Follow Us On

28

March

2024

Thursday

പ്രകാശം പരത്തുന്ന ദീപങ്ങൾ

പ്രകാശം പരത്തുന്ന ദീപങ്ങൾ

രണ്ടാഴ്ച മുമ്പു തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി നടത്തിയ തട്ടിപ്പായതിനാലാകണം ഇത്രയധികം ചർച്ചചെയ്യപ്പെട്ടത്. എടിഎം കാർഡിലെ വിവരങ്ങൾ സ്‌കിമ്മർ ഉപയോഗിച്ച് ചോർത്തിയെടുക്കുന്ന സംഭവങ്ങൾ ഇതുവരെയും നമുക്ക് പരിചിതമായിരുന്നില്ല. അവർ അവലംബിച്ച മാർഗങ്ങൾ മനസിലാക്കണമെങ്കിൽപ്പോലും സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്.
ഏതായാലും തട്ടിപ്പു നടത്തിയ നാല് റുമേനിയക്കാരിൽ ഒരാൾ പോലീസിന്റെ പിടിയിലായി. സാങ്കേതിക വിദ്യയോടൊപ്പം കൂർമ്മബുദ്ധിയും കൃത്യമായ ആസൂത്രണവും ഈ കളവിന്റെ പിന്നിൽ കാണാനാകും. മറ്റൊരു രാജ്യത്തുനിന്നും എത്തി ഇവിടുത്തെ കാര്യങ്ങൾ മനസിലാക്കി ഇത്തരമൊരു കുറ്റകൃത്യം ചെയ്യണമെങ്കിൽ അതിന്റെ പിന്നിൽ ടീം പ്രവർത്തിച്ചിട്ടുണ്ടെന്നത് വ്യക്തം. രംഗത്തുവന്നതിൽ കൂടുതൽ ആളുകൾ പിന്നണിയിൽനിന്ന് പ്രവർത്തിച്ചിട്ടുണ്ടാകാം. ഇത്രയും മികവും സാമർത്ഥ്യവും ഉള്ളവർ കഴിവുകൾ നേർവഴിക്ക് വിനിയോഗിച്ചിരുന്നെങ്കിൽ അവർക്കും നാടിനും എത്രമാത്രം ഗുണകരമായിത്തീർന്നേനെ എന്ന് അഭിപ്രായപ്പെടുന്ന പലരെയും കാണാനിടയായി.
വളഞ്ഞ മാർഗങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കുന്നത് മനുഷ്യന്റെ സ്വഭാവമാണ്. അർഹതപ്പെടാത്തത് ഹീനമാർഗങ്ങൾ ഉപയോഗിച്ച് സ്വന്തമാക്കുവാൻ മടിയില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. ഓരോ ദിവസവും പത്രങ്ങൾ നോക്കുകയാണെങ്കിൽ ഏതൊക്കെ രീതിയിലുള്ള തട്ടിപ്പിന്റെ കഥകളാണ് കാണാനാകുക. വിദേശരാജ്യങ്ങളിലേക്കുള്ള വിസ നല്കാമെന്ന് പറഞ്ഞു തട്ടിപ്പുനടത്തുന്നവരിൽ തുടങ്ങി ആശുപത്രികളിൽ രോഗികൾക്ക് ധനസഹായം നല്കാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് പാവങ്ങളുടെ കൈയിലുള്ളതുകൂടി കബളിപ്പിച്ചെടുക്കുന്നവരുടെവരെ വാർത്തകൾ ആവർത്തിക്കപ്പെടുകയാണ്.
സ്ഥലത്തിന്റെ അതിരു മാന്തുന്നവരിൽ തുടങ്ങി കൈക്കൂലി വാങ്ങുന്നവരുടെ വരെ ചരിത്രം പരിശോധിച്ചാൽ സമ്പത്തിനോടുള്ള ആസക്തിയാണ് തെറ്റിലേക്ക് എത്തിച്ചതെന്ന് മനസിലാകും. സ്വന്തം സഹോദരങ്ങളെപ്പോലും വഞ്ചിക്കാൻ മടിയില്ലാത്തവരായി പലരും മാറിയിരിക്കുന്നു. സഹോദരങ്ങൾ തമ്മിലുള്ള തർക്കങ്ങളും കേസുകളും പരിശോധിച്ചാൽ അതു വ്യക്തമാകും. തിന്മയുടെ മായികപ്രപഞ്ചത്തിൽ അകപ്പെട്ടാണ് പലരും ഇത്തരം തട്ടിപ്പുകളിൽ പങ്കുചേരുന്നത്. അല്പം വളഞ്ഞവഴികൾ സ്വീകരിച്ചാലും കുഴപ്പമില്ല, പണം ഉണ്ടാക്കിയാൽമതിയെന്ന ചിന്തയിലേക്ക് മനുഷ്യർ വേഗത്തിൽ ആകർഷിക്കപ്പെടുന്നു. നേർവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ജീവിതകാലം മുഴുവൻ അധ്വാനിക്കേണ്ടേ, ഇതാകുമ്പോൾ ഒന്നോ രണ്ടോ തട്ടിപ്പുകൾ നടത്തിയാൽ ജീവിതകാലം മുഴുവൻ സൗകര്യമായി ജീവിക്കാമല്ലോ, അങ്ങനെ ചെയ്ത് രക്ഷപ്പെട്ടുകൂടേ എന്നൊക്കെയുള്ള ചിന്തകൾ മനുഷ്യ ഹൃദയങ്ങളിൽ തിന്മ വിതക്കും.
സാത്താൻ മനുഷ്യരെ സമർത്ഥമായി കബളിപ്പിക്കുകയാണ്. അവൻ സൃഷ്ടിക്കുന്ന പ്രലോഭനങ്ങളിൽ പലരും വീണുകൊണ്ടിരിക്കുന്നു. സാത്താൻ നുണയനും നുണയുടെ പിതാവുമാണെന്ന് (യോഹന്നാൻ 8:44) വചനം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പിന്നീട് മോഷണംതന്നെ ലഹരിയായി മാറുമെന്ന് സാത്താന് നിശ്ചയമുണ്ട്.
മനുഷ്യനിലെ അത്യാഗ്രഹത്തെ സമർത്ഥമായി സാത്താൻ ഉപയോഗപ്പെടുത്തുകയാണ്. പിടിക്കപ്പെട്ടു കഴിയുമ്പോൾ സംഭവിക്കുന്നതിനെക്കുറിച്ച് അപ്പോൾ ചിന്തിക്കുന്നില്ല. നീതിയുടെ മാർഗങ്ങളിൽകൂടി അല്ലാതെ സമ്പാദിക്കുന്ന പണംകൊണ്ട് നമുക്ക് സമാധാനത്തോടെ ജീവിക്കാനാവില്ല. ചിലപ്പോൾ താല്ക്കാലികമായ നേട്ടങ്ങൾ സ്വന്തമാക്കുവാൻ സാധിക്കുമായിരിക്കും. ചിലരുടെ ബാഹ്യമോടികൾ കാണുമ്പോൾ അവരെപ്പോലെയാകാൻ തിന്മ നമ്മെ ഉപദേശിച്ചെന്നു വരാം. പുറമേ നിന്നുനോക്കുമ്പോൾ എല്ലാം ഭദ്രമെന്നു തോന്നിയാലും ഉള്ളിൽ അങ്ങനെയായിരിക്കില്ല. തിന്മ പരസ്യങ്ങൾപ്പോലെ പലതും കാണിച്ച് മനുഷ്യരെ പ്രലോഭിപ്പിക്കും. വിവാദമായ കുറ്റകൃത്യങ്ങൾ നടത്തിയവർ വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തലുകൾ നടത്തിയതിലൂടെ ശ്രദ്ധിക്കപ്പെട്ട കേസുകളുണ്ട്. സത്യം പുറത്തുപറഞ്ഞാൽ നിയമത്തിന്റെ പിടിലാകുമെന്ന് അറിഞ്ഞുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. മനഃസാക്ഷിക്കുത്താണ് അവരെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്. നീതിക്കു നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ അവ നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുമെന്നത് ഉറപ്പാണ്.
നേർവഴിയിലൂടെ അല്ലാതെ സമ്പത്ത് നേടിയാലും സമാനമായ അവസ്ഥ ആയിരിക്കും ഉണ്ടാകുക. ദൈവം അംഗീകരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാറുണ്ടോ, അതുവഴി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. പ്രവൃത്തികളെ ന്യായീകരിക്കുവാൻ നമുക്ക് എളുപ്പത്തിൽ കഴിയും. ഞാൻ നീതിപൂർവം ജീവിച്ചാൽ ലോകം നന്നാകുമോ എന്നു പലരും ചോദിക്കാറുണ്ട്.
അധാർമികതയുമായി സന്ധി ചെയ്യുന്നതിനെ ന്യായീകരിക്കുവാൻ തിന്മ നമ്മുടെ മുമ്പിൽ ഉയർത്തുന്ന കെണികളാണ് ഇത്തരം ചോദ്യങ്ങൾ. ഒരാൾ നീതിമാനായി ജീവിക്കുമ്പോൾ ലോകം അത്രയും നന്നാകും. നല്ലതുകണ്ട് നാമറിയാതെ അനുകരിക്കാൻ ശ്രമിക്കുന്നവർ ധാരാളമുണ്ട്. അനീതിക്ക് എതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നവരെ ആദരവോടെ വീക്ഷിക്കുന്നവരും കുറവല്ല.
ഞാൻ നന്നായാൽ ലോകം നന്നാകുമോ എന്ന് ചോദിച്ചാൽ ലോകത്തെ മെച്ചപ്പെട്ടതാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരുകയാണെന്ന് മനസിനോട് പറയാനാകണം. അനേകം ദീപങ്ങൾ തെളിക്കാൻ കത്തിച്ചുവച്ച ഒരു മെഴുകുതിരി ഉപയോഗിച്ചെന്നു വരാം. എന്നാൽ, കത്തുന്ന ആ മെഴുകുതിരിക്ക് അത് തിരിച്ചറിയാൻ കഴിയില്ല. അതുപോലെയാണ് നന്മയുടെ പ്രവൃത്തികളും. നാമറിയാതെ ആ പ്രകാശനാളത്തിൽനിന്നും അനേകർക്ക് നടക്കാനുള്ള വഴികൾ തെളിയുന്നുണ്ട്. നന്മയുടെ ഒരു പ്രവൃത്തിപോലും ഫലംചൂടാതെ ഈ ലോകത്തിൽനിന്നും കടന്നുപോകുന്നില്ല. അത് പലരെയും പ്രചോദിപ്പിക്കുകയും ചെയ്യും. ഇനി മറ്റാരും കണ്ടില്ലെങ്കിലും ദൈവം അത് കാണും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?