Follow Us On

29

March

2024

Friday

കുഞ്ഞുങ്ങളെ നമുക്ക് വെറുതെ വിടാം

കുഞ്ഞുങ്ങളെ നമുക്ക് വെറുതെ വിടാം

‘വാർഡ് മൈൽസ് -ഫസ്റ്റ് ഇയർ’ മൂന്ന് വർഷംകൊണ്ട് ഏതാണ്ട് രണ്ട് കോടിയോളം പേർ കണ്ട വീഡിയോ ആണ്. ആറാം മാസത്തിൽ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു അമ്മ ഏറ്റെടുത്ത ത്യാഗവും സമർപ്പണവുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. ശരീരം മുഴുവൻ വിവിധ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ച് ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ കഴിയുന്ന അവന്റെ ചിത്രം ഏതൊരു മനുഷ്യന്റെയും ഹൃദയം അലിയിക്കും. ആറാം മാസത്തിൽ പിറന്നുവീണ കുഞ്ഞിന്റെ ശരീരത്തിലേക്ക് നോക്കിയാൽ നേർത്ത തൊലിയിലൂടെ ആന്തരികാവയവങ്ങൾ കാണാമായിരുന്നു. യു.കെയുള്ള ലിൻഡ്‌സി-ബെൻ ദമ്പതികളുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അവൾ ഗർഭിണിയായത്.
എന്നാൽ, അവരുടെ സ്വപ്‌നങ്ങൾ തകർത്തുകൊണ്ട് ആറാം മാസത്തിൽ കുഞ്ഞ് ജനിക്കുകയായിരുന്നു. വൈദ്യശാസ്ത്രം 99 ശതമാനവും കൈയൊഴിഞ്ഞ അവസ്ഥ. ആ അമ്മ മകനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്നു. 107 ദിവസങ്ങൾക്കു ശേഷമാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്നും അവനെ ഡിസ്ചാർജ് ചെയ്തത്. കുടുംബത്തിന്റെ പ്രാർത്ഥനയും കാത്തിരിപ്പും വെറുതെയായില്ല. ആരെയും ആകർഷിക്കുന്ന മിടുക്കനായി അവൻ മാറിയിരിക്കുന്നു. വാർഡ് മൈൽസ് എന്ന് പേരിട്ടിരിക്കുന്ന അവന് ജൂലൈ 20-ന് നാല് വയസ് തികയും. ഫോട്ടോഗ്രാഫറായ പിതാവ് ബെൻ തയാറാക്കിയ വീഡിയോയിൽ നാലാം ദിവസം മുതൽ ഒരു വയസുവരെയുള്ള അവന്റെ ചിത്രങ്ങളും കുഞ്ഞിനെ പരിചരിക്കുന്ന മാതാവ് ലിൻഡ്‌സിയുമാണ് ഉള്ളത്. വീഡിയോ കണ്ടുകഴിയുമ്പോൾ ലോകത്തിലുള്ള അമ്മമാരോടുള്ള സ്‌നേഹവും ആദരവും വർധിക്കും. അത്രയ്ക്കും ക്ലേശങ്ങളാണ് ആ അമ്മ ഏറ്റെടുത്തത്.
ഇന്ത്യയിൽ ഗർഭഛിദ്രത്തിന് നിയമപ്രാബല്യം നൽകിയത് 1971-ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി’ എന്ന നിയമമാണ്. ആർഷ ഭാരത സംസ്‌കാരത്തിൽ അഭിമാനംകൊള്ളുന്ന നമ്മുടെ രാജ്യം ഇത്തരമൊരു തിന്മക്ക് നിയമപരമായ അംഗീകാരം നൽകിയതുതന്നെ വൈരുദ്ധ്യമാണ്. എന്നാൽ, വ്യവസ്ഥകളിൽ ഏറെ ഇളവു നൽകുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നു എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗർഭാവസ്ഥയുടെ 20 ആഴ്ചവരെയാണ് നിലവിൽ ഗർഭഛിദ്രത്തിന് അനുവാദമുള്ളത്. ശാരീരിക-മാനസിക വൈകല്യമുള്ള കുട്ടികൾ ജനിക്കാൻ സാധ്യത ഉണ്ടെന്ന് ബോധ്യപ്പെട്ടാലാണ് നിയമപ്രകാരം ഗർഭഛിദ്രത്തിന് അനുവാദമുള്ളത്.
ഇന്ത്യയിൽ ദിവസേന 35,000-നും 40,000 ഇടയിൽ ഗർഭഛിദ്രങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇങ്ങനെ വധിക്കപ്പെടുന്ന കുഞ്ഞുങ്ങൾ ആ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ജനസംഖ്യാ വർധനവ് തടയുക എന്ന ലക്ഷ്യത്തോടെ ഗർഭഛിദ്രങ്ങളെ ഗവൺമെന്റ് മൗനമായി പ്രോത്സാഹിപ്പിക്കുകയാണ്. ഇപ്പോഴത്തെ ഭേദഗതിയനുസരിച്ച് ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം ലഭിക്കും. 24 ആഴ്ച എത്തുമ്പോൾ വധിക്കപ്പെടുന്നത് വളർച്ച എത്തിയ കുഞ്ഞാണ്. അതിന്റെ തെളിവാണ് യു.കെയിൽ ജീവിച്ചിരിക്കുന്ന വാർഡ് മൈൽസ് എന്ന ആൺകുട്ടി. ആറ് മാസം ആയപ്പോൾ ജനിച്ച അവന് ഇപ്പോൾ വൈകല്യങ്ങളൊന്നുമില്ല.
ആറാം മാസത്തിൽ നടക്കുന്ന ഗർഭഛിദ്രം വളർച്ച എത്തിയ ഒരു ശിശുവിനെ കൊല്ലുന്ന പ്രവൃത്തിയാണ്. ജനിച്ചു കഴിയുമ്പോൾ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്നു മനസിലാക്കിയാൽ അപ്പോൾ ആ കുഞ്ഞുങ്ങളെ ആരും കൊല്ലാറില്ലല്ലോ. അങ്ങനെ ഉണ്ടായാൽ കൊലപാതകുറ്റത്തിന് ജയിലിലാകുകയും ചെയ്യും. ഈ നിയമഭേദഗതിയിലൂടെ അതേ കുറ്റം ചെയ്യാൻ ലൈസൻസ് നൽകുകയാണ്.
ഇതുവരെ അലോപ്പതി ഡോക്ടർമാർക്കാണ് ഗർഭഛിദ്രം നടത്താൻ അനുവാദം ഉണ്ടായിരുന്നതെങ്കിൽ ഇനി ആയൂർവേദ, ഹോമിയോ, യുനാനി ഡോക്ടർമാർക്കും മിഡ്‌വൈഫറി നഴ്‌സുമാർക്കും അനുവാദം ലഭിക്കും. അതിനായി പ്രത്യേക പരിശീലനം നൽകാനും നിയമത്തിൽ നിഷ്‌ക്കർഷിച്ചിരിക്കുന്നു. മാതൃമരണനിരക്ക് കുറയ്ക്കുന്നതിനാണ് ഗർഭഛിദ്രനിയമത്തിൽ ഇളവുകൾ വരുത്തുന്നതെന്നാണ് നൽകിയിരിക്കുന്ന വിശദീകരണം. അശാസ്ത്രീയമായ ഗർഭമലസിപ്പിക്കൽ രീതികളാണ് മാതൃമരണനിരക്ക് കൂടാനുള്ള കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഈ വിശദീകരണം യാഥാർത്ഥ്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്.
ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ ബലികഴിച്ച അമ്മമാരെ അപമാനിക്കുകയുമാണ് ഈ നിർവചനത്തിലൂടെ. മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് പ്രസവത്തോടനുബന്ധിച്ച് അനേകം അമ്മമാർക്ക് ജീവൻ നഷ്ടമാകുന്നുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷം ജനനങ്ങൾ നടക്കുമ്പോൾ 167 അമ്മമാർക്ക് ജീവൻ നഷ്ടപ്പെടുന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ യു.എന്നിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ശരാശരി 174 അമ്മമാർ മരിക്കുന്നുണ്ട്. കേരളത്തിൽ അത് 66 ആണ്. വികസിത രാജ്യങ്ങളിലെ മാതൃമരണ നിരക്ക് 12 ആണ്. ലോകത്തിലെ ഉയർന്ന മാതൃമരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം.
ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ മാതൃ മരണനിരക്കിലെ കുറവിന്റെ കാരണം സുരക്ഷിതമായ ഗർഭഛിദ്ര സൗകര്യങ്ങൾ സംസ്ഥാനത്തുള്ളതുകൊണ്ടാണെന്ന് വിലയിരുത്തിയാൽ വലിയ അബദ്ധമാകും. കേരളത്തിൽ മരണനിരക്ക് കുറയാനുള്ള പ്രധാന കാരണം ആരോഗ്യമേഖലയുടെ വളർച്ചയാണ്. 1987-ലെ കണക്കനുസരിച്ച് അമേരിക്കയിലെ മാതൃമരണനിരക്ക് 7.2 ആയിരുന്നു.
എന്നാൽ 2011-ലെ പഠനമനുസരിച്ച് അത് 17.8 ആയി ഉയർന്നു. ആ രാജ്യത്തെ ആരോഗ്യവിദഗ്ധരെ അമ്പരപ്പിച്ച കണക്കായിരുന്നു അത്. സ്ത്രീകളിലെ ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹ രോഗവുമാണ് മരണനിരക്ക് ഉയർത്തിയതെന്ന് പിന്നീട് കണ്ടെത്തി. മറ്റ് എന്തൊക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉയർത്തിക്കൊണ്ടുവന്ന ഒരു പുകമറയാണ് മാതൃമരണനിരക്കിന്റെ കാരണമായി വിശേഷിപ്പിക്കുന്ന അശാസ്ത്രീയ ഗർഭഛിദ്രങ്ങൾ. മാതൃമരണ നിരക്ക് രാജ്യത്ത് ഉയരുന്നതിന്റെ കാരണം ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. അതിന്റെ തെളിവാണ് കേരളത്തിലെ കുറഞ്ഞ മരണനിരക്ക്. ആ മേഖലയിൽ സൗകര്യങ്ങൾ ഉയർത്തുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.
മദ്യപാനം മാരകരോഗങ്ങൾക്കും മറ്റ് സാമൂഹ്യതിന്മകൾക്കും വഴിയൊരുക്കുന്നതുകൊണ്ട് അതിനെതിരെ വ്യാപകമായ രീതിയിൽ പ്രചാരണങ്ങൾ നടത്താറുണ്ട്. ഗർഭഛിദ്രമാണ് മാതൃമരണങ്ങൾ കൂട്ടുന്നതെങ്കിൽ അതിനെതിരെ ബോധവല്ക്കരണ പ്രവർത്തനങ്ങൾക്കല്ലേ ഗവൺമെന്റ് തുനിയേണ്ടത്? മെഡിക്കൽ ടെർമിനേഷൻ നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾ മാതൃമരണനിരക്ക് കൂടുകയായിരിക്കും ചെയ്യുക. പരിചയമില്ലാത്തവർ ഗർഭഛിദ്രം നടത്തുമ്പോൾ അപകട സാധ്യത കൂടുതലാണ്. ഗർഭഛിദ്രത്തിന്റെ സമയപരിധി ഉയർത്തുന്നതുവഴി പെൺഭ്രൂണഹത്യ കൂടാനുള്ള വഴിയാണ് തെളിക്കുന്നത്.
നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ കൊല്ലുന്ന നിയമം കൂടുതൽ ഉദാരമാക്കുന്നതിനെ മഹത്തായ സംസ്‌കാരത്തിന്റെ പിൻതുടർച്ചക്കാരായ നമുക്ക് എങ്ങനെയാണ് ന്യായീകരിക്കാനാവുക? ഏതാണ്ട് ഒരു വർഷം മുമ്പ് സമാനമായ നീക്കം ഉണ്ടായപ്പോൾ കടുത്ത എതിർപ്പിനെ തുടർന്ന് തല്ക്കാലത്തേക്ക് പിന്തിരിഞ്ഞിരുന്നു. എന്നാൽ, വീണ്ടുമവർ കുഞ്ഞുങ്ങളുടെ ജീവനുവേണ്ടി കൂടുതൽ കരുത്തരായി തിരിച്ചുവന്നിരിക്കുകയാണ്. ഇവിടെ നാം പരാജയപ്പെട്ടാൽ മനുഷ്യ ജീവന്റെ മഹത്വത്തെ നശിപ്പിക്കുന്ന പുതിയ നിയമങ്ങളുമായി രംഗത്തുവരും. അതിനാൽ ശക്തമായ പ്രാർത്ഥനകളും പ്രതിഷേധങ്ങളും ഉയരേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ തെറ്റു കാണാത്തവർ പ്രായമായ മാതാപിതാക്കളെ കൊല്ലുന്ന ദയാവധംപോലുള്ള തിന്മകൾക്കുവേണ്ടിയായിരിക്കും നാളെ വാദിക്കാൻ പോകുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?