Follow Us On

29

March

2024

Friday

മിഷൻ മേഖലയിലെ സാക്ഷ്യം

മിഷൻ മേഖലയിലെ സാക്ഷ്യം

പൗരോഹിത്യം സമ്പന്നമാകണമെങ്കിൽ നിരന്തരമായ പ്രാർത്ഥനകൾ അത്യാവശ്യമാണ്. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സമൂഹത്തിൽ നിന്നുമെല്ലാം നിരന്തരം പ്രാർത്ഥന ലഭിക്കുമ്പോൾ ഏതൊരു പൗരോഹിത്യവും കർമ്മപദങ്ങളിൽ ശ്രേഷ്ഠമായി മാറുന്നു. പാറേക്കാട്ടിൽ മത്തായി-അന്നമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ ഒരാളാണ് മാത്യു. 1952 ജൂലൈ ആറിന് വയനാട്ടിലെ മുള്ളൻകൊല്ലിയിലാണ് മാത്യു ജനിച്ചത്.
കഠിനാദ്ധ്വാനികളായ മാതാപിതാക്കൾ മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിയിരുന്നു. ഒന്നാം ക്ലാസുമുതൽ എഴാം ക്ലാസുവരെ മുള്ളൻകൊല്ലി സെന്റ് തോമസ് സ്‌കൂളിലായിരുന്നു മാത്യുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം പുൽപ്പള്ളി വിജയ ഹൈസ്‌കൂളിലും. അക്കാലത്ത് ലഭിച്ചിരുന്ന ‘കുഞ്ഞുമിഷ്യനറി’യെന്ന മാസിക പതിവായി വായിച്ചിരുന്ന മാത്യുവിന് ആ മാസിക മിഷൻ ജീവിതത്തിലേക്കുള്ള ആദ്യ വഴികാട്ടിയായി മാറി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഇടവകയിലെ തന്നെ മിഷൻ വൈദികനായിരുന്ന ഫാ.ജോൺ കളപ്പുരയ്ക്കൽ ടഉആ യെ സമീപിക്കുകയും തന്റെ ആഗ്രഹം മാത്യു അറിയിക്കുകയും ചെയ്തു. അതിന്റെ ഫലമായി നോർത്ത് ഈസ്റ്റിലെ സലേഷ്യൻ ഡോൺ ബോസ്‌കോ പ്രൊവിൻഷലിൽ വൈദിക പഠനത്തിനായി ചേരുകയായിരുന്നു. ഷില്ലോഗ് സാവിയെന്ന ജൂനിയറേറ്റ് മൈനർ സെമിനാരിയിലായിരുന്നു പ്രീ യൂണിവേഴ്‌സിറ്റി പഠനം. തുടർന്നു അപ്പർഷില്ലോങ്ങിലെ സണ്ണിസയിറ്റീൽ നോവിഷ്യേറ്റ്. അന്നത്തെ നോവിസ് മാസ്റ്ററായിരുന്ന ഫാ.ലിയോ ഹെറിയോറ്റ് എന്ന വൈദികന്റെ വിശുദ്ധമായ ജീവിതം മാത്യുവിന്റെ മിഷൻ ജീവിതത്തെ ഏറെ സ്വാധീനിച്ചു.
1977 മെയ് 24ന് മാത്യു തന്റെ പ്രഥമവ്രത വാഗ്ദാനം നടത്തി. തുടർന്ന് ഡാർജിലിങ്ങിലെ സൊനാഡയിലുള്ള സലേഷ്യൻ കോളജിൽ തത്വശാസ്ത്രപഠനവും ഡിഗ്രിപഠനവും നടത്തി. അക്കാലത്ത് നേപ്പാളിഗ്രാമങ്ങളിൽ ഒട്ടേറെ ശുശ്രൂഷകൾ ചെയ്തിരുന്നു. ഈ സമയം നേപ്പാളിഭാഷ പഠിക്കുന്നതിനും അതിലൂടെ ഗ്രാമീണർക്കിടയിൽ പ്രവർത്തിക്കുന്നതിനും കഴിഞ്ഞു. മാത്യു അച്ചൻ റീജൻസികാലഘട്ടം ചിലവഴിച്ചത് മേഘാലയത്തിലെ ഉമ്മറാനിലുള്ള സെന്റ് ജോസഫ് അഗ്രികൾച്ചർ സെന്ററിലായിരുന്നു. അവിടെ കാർഷികജോലികൾക്കൊപ്പം മൈനർ സെമിനാരി വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുകയും ചെയ്തിരുന്നു. രണ്ടാം വർഷ റീജൻസി അസാമിലെ ബർപ്പെട്ടാ റോഡിലുള്ള സെന്റ് ജോസഫ് ഇടവകയിലും ഇടവക സ്‌കൂളിലുമായിരുന്നു.
അവിടെ കുട്ടികൾക്കായുണ്ടായിരുന്ന ബോർഡിംഗിന്റെ മേൽനോട്ടമായിരുന്നു ലഭിച്ച ഉത്തരവാദിത്വം. കൂടാതെ സ്‌കൂളിൽ പഠിപ്പിക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ ഗ്രാമങ്ങളിൽ ആത്മീയ ശുശ്രൂഷകൾക്ക് മറ്റ് വൈദികരെ സഹായിച്ചു. ഈ കാലഘട്ടത്തിൽ ആസാമീസ് ഭാഷ പഠിക്കുന്നതിനും കഴിഞ്ഞു. തുടർന്ന് ഷില്ലോങ്ങിലെ സേക്രട്ട് ഹാർട്ട’് തിയോളജിക്കൽ കോളജിൽ ദൈവശാസ്ത്ര പഠനം നടത്തി. ഈ സമയം ഞായറാഴ്ച്ചകളിൽ ഷില്ലോങ്ങിലെ സ്മിത്ത് ഗ്രാമത്തിൽ ഒറട്ടറി ശുശ്രൂഷകളും നടത്തി.
ഇവിടെ നിന്നും ഖാസി ഭാഷ പഠിക്കുകയും ഗ്രാമീണ യുവജനങ്ങളെ യേശുവിനെക്കുറിച്ചു പഠിപ്പിക്കുകയും അവരെ ക്രിസ്തീയ വഴികളിലേക്ക് നയിക്കുകയും ചെയ്തു. 1986 ജനുവരി ആറിന് മാനന്തവാടി മെത്രാനായിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവിൽനിന്നും ഫാ.മാത്യു പാറേക്കാട്ടിൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് നോർത്ത് ഈസ്റ്റ് മിഷനിൽ ചുമതല ലഭിച്ച മാത്യു അച്ഛൻ മേഘാലയിലെ സോനാപഹാദ് ക്രൈസ്റ്റ് കിംഗ് ഇടവകയിൽ സഹവൈദികനായി ശുശ്രൂഷ ആരംഭിച്ചു. 140ഓളം ഗ്രാമങ്ങളിലുണ്ടായിരുന്ന ആ ഇടവകയിലെ ഗ്രാമങ്ങളിൽ ആത്മീയ ശുശ്രൂഷകൾക്കായി അച്ചൻ നിരന്തരം യാത്ര നടത്തിയിരുന്നു.
തുടർന്ന് രണ്ടുവർഷക്കാലം ഗോഹട്ടിയിലെ ഡോൺബോസ്‌കോ പ്രൊവിൻഷ്യൽ ഹൗസിന്റെ പ്രൊക്യൂറേറ്ററായും മാത്യു അച്ചൻ സേവനം ചെയ്തു. ഈ കാലഘട്ടത്തിൽ നോർത്ത് ഈസ്റ്റിൽ മിഷൻ പ്രവർത്തനത്തിനെത്തിയ നവാഗതർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും അച്ചന് കഴിഞ്ഞു. തുടർന്ന് മേഘാലയിലെ ഷില്ലോങ്ങ് മാളായി സെന്റ് ഡൊമിനിക് സാവിയോ ഇടവകയിൽ ഒരു വർഷം സഹവൈദികനായി സേവനം ചെയ്തു.
130-ഓളം ഗ്രാമങ്ങളുണ്ടായിരുന്നു ഇവിടെ മുഴുവൻ ഗ്രാമങ്ങളിലും അച്ചൻ ആത്മീയ ശുശ്രൂഷകൾക്കായി യാത്ര നടത്തിയിരുന്നു. ഇതിനുശേഷം അസാമിൽ ഇന്ത്യാ ഭൂട്ടാൻ അതിർത്തിയിലെ ഡുമ്മിനി ഇടവകയിൽ വികാരിയായി.
പ്രധാനമായും ആദിവാസിവിഭാഗങ്ങളായ, ബോഡോ ഗോത്രങ്ങൾക്കിയിലായിരുന്നു അച്ചന്റെ ശുശ്രൂഷകൾ.
ഡുമ്മിനി ഇടവകയിലെ ശുശ്രൂഷക്കാലത്ത് മദ്യപാനികളായിരുന്ന ഗ്രാമീണരെ അതിൽനിന്നും പിന്തിരിപ്പിക്കുന്നതിന് എല്ലാ ഗ്രാമങ്ങളിലും ഗരീബ്ദാസ്, മോണിക്ക എന്നീ അല്മായ ശുശ്രൂഷകരുടെ സഹായത്തോടെ ഗ്രാമീണർക്കിടയിൽ ധ്യാനങ്ങളും കൺ വൻഷനുകളും സംഘടിപ്പിച്ചു. അതിന്റെ ഫലമായി മദ്യപാനത്തിൽനിന്നും ഡുമ്മിനിയിലെ ഗ്രാമീണരെ പിൻതിരിപ്പിക്കാൻ അച്ചന് കഴിഞ്ഞു.
പിന്നീട് സോനാഫഹാർ ഇടവകയിൽ മാത്യു അച്ചൻ വികാരിയായി ശുശ്രൂഷകൾ ആരംഭിച്ചു. അവിടെ 25 ഗ്രാമീണ പള്ളികളും എട്ട് വില്ലേജ് സ്‌കൂളുകളും അച്ചന്റെ നേതൃത്വത്തിൽ തുടങ്ങി. സർക്കാരിൽനിന്ന് യാതൊരു സഹായങ്ങളും ലഭിക്കാത്ത സാഹചര്യത്തിൽ കഠിനമായ പരിശ്രമത്തിലൂടെയാണ് അച്ചന് സ്‌കൂളുകൾ തുടങ്ങാനായത്. അതിന്‌ശേഷം നാല് വർഷം മേഘാലയത്തിലെ നൊങ്‌സ്‌റ്രോയിൽ ഇടവക വികാരിയായി മാത്യു അച്ചൻ നിയമിതനായി അവിടെയും ഗ്രാമീണരുടെ വിദ്യാഭ്യാസത്തിന് ധാരാളം സ്‌കൂളുകളും പള്ളികളും പണിയുന്നതിനും അച്ചന് കഴിഞ്ഞു. തുടർന്ന് അസാമിലെ ഗോഹട്ടി കത്തീഡ്രൽ ഇടവകയുടെ വികാരിയായി. വലിയ നഗരമായ ഗോഹട്ടിയിൽ ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്കർ താമസിച്ചിരുന്നു. അവർക്കാവശ്യമായ അത്മീയ ശുശ്രൂഷകൾക്ക് അച്ചൻ നേതൃത്വം നൽകി. ഒപ്പം തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സോണൽ കുർബാനകൾ സംഘടിപ്പിച്ചുകൊണ്ട് വിശ്വാസജീവിതങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്തു. തുടർന്ന് അസാമിലെ ഒരു പ്രമുഖ ഇടവക വികാരിയായി മൂന്നര വർഷക്കാലം ശുശ്രൂഷ ചെയ്തു. അസാമിലെ വിവിധ ഇടവകകളിലെ സേവനകാലത്ത് ഗ്രാമങ്ങളിൽ അല്മായരുടെ പങ്കാളിത്വത്തോടെ ധ്യാനങ്ങൾ നടത്തുകയും അതിലൂടെ നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുകയും ചെയ്തു.
കൂടാതെ രണ്ടാഴ്ച ഇടവകയിൽ താമസിച്ചുള്ള ഒരുക്കങ്ങളോടെ പാവപ്പെട്ടവരുടെ സമൂഹവിവാഹങ്ങൾ നടത്തിയിരുന്നു. എൺ പതും നൂറും സമൂഹ വിവാഹങ്ങൾ അങ്ങനെ നടത്തിയിരുന്നുവത്രേ. പിന്നീട് മേഘാലയത്തിലെ റാംറായി മൗണ്ട് കാൻവരി ഇടവകയുടെ വികാരിയായി. വളരെയേറെ പാവപ്പെട്ടവർ കഴിഞ്ഞിരുന്ന ഈ ഇടവകയിൽ നിരവധി സാമൂഹിക വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് അച്ചന് കഴിഞ്ഞു. ദൈവത്തിന്റെ ശക്തമായ ഇടപെടലുകളിലൂടെ നിരവധി പള്ളികളും സ്‌കൂളുകളും പണിയുന്നതിന് അച്ചന് കഴിഞ്ഞു. തുടർന്ന് മേഘാലയിൽ തന്നെയുള്ള ക്ലെരിയാത്ത് ഹോളിഫാമിലി ഇടവകയുടെ വികാരിയായി. ഇവിടെ പിനാർ ഗോത്ര വർഗക്കാരുടെ ഇടയിൽ അജപാലന ശുശ്രൂഷകൾക്കു പുറമേ അവരുടെ വിദ്യാഭ്യാസം, സാമൂഹിക സേവനം ആരോഗ്യ മേഖലയിലും പ്രവർത്തിക്കുന്നതിന് അച്ചന് കഴിഞ്ഞു.
തന്റെ 32 വർഷക്കാലത്തെ മിഷൻ ജീവിതത്തിൽ 30 വർഷവും ഇടവകകളിൽ അജപാലനശുശ്രൂഷ ചെയ്യുകയും ഒത്തിരിയേറെ ദൈവപരിപാലനയുടെ അനുഭവങ്ങൾ ജീവിതത്തിലുണ്ടാവുകയും ചെയ്തിരുന്നു. അസാമിലെ ജീവിതത്തിൽ പലപ്പോഴായി ഉൾഫ തീവ്രവാദികളുടെ ഭീഷണികളെ അതിജീവിക്കുന്നതിന് അച്ചന് കഴിഞ്ഞു. എല്ലാം ദൈവത്തിൽ അർപ്പിച്ചു ജീവിതം മുന്നോട്ടു നയിച്ചപ്പോൾ തന്റെ മിഷൻ ദൗത്യങ്ങൾ നിർബാധം പുഷ്ടിപ്പെടുത്താനായതായി മാത്യു അച്ചൻ അനുസ്മരിക്കുന്നു.
ഒരിക്കൽ സോനാപാഹാറിൽ വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ ആനക്കൂട്ടത്തിന്റെ മുന്നിലകപ്പെടുകയും ദൈവത്തെ വിളിച്ചുകൊണ്ടുള്ള അച്ചന്റെ അലർച്ച കേട്ടമാത്രയിൽ ആനക്കൂട്ടം ചിതറിയോടുകയും ചെയ്തു. ഈ സമയം അച്ചനോടൊത്തുണ്ടായിരുന്ന കാറ്റെകിസ്റ്റിനും സിസ്റ്റേഴ്‌സിനും ഒപ്പമുണ്ടായിരുന്ന ഗ്രാമീണർക്കും ദൈവപരിപാലനയിലുള്ള അച്ചന്റെ ഉറച്ച വിശ്വാസം വ്യക്തമാവുകയായായിരുന്നു.
പലപ്പോഴായി മരണകരമായ മലേറിയ അച്ചനെ പിടികൂടിയെങ്കിലും ദൈവ പരിപാലന അവിടെയും അച്ചന് ആശ്രയമായി. ദൈവത്തിന്റെ അചഞ്ചലമായ പരിപാലന അച്ചന്റെ മിഷൻ ജീവിതത്തെ തീഷ്ണമാക്കുന്നതായിരുന്നു. തീർത്തും പാവപ്പെട്ട ഗ്രാമീണർക്കിടയിൽ അവരുടെ ആത്മീയവും ഭാതീകവുമായ ഉന്നമതിക്കായി അച്ചൻ അക്ഷീണം പ്രവർത്തിക്കുകയായിരുന്നു. പള്ളികളും സ്‌കൂളുകളും തുടങ്ങുന്നതിനോടൊപ്പം തന്നെ പാവപ്പെട്ട യുവജനങ്ങളെ ഇടവക ബോർഡിംഗിൽ നിർത്തി പഠിപ്പിക്കുന്നതിനും ഉന്നത പഠനത്തിന് അവരെ പ്രാപ്തരാക്കാനും ജോലികൾ നേടികൊടുക്കുന്നതിനും അച്ചന് കഴിഞ്ഞു.
തന്റെ മിഷൻ ജീവിതത്തിന്റെ കാതലായി മിഷൻ യാത്രകളെ മാറ്റുകയും കൂദാശകളുടെ പ്രാധാന്യം ഗ്രാമീണരെ മനസിലാക്കുകയും അത് സ്വീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ട ഒരുക്കങ്ങളും അച്ചൻ നടത്തിയിരുന്നു. ആദ്യ രണ്ടു ദിവസങ്ങൾ സ്വീകരിക്കാൻ പോകുന്ന കൂദാശകളുടെ ഒരുക്കത്തിനും തുടർന്ന് മാമ്മോദീസ, സ്ഥൈര്യലേപനം, ആദ്യകുർബാന, വിവാഹം എന്നീ കൂദാശകൾ നടത്തുകയും ചെയ്യുന്നു. ഒരു ഗ്രാമത്തിലെ ഇത്തരത്തിലുള്ള ശുശ്രൂഷകൾക്ക് ശേഷം അടുത്ത ഗ്രാമത്തിലേക്കു യാത്രയാവുകയുള്ളൂ. ഇതിന് ഗ്രാമീണർ അച്ചനെ സഹായിക്കുന്നു. പ്രദേശികമായി ഇടവകളുടെ സഹായത്തോടെ സമൂഹ വിവാഹങ്ങൾ നടത്തുകയും വിവിധതരക്കാരായവർക്കായി വിവിധ പരിശീലനങ്ങളും സെമിനാറുകളും ക്ലാസുകളും നടത്തി അവരെ ബോധവത്ക്കരിക്കുകയും വിശ്വാസ ജീവിത്തിലേയ്ക്കു നയിക്കുകയും ചെയ്തു.
അസാം, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ അച്ചന്റെ ശുശ്രൂഷകൾവഴി ഘാസി, ഗാരോ, ആദിവാസി ബോഡേ, നേപ്പാളി, മറാം, നാഗ, ലിങ്‌നാങ് ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് കഴിഞ്ഞു. ഈ വിഭാഗങ്ങളുടെ ഭാഷകൾ പഠിക്കുകയും അതിലൂടെ അവർക്കിടയിൽ സ്വാധീനം നേടാനും അച്ചന് കഴിഞ്ഞു. അച്ചന്റെ 32 വർഷക്കാലത്തെ മിഷൻ ജീവിതം നോർത്ത് ഈസ്റ്റിൽ സഭയുടെ വളർച്ചയ്ക്ക് കാരണമായി. അച്ചന്റെ ദീർഘമായ വിദ്യാഭ്യാസ വീക്ഷണത്താൽ ആദിവാസി മേഖലയിൽ നിന്ന്് നിരവധി വൈദികരും സിസ്റ്റേഴ്‌സും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. തദ്ദേശീയരായവരോടുള്ള അച്ചന്റെ പെരുമാറ്റവും സമീപനവുംവഴി അവരിൽനിന്നും നല്ല സഹകരണവും പ്രേത്സാഹനവും അച്ചന് കിട്ടിയിരുന്നു. ഗോത്രഭാഷകൾ അനായാസം കൈകാര്യം ചെയ്യുകവഴി സാധാരണക്കാർക്കിടയിൽ ആഴ്ന്നിറങ്ങി അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുതിനും അച്ചന് കഴിഞ്ഞു. ജീവിതം എന്തിനായി സമർപ്പിച്ചുവോ ആ സമർപ്പണം പൂർത്തീകരിക്കുക വഴി പിതാവായ ദൈവത്തോടടുക്കുകയും ആ പാതകൾ പിൻതുടരുകയുമായിരുന്നു മാത്യു അച്ചൻ.
ഒരു നല്ല മിഷനറിയാകാൻ ദൈവത്തോടു നിരന്തരമായുള്ള പ്രാർത്ഥനയും അടുപ്പവും അത്യാവശ്യമാണെന്ന് അച്ചൻ പറയുന്നു. കൂടാതെ ശുശ്രൂഷാമേഖലകളെക്കുറിച്ചുള്ള ബോധ്യവും പ്രവർത്തന മേഖലകളിലെ ഭാഷയും സംസ്‌ക്കാരവും നന്നായി പഠിക്കുകയും അവിടുത്തെ ജനങ്ങളോട് പൊരുത്തപ്പെട്ട് ആ ജിവിത ശൈലിയോടു യോജിക്കുകയും ഉത്തരവാദിത്വബോധത്തോടെയുള്ള സമർപ്പണവും മിഷൻ ജീവിതത്തിന് തുണയാകുമെന്ന് അച്ചൻ നവ മിഷനറിമാരെ ഒർമ്മപ്പെടുത്തുന്നു.
ബാബു വടക്കേടത്ത്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?