Follow Us On

29

March

2024

Friday

സെനഗലിന്റെ മാലാഖ

സെനഗലിന്റെ മാലാഖ

ഒരിക്കൽ സെനഗലിലെ ഗ്രാമത്തലവൻ ഇദിയാത്തു എന്നു പേരായ ഒരു പതിനാലുകാരിയുടെ കരളലിയിപ്പിക്കുന്ന കഥ കോൺസ്റ്റൻസ് മബായയോട് പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സമ്മതിക്കാതെ അവളെ വിവാഹം കഴിച്ചുവിടാൻ ഉദ്യമിക്കുകയായിരുന്നു അവളുടെ ബന്ധുക്കൾ. വിവാഹം കഴിക്കുന്നതോ വയസായ ഒരു സമ്പന്നൻ. ഈ കുട്ടിക്ക് എങ്ങനെ രക്ഷപെടുമെന്ന് ഒരൂഹവും ഇല്ല. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ശത്രുപക്ഷത്ത്.
അന്ന് ഗ്രാമത്തലവന്റെ കൈവശം മബായ തന്റെ ഫോൺമ്പരും അഡ്രസും കൊടുത്തിട്ട് പറഞ്ഞു, ”ആ കുട്ടിക്ക് സ്വയം രക്ഷപെട്ട് എങ്ങനെയെങ്കിലും നഗരത്തിലെത്താൻ പറ്റുമെങ്കിൽ അതു ചെയ്യുവാൻ പറയുക. അവളെ ഞാൻ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.” ഇദിയാത്തു എന്ന ആ പെൺകുട്ടി ആ രാത്രിയിൽതന്നെ ആരും കാണാതെ ഗ്രാമം വിട്ടു.
പത്തുകിലോമീറ്റർ കാട്ടിലൂടെ നടന്ന് റോഡിലെത്തി ഒരു ബസിൽക്കയറി നഗരത്തിലേക്കുള്ള യാത്ര ആരംഭിച്ചു. വീണ്ടും ഏറെദൂരം നടന്ന് തമ്പക്കുണ്ടയിൽ എത്തി. അടുത്തദിവസം രാവിലെ അവൾ മബായയുടെ വീട്ടിലെത്തി.
2007 ൽ ‘ഫെമ്മസ് എന്റർ എയ്ഡ്’ എന്ന പേരിൽ മബായേ സ്ഥാപിച്ച ഗ്രാമീണ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനത്തിന്റെ തുടക്കമായിരുന്നു ഇത്. യുനെസ്‌കോയുടെ കണക്കുപ്രകാരം 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 95 ശതമാനത്തോളം പെൺകുട്ടികളും അടിസ്ഥാനവിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ്. പലരും ചെറുപ്രായത്തിൽതന്നെ വിവാഹിതരാകുന്നു. അല്ലെങ്കിൽ മാതാപിതാക്കൾക്ക് അവരെ പഠിപ്പിക്കാനുള്ള ശേഷിയില്ല.
മബായേ വളർന്നത് കത്തോലിക്കാ സഭയുടെ പുത്രിയായിട്ടാണ്. വിദ്യാഭ്യാസത്തിനും ആതുരസേവനപ്രവർത്തനങ്ങൾക്കും ഏറെ അവസരങ്ങൾ അവൾക്ക് ലഭിച്ചു. ഈശോ പഠിപ്പിച്ചതും കാണിച്ചുതന്നതുമായ പാവങ്ങളോടും ദരിദ്രരോടുമുള്ള ദയാവായ്പ് അവളുടെ ഉള്ളിൽ നിറഞ്ഞത് അക്കാലത്താണ്. സെനഗലിൽ അടിസ്ഥാനവിദ്യാഭ്യാസം നൽകാൻ ജനങ്ങൾ തയ്യാറാകാത്തതാണ് അവിടെ വികസനമുണ്ടാകാത്തതിന് കാരണമെന്ന് മബായേ പറയുന്നു. ചെറുപ്രായത്തിലെ അവരെ വിവാഹം കഴിച്ചയക്കരുതെന്നും മറ്റും മാതാപിതാക്കളോട് പറഞ്ഞാൽ അവർക്ക് മനസിലാകുകയുമില്ല. കാരണം വിവാഹം എന്നാൽ ഒരു കച്ചവടമാണ്. പെൺകുട്ടികളെ പണം നൽകി പണക്കാർ വാങ്ങിക്കൊണ്ടു പോകുന്ന കച്ചവടം. ഈ പണം സ്വന്തമാക്കി കുടുംബം ഭദ്രമാക്കാൻ പരിശ്രമിക്കുന്നവരാണ് മാതാപിതാക്കളിലധികവും.
മുപ്പത് വർഷമായി പല തരത്തിലുള്ള ആതുരസേവന പ്രവർത്തനങ്ങളുമായി മബായേ സെനഗലിലുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള സെനഗലിൽ ഏകദേശം ഒന്നരക്കോടി ജനങ്ങളാണുള്ളത്. പ്രായമായിക്കഴിഞ്ഞാൽ വിദ്യാഭ്യാസം നല്കുക ഇവിടെ തികച്ചും കഠിനമാണ്. എല്ലാവരും അവരുടെ ജീവിതവുമായി ഒതുങ്ങിക്കൂടാൻ കൊതിക്കുന്നു. അതുകൊണ്ട് കുട്ടികളെ ചെറുപ്രായത്തിൽ പഠിപ്പിക്കുവാൻ സാധിച്ചെങ്കിൽ മാത്രമെ വിദ്യാഭ്യാസത്തിന് പ്രസക്തിയുള്ളൂ.
ഇദിയാത്തുവിന്റെ വരവോടെ തമ്പക്കുണ്ടയിൽ മബായേ ഒരു ഹോസ്റ്റൽ തുടങ്ങി. അവരുടെ ദാരിദ്ര്യവും പട്ടിണിയും അകറ്റാനും വിദ്യാഭ്യാസസഹായത്തിനുമായി വിദേശധനവും ലഭിച്ചു. ഫ്രാൻസിൽനിന്നും അമേരിക്കയിൽ നിന്നും മബായേക്ക് സഹായമായി അനേകർ പണം അയയ്ക്കാറുണ്ട്.
സെനഗലിൽ വിവാഹം കഴിക്കാനുള്ള കുറഞ്ഞപ്രായം പെൺകുട്ടികൾക്ക് പതിനാറ് വയസാണെങ്കിലും പത്തും പതിനൊന്നും വയസുള്ള കുട്ടികളെ പണം നൽകി വിവാഹത്തിന്റെ പേരിൽ വാങ്ങാനെത്തുന്നവരുണ്ട്. ഇവരിൽ പലരും വിവാഹം കഴിഞ്ഞ ആദ്യആഴ്ചകളിൽതന്നെ ഉപേക്ഷിക്കപ്പെടും. ഇത് മിക്ക മാതാപിതാക്കൾക്കും അറിയാം. എങ്കിലും ലഭിക്കുന്ന വൻതുകകളാണ് അവരുടെ കണ്ണിൽ. ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികളെ സ്വീകരിക്കാൻ പിന്നെയും ആരെങ്കിലുമുണ്ടാകും. കുറഞ്ഞ തുകയ്ക്ക്. പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ത്രീകളുടെ മഹത്വം പലപ്പോഴും വട്ടപ്പൂജ്യമാണെന്ന് മബായേ പറയുന്നു.
ഗ്രാമത്തലവനോട് ചെറുപ്രായത്തിലെ കുട്ടികളെ വിവാഹം കഴിച്ചയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞിതങ്ങനെ, ”ഇവിടെയുള്ള പകുതി കുട്ടികളെ നിങ്ങൾ പഠിപ്പിച്ചുകൊള്ളൂ, ബാക്കിയുള്ളവർ വിവാഹം കഴിക്കട്ടെ.” എന്നാൽ അതിന് മബായേ തയ്യാറായില്ല. സൗജന്യവിദ്യാഭ്യാസവും ഭക്ഷണവും താമസവും നൽകി ഏവരെയും തമ്പക്കുണ്ട സ്‌കൂളിലേക്ക് ക്ഷണിച്ചു. പെൺകുട്ടികൾതന്നെ അതിന് മുൻ കയ്യെടുത്തു. സമൂഹത്തിന്റെ പീഡനം ഏറ്റുവാങ്ങിയ അനേകം പെൺകുട്ടികൾ ഇവിടെയെത്തുവാനും പലരെയും എത്തിക്കുവാനും തയ്യാറായി. മബായെയുടെ പ്രവർത്തനഫലമായി 552 പെൺകുട്ടികൾ ഇവിടെ ഉന്നതബിരുദധാരികളായിട്ടുണ്ട്. അവർ സമൂഹത്തിന്റെ പല തുറകളിൽ സേവനം ചെയ്യുന്നു. അടിസ്ഥാനവിദ്യാഭ്യാസം നേടിയവർ ആയിരങ്ങളും.
മാത്രമല്ല, വിദ്യാഭ്യാസം ആർജിച്ച സ്ത്രീകളുടെ നേതൃത്വത്തിൽ പല വീട്ടുപകരണങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്. പലഹാരങ്ങളും സോപ്പും വീട്ടുജോലിക്ക് ഉപകാരപ്പെടുന്ന വസ്തുക്കളും അവരുടെ പ്രയത്‌നഫലമായി വിൽക്കപ്പെടുന്നു. രാജ്യപുരോഗതിക്ക് ഇതു വളരെ സഹായകമാണ്. മനുഷ്യക്കച്ചവടത്തിന്റെ മാന്യമായ മുഖം മൂടിയായിട്ടാണ് അവിടെ വിവാഹം കരുതപ്പെടുന്നത്. ഇതിനെതിരെ അഭ്യസ്ഥവിദ്യരായ അനേകം പെൺകുട്ടികൾ രംഗത്തുവന്നിട്ടുണ്ട്.
പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രം മബായേ ലക്ഷ്യം വച്ചപ്പോൾ മറ്റൊരു പ്രതിസന്ധി നേരിടേണ്ടി വന്നു. ആൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ സമൂഹം അസന്തുലിതമായി. അതോടെ ആൺകുട്ടികൾക്കും പ്രത്യേക സ്‌കൂളുകൾ ആരംഭിച്ചു. ഗവൺമെ ന്റ് സഹായവും മബായെയുടെ സംരഭങ്ങൾക്ക് ലഭിക്കുന്നു. ഇദിയാത്തുവിന്റെ വരവിന് ശേഷം മബായേ തന്നെ അവളുടെ മാതാപിതാക്കളെ കണ്ട് കാര്യങ്ങൾ സംസാരിച്ച് മനസിലാക്കിക്കൊടുത്തു. മാതാപിതാക്കളെ ബോധവത്കരിക്കുന്നതും മബായേയുടെ ദൗത്യത്തിന്റെ ഭാഗമായി സ്വീകരിച്ചിരിക്കുകയാണ്.
ഇദിയാത്തുവിന്റെ കഥ പിന്നെയും വ്യാപ്തിയുള്ളതായിരുന്നു. സ്‌കൂളിൽനിന്ന് അവധിക്ക് വന്നപ്പോൾ അവർ അവളുടെ വിവാഹം അയൽപക്കത്തുള്ള ഒരു പണക്കാരന്റെ മകനുമായി നടത്തി. പിന്നീട് മബായേ ഭർത്താവിനെ കണ്ട് ഭാര്യയെ പഠിക്കാൻ വിടണമെന്ന് അപേക്ഷിച്ചു. എന്നാൽ അദ്ദേഹം തയ്യാറായില്ല.
വിവാഹത്തിനുശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ ഇദിയാത്തുവിന്റെ ഭർത്താവ് സ്‌പെയിനിലേക്ക് പോയെങ്കിലും പിന്നീട് മടങ്ങിവന്നില്ല. പണം നൽകി അയാൾ അവളെ ഉപയോഗിക്കുകയായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലായി. പിന്നീട് ഇദിയാത്തൂ പഠിച്ച് ഒരു നഴ്‌സായിത്തീർന്നു.
ഇത്തരം അനേകം സംഭവങ്ങളുടെ ആകെത്തുകയാണ് മബായെയുടെ ആതുരസേവനരംഗം. എന്നാൽ ഇന്നും തളരാതെ അവർ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊള്ളുകയാണ്. സ്ത്രീകൾതന്നെ അവരുടെ മാന്യത ഉയർത്തിപ്പിടിക്കണമെന്ന് മബായേ പറയും. മാന്യമായ വസ്ത്രധാരണവും ധാർമ്മികമായ ജീവിതവും അതിന്റെ ഭാഗമായിരിക്കണം. ഒരു സ്ത്രീ മോശമായാൽ അതിന്റെ ദോഷം അനുഭവിക്കുന്നത് പലപ്പോഴും മറ്റു നിഷ്‌കളങ്കരായ പെൺകുട്ടികളായിരിക്കും. മാധ്യമങ്ങളിലൂടെയും മറ്റും ശരീരത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാതെ പ്രവർത്തിക്കുന്ന സ്ത്രീകൾ സ്ത്രീസമൂഹത്തിന്റെ മുഴുവൻ മാന്യത കളയുന്നവരാണ്. അതിനെതിരെ പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങളും സെനഗലിൽ മബായേ നടത്തുന്നു.
ജിന്റോ മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?