Follow Us On

16

April

2024

Tuesday

ആഘോഷങ്ങളിലെ ആത്മീയത

ആഘോഷങ്ങളിലെ ആത്മീയത

ആഘോഷങ്ങൾ ധൂർത്തിന്റെ മേളകളായി മാറിക്കൊണ്ടിരിക്കുകയാണ്. മാമ്മോദീസ മുതൽ വിവാഹം വരെ നോക്കിയാ ൽ എല്ലായിടത്തും അതിന്റെ പ്രതിഫലനങ്ങളുണ്ട്. ബന്ധങ്ങ ൾ പുതുക്കാനും കൂട്ടായ്മ വർധിപ്പിക്കാനുമുള്ള അവസരങ്ങളായാണ് ആഘോഷങ്ങളെ കണ്ടിരുന്നത്. എന്നാൽ പ്രൗഢികാണിക്കാനുള്ള അവസരങ്ങളായി മാറിയിരിക്കുന്നു. ഇത്തരം അവസരങ്ങളിൽ വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചു കൂടി നടത്തിയിരുന്ന ആഘോഷങ്ങളുടെ അനുഭവങ്ങൾ പലരുടെയും മനസുകളിൽ ഉണ്ടാകും. എന്നാൽ, അതൊക്കെ ഓർമകളായി മാറിക്കൊണ്ടിരിക്കുന്നു. ആഘോഷങ്ങളെല്ലാം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്ന വിധത്തിലേക്ക് എത്തി. വിവാഹത്തിന് പന്തൽ ഒരുക്കുന്നതുമുതൽ ഭക്ഷണം വിളമ്പുന്നതുവരെ അവരാണ്. സാധാരണക്കാർ ഇതിനിടയിൽ ഞെരുക്കപ്പെടുകയാണ്.
ഒരു വശത്ത് പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടുമ്പോൾ മറ്റൊരു ഭാഗത്ത് ആർഭാടത്തിനുവേണ്ടി നിയന്ത്രണങ്ങൾ ഇല്ലാതെ പണം ചെലവഴിക്കുന്നു. ആഘോഷങ്ങൾ ലളിതമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് അറുതിവരുത്താൻ ആര് മുന്നിട്ടിറങ്ങുമെന്ന ചോദ്യം ബാക്കിയാകുന്നു. അങ്ങനെ ചെയ്യണമെങ്കിൽ അവർ ഇത്തരം കാര്യങ്ങളിൽ മിതത്വം പാലിക്കുന്നവരാകണം. വിവാഹഘോഷങ്ങളിലെ ധൂർത്ത് കുറയ്ക്കണമെന്നുള്ള ലേഖനത്തിന് അടുത്ത ദിവസം കിട്ടിയ പ്രതികരണം ആദ്യം നവപൂജാർപ്പണാഘോ ഷങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നിട്ട് ഇത്തരം കാര്യങ്ങൾ പറഞ്ഞെങ്കിലെ സമൂഹം അംഗീകരിക്കൂ എന്നായിരുന്നു. പൗരോഹിത്യ സ്വീകരണങ്ങൾ ഇടവകകളുടെ പൊതു ആഘോഷങ്ങളാണ്. വർഷങ്ങൾ കൂടുമ്പോഴായിരിക്കും ഇടവകയിൽ അത്തരം ചടങ്ങുകൾ ഉണ്ടാകുന്നതും. ജനങ്ങളുടെ ആഘോഷമായി മാറുമ്പോൾ വലുപ്പം വർധിക്കുന്നത് സ്വാഭാവികമാണ്. എങ്കിലും സമൂഹത്തിന് നാം മാതൃകകളായി മാറേണ്ടതുണ്ട്. അല്ലെങ്കിൽ ലോകത്തിന് വഴിതെറ്റും. ആഘോഷങ്ങളി ൽ ലാളിത്യം നഷ്ടപ്പെടുന്ന ഇക്കാലത്ത് പൗരോഹിത്യപട്ടം പോലുള്ള ചടങ്ങുകൾ ലളിതവല്ക്കരിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ?
ഒഴുക്കിനനുസരിച്ച് നീന്താൻ പ്രയാസമില്ല, എന്നാൽ ഒഴുക്കിന് എതിരെ നീന്തുമ്പോഴാണ് ക്രിസ്തീയത മാറ്റുരയ്ക്കപ്പെടുന്നത്. തീർച്ചയായും അവിടെ വിലകൊടുക്കലിന്റെ തലമുണ്ട്. ഇത്തരം രീതികളുടെ പേരിൽ ഒറ്റപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യാം. എന്നാൽ, മാതൃകകൾ നൽകാൻ ആരും ഇല്ലാതെ പോയാൽ അത് സമൂഹത്തിന് ഏല്പിക്കുന്ന അപകടം വലുതായിരിക്കും. മാറിനടക്കാൻ തുടങ്ങുമ്പോൾ ആ രീതിയിൽ ചിന്തിക്കാൻ ആളുകൾ തയാറാകും. വാണിജ്യതാൽപര്യങ്ങൾ ലോകത്തെ നിയന്ത്രിക്കുമ്പോൾ വഴിതെറ്റി തുടങ്ങിയിരിക്കുന്നു എന്നു പറയാൻ മറ്റാരും ഉണ്ടായെന്നുവരില്ല. ലാളിത്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന ആഘോഷങ്ങളിൽ അതു തിരികെ കൊണ്ടുവരുന്നതിന്റെ പിന്നിൽ സാമൂഹ്യ താൽപര്യവും ഉണ്ട്. ആഘോഷങ്ങളുടെ പേരിൽ കടക്കെണിയിലായ അനേകം കുടുംബങ്ങൾ നമ്മുടെ ചുറ്റുപാടുകളിലുണ്ട്. വീടുകളിലെ ആഘോഷങ്ങൾ നമ്മുടെ ആഹ്ലാദം വർധിപ്പിക്കുന്നതിനുപകരം മനഃസമാധാനം തകർക്കുന്ന രീതിയിലേക്ക് മാറുകയാണ്. പണം ഇല്ലാത്തതിന്റെ പേരിൽ സമൂഹത്തിൽ നിലനില്ക്കുന്ന പൊതുരീതികളിൽനിന്ന് മാറിനില്ക്കാൻ കഴിയാത്തതിനാൽ കടം വാങ്ങിയും ആഘോഷങ്ങൾ ഗംഭീരമാക്കാൻ ശ്രമിക്കുന്നു.
പൗരോഹിത്യ സ്വീകരണങ്ങളുടെ ചെലവേറിയതുമൂലം പല കുടുംബങ്ങളും പ്രതിസന്ധിയിലാകുന്നുണ്ട്. ഇടവകയുടെ പൊതു ആഘോഷങ്ങളാണെങ്കിലും ചെലവ് മിക്കവാറും അവരുടെ കുടുംബങ്ങളായിരിക്കും വഹിക്കേണ്ടിവരുക. പാവപ്പെട്ടവർ, ഇടത്തരക്കാർ, സമ്പന്നരായവർ എന്നു തുടങ്ങി പല തലങ്ങളിൽപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവർ വൈദികരാകുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പട്ടംസ്വീകരണവും ആഘോഷവും സാമ്പത്തികമായ ഭാരമാണ്. സെമിനാരികളിൽ പഠനത്തിലേർപ്പെട്ടിരിക്കുന്ന അനേകരെ ഇത്തരം ചിന്തകൾ ആകുലപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഭക്ഷണത്തിനാണ് ഏറ്റവും കൂടുതൽ പണം ചെലവാകുന്നത്. ഇടവകയിലുള്ള എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകുമ്പോൾ ഭാരിച്ച ചെലവുവരും. അതിനു പകരം അകലെനിന്ന് എത്തുന്നവർക്കുമാത്രമായി ഭക്ഷണം ചുരുക്കുകയും ഇടവകകളിൽ ഉള്ളവർക്ക് ചായയോ സ്‌നാക്‌സോ ഒക്കെ നൽകി ആഘോഷത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്യണം.
പൗരോഹിത്യ സ്വീകരണ ചടങ്ങുകൾ ആത്മീയ ആഘോഷത്തിന്റെ വേളകളാണ്. അവിടെ നിറഞ്ഞുനില്‌ക്കേണ്ടത് സുവിശേഷമൂല്യങ്ങളായിരിക്കണം. സാമ്പത്തികമായി ഉയർന്നുനില്ക്കുന്ന കുടുംബങ്ങളാണെങ്കിലും മകൻ/മകൾ സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഓർമക്കായി ചെലവുകൾ കുറച്ച് ആ പണം ഉപയോഗിച്ച് മിഷൻ പ്രദേശത്ത് ദൈവാലയം നിർമിക്കാൻ സഹായിക്കുകയാണെങ്കിൽ അനേകം വിശ്വാസികൾക്ക് മഴയും വെയിലും കൊള്ളാതെ ദൈവത്തെ ആരാധിക്കാനുള്ള അവസരങ്ങളാണ് ഒരുങ്ങുന്നത്.
അത്തരം പ്രദേശങ്ങളിലെ സ്‌കൂളിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ ആ പണം വിനിയോഗിക്കാം. അതുമല്ലെങ്കിൽ പാവപ്പെട്ട കുടുംബത്തിന് വീടു നൽകുകയോ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥിയുടെ പഠനം സ്‌പോൺസർ ചെയ്യുകയോ ഒക്കെ ആകാം. മക്കളുടെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തുകയും, വീട് നിർമിക്കുമ്പോൾ വീടില്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തിന് വീട് നിർമിക്കാൻ പണം നൽകുകയുമൊക്കെ ചെയ്യുന്ന രീതിയിലുള്ള മാതൃകകൾ വല്ലപ്പോഴുമെങ്കിലും സമൂഹത്തിൽ ഉണ്ടാകുന്നുണ്ട്. പൗരോഹിത്യസ്വീകരണങ്ങളുടെ ഭാഗമായി മിഷൻ പ്രദേശങ്ങളിൽ ദൈവാലയം ഉയരുമ്പോൾ അവിടെനിന്നും ഉയരുന്ന സാധാരണ മനുഷ്യരുടെ പ്രാർത്ഥനകൾ സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വ്യക്തിയെ ബലപ്പെടുത്തും.
പഴയ കാലങ്ങളിൽ നമ്മുടെ നാട്ടിൽ ദൈവാലയങ്ങളും ആശുപത്രികളും സ്‌കൂളുകളും ഉയർന്നത് വിദേശങ്ങളിലെ സാധാരണക്കാർ ഞെങ്ങിഞെരുങ്ങി ജീവിച്ചുകൊണ്ട് മിച്ചംപിടിച്ച പണത്തിൽനിന്നാണ്. നന്മയുടെ മാതൃകകൾ സമൂഹത്തിന് നൽകുമ്പോൾ അതിനെ പിന്തുടാൻ അനേകർ മുമ്പോട്ടുവരും. ലാളിത്യാരൂപി നിറഞ്ഞുനില്‌ക്കേണ്ട അവസരങ്ങൾ ആർഭാടങ്ങളുടെ അവസരമായി മാറാതിരിക്കാൻ ശ്രമിക്കണം. സമ്പന്നതയുടെയും സൗഭാഗ്യങ്ങളുടെയും നടുവിൽനിന്ന് അതെല്ലാം വേണ്ടെന്നുവച്ച് എത്രയോ പേർ സമർപ്പിത ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. ലളിത ജീവിതവും ദാരിദ്ര്യാരൂപിയുമൊക്കെയാണ് അവരെ ആകർഷിച്ചത്. ലോകം സഞ്ചരിക്കുന്ന വിശാല പാതകളല്ല സമൂഹത്തെ ചിന്തിപ്പിക്കുന്നത്. അത്തരം സാഹചര്യങ്ങ ൾ നിലനില്ക്കുമ്പോൾ അതിന് വിപരീതമായി ക്രിസ്തുവിന്റെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കുവാനുള്ള ബലമാണ് ഉണ്ടാകേണ്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?