Follow Us On

29

March

2024

Friday

അജ്മീരിലെ നല്ല സമറായക്കാരൻ

അജ്മീരിലെ നല്ല സമറായക്കാരൻ

ദൈവം സംസാരിക്കുന്നത് ചിലപ്പോൾ വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയുമായിരിക്കും. അത്തരമൊരു കണ്ടുമുട്ടലാണ് ഫാ. ജെറിഷ് ആന്റണിയുടെ പ്രവർത്തനങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചത്. 2009-ലായിരുന്നു അപ്രതീക്ഷിതമായി ആ ദമ്പതികളെ കണ്ടുമുട്ടിയത്. ഭാര്യയും ഭർത്താവും ശാരീരികവും മാനസികവുമായി തളർന്ന നിലയിലായിരുന്നു. സ്വന്തം കുടുംബത്തിൽനിന്നും പുറത്താക്കപ്പെട്ടതിന്റെ വേദനയും പുറത്തറിഞ്ഞാൽ ആളുകൾ കല്ലെറിയുമോ എന്നുവരെ ഭയപ്പെടുന്ന രോഗവുമായിരുന്നു അവരെ തളർത്തിയത്. രണ്ടുപേരും എയ്ഡ്‌സ് രോഗികളായിരുന്നു. രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ കുടുംബത്തിൽനിന്നും അവർ പുറത്താക്കപ്പെട്ടു. രോഗം ക്ഷീണിപ്പിച്ച അവർക്ക് അടിയന്തിര ചികിത്സ ആവശ്യമായിരുന്നു. കയ്യിൽ പണം ഇല്ലെന്നുമാത്രമല്ല സഹായിക്കാനും ആരും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുനില്ക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ ഫാ. ജെറിഷ് ആന്റണിയെ കണ്ടത്. അത് അവർക്കു പുതിയൊരു വഴി തുറന്നുകൊടുത്തതോടൊപ്പം ഇത്തരത്തിലുള്ള അനേകർക്ക് ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാഹചര്യവുമൊരുക്കി. അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ എയ്ഡ്‌സ്/എച്ച് ഐവി ബാധിതർക്ക് സൗജന്യചികിത്സ ലഭ്യമാണെന്ന വിവരം അദ്ദേഹം അവരെ അറിയിച്ചു. കൂടാതെ ചികിത്സക്കുള്ള സഹായങ്ങളും ചെയ്തുകൊടുത്തു.
എയ്ഡ്‌സ് ബാധിതർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമായി അതുമാറി. എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന അവരുടെ സങ്കടങ്ങൾ ആ വൈദികന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി. പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്‌നേഹിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ വാക്കുകളായിരുന്നു മനസിൽ. അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നതായി അടുത്ത ചിന്ത. അജ്മീരിലെ രൂപതാ കേന്ദ്രത്തോടനുബന്ധിച്ച് എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ തുടക്കമായിരുന്നത്. സ്ഥിരമായി ഇവിടെ ആരെയും സംരക്ഷിക്കുന്നില്ല.
ചികിത്സക്കുള്ള സഹായവും സൗകര്യവും ഒരുക്കുകയാണ് ഇവിടെ. ആരോഗ്യം വീണ്ടെടുക്കുന്നിടംവരെയുള്ള താല്ക്കാലിക വസതിയാണ്. പോകുന്നവർക്കു ഏതു സമയം വേണമെങ്കിലും തിരികെ വരാം; ഫാ. ജെറിഷ് ആന്റണി പറയുന്നു.
എയ്ഡ്‌സ് രോഗികളുടെ ജീവിതം അടുത്തറിഞ്ഞപ്പോഴാണ് അവരുടെ പ്രതിസന്ധികൾ കൂടുതൽ വ്യക്തമായത്. രോഗികൾ സമൂഹത്തിൽനിന്നും മാറ്റിനിർത്തപ്പെടുമ്പോൾ അവരുടെ മക്കൾ സ്‌കൂളുകളിൽനിന്നും പുറത്താക്കപ്പെടുകയായിരുന്നു പതിവ്. അതോടെ കുട്ടികളുടെ ഭാവിയും ഇരുളടയുകയാണെന്ന് അദ്ദേഹത്തിന് മനസിലായി. പ്രാഥമിക പരിശോധനയിൽ ഇങ്ങനെയുള്ള 14 കുട്ടികളെ കണ്ടെത്താനായി. അവരെ മറ്റു സ്‌കൂളിലേക്ക് അയക്കുകയും വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുകയും ചെയ്തു. ജയ്പൂരിലുള്ള മറ്റൊരു സെന്ററിൽ എച്ച്‌ഐവി ബാധിച്ച കുട്ടികൾക്കുള്ള താമസസൗകര്യവും ഒരുക്കി. അവരുടെ താസമവും ഭക്ഷണവും വിദ്യാഭ്യാസ ചെലവുകളും ഈ വൈദികൻ ഏറ്റെടുത്തു. ഫാ. ജെറീഷിന്റെ ഇടപെടലുകൾ അനേകം കുട്ടികൾക്ക് അവരുടെ സ്വപ്‌നസാക്ഷാത്കാരത്തിലുള്ള അവസരം സൃഷ്ടിച്ചു. മാതാവിന്റെയോ പിതാവിന്റെയോ മരണത്തിലൂടെ സമൂഹത്തിൽനിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിതം തള്ളിനീക്കിയിരുന്ന പല കുട്ടികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു. എഞ്ചിനീയറിംഗ് തുടങ്ങി ഉന്നത കോഴ്‌സുകൾക്ക് പഠിക്കുന്ന ധാരാളം വിദ്യാർത്ഥികൾ അക്കൂട്ടത്തിലുണ്ട്.
സുമനുകളുടെ സഹായത്തോടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ഹോട്ടലുകൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയിൽ കളക്ഷൻ ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ 218 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നുണ്ട്. പുറത്ത് അറിഞ്ഞുകഴിഞ്ഞാൽ അവരെ ഒറ്റപ്പെടുത്താൻ സാധ്യത ഉള്ളതിനാൽ സഹായിക്കുന്ന കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എയ്ഡ്‌സിന് എതിരെ ബോധവല്ക്കരണ പ്രവർത്തനങ്ങൾക്കും ഫാ. ജെറീഷ് ആന്റണി നേതൃത്വം നൽകുന്നു.
എയ്ഡ്‌സ് ബാധിച്ച് സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തപ്പെട്ടവർക്ക് ജീവിതത്തിലേക്ക് തിരികെ വരുന്നതിനുള്ള വഴിയൊരുക്കുകയാണ് തന്റെ പ്രവർത്തനലക്ഷ്യമെന്ന് അജ്മീർ രൂപതാ സോഷ്യൽ സർവീസ് സൊ സൈറ്റിയുടെ ഡയറക്ടർകൂടിയായ ഫാ. ജെറീഷ് പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?