാണ്. കേസിന്റെ നൂലാമാലകളെക്കുറിച്ച് അവർക്കൊന്നും അറിയില്ല; സിസ്റ്റർ ഗിൽ പറയുന്നു. തടവിലാക്കപ്പെട്ട പാവപ്പെട്ടവരുടെ സാഹചര്യങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ കേസ് നടത്തിയതിന്റെ പേരിൽ ആകെ ഉണ്ടായിരുന്ന വീടുപോലും വില്‌ക്കേണ്ട വന്നവരും ഉണ്ടായിരുന്നു. എന്നിട്ടും കേസ് ബാക്കിയായി.
2009-ൽ സിസ്റ്റർ ഗിൽ ഡൽഹി സർവീസ് അതോറിറ്റിയിൽ ജോയിൻ ചെയ്തു. സ്വന്തമായി അഭിഭാഷകരെ ഏർപ്പെടുത്താൻ കഴിയാത്തവർക്ക് ഗവൺമെന്റ് നൽകുന്ന ആനുകൂല്യമാണ് സൗജന്യ നിയമസഹായം. പാവപ്പെട്ടവരെ സഹായിക്കണമെന്ന സിസ്റ്ററിന്റെ ആഗ്രഹത്തിന് കൂടുതൽ സഹായകരമായി ആ ഉത്തരവാദിത്വം. കൂടാതെ ഗവൺമെന്റിന്റെ ഭാഗമായതിനാൽ നിർഭയമായി പ്രവർത്തിക്കാനും ഇതുവഴി കഴിയുമെന്ന് സിസ്റ്റർ പറയുന്നു. അനേകർക്ക് അർഹതപ്പെട്ട നീതി ലഭ്യമാക്കാൻ ഇതുവഴി കഴിഞ്ഞു. ചെയ്ത കുറ്റം എന്താണെന്നുപോലും അറിയാതെ ജയിലറകളിൽ അടയ്ക്കപ്പെട്ട അനേകർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് സിസ്റ്ററിന്റെ ഇടപെടലുകൾ നിർണായകമായി. സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ പൊതുസമൂഹവും അധികാരികളും സശ്രദ്ധം വീക്ഷിക്കുന്നുണ്ടെന്നതിന് തെളിവാണ് കഴിഞ്ഞ മാസം ലഭിച്ച ഡൽഹി ന്യൂനപക്ഷ കമ്മീഷനംഗം എന്ന പദവി. ഈ ഉത്തരവാദിത്വം ഏറെ തിരക്കുകൾ നൽകുന്നുണ്ടെങ്കിലും താൻ ചെയ്തുകൊണ്ടിരിക്കുന്ന തീഹാർ ജയിലിലെ നിയമസഹായ പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല സിസ്റ്റർ ഗിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?