Follow Us On

29

March

2024

Friday

കാർഷിക മേഖലയെ തളർത്താൻ ശ്രമിക്കരുത്

കാർഷിക മേഖലയെ തളർത്താൻ ശ്രമിക്കരുത്

കർഷകരെ കൃഷിഭൂമിയിൽനിന്നും അകറ്റുന്ന നടപടികളാണ് ഓരോ ദിവസവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്ന വിഭാഗമായി കർഷകർ മാറിക്കഴിഞ്ഞു. മലയോര മേഖലയിലുള്ള കർഷകരായിരിക്കും വലിയ പ്രതിസന്ധികളെ നേരിടുന്നത്. ഉത്പന്നങ്ങളുടെ വിലയിടിവു മുതൽ വന്യമൃഗശല്യം വരെ കർഷകരെ പ്രതിസന്ധിയിലാഴ്ത്തുമ്പോൾ മറുഭാഗത്ത് ഗവൺമെന്റ് ഞെരുക്കുന്ന നിയമങ്ങളുമായി അവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുകയാണ്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, കാന്തലോട്, കായണ്ണ, ചക്കിട്ടപാറ വില്ലേജുകളിലെ നിരവധി കർഷകർക്ക് വനംവകുപ്പ് കുടിയിറക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. പലരും അവിടെ ജനിച്ചുവളർന്നവരാണ്. 1977 ജനുവരി ഒന്നിന് മുമ്പ് കൈവശ രേഖയുള്ള കൃഷിക്കാരുടെ നികുതി സ്വീകരിക്കാൻ ഗവൺമെന്റുതലത്തിൽ തീരുമാനം ഉണ്ടാകുകയും അതിനനുസിരിച്ചുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടയിലാണ് വനംവകുപ്പിന്റെ പുതിയ നീക്കങ്ങൾ. രാഷ്ട്രീയ നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങളെ ദുർബലപ്പെടുത്താൻ ഉദ്യോഗസ്ഥന്മാർക്ക് ധൈര്യം ലഭിക്കുന്നതിന്റെ കാരണം മുമ്പ് ഇത്തരം നീക്കങ്ങൾ നടത്തിയപ്പോഴും അവർക്ക് സംരക്ഷണം ലഭിച്ചു എന്നതാണ്. അധികൃതർ കർഷകരോട് പുലർത്തുന്ന സമീപനത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് ഈ സംഭവം.
തമിഴ്‌നാട്ടിലോ കർണാടകയിലോ ഉണ്ടാകുന്ന ലോറി സമരം കൂടുതൽ ബാധിക്കുന്നത് കേരളീയരെയാണ്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ എന്തുകൊണ്ട് നമുക്ക് കൃഷിചെയ്തുകൂടാ എന്നൊക്കെയുള്ള ചർച്ചകളും ആഹ്വാനങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, അതുകൊണ്ട് വലിയ പ്രയോജനങ്ങൾ ഒന്നും ഉണ്ടാകാറില്ല. ഒരു ഭാഗത്ത് ഭക്ഷ്യസ്വയംപര്യാപ്തതയെക്കുറിച്ചും വിഷരഹിത ഉത്പന്നങ്ങളെപ്പറ്റിയും വാചാലരാകുന്നവർ കൃഷിക്കാരുടെ ജീവിതം ദുസഹമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരുകയാണ്. കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ട് ഭക്ഷ്യോത്പാദനം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
ഒരു കൃഷിക്കാരനും സ്വന്തം മക്കൾ ആ മേഖലയിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറി. കാർഷിക രംഗത്തേക്ക് എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം തീരെ കുറഞ്ഞു. മറ്റു ജോലിയിലേക്ക് പ്രവേശിക്കാൻ കാണിക്കുന്ന താല്പര്യത്തിന്റെ 10 ശതമാനംപോലും ഈ മേഖലയിലേക്ക് കാണിക്കുന്നില്ല. ആരാകാനാണ് താല്പര്യമെന്ന് ഒരു സ്‌കൂൾ കുട്ടിയോട് ചോദിച്ചാൽ എനിക്ക് കൃഷിക്കാരനാകണമെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. കുട്ടികളുടെ മനസിൽപ്പോലും അതൊരു നല്ല തൊഴിൽ മേഖലയായി മാറുന്നില്ല. ഏതൊരു മേഖലയുടെ വളർച്ചക്കും നിലനില്പിനും അത്യാവശ്യമായിട്ടുള്ളത് പുതിയ തലമുറയുടെ രംഗപ്രവേശനമാണ്. മറ്റ് രംഗങ്ങളിലേക്ക് മിടുക്കന്മാർ പ്രവേശിക്കുന്നതുപോലെ കാർഷിക മേഖലയിലേക്കും എത്തണം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് അധികംപേരൊന്നും തയാറാകുമെന്നു തോന്നുന്നില്ല.
ആഴ്ചകൾക്ക് മുമ്പുണ്ടായ അതിശക്തമായ മഴ വിതച്ച ദുരന്തങ്ങൾ വലുതായിരുന്നു. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കർഷകർക്ക് ഏറെ നഷ്ടങ്ങൾ ഉണ്ടാക്കി. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭരണകർത്താക്കൾ പലവിധത്തിലുള്ള വാഗ്ദാനങ്ങൾ നൽകുമെങ്കിലും അവ ജലരേഖകൾപ്പോലെ ആയിത്തീരുകയാണ് പതിവ്. മറ്റു സംസ്ഥാനങ്ങളിൽ കർഷകർക്കു ലഭിക്കുന്ന ആനുകൂല്യങ്ങളോ കൃഷിചെയ്യുന്നതിന് ലഭിക്കുന്ന സഹായങ്ങളോ കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നില്ല. അതിലുപരി പലവിധത്തിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. സംസ്ഥാനത്ത് വനങ്ങൾ വേണ്ടെന്ന് കർഷകർ ഒരിക്കലും പറയില്ല. മരങ്ങൾ നിലനില്ക്കുന്നതിന്റെ കാരണം കർഷകരാണ്. അവരാണ് പ്രകൃതിയെ സംരക്ഷിക്കാൻ മുന്നിട്ടുനില്ക്കുന്നതും. കർഷകർ സംഘടിതരല്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടാണ് അവർക്ക് എതിരെ അന്യായമായ നിയമങ്ങൾ ഉണ്ടാകുന്നത്.
കർഷകരുടെ മക്കൾ അവരുടെ മാതാപിതാക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടാണ് വളരുന്നത്. സ്വഭാവികമായും അതിൽനിന്നും രക്ഷപ്പെടാനാണ് അവരും ആഗ്രഹിക്കുന്നത്. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മറ്റു മേഖലകളെ അപേക്ഷിച്ച് കാർഷിക രംഗത്തുനിന്നും അകറ്റുന്ന ഘടകങ്ങൾ നിരവധിയാണ്. അതിന് പരിഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടത്. ഫാനിന്റെ താഴെയിരുന്ന് ജോലി ചെയ്യുന്നതും വെയിലും മഴയും സഹിച്ച് ജോലി ചെയ്യുന്നതും തമ്മിൽ അധ്വാനത്തിൽ ഏറെ വ്യത്യാസമുണ്ട്. ഇനി കഠിനാധ്വാനത്തിന് മനസുള്ളവരെയും അതിൽനിന്നും പിന്തിരിപ്പിക്കുന്ന സാഹചര്യമാണ് നില്‌നില്ക്കുന്നത്. കൃഷിക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന നടപടികൾക്ക് അധികൃതർ കൂട്ടുനില്ക്കരുത്. കാർഷിക മേഖല ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ മുഴുവൻ ആവശ്യമാണ്. കാർഷിക മേഖലയിൽനിന്നും കൃഷിക്കാരെ അകറ്റാൻ ശ്രമിച്ചാൽ സംസ്ഥാനം ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?