Follow Us On

29

March

2024

Friday

പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു

പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു

ധാക്ക: സമാധാന സന്ദേശവുമായി എത്തുന്ന ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു. നവംബർ 30 മുതൽ ഡിസംബർ 2 വരെ ബംഗ്ലാദേശിൽ സന്ദർശനം നടത്തുന്ന പാപ്പ മത മേലധ്യക്ഷൻമാരുമായും രാഷ്ട്രീയനേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പാപ്പയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സഭാ പ്രതിനിധികൾ നടത്തിയ സമ്മേളനത്തിൽ 45 നേതാക്കൾ പങ്കെടുത്തു. യോഗത്തിൽ ധാക്ക ആർച്ച് ബിഷപ്പും ബംഗ്ലാദേശ് കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ പാട്രിക് ഡി. റൊസാരിയോ നേതാക്കന്മാരെ അഭിസംബോധന ചെയ്തു.
അതേസമയം, എല്ലാ വിശ്വാസികളും പാപ്പയുടെ സന്ദർശന പരിപാടികളിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടു. ഫ്രാൻസിസ് പാപ്പയുടെ വ്യക്തിത്വം ശ്രേഷ്ഠമാണെന്നും അദ്ദേഹത്തിന്റെ സന്ദർശനവും സന്ദേശവും മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബംഗ്ലാദേശ് ക്രിസ്ത്യൻ അസോസ്സിയേഷൻ പ്രസിഡൻറ് നിർമ്മൽ റോസാരിയോ ആവശ്യപ്പെട്ടു. പാപ്പ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ പരസ്പര ബഹുമാനം വളർത്താൻ കാരണമാകുമെന്ന് ഡോ.കമൽ ഹൊസൈൻ പറഞ്ഞു.
സമാധാനവക്താവായ ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കുന്നതിൽ തങ്ങൾ അതീവ സന്തോഷവാന്മാരാണെന്ന് രാഷ്ട്രീയ പ്രവർത്തകനും നിയമവക്താവുമായ ഹൊസൈൻ സില്ലുർ റഹ്മാനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയംഗമായ അബ്ദുൾ മൊയീൻ ഖാനും പറഞ്ഞു. ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാൻ തങ്ങൾ സന്തോഷത്തോടെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ബംഗ്ലാദേശ് ആംഗ്ലിക്കൻ സഭാ ബിഷപ്പ് പോൾ ഷിഷിർ വ്യക്തമാക്കി.
സ്ത്രീകളുടെ ഉന്നമനവും സുരക്ഷയും പ്രാബല്യത്തിൽ വരുത്താൻ ഫ്രാൻസിസ് പാപ്പയെപ്പോലുള്ള നേതാക്കൾക്ക് കഴിയുമെന്ന് സർക്കാർ ഉപദേശകയായ റഷേദ കെ. ചൗദരി പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ 160 മില്യൺ ആളുകളിൽ 3,80,000 പേർ മാത്രമാണ് കത്തോലിക്കർ.
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?