Follow Us On

29

March

2024

Friday

വിളക്ക് തെളിയട്ടെ

വിളക്ക് തെളിയട്ടെ

ഭക്ഷണവും രോഗവും
അറിയപ്പെടുന്ന കാൻസർ രോഗവിദഗ്ധനായ ഡോ.വി.പി ഗംഗാധരൻ പറഞ്ഞൊരു അനുഭവം ശ്രദ്ധേയമാണ്. ഒരു കല്യാണസദ്യയിൽ പങ്കെടുക്കാൻ പോയതായിരുന്നു അദേഹം. സദ്യക്ക് നല്ല തിരക്ക്. ബൊഫെ മാതൃകയിൽ വിളമ്പുന്ന പരിപാടിയായിട്ടും നല്ല തിരക്ക്.
വിഭവസമൃദ്ധമായി കഴിക്കാനുളള ശേഷിയില്ലെന്നും കല്യാണച്ചടങ്ങിൽ പങ്കെടുത്തിട്ടു പോന്നാൽമതി എന്നും തീരുമാനിച്ചിട്ടാണ് പുറപ്പെട്ടത്. പക്ഷേ, ആതിഥേയൻ വിടുന്നില്ല. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന് നിർബന്ധം. മുഖ്യ വിഭവങ്ങളിലേക്ക് കടക്കാതെ ചെറിയൊരു പ്ലേറ്റിൽ കുറച്ചു പഴങ്ങൾ മാത്രം എടുത്ത് ഞാനും പഴയൊരു സ്‌നേഹിതനും മൂലയിലേക്ക് മാറിനിന്ന് നാട്ടു വർത്തമാനങ്ങളിൽ മുഴുകി. പെരുമഴയും സർക്കാരുമൊക്കെ വിഷയം.
പാത്രങ്ങൾ നിറയെ ഭക്ഷണം എടുത്ത് പകുതിയിലധികം കുപ്പത്തൊട്ടിയിൽ തളളുകയാണ് വലിയൊരു വിഭാഗം. കാണുമ്പോൾ ഒരു മോഹത്തിന് കോരിയെടുക്കും. കഴിക്കാതെ വെറുതെ കളയും. അപ്പോളാണ് അടുത്തൊരു കുട്ടി ബെഫെ കൗണ്ടറിലേക്ക് പോകാൻ അച്ഛന്റെ തുണ തേടി വിളിക്കുന്നതു കണ്ടത്. അച്ഛൻ പക്ഷേ, കുട്ടിയെ മൈന്റ് ചെയ്യുന്നില്ല.
നിറഞ്ഞു തുളുമ്പുന്ന പാത്രത്തിൽ അവിടെയും ഇവിടെയും നിന്ന് താത്പര്യമുളള ചിലതു മാത്രം രുചിക്കുന്നതേയുള്ളൂ അദ്ദേഹം. വീണ്ടും കൗണ്ടറിലേക്ക് പോകാൻ കുട്ടി ആവശ്യപ്പെട്ടപ്പോൾ അച്ഛൻ ദേഷ്യപ്പെട്ടു.”നിന്നോട് പറഞ്ഞതല്ലേ, എല്ലാം ആവശ്യംപോലെ എടുക്കണമെന്ന്… എന്നിട്ട് ആവശ്യമുളളതു കഴിച്ചാൽ മതിയല്ലോ.”
കിട്ടാവുന്ന എല്ലാ വിഭവങ്ങളും പാത്രം നിറയെ കോരിയെടുക്കാതിരുന്നതിനാണ് അച്ഛൻ കുട്ടിയെ കുറ്റപ്പെടുത്തുന്നത്. അങ്ങനെയെങ്കിൽ വളരെക്കുറച്ച് കഴിച്ച് ബാക്കി കുപ്പത്തൊട്ടിയിലിടാമായിരുന്നു.
1000 പേർ പങ്കെടുക്കുന്ന ഇത്തരമൊരു വിരുന്നിൽ ചുരുങ്ങിയത് 250 പേർക്കുളള ഭക്ഷണമെങ്കിലും ഉച്ഛിഷ്ടമാകും.
മുമ്പൊക്കെ കല്യാണ സദ്യകൾക്കും മറ്റുമുളള ഒരുക്കങ്ങളിൽ ആദ്യമേ തുടങ്ങും എത്ര പേരെ വിളിക്കണം, എത്ര പേർക്ക് സദ്യ ഒരുക്കണം എന്നൊക്കെയുളള ചിന്തകൾ. നാട്ടിലുളള പാചകക്കാർക്ക് വലിയ തെറ്റു വരാത്ത കണക്കുമുണ്ടാകും. ചുരുക്കം ചില ഇടങ്ങളിലെങ്കിലും ചില വിഭവങ്ങളെങ്കിലും തികയാതെ വരികയേ പതിവുളളു. ഭക്ഷണസാധനങ്ങൾ കമിഴ്ത്തിക്കളയുന്ന രീതി ഉണ്ടായിരുന്നില്ല.
പണം മുടക്കി വാങ്ങുന്നതല്ലേ, വേണ്ടതു എടുത്ത് ബാക്കി കളയുന്നതിനെന്തു കുഴപ്പം എന്നാണ് പലരുടെയും മനോഭാവം. ലോകമെമ്പാടും അനേക കോടി മനുഷ്യർ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിശന്നു കരയുമ്പോഴാണ് വലിയ വിഭവങ്ങൾ ഒരു സങ്കോചവുമില്ലാതെ കമിഴ്ത്തിക്കളയുന്നത് എന്നോർക്കണം.
നമ്മുടെ പോക്കറ്റിൽ പണമുണ്ടായിരിക്കാം. എന്നു കരുതി മറ്റൊരാൾക്ക് കഴിക്കാവുന്ന ഭക്ഷണം കമിഴ്ത്തി കളയാൻ ആർക്കാണ് അവകാശം? അത് പണമുളളതിന്റെ ധാർഷ്ട്യത്തിനും അപ്പുറത്തുളള പാപമാണ്, തെറ്റാണ്, കുറ്റമാണ്.
മുമ്പൊക്കെ സദ്യകൾക്ക് പോയാൽ കാണാം, വിളമ്പിയ ഇലയിൽ കറിവേപ്പിലയോ മുരിങ്ങക്കായയുടെ പിശടോ പഴത്തൊലിയൊക്കെ മാത്രമേ അവശേഷിക്കുകയുളളു. കറിവേപ്പില പോലും കളയാതെ കഴിക്കാറുണ്ട് പലരും. ഇല വെടിപ്പാക്കിയേ ഉണ്ടെണീക്കുകയുളളു. അതായിരുന്നു ടേബിൾ മാനേഴ്‌സ്. ഭക്ഷണം പാഴാക്കുന്നതിന് പിഴ ഈടാക്കുന്ന ചില ഹോട്ടലുകളെക്കുറിച്ച് എവിടെയോ കേട്ടിരുന്നു. പണം നിങ്ങളുടേതാകാം, പക്ഷേ, ഭൂമിയിലുളള വിഭവങ്ങൾ എല്ലാ മനുഷ്യരുടേതുമാണ് എന്ന് ഓർമപ്പെടുത്താറുണ്ട് യൂറോപ്പിലെയും മറ്റും പല സമൂഹങ്ങളിലും. നിങ്ങൾക്ക് പണം കൊടുത്തു വാങ്ങി കഴിക്കാം, പക്ഷേ പാഴാക്കാൻ അവകാശമില്ല! ഇക്കാര്യം പറഞ്ഞപ്പോൾ ഒരു സുഹൃത്ത് പറഞ്ഞു ന്യൂയോർക്ക് നഗരത്തിലെ ഹോട്ടലുകളിൽനിന്ന് ഒരു ദിവസം പാഴാക്കുന്ന ഭക്ഷണമുണ്ടെങ്കിൽ ആഫ്രിക്കയിലെ മുഴുവൻ പട്ടിണിക്കാർക്കും ഒരു ദിവസം വിശപ്പടക്കാനാവും എന്നൊരു കണക്കുണ്ടത്രെ! ഭക്ഷണമില്ലാത്തതുകൊണ്ടു മാത്രം മരിച്ചു പോകുന്ന അനേക കോടി ആളുകൾക്കൊപ്പം കഴിയുമ്പോളാണ് നാമിങ്ങനെ ഭക്ഷണം പാഴാക്കുന്നത്. അവരെ പട്ടിണിയിലാക്കുന്നത് നമ്മൾ കൂടിയാണെന്ന് ഓർക്കണം.
കുട്ടികൾക്ക് പാശ്ചാത്യ മാതൃകയിൽ ടേബിൾ മാനേഴ്‌സ് പഠിപ്പിക്കുകയും പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന നിരവധിയാളുകളുണ്ട്. നമ്മൾ പഠിപ്പിക്കേണ്ടത് നമ്മുടെ ആ പരമ്പരാഗത തീൻമേശ മര്യാദകളാണ്. ഇല വെടിപ്പാക്കി ഉണ്ടെഴുന്നേൽക്കുന്ന രീതി. ഒരു വറ്റു ചോറ് പാഴാക്കുമ്പോൾ വിശക്കുന്ന ഒരാളുടെ കണ്ണീരിന് നമ്മൾ ഉത്തരവാദിയാവുകയാണ് എന്ന ജാഗ്രതയാണ് നമുക്കു വേണ്ടത്. അതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്.
ധൂർത്തിന്റെയും ഡിസ്‌പോസിൾ സംസ്‌കാരത്തിന്റെയും ഇക്കാലത്ത് ഇദേഹത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!
അക്കങ്ങൾ തമ്മിലുണ്ടായ അടിപിടി
പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ഈയിടെ വേദിയിൽ പറഞ്ഞൊരു പ്രസംഗം ഹൃദ്യമായി തോന്നി. അദേഹത്തിന്റെ സിനിമയിലെ ആശയങ്ങൾ പോലെ മനോഹരമാണ് ആ പ്രഭാഷണങ്ങളും. പൊതു സമൂഹത്തിന് നൽകാനുള്ള ചില നല്ല സന്ദേശങ്ങൾ അവിടെ ഒളിഞ്ഞിരുപ്പുണ്ടാകും. അദേഹം പറഞ്ഞ പ്രഭാഷണത്തിലെ ചെറിയ കഥയും സന്ദേശവും ഇവിടെ ഉദ്ധരിക്കാം.
ഒരിക്കൽ വാക്കുതർക്കത്തെ തുടർന്ന് ‘ഒമ്പത്’ എന്ന അക്കം എട്ട് എന്ന അക്കത്തെ മർദിച്ചു. അപ്പോൾ എട്ട് ചോദിച്ചു, എന്തിനാണ് ഒരു കാരണവുമില്ലാതെ നീയെന്നെ തല്ലിയത്? അതിന് മറുപടിയായി ഒമ്പത് പറഞ്ഞു, ”നിന്നെക്കാൾ വളരെ വലിയവനായതിനാൽ എനിക്ക് നിന്നെ തല്ലാൻ അവകാശമുണ്ട്.”
അത് എട്ടിന് പുതിയ തിരിച്ചറിവായിരുന്നു. അതിനാൽ അവനിൽ താഴ്ന്നുനിൽക്കുന്ന ഏഴിനെ ഇതേകാരണം പറഞ്ഞ് ഏട്ടും തല്ലി. തുടർന്ന് ഏഴ് ആറിനെയും, ആറ് അഞ്ചിനെയും അഞ്ച് നാലിനെയും നാല് മൂന്നിനെയും മൂന്ന് രണ്ടിനെയും രണ്ട് ഒന്നിനെയും പടിപടിയായി മർദിച്ചു. അപ്പോൾ ഏറ്റവും താഴ്ന്നുനിൽക്കുന്ന ഒന്ന് നോക്കുമ്പോൾ തനിക്ക് മർദിക്കാൻ താഴെയായി വേറെ ആരുമില്ല. തനിക്ക് താഴെ എന്ന് പറയാൻ പൂജ്യം മാത്രമേയുള്ളൂ. പൂജ്യത്തിനാണെങ്കിൽ വിലയുമില്ല. അതുകൊണ്ട് പൂജ്യത്തെ തല്ലിയിട്ട് കാര്യമില്ല. അതിനാൽ ഒന്ന് ഇങ്ങനെ ചിന്തിച്ചു. ഈ ദുർബലനായ പൂജ്യത്തെ തന്നോട് ചേർത്ത് നിർത്തണം. അങ്ങനെ ഒന്നു പൂജ്യത്തെ ചേർത്ത് നിർത്തിയപ്പോൾ അത് 10 ആവുകയും അതിന്റെ വില ഏറ്റവും കൂടുതൽ ഉയരുകയും ചെയ്തു. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് ഇത്രമാത്രം. തന്നെക്കാൾ താഴ്ന്നവരെ, ദൗർബല്യമുള്ളവരെ, നമ്മെക്കാൾ നിസാരന്മാരായി തോന്നുന്നവരെ ചേർത്ത് പിടിക്കുക എന്ന സന്ദേശമാണ് ഈ കഥയിൽ ഉൾക്കൊള്ളുന്നത്. ഇതു തന്നെയാണ് നാം സമൂഹത്തിൽ അനുഷ്ഠിക്കേണ്ടതായ ധർമ്മവും. നാം സമൂഹത്തിൽ എത്ര ഉയർന്ന നിലയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുമ്പോഴും നാം ഇടയ്ക്ക് താഴേക്ക് നോക്കുക, നമ്മെക്കാൾ ചെറിയവരെ നമ്മളെക്കാൾ കഷ്ടതനുഭവിക്കുന്നവരെ നമ്മളോട് ചേർത്ത് നിർത്തുവാൻ നാം ശ്രമിക്കണം.
ജയ്‌മോൻ കുമരകം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?