Follow Us On

29

March

2024

Friday

സ്ട്രീറ്റ് സിസ്റ്റേഴ്‌സ് ലീഡർ സ്പീക്കിംഗ് !

സ്ട്രീറ്റ് സിസ്റ്റേഴ്‌സ് ലീഡർ സ്പീക്കിംഗ് !

ചിലിയിലെ എസ്.എം.എം.ഐ (സലേഷ്യൻ മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ) സിസ്റ്റേഴ്‌സിനെ ജനം സ്‌നേഹത്തോടെ അഭിസംബോധനചെയ്യുന്ന ഒരു വിശേഷണമുണ്ട്: ‘സ്ട്രീറ്റ് സിസ്റ്റേഴ്‌സ്’. കൗതുകകരമാണ് അതിനുള്ള കാരണം. തെരുവുകളിലൂടെ കാൽനടയായാണ് ഇവരുടെ യാത്ര. വഴിയിൽ കണ്ടുമുട്ടുന്നവരോടും ആലംബഹീനരോടുമുള്ള സിസ്റ്റർമാരുടെ കുശലസംഭാഷണം യാത്രയുടെ ഭാഗംതന്നെയാണ്. അവരുടെ സുഖ ദുഃഖങ്ങൾ ആരായുകയും ആവശ്യമെങ്കിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന സിസ്റ്റർമാരെ ജനം ഭവനസന്ദർശനത്തിന് ക്ഷണിക്കുക സ്വാഭാവികം. അനേകം കുടുംബങ്ങൾക്ക് ക്രിസ്തുവിനെ നൽകാൻ അവസരമൊരുക്കുന്ന ക്ഷണം സിസ്റ്റേഴ്‌സ് നിരസിക്കാറുമില്ല. നിരത്തുകൾപോലും ക്രിസ്തുവിന്റെ സുവിശേഷം പങ്കുവെക്കാൻ വേദിയാകുന്ന ഇവർക്ക് ‘സ്ട്രീറ്റ് സിസ്റ്റേഴ്‌സ്’ എന്ന വിശേഷണം ലഭിച്ചത് ഇങ്ങനെയാ ണ്.
ചിലിയുടെ ആത്മീയമേഖലകളി ലും സ്ത്രീ ശക്തീകരണം ഉൾപ്പെടെയുള്ള രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി വ്യക്തിമുദ്രപതിപ്പിച്ച സന്യാസിനിയാണ്എസ്.
എം.എം.ഐ പ്രൊവിൻഷ്യൽ സുപ്പിരീയർ സിസ്റ്റർ മെറിസോൾ സെക്വവൽ. ചിലിയിൽ ജനിച്ചുവളർന്ന സിസ്റ്റർ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തെല്ല് ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മിഷണറി പ്രവർത്തനങ്ങൾ തീക്ഷ്ണമായി മുന്നേറുന്നുണ്ടെങ്കിലും ക്രിസ്തുവിശ്വാസത്തിൽനിന്ന് അകലുന്നവരുടെ എണ്ണം വർദ്ധിക്കുകയാണിപ്പോൾ.
ചിലിയെക്കുറിച്ച് ചിലത്
തെക്കെ അമേരിക്കയിലെ വികസിത രാജ്യങ്ങളുടെ പട്ടികയിലാണ് ചിലി. 16^ാം നൂറ്റാണ്ടിന്റെ മധ്യകാലംമുതൽ സ്‌പെയിനിന്റെ കോളനിയായിരുന്ന ഇവിടെ ഡോമിനിക്കൻ, ഫ്രാൻസിസ്‌ക്കൻ സഭാ വൈദികരാണ് ക്രൈസ്തവവിശ്വാസത്തിന് വിത്തുപാകിയത്. 1650കളിൽ ചിലിയുടെ ഉത്തര, മധ്യ ഭാഗങ്ങളിലുള്ളവർ ഏതാണ്ട് പൂർണമായും ക്രിസ്തീയവിശ്വാസികളായി മാറി. പല കാരണങ്ങൾമൂലം തെക്ക് ഭാഗത്ത് ക്രൈസ്തവവിശ്വാസത്തിന് ദ്രുതഗതിയിലുള്ള വേരോട്ടം ഉണ്ടാക്കാനായില്ലെങ്കിലും ക്രമാനുഗതമായ വിശ്വാസ വളർച്ച അവിടെയും ഉണ്ടായി. സ്പാനിഷാണ് ചിലിയുടെ ഔദ്യോഗിക ഭാഷ. 1818ൽ ചിലി സ്വതന്ത്രരാഷ്ട്രമായപ്പോഴേക്കും സാമ്പത്തികമായി രാജ്യം ഉന്നതിയിൽ എത്തിയിരുന്നു.
2015ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 55% കത്തോലിക്കരാണ്. 13% പ്രൊട്ടസ്റ്റന്റുകാർക്കുപുറമെ ആംഗ്ലിക്കൻ, മെത്തഡിസ്റ്റ്, ബാപ്റ്റിസ്റ്റ്, തുടങ്ങിയ ഇതര ക്രൈസ്തവിഭാഗങ്ങൾ ഏഴു ശതമാനവും ചിലിയിലുണ്ട്. 25% ജനങ്ങൾ നി രീശ്വവാദികളാണ്. മതവിശ്വാസികളിൽ തന്നെ 27% മാത്രമേ വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും ഗൗരവത്തോടെ കാണുന്നുള്ളൂ. ഇവിടെയുള്ള സമർപ്പിത സമൂഹങ്ങൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമാണ്. ചിലിയുടെ ഭരണസിരാകേന്ദ്രങ്ങളിലെ പ്രഗൽഭ വ്യക്തികളെല്ലാം ‘കോൺഗ്രിഗേഷൻ ഓഫ് ദി ഹോളിക്രോസി’ന്റെ സ്ഥാപനമായ സെന്റ് ജോർജ് കോളജിന്റെ സൃഷ്ടികളാണെന്നുകൂടി അറിയണം.
ദൈവത്തിന്റെ ഉപകരണങ്ങൾ
വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1987ൽ നടത്തിയ സന്ദർശനം ചിലിയുടെ ആത്മീയമേഖലയിൽ വലിയ ഉണർവിന് കാരണമായി. അനേകം യുവജനങ്ങൾ സന്യസ്ത, വൈദിക ജീവിതത്തിൽ ആകൃഷ്ടരായി. അതിലൊരാളാണ് സിസ്റ്റർ മെറിസോൾ സെക്വവൽ. ആഗോള സമൂഹമെങ്കിലും ചിലിയിൽ കുറച്ചുപേർമാത്രമുള്ള സലേഷ്യൻ മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സമർപ്പിത സമൂഹത്തെയാണ് മെറിസോൾ തിരഞ്ഞെടുത്തത്. പരിശീലനവും വ്രതവാഗ്ദാനവും കഴിഞ്ഞപ്പോൾ സിസ്റ്റർ മെറിസോൾ ചിലിയുടെ പിന്നോക്ക പ്രദേശങ്ങളിലേക്ക് അയക്കപ്പെട്ടു. അവിടെ നിരവധി ക്രൈസ്തവസമൂഹങ്ങൾക്ക് രൂപം നൽകുകയായിരുന്നു ദൗത്യം.
ഇത്തരം സമൂഹങ്ങളിൽ തുടർപരിശീലനത്തിന് നേതാക്കളെയും മതബോധകരെയും തിരഞ്ഞെടുത്ത് വൈദികരുടെ അഭാവത്തിലും വിശ്വാസീസമൂഹത്തെ നയിക്കാൻ തക്കവണ്ണം ആഴമായ പരിശീലനം നൽകി. സിസ്റ്റർ മെറിസോൾ സെക്വലിന്റെ കഠിനാധ്വാനഫലമായി ചിലിയുടെ ഉൾപ്രദേശങ്ങളിൽ ധാരാളം ക്രൈസ്തവസമൂഹങ്ങൾ രൂപംകൊണ്ടു. പിന്നീട് അവ ഇടവകകളായി വളർന്നു. യുവജന പ്രേക്ഷിത രംഗത്തും സ്ത്രീശക്തീകരണ രംഗത്തും സിസ്റ്ററിന്റെ ഇടപെടലുകൾ ശ്രദ്ധേയമായി. 2009ൽ സിസ്റ്റർ സെക്വവൽ പ്രൊവിൻഷ്യൽ സുപ്പിരീയറായി നിയുക്തയായി.
‘രണ്ട് റീജ്യണൽ ഹൗസുകളിലായി 13 അംഗങ്ങളേ ചിലിയിലെ എസ്.എം.
എം.ഐ സമൂഹത്തിലുളളൂ. എങ്കിലും സുവിശേഷവൽക്കരണരംഗത്ത് ഞങ്ങൾ സജീവമായി ഇടപെടുന്നു. സ്വന്തമായി ആതുരാലയങ്ങൾ ഇല്ലെങ്കിലും രോഗിസന്ദർശനം ദിനചര്യയുടെ ഭാഗമാണ്. മരണാസന്നരെ നല്ല മരണത്തിന് ഒരുക്കും. സന്യാസിനികളുടെ കുറവുമൂലം എല്ലാ മേഖലകളിലും വേണ്ടവിധം എത്തിപ്പെടാൻ കഴിയുന്നില്ല. എങ്കിലും സാമൂഹ്യപ്രവർത്തന രംഗത്ത് ഞങ്ങൾ ചുവടുകൾ ഉറപ്പിച്ചുകഴിഞ്ഞു. അനേകം യുവജനങ്ങൾ സമർപ്പിത ജീവിതം സ്വീകരിക്കുന്നുണ്ടെന്നത് ശുഭപ്രതീക്ഷ പകരുന്ന ഘടകമാണ്,’ സിസ്റ്റർ മെറിസോൾ സെക്വവൽ പറഞ്ഞു.
നല്ല കുടുംബങ്ങളെ വാർത്തെടുക്കുന്നതിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ബോധവത്ക്കരണംമുതൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതുവരെയുള്ള വിവിധ പദ്ധതികളാണ് സാമൂഹ്യക്ഷേമത്തെപ്രതി സിസ്റ്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഏറ്റവുമധികം ശ്രദ്ധ നൽകുന്നത് യുവജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ്. യുവജനങ്ങളുടെ കൂടെയായിരുന്ന് അവരെ പഠിക്കുന്നതിനും വ്യത്യസ്ത ജീവിതാന്തസുകളിൽ പ്രവേശിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിലും സിസ്റ്റർമാർ വ്യാപൃതരാണ്. ‘അവർക്കായി മതബോധനം, വിശ്വാസ പരിശീലനം, ബോധവൽക്കരണം എന്നീ തലങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്. സമർപ്പിത ജീവിതത്തിനും വിവാഹജീവിതത്തിനും ഉതകുന്ന ക്ലാസുകൾ കൊടുക്കും. അനുയോജ്യമായ ജീവിതാന്തസ് അവർ തിരഞ്ഞെടുക്കുന്നു,’ സിസ്റ്റർ വ്യക്തമാക്കി.
ചിലിയിൽ മധ്യവേനൽ അവധിയായ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക പരിപാടികൾ, മതബോധനക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നത്. ഒരു ഇടവകയിൽ ഒരു സിസ്റ്റർ ആനിമേറ്റർവീതം എന്ന അനുപാതത്തിലാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക. വൈദികർക്ക് എത്തിപ്പെടാൻ കഴിയാത്ത മേഖലകളിൽ സിസ്റ്റേഴ്‌സ് വിശ്വാസപരമായ പ്രബോധങ്ങൾ കൊടുക്കുന്നുണ്ട്. അത്യന്തം സങ്കീർണമായ കുടുംബപ്രശ്‌നങ്ങൾപോലും പരിഹരിക്കാൻ ദൈവം തങ്ങളെ ഉപകരണമാക്കുന്നുണ്ടെന്ന് സിസ്റ്റർ സെക്വവൽ പറയുന്നു.
ചിലിയുടെ നൊമ്പരങ്ങൾ
പത്തൊൻപത് രൂപതകൾ ചിലിയിലുണ്ടെങ്കിലും അതിൽ ചില രൂപതകളിൽമാത്രമേ ആത്മീയസംഘടനകൾ സജീവമായി പ്രവർത്തിക്കുന്നുള്ളൂ. മിഷൻ ഗ്രാമങ്ങളിലെ മതബോധന പ്രവർത്തനങ്ങൾക്ക് വൈദികരും സിസ്റ്റേഴ്‌സും യുവജനങ്ങളും ഉൾപ്പെടുന്ന സംഘമായാണ് പോകുക. അത് വലിയ ചലനങ്ങൾ ഗ്രാമങ്ങളിൽ സൃഷ്ടിക്കുന്നുണ്ട്. വൈദികരുടെ ക്ഷാമമുള്ളതിനാൽ എല്ലാ സ്ഥലങ്ങളിലും വേണ്ടവിധം എത്തിപ്പെടാൻ കഴിയുന്നില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ സിസ്റ്റേഴ്‌സ് മാത്രമായി പോകും. അതത് രൂപതകളാണ് സിസ്റ്റേഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായും അല്ലാതെയുമുള്ള മേൽനോട്ടം വഹിക്കുന്നത്.
കർമലനാഥയാണ് ചിലിയുടെ മധ്യസ്ഥ. രാജ്യത്തെ എല്ലാ മിലിട്ടറി ക്യാംപുകളിലും കർമലനാഥയുടെ നാമധേയത്വത്തിൽ മനോഹരമായ ചാപ്പലുകളുണ്ട്. ജൂലൈ 16ന് കർമലനാഥയുടെ തിരുനാൾ രാജ്യമൊട്ടാകെ ആഘോഷപൂർവം കൊണ്ടാടുന്നു. മിലിട്ടറി സെന്ററുകളിൽ ദിവ്യബലിയും മറ്റ് ആഘോഷപരിപാടികളും സംഘടിപ്പിക്കാറുമുണ്ട്. എന്നാൽ, ചിലിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ സിസ്റ്റർ സെക്വവൽ ദു$ഖിതയാണ്.
‘സമ്പദ്‌സമൃദ്ധ രാഷ്ട്രം എന്ന നിലയിൽ ഭൂരിഭാഗം ജനങ്ങളും ഉയർന്ന നിലവാരത്തിലാണ് കഴിയുന്നത്. പാശ്ചാത്യസംസ്‌കാരത്തെ അനുകരിക്കൽ, ആഗോളവൽക്കരണം, ഭൗതികവാദം തുടങ്ങി നിഷേധാത്മകമായ നിരവധി ഘടകങ്ങളിൽ രാജ്യം മുങ്ങിത്താഴുകയാണ്. നിരീശ്വരവാദം ബുദ്ധിയുടെ ലക്ഷണമായി വിലയിരുത്തപ്പെടുന്ന ഒരു വിഭാഗം രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്നു. അനേകം യുവജനങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതാണ് ദു$ഖകരം,’ സിസ്റ്ററുടെ മുഖത്ത് ആശങ്ക.
കഴിഞ്ഞ 35 വർഷമായി സ്വേഛാധിപത്യഭരണത്തിലാണ് ചിലി. മതത്തെയോ ദൈവത്തെയോ അംഗീകരിക്കാത്ത വ്യക്തിയാണ് ചിലിയുടെ ഭരണാധികാരി. ആഴമായ വിശ്വാസപാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും നിലനിന്നിരുന്ന ഈ സമൂഹത്തിലേക്ക് തെറ്റായ ചിന്താഗതികൾ കടന്നുവരുകയായിരുന്നു. ആഗോളവൽക്കരണവും ഭൗതികവാദവും അനേകരുടെ വിശ്വാസത്തെ ഇല്ലാതാക്കി. മതമില്ലാതെ ജീവിക്കുകയാണ് സ്വതന്ത്രരായി ജീവിക്കാൻ കഴിയുക എന്ന തെറ്റിദ്ധാരണയിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ആ ആശയങ്ങളുടെ വക്താക്കൾക്ക് കഴിഞ്ഞെന്നും സിസ്റ്റർ പറയുന്നു.
‘സാമ്പത്തിക വളർച്ച പാശ്ചാത്യ അനുകരണഭ്രമത്തിൽ ജനങ്ങളെ എത്തിച്ചു. ചിലിയുടെ തനതായ സംസ്‌ക്കാരം അവർ ഇന്ന് ത്യജിച്ചിരിക്കുകയാണ്. ഒരു വികസിത രാഷ്ട്രമെന്ന നിലയിൽ ഒന്നിനും ഇവിടെ കുറവില്ല. ജനങ്ങൾക്ക് ഭൗതികമായി എന്ത് ആവശ്യമുണ്ടോ അതെല്ലാം ലഭ്യമാണ്. ശക്തമായ കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന സംവിധാനമായിരുന്നു ചിലിയുടേത.് ഇന്ന് അതെല്ലാം പോയ്മറഞ്ഞു. എല്ലാവരും ഒറ്റക്ക് ഒറ്റക്ക് ജീവിക്കുന്ന അവസ്ഥയാണ്,’ വേദനയോടെ സിസ്റ്റർ മെറിസോൾ സെക്വവൽ പറഞ്ഞുനിറുത്തി.
ജയിംസ് ഇടയോടി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?