Follow Us On

29

March

2024

Friday

നാം വിതക്കുന്നത് കുട്ടികളിലൂടെ കൊയ്‌തെടുക്കുക

നാം വിതക്കുന്നത് കുട്ടികളിലൂടെ കൊയ്‌തെടുക്കുക

കുട്ടികളെ നല്ലതും ചീത്തയും ആക്കുന്നത് അവരുടെ ഹൃദയത്തിലെ നിക്ഷേപങ്ങളാണ്. നല്ല നിക്ഷേപങ്ങൾ നന്മയിലേക്കും ചീത്ത നിക്ഷേപങ്ങൾ തിന്മയിലേക്കും അവരെ നയിക്കും… ഒരു കുട്ടിയുടെ ഹൃദയത്തിൽ നിക്ഷേപങ്ങൾ കടന്നു വരുന്നത് കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നു വരുന്ന അശുദ്ധി നമ്മിൽ ദോഷസ്വഭാവം പ്രകടിപ്പിക്കാൻ ഇടയാക്കുന്നു.
ജോബിൻ എട്ടാം ക്ലാസ്സുവരെ നന്നായി പഠിക്കുമായിരുന്നു. എന്നാൽ പിന്നീട് പഠനത്തിൽ പിന്നോട്ടായി. കാരണം അവൻ കൂട്ടുകാരുടെ സ്വാധീനം വഴി ഇന്റർനെറ്റിലെ അശുദ്ധമായ കാര്യങ്ങൾ കാണാൻ തുടങ്ങി. അതിനാൽ കുട്ടികളുടെ മുമ്പിൽ വച്ച് പരസ്പരം വഴക്കടിക്കുകയോ കുറ്റം പറയുകയോ ചെയ്യരുത്. കേരളത്തിനു പുറത്ത് പഠിക്കാൻ പോയ ജോ കൂട്ടുകാരുമൊത്ത് നന്നായി ഉഴപ്പി… അവസാനം പഠനം പൂർത്തിയാക്കാതെ നാട്ടിൽ വന്നു. നാട്ടിലും പ്രശ്‌നം… ഇപ്രകാരം ജോ പെരുമാറാൻ കാരണം അപ്പനോടുള്ള വാശിയായിരുന്നു. കാരണം വളരെ നല്ല മനുഷ്യനും സാമൂഹ്യപ്രവർത്തകനുമായ അദ്ദേഹം പലപ്പോഴും വീട്ടിൽ താമസിച്ചാണ് വരുന്നത്. ഭർത്താവ് താമസിച്ചു വരുന്നതിനുള്ള വിഷമം ഭാര്യ പറഞ്ഞു കൊണ്ടിരുന്നത് ജോയോടും… വീട് നോക്കാതെ നാടു നന്നാക്കി നടക്കുന്ന അപ്പൻ.ഇങ്ങനെയുള്ള വാക്കുകൾ ജോയ്ക്ക് അപ്പനോടുള്ള വിദ്വേഷം വളർത്തുവാൻ കാരണമായി. അങ്ങനെ പിതാവിന്റെ നാട്ടിലെ സൽപ്പേര് നശിപ്പിക്കാനായിട്ടായിരുന്നു അവന്റെ തിന്മ നിറഞ്ഞ പ്രവർത്തനങ്ങൾ.
ഭാര്യ തന്റെ ഭർത്താവിനെക്കുറിച്ചുള്ള വിഷമം പങ്കുവച്ചതുവഴി കുട്ടി നശിക്കാൻ ഇടയായി. മാധ്യമങ്ങൾ പലതും തിന്മയെ നന്മയായി കാണിക്കുന്നു. പല സിനിമകളും ലേഖനങ്ങളും പാപത്തെ മാധുര്യവത്കരിച്ചു കാണിക്കുന്നു. ഇങ്ങനെയുള്ള കാഴ്ചകളും വായനയും കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കുകയും അവരിൽ തെറ്റായ സ്വഭാവം വളരാൻ ഇടയാകുകയും ചെയ്യും.
ഇക്കാലഘട്ടത്തിൽ ഭൂരിഭാഗം കുട്ടികളും ടി.വി പ്രോഗ്രാമുകൾ കാണുന്നവരാണ്. വീട്ടിൽ കാണാൻ അനുവദിച്ചില്ലെങ്കിലും പുറത്തെവിടെയും കാണുവാനുള്ള സാഹചര്യം ഉണ്ട്. അതിനാൽ ടി.വി പ്രോഗ്രാം കണ്ടുകഴിഞ്ഞ മക്കളോട് അതിൽ നിന്നും എന്തുമനസ്സിലാക്കി എന്നും എന്ത് പഠിച്ചു എന്നും അപ്പോൾത്തന്നെ ചോദിച്ചറിയുക. തെറ്റുകൾ തിരുത്തിക്കൊടുക്കുകയും വേണം. അങ്ങനെതന്നെ സിനിമകളും വലയിരുത്തണം.
കുട്ടികളുടെ ഹൃദയത്തിൽ നല്ല നിക്ഷേപങ്ങൾ കൊടുക്കുവാൻ നാം വളരെ ശ്രദ്ധിക്കണം. നന്നേ ബാല്യത്തിൽത്തന്നെ ഇതിനു തുടക്കം കുറിക്കുക. വിവിധ രീതികളിലൂടെ കുട്ടികളുടെ ഹൃദയത്തിൽ നന്മ നിക്ഷേപിക്കാം.
♦ നല്ല ക്രൈസ്തവ മാസികകളും സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഉപകരിക്കുന്ന സന്മാർഗ പുസ്തകങ്ങളും വാങ്ങിക്കൊടുത്ത് അവരെ വായിക്കുവാൻ പ്രേരിപ്പിക്കണം. വായന അറിയാത്ത കൊച്ചു കുട്ടികൾക്ക് വായിച്ചു കൊടുക്കുകയും വേണം.
♦ നല്ല അറിവുകൾ പകരുന്ന വി.സി.ഡികൾ വാങ്ങി കുട്ടികളെ കാണിക്കുക. നല്ല സിനിമകൾ വരുമ്പോൾ മക്കളോടൊന്നിച്ച് തീയേറ്ററിൽ പോയി കാണുകയും ഒഴിവുവേളകളിൽ ഇടയ്‌ക്കൊക്കെ അവരോടൊപ്പം ആശുപത്രി, ഓർഫനേജ് തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിക്കുകയും വേണം.
♦ പ്രകൃതിയെ സ്‌നേഹിക്കാനും അറിയാനും കുട്ടികൾക്കായി വീട്ടിൽ പൂന്തോട്ടം രൂപപ്പെടുത്തുക
♦ ഭവനത്തിൽ ദൈവിക ചിന്തകൾ ഉണർത്തുന്നതും സമൂഹത്തിന് നന്മ പകരുന്നതുമായ കാര്യങ്ങൾ സംസാരിക്കുക.
♦ കുട്ടികൾ വളരെയധികം ആഗ്രഹിക്കുന്ന കാര്യമാണ് സ്പർശനം. ഇതിലൂടെ കുട്ടികൾക്ക് സ്‌നേഹത്തിന്റെ ഉത്തേജനം ലഭിക്കും. മാതാപിതാക്കൾ കുട്ടികളോട് സ്പർശനത്തിലൂടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് മോശമായി കരുതരുത്. മാതാപിതാക്കൾ തങ്ങളുടെ സ്‌നേഹം സ്പർശനത്തിലൂടെ കുട്ടികൾക്കു പങ്കുവയ്ക്കുമ്പോൾ നല്ല നിക്ഷേപമാണ് കൊടുക്കുക.
♦ എല്ലാ ദിവസവും കുട്ടികൾ ഉറങ്ങാൻ കിടക്കുമ്പോൾ കുട്ടിയുടെ കൂടെക്കിടന്ന് ഒരു കഥ പറഞ്ഞ് തലോടി ഉറക്കുന്നത് വളരെ നല്ലതാണ്. കാതിലൂടെ കഥ കേട്ട്, മാതാപിതാക്കളുടെ സ്പർശനത്തോടൊപ്പം ഗന്ധം അനുഭവിച്ച് കുട്ടിക്ക് ഉറങ്ങാൻ സാധിക്കുന്നു.
ഇവയിലൂടെ ധാരാളം നല്ല നിക്ഷേപങ്ങൾ കുട്ടികളുടെ ഹൃദയത്തിൽ നിറയ്ക്കുവാൻ സാധിക്കും. ചെറുപ്പത്തിൽ കിട്ടുന്ന നിക്ഷേപങ്ങൾ വഴി കുട്ടി വളർന്നു വരുമ്പോൾ ദേശത്തിന് വലിയ അനുഗ്രഹമായിത്തീരും. വിതയ്ക്കുന്നതാണ് കൊയ്യാൻ സാധിക്കുന്നത്. കുട്ടികളിൽ നിന്ന് നാളെ എന്തുവേണോ, അത് ഇന്നു വിതയ്ക്കുക.
സന്തോഷ്. ടി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?