Follow Us On

28

March

2024

Thursday

കരുണയുടെ സഹോദരിമാർ

കരുണയുടെ സഹോദരിമാർ

1996 ലായിരുന്നു യുദ്ധം കീറിമുറിച്ച ജനങ്ങളുടെ മുറിവുകൾ വെച്ചുകെട്ടാൻ സിസ്റ്റർ പാട്രീഷ്യ മക്‌ഡോർമെറ്റും സിസ്റ്റർ ജോവാൻ ഡോയേലും പെറുവിലെ സെറോ കാണ്ടേല എന്ന സ്ഥലത്തെത്തിയത്. തലയിൽ വെള്ളി നിറഞ്ഞ രണ്ടുപേരും വാർദ്ധക്യത്തിലും ദൈവരാജ്യത്തിനായി നിരന്തരം പ്രയത്‌നിക്കുന്നു. ‘സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി’ എന്ന പേരിലറിയപ്പെടുന്ന അവർ കരുണയുടെ ഗാഥകൾ ആലപിക്കുന്നു. മാതൃകാപരമായ സേവനം കാഴ്ചവെക്കുന്നു. പെറുവിലെത്തിയ അവർ പരസ്പരവിശ്വാസം നഷ്ടപ്പെട്ട, ആത്മവിശ്വാസം പോലും അന്യംനിന്നുപോയ വനിതകളുടെ ക്ഷേമം മുന്നിൽകണ്ടാണ് പ്രവ ർത്തനമാരംഭിച്ചത്. വനിതകളുടെ നിലവാരം ഉയർത്തുന്നതിനായി വൈകാതെ സ്ഥാപിച്ച വിമൻസ് സെന്ററുകൾ സമൂഹത്തിന്റെ ഭാഗധേയം തന്ന തിരുത്തിയെഴുതുകയായിരുന്നു.
വിമൻസെന്ററിനൊപ്പം, ചൈൽഡ് കെയർ സെന്റർ ഹെൽത്ത് ക്ലിനിക് എന്നിവയും സ്ഥാപിക്കുന്നതിൽ കരുണയുടെ സഹോദരിമാർ ശ്രദ്ധ പതിപ്പിച്ചു. പെറുവിന്റെ തലസ്ഥാനമായ ലിമായുടെ പ്രാന്തപ്രദേശങ്ങളിലാണ് കരുണയുടെ കന്യാസ്ത്രീമാർ അത്ഭുതഗീതങ്ങൾ രചിച്ചത്.
കരുണയുടെ കരങ്ങളുമായി അവിടെയെത്തിയ ഈ സിസ്റ്റേഴ്‌സ് നാടിന്റെ തന്നെ ഛായ തിരുത്തിയെഴുതിയെന്നതാണ് സത്യം. രണ്ടുപേരും സിസ്റ്റർ പാട്രീഷ്യ മക്‌ഡോർമെറ്റും സിസ്റ്റർ ജോവാൻ ഡോയേലും ഏകോദരസഹോദരിമാരെ പോലെയാണ് മുന്നേറുന്നത്. പെറുവിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇനിയും കൃപയുടെ നീർച്ചാലുകൾ തേടാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ സിഡ്‌നിയിലേയ്ക്ക് മടങ്ങും. സ്‌നേഹസന്ദേശവുമായി കൂടുതൽ ദരിദ്രമായ പ്രദേശങ്ങളിലേക്ക് അവർ യാത്ര ആരംഭിക്കും.
സേവനം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ അവർക്ക് സമൂഹത്തിലെ ദാരിദ്ര്യരേഖ മാറ്റിവരയ്ക്കാൻ കഴിഞ്ഞു എന്നതാണ് സത്യം. പെറുവിൽ മുമ്പത്തേതിനേക്കാൾ ഇപ്പോൾ 25 ശതമാനത്തോളം ദാരിദ്യം കുറഞ്ഞിരിക്കുന്നുവെന്ന് സിസ്റ്റർ മാക്‌ഡോർമെറ്റ് പറയുന്നു.
ജാക്വിലിൻ ഫോർഡ് എന്ന സിസ്റ്ററിനെ അനുധാവനം ചെയ്താണ് രണ്ടുപേരും പെറുവിലെത്തുന്നത്. അവിടുത്തെ ലോക്കൽ സഭയുടെ ക്ഷണമനുസരിച്ചായിരുന്നു അവരെത്തിയതും. അവിടെയുണ്ടായിരുന്ന ജനങ്ങളിൽ ഭൂരിഭാഗവും മറ്റുസ്ഥലങ്ങളിൽ നിന്നും അങ്ങോട്ട് കുടിയേറിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പലർക്കും പരസ്പരം അറിയില്ലായിരുന്നു. അവർ ആരോടും സംസാരിക്കാതെ വീടിനുള്ളിൽ കഴിയുകയായിരുന്നു.
കാരിത്താസ് ഓസ്‌ട്രേലിയയിൽ നിന്നും ലഭിച്ച സഹായവുമായി സിസ്റ്റേഴ്‌സ് വീടുകൾ തോറും കയറിയിറങ്ങി. ആദ്യം ആതുരശുശ്രുഷയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കി. 1997 ൽ അവർ അവിടെ വിമൻസ് സെന്റർ സ്ഥാപിച്ചു. വീണ്ടും കൂടുതൽ ചെൽഡ് കെയർ സെന്ററുകളും ക്ലിനിക്കുകളും സ്ഥാപിച്ചു. 1980 കളിൽ സെൻഡരിസ്റ്റാസ് കിഴക്കൻ പെറുവിൽ അക്രമം അഴിച്ചുവിട്ടു. അതോടെ ദശലക്ഷക്കണക്കിന് ആളുകൾ നഗരങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. യുദ്ധം കാരണം പലർക്കും സർവതും നഷ്ടപ്പെട്ടിരുന്നു. ആരും ആരെയും വിശ്വസിച്ചിരുന്നില്ല.
ആദ്യം വനിതകൾക്കായി സെന്ററുകൾ സ്ഥാപിച്ചു. തുടക്കത്തിൽ കുറെപ്പേർ വന്നെങ്കിലും ക്രമേണ ഓരോരുത്തരായി കൊഴിയാൻ തുടങ്ങി. പിന്നീടാണ് മനസിലായത് അവരുടെ കുഞ്ഞുങ്ങളെ നോക്കാൻ ആരുമില്ലാത്തതുകൊണ്ടായിരുന്നു അതെന്ന്. പലരും കുഞ്ഞുങ്ങളെ വീട്ടിനുള്ളിൽ പൂട്ടി വരികയായിരുന്നു എന്ന സത്യം മനസ്സിലാക്കിയ കരുണയുടെ സഹോദരിമാർ അമാന്തിച്ചില്ല. കുട്ടികൾക്കായി ഒരു സെന്റർ തുറന്നു. വിമൻസ് സെന്ററുകൾ അവർക്ക് ജോലിപരിശീലനം നൽകി. കുക്കിംഗ്, തയ്യൽ, കമ്പ്യൂട്ടർ പരിശീലനം എന്നിവയും അവർക്ക് നൽകിത്തുടങ്ങി. രണ്ടുപതിറ്റാണ്ടിനുള്ളിൽ അവർക്ക് അവരുടെ ജീവിതത്തിന് കാതലായ മാറ്റം വരുത്തുന്നതിന് കഴിഞ്ഞു. എല്ലാ മനസിലും ദൈവസ്‌നേഹാഗ്നി ആളിക്കത്തിച്ച് സിസ്റ്റേഴ്‌സ് മടങ്ങുകയാണ്…
ജോർജ് കൊമ്മറ്റം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?