Follow Us On

29

March

2024

Friday

നൈജീരിയ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിക്കപ്പെടും

നൈജീരിയ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിക്കപ്പെടും

ജലിംഗോ: ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന് നൂറ് വയസ്സ് തികയുന്ന വേളയിൽ നൈജീരിയയിലെ കത്തോലിക്ക സഭ 2017 മരിയൻ വർഷമായി പ്രഖ്യാപിച്ചിരിക്കുകണെന്നും ആഘോഷകാലയളവിൽ നൈജീരിയ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിക്കപ്പെടുമെന്നും നൈജീരിയയിലെ കത്തോലിക്ക ബിഷപ്പുമാർ. ടാർബ സംസ്ഥാനത്തെ ജലിംഗോയിലെ സെന്റ് ചാൾസ് ബൊറോമിയോ പാസ്റ്ററൽ സെന്ററിൽ വെച്ച നടന്ന ഈ വർഷത്തെ രണ്ടാമത് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ബിഷപ്പുമാർ.
എല്ലാ ക്രൈസ്തവവിശ്വാസികളെയും ദേശീയ ആഘോഷത്തിലും ബെനിൻ നഗരത്തിൽ അടുത്തമാസം 12 മുതൽ 14 വരെ നടക്കുന്ന പവിത്രമായ സമാപനത്തിലും സജീവമായി പങ്കെടുക്കാൻ ക്ഷണിക്കുന്നതായി വ്യക്തമാക്കിയ ബിഷപ്പുമാർ തുടർന്ന് നൈജീരിയയിലെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്ക അറിയിക്കുകയും അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
“ഇപ്പോൾ നമ്മുടെ രാജ്യം സമ്മർദങ്ങളുടെയും പ്രതിഷേധങ്ങളുടെയും നിരാശ്ശയുടെയും അസംതൃപ്തിയുടേയും ഘട്ടത്തിലൂടെ കടന്ന് പോകുകയാണ്. ഇത് വർഷങ്ങളായുള്ള അനീതിയുടേയും അഴിമതിയുടേയും സമത്വമില്ലായ്മയുടേയും ഫലമാണെന്ന് നമുക്കറിയാം. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്കും തന്ത്രപ്രധാനമായ സർക്കാർ ഓഫീസുകളിലേക്കും പക്ഷപാതപരമായ നിയമനങ്ങൾ നടത്തുന്നതിനെതിരെയും വിഭവങ്ങളുടെയും സൗകര്യങ്ങളുടെയും അനീതിപരമായ വിതരണങ്ങൾക്കെതിരെയും പ്രതിഷേധങ്ങളുയരുന്നുണ്ട്”. ബിഷപ്പുമാർ പറഞ്ഞു.
“ഈ അനീതി പരിഹരിക്കാൻ ഗവൺമെന്റിന് കഴിയാത്തതിനാൽ അക്രമാസക്തമായ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും രാജ്യത്തുണ്ടാകുന്നു. ഈ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ സർക്കാരിന്റെ എല്ലാ തലങ്ങളിലുമുള്ള ഇടപെടൽ തങ്ങൾ ആവശ്യപ്പെടുകയാണ്. നിയമനങ്ങളുടെ പ്രാഥമിക മാനദണ്ഡം യോഗ്യതയും കഴിവും സൗകര്യങ്ങളുടെ വിതരണത്തിന്റെ മാനദണ്ഡം യഥാർത്ഥ ആവശ്യങ്ങളും ആയിരിക്കണം”. അവർ പറഞ്ഞു.
“കത്തോലിക്ക ബിഷപ്പുമാരെന്ന നിലയിൽ എല്ലാ ഗവൺമെന്റിന്റെയും നിയമസാധുത ഉരുത്തിരിയുന്നത് നീതിപൂർവ്വകമായ താത്പര്യവും ആളുകളുടെ യഥാർത്ഥ കരച്ചിൽ കേൾക്കാനുള്ള കഴിവും ഉണ്ടാകുമ്പോഴാണെന്ന് ഞങ്ങൾക്കുറപ്പാണ്. കൂടാതെ അവ പരിഹരിക്കാൻ സത്യസന്ധമായ നടപടികൾ സ്വീകരിക്കുകയും വേണം. ദു:ഖിച്ചിരിക്കുന്ന ആളുകളോടും സംഘങ്ങളോടും രാജ്യത്തെ നിയമത്തിനനുസൃതമായി തങ്ങളുടെ ദു:ഖങ്ങൾ പ്രകടിപ്പിക്കാനും സർക്കാരിന്റെ മേൽ നീതിപൂർവ്വകമായ സമ്മർദം ചെലുത്താനും ഞങ്ങൾ ആവശ്യപ്പെടുന്നു. രാജ്യത്തിനകത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ മറ്റൊരു സായുധസംഘർഷത്തിന് കാരണമാകുന്ന രീതിയിലുള്ള വാക്കുകളോ പ്രവർത്തികളോ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്”. ബിഷപ്പുമാർ ഓർമ്മിപ്പിച്ചു.
“വടക്കൻ സംസ്ഥാനങ്ങളിലെ സർക്കാർ മിഷൻ പ്രവർത്തനങ്ങൾക്കായി ഭൂമി സ്വന്തമാക്കാനുള്ള ചില രൂപതകളുടെ അവകാശം നിരസിച്ച സാഹചര്യത്തിൽ സർക്കാരിൽ നിന്ന് നീതിപൂർവ്വകമായ സമീപനം ഞങ്ങൾ ആവശ്യപ്പെടുകയാണ്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഒന്നിച്ച് താമസിക്കുന്നതും ആശയവിനിമയം നടത്തേണ്ടതും ആവശ്യമാണ്. കൂടാതെ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് തങ്ങളുടെ മതപരമായ കർമ്മങ്ങൾ സ്വതന്ത്രമായി രാജ്യത്തെവിടെയും നടത്തുന്നതിന് അനുവാദമുണ്ടാകുകയും വേണം”. ബിഷപ്പുമാർ ഓർമ്മിപ്പിച്ചു.
“ആട്ടിടയന്മാരും കൃഷിക്കാരും തമ്മിലുള്ള വെറും സംഘർഷങ്ങളായി സായുധ ഹെഡ്‌സ്മാൻ പ്രവർത്തകർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നാളുകളായി തുടരുന്ന ആക്രമണത്തെ ചിത്രീകരിക്കാനാകില്ല. കൃഷിയിടങ്ങൾക്കും വിളകൾക്കും വ്യാപക നാശനഷ്ടം വരുത്തുന്നത് കൂടാതെ ചില സായുധ ഹെഡ്‌സ്മാൻ പ്രവർത്തകർ ഗ്രാമങ്ങളെ വളയുകയും ആളുകളെ കൊല്ലുകയും അവയവങ്ങൾ ഛേദിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. യാതൊരു പരിശോധനകളുമില്ലാതെ രാജ്യത്ത് കടന്ന് കയറിയ ചില വിദേശികളും അവരുടെ സംഘത്തിലുണ്ടെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ അത്തരം ആളുകളെ വ്യക്തി-ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണിയായി പരിഗണിക്കുകയും അവരുടെ പ്രവർത്തനങ്ങളെ തീവ്രവാദത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്തുകയും വേണം. ഈ വിഷയത്തിൽ അവരുടെ കടന്നാക്രമണം അവസാനിപ്പിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണം”. ബിഷപ്പുമാർ ആവശ്യപ്പെട്ടു.
“അഴിമതിക്കെതിരെയും ബൊക്കോഹറാമിന്റെ പ്രവർത്തനങ്ങൾക്കെതിരെയും സർക്കാർ തുടരുന്ന പോരാട്ടത്തിന്റെ വിജയം നൈജീരിയയിലെ മറ്റ് ഗ്രൂപ്പുകൾക്കൊപ്പം ഞങ്ങൾ അംഗീകരിക്കുന്നു. ചില ചിബോക്ക് പെൺകുട്ടികളെ മോചിപ്പിക്കാനായതും വിജയം തന്നെയാണ്. മാന്ദ്യത്തിൽ നിന്ന് രാജ്യം കരകയറുന്നതായുള്ള റിപ്പോർട്ട് ഞങ്ങളും ശ്രദ്ധിച്ചിരുന്നു. നമ്മുടെ ആളുകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന പുതിയ സാമ്പത്തിക നയങ്ങൾ ഗവൺമെന്റ് നടപ്പാക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുവഴി ജനങ്ങളുടെ ക്ലേശങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം പൗരന്മാരുടെ സാമൂഹ്യ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താനുമാകും”. ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.
“നിരവധി വെല്ലുവിളികളുടെയും പ്രയാസങ്ങളുടെയും പ്രകോപനത്തിന്റെയും മധ്യത്തിൽ പോലും ഭൂരിപക്ഷം നൈജീരിയക്കാരും ഒത്തൊരുമയോടെ നിയമാനുസൃതമായി നിന്നു. ഭീകരവാദത്തിലും പ്രകൃതി ദുരന്തങ്ങളിലും സംഘട്ടനങ്ങളിലും അക്രമാസക്തമായ കുറ്റ കൃത്യങ്ങളിലും കൊല്ലപ്പെട്ടവർക്ക് ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നു. അതേസമയം, രോഗം ബാധിതർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിൽ അടുത്ത കാലങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് നിസ്സാഹയരായവരോട് നിരവധി നൈജീരിയക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് നമ്മുടെ സമാധാനപരമായ ഒന്നിച്ചുള്ള സഹവാസത്തിന്റെ പ്രത്യാശയുടെ അടയാളമാണ്”. അവർ പറഞ്ഞു.
“ക്രൈസ്തവ മതപഠനത്തിന് ഉചിതമായ സമഗ്രമായ ഒരു കരിക്കുലം ഉറപ്പാക്കാൻ തങ്ങൾ ഫെഡറൽ സ്റ്റേറ്റ് മിനിസ്ട്രിയോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടുകയാണ്. ദൈവികനിയമത്തിന് വിരുദ്ധവും അധാർമ്മികതയെ പ്രോത്സാഹിപ്പിക്കുന്നതുമായ ‘പേരുകേട്ട’ സമഗ്ര ലൈംഗീക വിദ്യഭ്യാസത്തേയും സംശയാസ്പദമായ മാത്യത്വ ആരോഗ്യ സാങ്കേതിക പദ്ധതിയേയും തങ്ങൾ എതിർക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ജീവന്റെ ആരംഭം മുതൽ അതിന്റെ സ്വാഭാവിക അന്ത്യം വരെ മനുഷ്യജീവന്റെ അന്തസ്സിനോടും അതിന്റെ വിശുദ്ധിയോടും ബഹുമാനം പുലർത്തുന്നതാകണം”. അവർ വ്യക്തമാക്കി
“ദേശീയ പുനരുദ്ധാരണത്തിൽ വൈദികർക്കും അത്മായർക്കും അടിസ്ഥാനപരമായ പങ്കാണുള്ളത്. വൈദികരെന്നനിലയിൽ സഹോദരരെ സേവിക്കുന്നതിലൂടെയും പ്രാർത്ഥനയിലൂടെയും സ്വയം ക്രിസ്തുവിന് സമർപ്പിക്കുക എന്നതാണ് ക്രിസ്തുവിനോടുള്ള ഉത്തരവാദിത്തം. സഹോദരങ്ങൾക്കു സേവനം ചെയ്യുന്നതിലൂടെ ഞങ്ങൾ വിശുദ്ധിയിൽ വളരുന്നതിനൊപ്പം അത് ദേശീയ പുനരുത്ഥാരണത്തിനും കാരണമാകുന്നു. പക്ഷപാത രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നതിന് പകരം ആളുകൾക്കിടയിലെ സമാധാനവും ഐക്യവും പരിപോഷിപ്പിക്കാനാണ് വൈദികർ ശ്രമിക്കുന്നത്. അതേസമയം അത്മായർ തങ്ങളുടെ പൊതു സ്വകാര്യ രാഷ്ട്രീയ ജീവിതത്തിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം”. ബിഷപ്പുമാർ ഉത്‌ബോധിപ്പിച്ചു.
“വിവരങ്ങളറിയാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സുവിശേഷ പ്രഘോഷണത്തിനും സാമൂഹ്യമാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാകും. എന്നാൽ വിജ്ഞാനം വർധിപ്പിക്കുന്നതിനേക്കാൾ ഉപരിയായി നമ്മുടെ യുവജനങ്ങൾ സാമൂഹ്യമാധ്യമങ്ങളുടെ ദോഷകരമായ വശങ്ങളിലേക്കാണ് ആകൃഷ്ടരാകുന്നത്. വിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾ പ്രചരിപ്പിക്കാനും അപകീർത്തിപ്പെടുത്താനും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങൾ കൂടുതൽ ജാഗ്രതയോടെ ഉപയോഗിക്കാൻ ഞങ്ങൾ ആളുകളോട് ആവശ്യപ്പെടുകയാണ്”. അവർ പറഞ്ഞു.
“ഒഗോജ രൂപത ബിഷപ്പായി ഡൊണാറ്റസ് അപ്കൻ, ബൗച്ചി രൂപത ബിഷപ്പായി ഹില്ലരി ഡാചെലം, എന്നിവർ നിയമിതരായതിൽ തങ്ങൾ ദൈവത്തോട് നന്ദി പറയുന്നു. കൂടാതെ, നൈജീരയിയിൽ പുതിയ അപ്പസ്‌തോലിക്ക് ന്യൂൺഷ്യോ ആയി ആർച്ച് ബിഷപ്പ് അന്റോണിയോ ഗുയ്‌ഡോ നിയമിതനായതിൽ ഫ്രാൻസിസ് പാപ്പയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു”. അവർ വ്യക്തമാക്കി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?