Follow Us On

28

March

2024

Thursday

പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണം

പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണം

എത്ര ദിവസം കടന്നുപോയെന്നറിഞ്ഞുകൂടാ. എന്നാൽ, മേരിയുടെ ശരീരം അന്ത്യശ്വാസം എടുത്തപ്പോൾ എങ്ങനെയായിരുന്നുവോ അങ്ങനെതന്നെയുണ്ട്. കുന്തിരിക്കം, ലില്ലിപ്പൂക്കൾ, റോസാപ്പൂക്കൾ, താഴ്‌വരയിലെ ലില്ലി ഇവയുടെയെല്ലാം സൗരഭ്യം ഒത്തുചേർന്നതുപോലെയുള്ള ഒരു സുഗന്ധം മുറിയിൽ തങ്ങിനിൽക്കുന്നു.
ജോൺ ക്ഷീണത്തിൽ സ്റ്റൂളിന്മേലിരുന്ന് ഭിത്തിയിൽ ചാരി ഉറക്കംപിടിച്ചു. ഇപ്പോൾ പ്രഭാതമായി എന്നു തോന്നുന്നു. പെട്ടെന്ന് ശക്തമായ ഒരു പ്രകാശം മുറി നിറയെ കാണുന്നു. അതിന്റെ ശക്തി കൂടിക്കൂടി വരുന്നു. ദൈവികപിറവിയുടെ സമയത്ത് ബത്‌ലഹേമിലെ ഗുഹയിൽ കണ്ടതുപോലെയുള്ള പ്രകാശം. പറുദീസായുടെ ഈ പ്രകാശധോരണിയിൽ ദൈവദൂതന്മാർ പ്രത്യക്ഷപ്പെടുന്നു. കൂടുതൽ പ്രഭാവമുള്ള പ്രകാശങ്ങൾ.
പിറവിത്തിരുനാളിൽ ആട്ടിടയന്മാർ കണ്ടതുപോലെ എല്ലാ നിറത്തിലുമുള്ള പ്രകാശത്തിന്റെ നൃത്തംതന്നെ അവിടെ കാണുന്നു. മെല്ലെ ഇളകുന്ന അവരുടെ ചിറകുകളിൽനിന്നാണ് ഈ വിസ്മയകരമായ പ്രകാശമുത്തുകൾ വിതറുന്നത്. ആ ചിറകുകൾ സംഗീതവും ഉതിർക്കുന്നു. വീണവായിക്കുന്നതുപോലെ ഇമ്പമേറിയ സംഗീതവും.
ദൈവദൂതന്മാർ കിടക്കയ്ക്കു ചുറ്റും നിരന്നു. കുനിഞ്ഞ് ചലനമില്ലാത്ത ആ ശരീരം എടുത്തുയർത്തി. അവരുടെ ചിറകടി കൂടുതൽ ശക്തമായി. സംഗീതവും ശക്തമായി. അത്ഭുതകരമായി, മട്ടുപ്പാവിൽ ഒരു ഭാഗം തുറന്നു. അത്ഭുതകരമായി ഈശോയുടെ കല്ലറ തുറന്നതുപോലെ. അവരുടെ രാജ്ഞിയുടെ ശരീരവുംകൊണ്ട് അവർ പോയി. ഏറ്റം വിശുദ്ധമായ ശരീരം; എന്നാലും അതു മഹത്വീകൃതമായിട്ടില്ല. അതിനാൽ പദാർത്ഥപരമായ നിയമങ്ങൾക്ക് വിധേയമാണ്. ദൈവദൂതന്മാരുടെ ചിറകടികൊണ്ടുള്ള സംഗീതം വളരെ ശക്തിയായി, ഒരു ഓർഗന്റെ ശബ്ദംപോലുണ്ട്.
ജോൺ ഉറക്കംതന്നെയാണ്. അതിനിടെ രണ്ടു മൂന്നു പ്രാവശ്യം മറിഞ്ഞും തിരിഞ്ഞും ഇരുന്നിട്ടുണ്ട്. വലിയ പ്രകാശംകൊണ്ട് അസ്വസ്ഥനായതുപോലെ… ദൈവദൂതന്മാരുടെ ചിറകടി കാതുകളിൽ എത്തിയതുപോലെയും… എന്നാൽ, ഇപ്പോൾ നന്നായി ഉണർന്നു. കാരണം, ആ ശബ്ദം ശക്തമായി. തുറന്ന മേൽത്തട്ടിലൂടെ മുറിക്കുള്ളിലേക്ക് വായുപ്രവാഹം ശക്തമായി. തുറന്ന വാതിലിലൂടെ അതു പുറത്തേക്കു കടന്നപ്പോൾ ഒരുചുഴിപോലെയായി. കിടക്കയുടെ വിരിയിളക്കി, വിളക്കു കെടുത്തി, വലിയ ശബ്ദത്തോടെ കതകു തട്ടിയടച്ചു.
ഇപ്പോഴും പകുതി ഉറക്കത്തിലിരിക്കുന്ന അപ്പസ്‌തോലൻ എന്താണ് സംഭവിക്കുന്നതെന്നു ചുറ്റും നോക്കുന്നു. കിടക്ക ശൂന്യമായിരിക്കുന്നു എന്നു മനസ്സിലായി. മേൽത്തട്ടു തുറന്നിരിക്കുന്നു. വിസ്മയകരമായ സംഭവം നടന്നു എന്ന് അവൻ മനസ്സിലാക്കി. ഒരു പ്രചോദനം ലഭിച്ചതുപോലെ അവൻ മട്ടുപ്പാവിലേക്ക് ഓടിക്കയറി. ഒരു സ്വർഗീയ വിളിയാൽ ആയിരിക്കാം. അവൻ തല ഉയർത്തി, സൂര്യപ്രകാശത്തിനെതിരെ കൈകൊണ്ട് കണ്ണുകൾ മറപിടിച്ച് ആകാശത്തിലേക്കു നോക്കുന്നു.
അവൻ കാണുന്നു അപ്പോഴും ജീവനില്ലാത്ത മേരിയുടെ ശരീരം (ഉറങ്ങിക്കിടക്കുന്ന ആളിന്റേതുപോലെ) ദൈവദൂതന്മാരാൽ വഹിക്കപ്പെട്ട് മുകളിലേക്ക് മുകളിലേക്ക് ഉയരുന്നു. ഒടുവിലത്തെ വിടചോദിക്കലിന്റെഅടയാളമായി മേലങ്കിയുടെയും ശിരോവസ്ത്രത്തിന്റെയും അൽപ്പം ഭാഗം കൈവീശുന്നതുപോലെ ഇളകുന്നുണ്ട്. വളരെവേഗം പൊങ്ങുന്നതിനാൽ ഉണ്ടാകുന്ന കാറ്റു
കൊണ്ടും ദൈവദൂതന്മാരുടെ ചിറകടി കൊണ്ടുണ്ടാവുന്ന വായുചലനംകൊണ്ടും ആയിരിക്കും. കുറച്ചു പൂക്കൾ, മേരിയുടെ ശരീരത്തിനുചുറ്റും വസ്ത്രമടക്കുകളിലും ജോൺ വെച്ചിരുന്നവ മട്ടുപ്പാവിലേക്കും മുറ്റത്തേക്കും പൊഴിഞ്ഞുവീഴുന്നു. ദൈവദൂതന്മാരുടെ ‘ഹോസാന’ വിളികൾ അകന്നകന്നുപോവുകയും അതു കേൾക്കാതാവുകയും ചെയ്യുന്നു.
ഉയരുന്ന ആ ശരീരത്തിൽത്തന്നെ ജോൺ നോക്കിക്കൊണ്ടിരിക്കയാണ്. ദൈവം അവനു നൽകിയ ഒരു പ്രത്യേക അനുഗ്രഹത്താൽ അവനെ ആശ്വസിപ്പിക്കുന്നതിനും, അവന്റെ ദത്തെടുക്കപ്പെട്ട അമ്മയോടു കാണിച്ച സ്‌നേഹത്തിനു പ്രതിസമ്മാനം നൽകുന്നതിനും, അവൻ മേരിയെ വ്യക്തമായി കാണുന്നു. സൂര്യപ്രകാശത്താൽ ആവരണം ചെയ്യപ്പെട്ട് ദൈവസ്‌നേഹത്തിന്റെ പാരവശ്യത്തിൽനിന്ന് മേരി ഉണർന്നു; ആത്മാവു ശരീരത്തിലേക്കു തിരിച്ചുവന്നു; അവൾ നിവർന്നു നിൽക്കുന്നു. മഹത്വീകൃതമായ ശരീരങ്ങൾക്കുള്ള എല്ലാ വരവും അവൾക്കു ലഭിച്ചുകഴിഞ്ഞു.
ജോൺ വീണ്ടും വീണ്ടും നോക്കുന്നു. ദൈവം ഒരത്ഭുതം ചെയ്ത് അവനു പ്രകൃതിനിയമങ്ങൾക്കതീതമായ കാഴ്ച നൽകുന്നു. മേരി ഇപ്പോൾ ആയിരിക്കുന്നതുപോലെ അവളെ കാണുന്നു. അവൾ അതിവേഗം സ്വർഗത്തിലേക്കുയരുന്നു. ദൈവദൂതന്മാർ ഹോസാന വിളികളോടെ ചുറ്റിലുമുണ്ട്. എന്നാൽ, അവരുടെ സഹായം അവൾക്കിപ്പോളില്ല. മനുഷ്യർക്ക് വിവരിക്കാനോ ഏതെങ്കിലും തരത്തിൽ പ്രകടിപ്പിക്കാനോ കഴിയാത്ത സൗന്ദര്യമാണ് ഇപ്പോൾ അവൾക്കുള്ളത്!
ജോൺ ഇപ്പോഴും മട്ടുപ്പാവിന്റെ അരഭിത്തിയിൽചാരി ആ ദൈവികരൂപത്തെത്തന്നെ നോക്കി നിൽക്കുകയാണ്. മേരിയുടെ രൂപം മുകളിലേക്ക് കൂടുതൽ കൂടുതൽ ഉയരുന്നു. ദൈവസ്‌നേഹം തന്റെ സ്‌നേഹമുള്ള ശിഷ്യന് ഒരു സമ്മാനംകൂടി കൊടുക്കുന്നു. ഏറ്റം പരിശുദ്ധയായ അമ്മയും അവളുടെ പരിശുദ്ധനായ മകനും തമ്മിലുള്ള കൂടിക്കാഴ്ച കാണാൻ അനുവദിച്ചു. അവർണനീയമായ സൗന്ദര്യമുള്ള ഈശോ വേഗത്തിൽ സ്വർഗത്തിൽനിന്ന് ഇറങ്ങുന്നു. അമ്മയുടെ പക്കലെത്തി അവളെ ഹൃദയത്തോടു ചേർത്തുപിടിക്കുന്നു. അവർ രണ്ടുപേരുംകൂടെ, രണ്ടു ഗ്രഹങ്ങളേക്കാൾ പ്രകാശമുള്ള അവർ ഈശോ ഇറങ്ങിവന്ന സ്ഥലത്തേക്കു തിരിച്ചുപോകുന്നു.
ജോണിന്റെ ദർശനം കഴിഞ്ഞു. അവൻ തലകുനിക്കുന്നു. ക്ഷീണിച്ചുപോയ ആ മുഖത്ത് മേരി നഷ്ടമായതിന്റെ ദു$ഖവും അവളുടെ മഹത്വമേറിയ അന്ത്യത്തിലുള്ള സന്തോഷവുമുണ്ട്. ഇപ്പോൾ ദു$ഖത്തെക്കാൾ സന്തോഷമാണുള്ളത്. അവൻ പറയുന്നു: ‘നന്ദി ദൈവമേ, എന്റെ ദൈവമേ,
നന്ദി. എന്നെ ഇതെല്ലാം കാണാൻ ഇടയാക്കി. വിശ്വസിക്കുന്നതിന് ഇവയെല്ലാം കാണേണ്ട ആവശ്യം എനിക്കില്ലായിരുന്നു. കാരണം, ഗുരുവിന്റെ ഓരോ വാക്കും ഞാൻ ഉറച്ചു വിശ്വസിച്ചിട്ടുണ്ട്. എന്നാൽ അനേകർ സംശയിക്കും. യുഗങ്ങൾക്കുശേഷം ആയിരമായിരം വർഷങ്ങൾക്കുശേഷം മണേ്ണാടുമണ്ണായിത്തീർന്ന ശരീരം ഒരു ജീവനുള്ള ശരീരമാകുമോ എന്ന് എനിക്ക് അവരോടു പറയാൻ കഴിയും.
‘ക്രിസ്തു മാത്രമല്ല വീണ്ടും ജീവിച്ചത്. അവന്റെ ദൈവികശക്തിയാൽ അവന്റെ അമ്മയും വീണ്ടും ജീവനിലേക്കു തിരിച്ചുവന്നു. അവളുടെ ശരീരം ആത്മാവുമായി ഒന്നിച്ചുചേർന്ന് സ്വർഗത്തിൽ അവളുടെ പുത്രനു സമീപം നിത്യവസതിയിലായി. എനിയ്ക്കിങ്ങനെ പറയാൻ കഴിയും, ഓ! ക്രിസ്ത്യാനികളേ, ശരീരത്തിന്റെ ഉയിർപ്പിൽ വിശ്വസിക്കുവിൻ. സമയത്തിന്റെ അന്ത്യത്തിൽ, ആത്മാക്കളുടെയും ശരീരങ്ങളുടെയും നിത്യജീവനിൽ വിശുദ്ധന്മാരുടെ ആനന്ദത്തിൽ, അനുതപിക്കാത്ത പാപികളുടെ ഭീകരാവസ്ഥയിൽ, വിശ്വസിക്കുവിൻ. വിശ്വസിക്കുകയും വിശുദ്ധരെപ്പോലെ ജീവിക്കുകയും ചെയ്യുവിൻ. ഈശോയുടെയും മേരിയുടെയും ഭാഗധേയം ലഭിക്കാൻ അവർ ജീവിച്ചതുപോലെ ജീവിക്കുവിൻ. അവരുടെ ശരീരങ്ങൾ സ്വർഗത്തിലേക്കുയരുന്നതു ഞാൻ കണ്ടു. അതിനു സാക്ഷ്യം നൽകാൻ എനിക്കു കഴിയും.
‘നീതിമാന്മാരെപ്പോലെ ജീവിക്കുവിൻ. ഒരു ദിവസം ആത്മാവും ശരീരവും ഒന്നിച്ച് നിങ്ങൾ പുതിയ, നിത്യമായ ലോകത്തിൽ സൂര്യനായ ഈശോയുടെയും നക്ഷത്രങ്ങളിൽ അതിശ്രേഷ്ഠ നക്ഷത്രമായ മേരിയുടെയും സമീപം ആയിരിക്കും. ഓ! ദൈവമേ വീണ്ടും നന്ദി. നമുക്ക് അവളുടേതായി അവശേഷിച്ചിട്ടുള്ളതെല്ലാം ഒരുമിച്ചുവെക്കാം. അതുകൊണ്ടു പ്രയോജനമുണ്ടാകും. അതെ, അവ എന്റെ സഹോദരന്മാരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. അവർക്കായി ഞാൻ കാത്തിരുന്നത് വ്യർത്ഥമായി. എപ്പോഴെങ്കിലുമോ ഉടനെയോ ഞാനവരെ കാണും.’
വീണപ്പോൾ അടർന്നുപോയ പൂക്കളെല്ലാം ശേഖരിച്ചു. അവൻ മുറിയിലേക്കു തിരിച്ചു
പോയി മേൽപ്പുര തുറക്കപ്പെട്ട ഭാഗത്തേക്കു നോക്കുന്നു. വേറൊരത്ഭുതം, അത് അടഞ്ഞുകഴിഞ്ഞിരുന്നു! ജോൺ അമ്മയുടേതായതെല്ലാം സൂക്ഷിച്ചു ഭദ്രമായിവെക്കുന്നു. ശേഖരിച്ച പൂക്കളെല്ലാം പെട്ടിയലമാരയുടെ മുകളിൽ വെച്ചശേഷം സ്റ്റൂളിലിരുന്നുകൊണ്ടു പറയുന്നു:
‘ഇപ്പോൾ എന്നെ സംബന്ധിച്ച എല്ലാം നിറവേറിയിരിക്കുന്നു. ഇനിയും അരൂപി എന്നെ എവിടെയെല്ലാം നയിക്കുമോ, അവിടെയെല്ലാം സ്വതന്ത്രമായി എനിക്കുപോകാം. ഗുരു എനിക്കു തന്ന ദൈവവചനം വിതയ്ക്കാം. മനുഷ്യർക്ക് കൊടുക്കാനാണ് അവൻ അതു തന്നത്. സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാൻ അവരെ പഠിപ്പിക്കണം. എനിക്കു സ്‌നേഹിക്കാൻ ഗുരുവും അമ്മയും ഭൂമിയിലില്ലാത്ത ഇപ്പോൾ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് സ്‌നേഹം ഞാൻ പ്രചരിപ്പിക്കും. സ്‌നേഹമായിരിക്കും എന്റെ ആയുധവും പ്രബോധനവും. അതുപയോഗിച്ചു ഞാൻ സാത്താനെ പരാജയപ്പെടുത്തും. അവിശ്വാസത്തെ ജയിക്കും; അനേകം ആത്മാക്കളെ നേടും; അങ്ങനെ ഭൂമിയിൽ പരിപൂർണ സ്‌നേഹമായിരുന്ന ഈശോയുടെയും മേരിയുടെയും തുടർച്ചയായിരിക്കും ഞാൻ.’
ഈശോ പറയുന്നു:
ഒരു ഭൗമിക മാലാഖയായിരുന്ന ജോൺ നിഗൂഢമായ വിശ്രമത്തിൽ ആയിരുന്ന അമ്മയെ, അവനെ വിട്ടുപോകാറായിരുന്ന അമ്മയെ കാത്തുനിൽക്കുകയായിരുന്നു. അവൾ അന്ത്യശ്വാസം വലിച്ചു എന്നു കണ്ടപ്പോൾ അവൻ തുടർന്നു കാവലിരുന്നു. അശുദ്ധമായ കണ്ണുകൾ അവളെ കാണാതിരിക്കാൻ, മരണത്തിനപ്പുറവും അവൾ കളങ്കരഹിതയായ മാതാവും മണവാട്ടിയും ആയിരിക്കണം.
ഒരു പാരമ്പര്യം പറയുന്നത്, അമ്മയുടെ കല്ലറ തോമസ് തുറന്നപ്പോൾ പൂക്കൾ മാത്രമേ കണ്ടുള്ളൂ എന്നാണ്. എന്നാൽ അതു വെറും ഒരു കെട്ടുകഥമാത്രമാണ്. മേരിയുടെ ശരീരം ഒരു കല്ലറയും വിഴുങ്ങിയില്ല. കാരണം, സാധാരണ രീതിയിൽ മേരിയുടെ ശരീരം ഉണ്ടായതേയില്ല. ജീവിക്കുന്ന എല്ലാവരും മരിക്കുന്നതുപോലെയല്ല മേരി മരിച്ചത്.
ദൈവത്തിന് എല്ലാം സാധ്യമാണ്. ഞാൻ കല്ലറയിൽനിന്ന് പുറത്തുവന്നത് മറ്റൊരു സഹായവും കൊണ്ടല്ല, എന്റെ സ്വന്തം ശക്തിയാലാണ്. മേരി എന്റെ പക്കലേക്ക് ദൈവസന്നിധിയിലേക്ക്, സ്വർഗത്തിലേക്ക് വന്നത് കല്ലറയിലെ ശോകാത്മകമായ ചീയൽ അറിയാതെയാണ്, ഇതു ദൈവത്തിന്റെ ഏറ്റം ഉജ്ജ്വലമായ അത്ഭുതങ്ങളിൽ ഒന്നാണ്. വാസ്തവത്തിൽ ഇതൊന്നുമാത്രമല്ല. ഹാനോക്കിന്റെയും ഏലിയായുടെയും കാര്യങ്ങൾ നോക്കുക. ദൈവത്തിനു സംപ്രീതരായിരുന്ന അവർ ഭൂമിയിൽനിന്ന് പിടിച്ചെടുക്കപ്പെടുകയായിരുന്നു.
മരണം അവർ അനുഭവിച്ചില്ല. അവർ നീതിമാന്മാരായിരുന്നു. എന്നാൽ, എന്റെ അമ്മയോടു തുലനം ചെയ്യുമ്പോൾ അവർ ഒന്നുമല്ല. എന്റെ അമ്മ വിശുദ്ധിയിൽ ദൈവത്തെക്കാൾ അൽപ്പംമാത്രമേ താണവളായിരുന്നുള്ളൂ. അതുകൊണ്ടാണ് മേരിയുടെ ശരീരത്തിന്റെയോ കല്ലറയുടെയോ തിരുശേഷിപ്പുകൾ ഇല്ലാത്തത്. കാരണം, മേരിക്കു കല്ലറയില്ലായിരുന്നു. അവളുടെ ശരീരം സ്വർഗത്തിലേക്കു കൊണ്ടുപോകപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?