Follow Us On

28

March

2024

Thursday

വിശ്വാസത്തിൽ ഐക്യപ്പെട്ട് പാരമ്പര്യത്തിൽ  വളരണം: ആർച്ച്ബിഷപ്പ് മാർ മൂലക്കാട്ട്

വിശ്വാസത്തിൽ ഐക്യപ്പെട്ട് പാരമ്പര്യത്തിൽ  വളരണം: ആർച്ച്ബിഷപ്പ് മാർ മൂലക്കാട്ട്
ന്യൂയോർക്ക് :വിശ്വാസത്തിൽ ഐക്യപ്പെട്ട് പാരമ്പര്യത്താൽ സമഗ്രവളർച്ച സാധ്യമാക്കണമെന്ന് കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ആഹ്വാനംചെയ്തു. റോക്‌ലൻഡ് ക്‌നാനായ സമൂഹം സ്വന്തമാക്കിയ സെന്റ് മേരീസ് ദൈവാലയത്തിന്റെ കൂദാശയ്ക്കുശേഷം അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ വളർച്ചയിൽ മുന്നേറാനുള്ള വലിയ അവസരമാണ് പുതിയ ദൈവാലയത്തിലൂടെ തുറക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാനായിലെ കല്യാണത്തിനു വീഞ്ഞു തികയാതെ വന്നപ്പോൾ മധ്യസ്ഥയായി ഇടപെട്ട കന്യാമറിയത്തിന്റെ കാരുണ്യം അനുസ്മരിച്ചാണ് അദ്ദേഹം സന്ദേശം ആരംഭിച്ചത്. ഒരു ജനസമൂഹത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇവിടെയും മാതാവ് ഇടപെട്ടിട്ടുണ്ട്. പരിശുദ്ധ അമ്മ തീർച്ചയായും നമ്മോടൊപ്പമുണ്ട്. ദിവ്യബലി അർഹമായ രീതിയിൽ അർപ്പിക്കാൻ മാതാവ് കനിഞ്ഞു.
“നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ ദൈവാലയം. ഇതിനു രൂപംകൊടുത്ത പിതാക്കന്മാരെ നാം ഓർമിക്കുന്നു. ദൈവാലയം തന്ന ന്യൂയോർക്ക് അതിരൂപതയോടും അതിനുവേണ്ടി പരിശ്രമിച്ച ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനും മാർ ജോയ് ആലപ്പാട്ടിനും വികാരി ഫാ. ജോസ് ആദോപ്പള്ളിക്കും നന്ദിയർപ്പിക്കുന്നു.
ദൈവാലയം സ്വന്തമാക്കുന്നതിൽ  ഫാ. ജോസ് ആദോപ്പള്ളി കടന്നുപോയ വിഷമതകൾ എനിക്ക് നേരിട്ടറിയാം. പ്രയാസങ്ങളിൽ ദൈവം കൂടുതൽ സഹായിക്കുമെന്നുംസഹനത്തിലൂടെയാണ് നേട്ടങ്ങളുടെ കിരീടമെത്തുന്നതെന്നും മനസിലാക്കാൻ ഈ സ്വപ്‌നസാഫല്യം വഴിയൊരുക്കിയിട്ടുണ്ടെന്നും” മാർ മൂലക്കാട്ട് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും രണ്ടു ഡസനോളം വൈദികർ സഹകാർമികരായിരുന്നു.
രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ വിശ്വാസീസമൂഹത്തെ സാക്ഷിയാക്കി ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ടും ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും ചേർന്നാണ് ആശീർവാദ കർമം നിർവഹിച്ചത്. ഇതോടെ അമേരിക്കയിൽ ക്‌നാനായ സമുദായത്തിനുള്ള ദൈവാലയങ്ങളുടെ എണ്ണം 13ആയി. റോക്‌ലൻഡിലേത് ന്യൂയോർക്കിലെ രണ്ടാമത്തെ ദൈവാലയമാണ്.
തിരുക്കർമങ്ങൾക്കുശേഷം സംഘടിപ്പിച്ച സമ്മേളനത്തിൽ മാർ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു. വിശ്വാസത്തിലും ഭക്തിയിലും വളരാൻ ദൈവാലയം അനിവാര്യമാണെന്നും പാരമ്പര്യവും തനിമയുമൊക്കെ സംരക്ഷിക്കാൻ സ്വന്തം ദൈവാലയമാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിലും ഭക്തിയിലും സ്‌നേഹത്തിലും കെട്ടിപ്പെടുത്തവയാണ് ദൈവാലയങ്ങൾ. നമ്മുടെ ആത്മീയവും സാമൂഹികവുമായ ജീവിതത്തിനും ദൈവാലയം മുതൽക്കൂട്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ദൈവാലയത്തിൽ 350 പേർക്കും ബേസ്‌മെൻറിൽ 150 പേർക്കും ആരാധനയിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. സ്വന്തം പാർക്കിംഗ് ലോട്ടിനൊപ്പം സമീപത്തെ സ്‌കൂളിന്റെ സ്ഥലവും പാർക്കിംഗിനായി ഉപയോഗിക്കാം. റെക്ടറിയുമുണ്ട്. ഇടവക അംഗങ്ങളുടെ കൂട്ടായ സഹകരണവും ട്രൈസ്റ്റേറ്റിലുള്ള സഭാംഗങ്ങളുടെ നിർലോഭമായ സഹായവുമാണ് സ്വന്തം ദൈവാലയം യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്.
വികാരി ഫാ. ജോസ് ആദോപ്പള്ളി, വികാരി ജനറൽ മോൺ. തോമസ് മുളവനാൽ, ന്യൂയോർക്ക് ക്‌നാനായ ഫൊറോനാ വികാരി ഫാ. തോമസ് തറയ്ക്കൽ, ഫാ. എബ്രഹാം കളരിക്കൽ, ഫാ. തോമസ് ആദോപ്പള്ളിൽ ജോസഫ് പതിയിൽ, ജോർജ് ജോസഫ്, ഫിലിപ്പ് ചാമക്കാല, പ്രോഗ്രാം കൺവീനർ തോമസ് പാലച്ചേരിൽ, ജോയി ചെമ്മാച്ചേൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ തോമസ് പാലച്ചേരിൽ, ട്രസ്റ്റിമാരായ ഫിലിപ്പ് ചാമക്കാല, സിബി മണലേൽ, എബ്രഹാം പുലിയലകുന്നേൽ, റെജി ഒഴുങ്ങാലിൽ എന്നിവർ നേതൃത്വ വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?