Follow Us On

28

March

2024

Thursday

ജനങ്ങളുടെ ക്രിസ്തു

ജനങ്ങളുടെ ക്രിസ്തു

നസ്രത്തിലെ ക്രിസ്തുവിന്റെ സ്വാഭാവികവും മാനുഷികവുമായ മുഖം മുഖ്യവിഷയമാക്കി എഴുതിയ പുസ്തകമാണ് എസ്. വെങ്ങാലൂർ സി.എം.ഐയുടെ ജനങ്ങളുടെ ക്രിസ്തു. ദൈവശാസ്ത്രജ്ഞന്മാരുടെയും തത്വചിന്തകരുടെയും ക്രിസ്തുവിനെയല്ല ഗ്രന്ഥകാരൻ ഇവിടെ അവതരിപ്പിക്കുന്നത്. മറിച്ച് സാധാരണക്കാർ, അലയുന്നവർ, വലയുന്നവർ, കരയുന്നവർ, എന്നിവരുടെ സുഹൃത്തും സംരക്ഷകനും അധ്വാനിക്കുകയും വിയർപ്പണിയുകയും ചെയ്യുന്നവരുടെ പ്രതിനിധിയായ ക്രിസ്തുവിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തീർത്തും സാധാരണക്കാരനായായിരുന്ന ക്രിസ്തുവിന്റെ ആശയങ്ങൾ അനന്യലഭ്യങ്ങളും നിത്യം നിലനിൽക്കുന്നതുമായിരുന്നു. നൂതനവും വ്യത്യസ്തവുമായ ഒരു സ്‌നേഹവിപ്ലവത്തിന്റെ ചിന്തകളാണ് പ്രചരിപ്പിച്ചത്. ഇന്നും ജനകോടികളിൽ സ്വാധീനം ചെലുത്തുന്നുണ്ട് ക്രിസ്തുവിന്റെ വിശിഷ്‌ടോപദേശങ്ങളെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു ഇവിടെ.
വിശുദ്ധ ഭൂമിയുടെ പശ്ചാത്തലം
മനുഷ്യസമുദായത്തിന്റെ മതാത്മകചരിത്രത്തിൽ നൂതനാധ്യായം രചിച്ച വ്യക്തിയാണ് ക്രിസ്തു. അവിടുത്തെ ജന്മസ്ഥലവും പ്രവർത്തനമേഖലയും പലസ്തീനാ എന്ന പ്രദേശമായിരുന്നു. ഇസ്രായേൽ ജനത്തിന് ദൈവം സഹസ്രാബ്ദങ്ങളായി വാഗ്ദാനം ചെയ്തിരുന്ന ഈ ഭൂവിഭാഗം അബ്രാഹം, മോശ, ജോഷ്വാ തുടങ്ങിയ വിശ്വാസപ്രതിഭകളും പ്രഗത്ഭരുമായ നേതാക്കളുടെ സാന്നിധ്യംകൊണ്ടും പ്രവർത്തനം കൊണ്ടും പ്രസിദ്ധമായ സ്ഥലമാണെന്നും ലേഖകൻ ഉദ്‌ബോധിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ജനങ്ങളെ ആവേശംകൊള്ളിക്കാനും അഭിമാനപുളകിതരാക്കാനും ആ പ്രദേശത്തിന് ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. ഭൂവിസ്തൃതി കുറവാണ്. കാലാവസ്ഥ ആകർഷകവും സന്തോഷം ജനിപ്പിക്കുന്നതുമാണ്.
അധികം ഉയരമില്ലാത്ത
കുന്നുകളും ആഴംകുറഞ്ഞ താഴ്‌വരകളുംകൊണ്ട് ഈ പ്രദേശം ചുറ്റപ്പെട്ടിരിക്കുന്നു. സമുദ്രത്തിന്റെയും മരുഭൂമിയുടെയും ലെബനോൻ പർവതങ്ങളുടെയും ഹെർമോൺകുന്നുകളുടെയും സാന്നിധ്യം ഈ വാഗ്ദാനഭൂമിയുടെ ഹരം പിടിപ്പിക്കുന്ന സമ്പത്തുകളാണ്. ഫലപുഷ്ടമായ സമതലപ്രദേശങ്ങളിൽ കൃഷിചെയ്യുന്ന ഗോതമ്പും മുന്തിരിയും ഇതിനെ തേനും പാലുമൊഴുക്കുന്ന പ്രദേശമാക്കിത്തീർത്തിരിക്കുന്നുവെന്നും ലേഖകൻ വ്യക്തമാക്കുന്നു. ഒരു വശത്ത് സ്ഥിതിചെയ്യുന്ന ഈജിപ്തും മറുവശത്തുള്ള അസ്സീറിയ, കാൽദിയ, ബാബിലോൺ തുടങ്ങിയ സ്ഥലങ്ങളുടെയും സാന്നിധ്യം പുരാതനസംസ്‌ക്കാരങ്ങളുടെ സമ്പർക്ക മേഖലയായി ഇവിടം തീർത്തിരിക്കുന്നു. ശക്തവും സമ്പന്നവും വിസ്തൃതവുമായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതുകൊണ്ട് പലസ്തീന പലപ്പോഴും അടിച്ചമർത്തപ്പെട്ടും വിദേശരാജ്യങ്ങളുടെ കീഴിലുമാണ് കഴിഞ്ഞിരുന്നത്. അസീറിയക്കാരും ബാബിലോണിയരും പലപ്പോഴും ഈ രാജ്യത്തിലൂടെ പട്ടാള പര്യടനം നടത്തുകയും ജനങ്ങളെ മർദിക്കുകയും അടിമകളാക്കി പിടിച്ചുകൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. പേർഷ്യാക്കാരും ഗ്രീക്കുകാരും റോമാക്കാരും ഈ രാജ്യത്തെ കീഴ്‌പ്പെടുത്തി ഭരിച്ചിട്ടുണ്ട്. അക്രമണങ്ങൾക്കും മർദനങ്ങൾക്കും അതിക്രമത്തിനും ഭയപ്പെടുത്തലിനും എന്നും വിധേയമായിരുന്നു ഈ കൊച്ചുരാജ്യം. നൂറ്റാണ്ടുകൾ പലതുകഴിഞ്ഞിട്ടും ഇന്നും ഇസ്രായേൽ അസ്വസ്ഥതകളുടെയും വേദനയുടെയും നടുവിലാണ്. ആപത്തുകളിൽനിന്ന് വിമുക്തമാകാൻ അതിന് ഇന്നും കഴിഞ്ഞിട്ടില്ല.എന്നും അസ്വസ്ഥവും ലോകരാജ്യങ്ങളിലെ ചെറുതും നിത്യം മർദനങ്ങൾക്കു വിധേയമാകുന്നതുമായ രാജ്യമാണ് ദൈവപുത്രനായ ക്രിസ്തുവിന് ജനിച്ചു വളരാനായി ദൈവം തിരഞ്ഞെടുത്തതെന്നും പുസ്തകം വ്യക്തമാക്കുന്നു.
ക്രിസ്തുവിന്റെ ജീവിതകാലത്ത് പലസ്തീനാ നാലായി വിഭജിക്കപ്പെട്ടിരുന്നു. വടക്കുഭാഗത്ത് ഗാലീലീ, അതിനു തെക്ക് സമരിയ, കിഴക്ക് പെറയാ, ഏറ്റവും തെക്കുഭാഗത്ത് യൂദയാ എന്നിങ്ങനെയായിരുന്നു ആ വിഭാഗങ്ങൾ. ക്രിസ്തുവിന്റെ ജീവിതവുമായി കൂടുതൽ ബന്ധപ്പെട്ടിട്ടുള്ളത് ഗലീലിയും യൂദയായുമായിരുന്നു. വിവിധരാജ്യങ്ങളുമായുള്ള വ്യാപാരസമ്പർക്കങ്ങളും സാംസ്‌ക്കാരിക സമ്പർക്കങ്ങളും ഗാലീലിയിലുണ്ടായിരുന്നു. രഥങ്ങളും കുതിരകളും കച്ചവടസംഘങ്ങളും ഗലീലിയയിലൂടെ കടന്നുപോയിരുന്നതിനാൽ പിൽക്കാലത്ത് അവരുടെ സ്വഭാവസവിശേഷതകൾ നിരീക്ഷിക്കാനും വിലയിരുത്താനും ക്രിസ്തുവിന് സഹായകമായെന്നും പുസ്തകം നിരീക്ഷിക്കുന്നു.
ക്രിസ്തുവിന്റെ ആഗമനം
ലോകചരിത്രത്തിലെ ഒറ്റപ്പെട്ടതും വ്യത്യസ്തവുമായ സംഭവമായിരുന്നു ക്രിസ്തുവിന്റെ ജനനം. എത്രകോടിയാളുകൾ ഈ ലോകത്തു ജനിച്ചിട്ടുണ്ട്; മരിച്ചിട്ടുണ്ട്. അവരിലാർക്കും ഒരു യുഗപരിണാമത്തിന് സാക്ഷിയാകാനോ ചരിത്രത്തെ വേർതിരിക്കാനോ കഴിഞ്ഞിട്ടില്ല. ഓരോ സംസ്‌ക്കാരത്തിനും രാജ്യത്തിനും വർഷപരിഗണനയ്ക്കുള്ള അളവുകൾ ഉണ്ടെങ്കിലും ലോകത്തിലെല്ലായിടത്തും സ്വീകാര്യമായ ചരിത്രത്തിന്റെ അളവുകോൽ രൂപാന്തരപ്പെടണമെങ്കിൽ ചരിത്രത്തെ പിടിച്ചുകുലുക്കുന്ന മഹത്തായ എന്തെങ്കിലും സംഭവിക്കണം. പ്രാചീനചരിത്രത്തിന് ക്രിസ്തുവിനുമുൻപ് (ബി.സി.) എന്നൊരു പൂർണവിരാമമിടാനും ക്രിസ്തുവിനുശേഷം എന്ന പേരിൽ (എ.ഡി.) ഒരു പുതിയയുഗം ഉദ്ഘാടനം ചെയ്യാനും ഇടയായി. ക്രിസ്തു ജനിച്ചിട്ടില്ലെന്നും ജീവിച്ചിട്ടില്ലെന്നും പറയുന്നവർക്ക് ചരിത്രത്തിന്റെ ഗതിമാറ്റത്തെപ്പറ്റി ഒന്നും പറയാനില്ല. ഇന്ന് ലോകത്തുള്ള സർവജനപദങ്ങളും അംഗീകരിക്കുന്ന ഈ യുഗപരിണാമത്തിന്റെ ചരിത്രം ഒരു കെട്ടുകഥയല്ലെന്നും ലേഖകൻ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ക്രിസ്തു ജനിച്ചിട്ടില്ലെന്നത് വാദിക്കുന്നവരുണ്ട്. ക്രിസ്തു ഒരു ചരിത്ര വ്യക്തിയാണെങ്കിലും ദൈവമായി അംഗീകരിക്കാനും സ്വീകരിക്കാനും സാധിക്കില്ല എന്ന ആശയഗതിക്കാരുമുണ്ട്. ചരിത്രത്തോട് ഒട്ടും സത്യസന്ധത പുലർത്താത്തവർക്കുമാത്രമേ ഇപ്രകാരം പറയാൻ കഴിയൂ. ജനിക്കാത്ത ഒരാളിന് ലോകചരിത്രത്തിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ സാധിക്കുമോ? എന്ന് പുസ്തകം ചോദിക്കുന്നു. ഭരണാധികാരിയോ സമ്പന്നനോ ലോകസ്വാധീന ശക്തിയുള്ളവനോ ആയിരുന്നില്ല ക്രിസ്തു. പാവപ്പെട്ടവനും തൊഴിലാളിയും അധികാരരഹിതനുമായിരുന്നു. എന്നിട്ടും ഇത്രയധികം ചരിത്രശക്തി ലഭിക്കുകയുണ്ടായെന്നും ലേഖകൻ വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ ജനനമെന്ന ചരിത്രസംഭവത്തിന് ദൈവം സാവധാനം ജനതയെ ഒരുക്കിക്കൊണ്ടുവന്നു. മനുഷ്യരോടുള്ള ദൈവത്തിന്റെ ബന്ധം സ്ഥാപിക്കാൻ അവിടുന്ന് ഒരുങ്ങിവന്നു. വളരെ ലളിതമായാണ് ദൈവം ഭൂമിയിലേക്കിറങ്ങിവന്നത്. ഒരു രാജകുമാരന്റെയും സമ്പന്നന്റെയും ആർഭാടങ്ങളൊന്നും എടുത്തണിയാതെ അവിടുന്ന് ആഗതനായി. വിശ്വസിക്കുന്നവർക്ക് ദൈവത്തിന്റെ പുത്രനും പുത്രിയുമാകാനുള്ള വരമാണ് അവിടുന്ന് നൽകുന്നത്. അത്യന്തം ഉദാരമായ ഒരു ദാനമാണിത്. സ്വർഗത്തിന്റെയും ഭൂമിയുടെയും അധിപനാണവിടുന്ന്. പിറക്കാൻ ഇടംകിട്ടാതെ പുൽക്കൂട്ടിൽ ജനിച്ച ക്രിസ്തുവിനെ കാണാതിരിക്കുന്നവൻ കുനിഞ്ഞ് ആ തൊഴുത്തിലേക്കു കയറിച്ചെല്ലണം. വിനയത്തിന്റെ മഹത്വം ഉള്ളതുകൊണ്ട് കുഞ്ഞാകുന്നതിന്റെ രഹസ്യം ദൈവകുമാരൻ നമുക്കു പറഞ്ഞുതന്നു. മണ്ണും വിണ്ണുമായ മനോഹരബന്ധം ഭൂമിയിലേക്കുള്ള ആഗമനത്തോടെ ദൈവം സാധ്യമാക്കിയെന്നും ലേഖകൻ വിശദമാക്കുന്നു.
നസ്രത്തിലെ ജീവിതം
ശാന്തവും സമാധാനപൂർണവും സന്തോഷപ്രദവുമായിരുന്നു തിരുക്കുടുംബത്തിന്റെ നസ്രത്തിലെ ജീവിതം. യൗസേപ്പിനു മരപ്പണി ധാരാളം. ജീവിതാവശ്യങ്ങൾക്കുള്ള പണം കൈയിലെത്തുന്നുണ്ട്. കുഞ്ഞിന്റെ ചിരിയും നീക്കങ്ങളും മാതാപിതാക്കളെ സന്തോഷപ്പിച്ചു. ഓരോ ദിവസവും ആനന്ദത്തോടെ അവർ ജീവിച്ചു. ഓരോ ശിശുവിന്റെയും ബാല്യം ഓമനത്തമുള്ള ചിന്തകളാണ് കൊണ്ടുവരിക. എല്ലാക്കാര്യങ്ങളുടെയും ഉത്തരവാദിത്വം രക്ഷിതാക്കൾക്കായതിനാൽ ബാലകർ സ്വതന്ത്രരും സംതൃപ്തരുമായിരിക്കും. യേശുവിന്റെ ബാല്യജീവിതവും അതുപോലെ സന്തോഷനിർഭരമായിരുന്നുവെന്ന് ലേഖകൻ വിവരിക്കുന്നു. എന്നാൽ, എല്ലാ സന്തോഷങ്ങളുടെയും മുകളിൽ ദുഃഖത്തിന്റെ കാർമേഘങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. യേശുവിന്റെ ജനനം മറ്റാളുകൾ അറിയാനിടയായി. തുടർന്ന് ഹോറോദോസ് രാജാവിനെ ഭയന്ന് വിദൂര ഈജിപ്തിലുള്ള ഒരജ്ഞാത ഗ്രാമത്തിൽ അവർ താൽക്കാലികവാസം ആരംഭിച്ചു. പിന്നീട്, വളർന്ന് യുവാവും നേതാവുമായിത്തീർന്ന ക്രിസ്തു കുഞ്ഞുങ്ങളോട് വാത്സല്യവും സ്‌നേഹവും പ്രദർശിപ്പിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഒരു വ്യക്തിക്കോ സമൂഹത്തിനോ ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് ബഹിഷ്‌ക്കരണം. സ്വന്തം നാട്ടിൽനിന്ന് പുറത്താക്കപ്പെട്ട് അലഞ്ഞുതിരിയേണ്ടിവരിക സങ്കടകരമാണ്. ഈജിപ്തിലെ പ്രവാസകാലം യൗസേപ്പിന്റെ കുടുംബത്തിന് ദുഃഖവും അവഗണനയുമാണുണ്ടാക്കിയതെന്നും ലേഖകൻ വിശദീകരിക്കുന്നു. ഹേറോദേസ് രാജാവിന്റെ മരണത്തോടെ യൗസേപ്പും കുടുംബവും നസ്രത്തിലേക്ക് തിരിച്ചുവന്നു. ഗലീലിയിലെ അത്ര പ്രശസ്തമല്ലാത്ത ഗ്രാമമായിരുന്നു നസ്രത്ത്.
അതുകൊണ്ട് അപകടഭീതികൂടാതെ അവിടെ കഴിയാൻ സാധിക്കുമെന്നതുകൊണ്ടാണ് യൗസേപ്പിന്റെ കുടുംബം അവിടെ വന്നു താമസം ഉറപ്പിച്ചത്. ആഢ്യതയെ താലോലിച്ചിരുന്ന നസ്രത്തുകാർക്ക് അധ്വാനിച്ച് ജീവിച്ചിരുന്ന ജോസഫിന്റെ മകനെക്കുറിച്ച് അത്ര മതിപ്പൊന്നും തോന്നിയില്ല. സാബത്ത് ദിവസം സിനഗോഗിൽ പഠിപ്പിക്കാനൊരുങ്ങിയ യേശുവിനെക്കുറിച്ച് അവർ പുച്ഛഭാവത്തിലാണ് സംസാരിച്ചതെന്നും ലേഖകൻ ഓർമിപ്പിക്കുന്നു ഇവിടെ.
ഒരു ഗ്രാമത്തിന്റെ ശാന്തസുന്തരമായ പശ്ചാത്തലത്തിലാണ് യേശു ബാല്യം ചെലവഴിച്ചതും വളർന്നുവന്നതും. ക്രിസ്തുവിന്റെ സംസാരം, പെരുമാറ്റം, പ്രസംഗങ്ങൾ എന്നിവയിലൂടെയാണു നസ്രത്തിന്റെ ചിത്രം നമുക്ക് ലഭിക്കുക. ക്രിസ്തുവിന് വളരാനും പരിശീലനം ലഭിക്കാനും അവസരമൊരുക്കിയ നസ്രത്ത് ലോകത്തിലെ പ്രശസ്തവും ഭാഗ്യപ്പെട്ടതുമായ സ്ഥലങ്ങളിലൊന്നായി. പ്രാചീന സാംസ്‌ക്കാരിക കേന്ദ്രത്തിന്റെയോ ചക്രവർത്തിമാരുടെ
കൊട്ടാരങ്ങളുടെയോ പേരിലല്ല അതിന്റെ പ്രശസ്തി. ലളിതവും സാധാരണവുമായ ജീവിതം നയിച്ച ക്രിസ്തുവിന്റെ പേരിലായിരുന്നുവെന്നും പുസ്തകം വ്യക്തമാക്കുന്നു.
ക്രിസ്തുവിന്റെ വിദ്യാഭ്യാസം
പലസ്തീനായിൽ ജനിച്ചുവളർന്ന ക്രിസ്തുവിന്റെ വിദ്യാഭ്യാസം കാശ്മീരിലും ഇന്ത്യയിലുമായാണ് സാധിച്ചത് എന്ന വാദഗതിക്കാരുണ്ട്. വളരെ വിദൂരമായിരുന്ന ഇന്ത്യയിലേക്ക്, ഉന്നത വിദ്യാഭ്യാസത്തിന് പലസ്തീനായിൽനിന്ന് ദരിദ്രനും സാധാരണക്കാരനുമായ ഒരാൾ വന്നെന്നു കരുതുക പ്രയാസമാണ്. പ്രായേണ സമീപസ്ഥവും സാംസ്‌ക്കാരിക കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്നതുമായ ഗ്രീസിലേക്കോ റോമിലേക്കോ പോകാനാണ് കൂടുതൽ സാധ്യതയെന്നും ലേഖകൻ നിരീക്ഷിക്കുന്നു. പാരമ്പര്യമനുസരിച്ചും സാഹചര്യത്തിനു ചേർന്നതുമായ വിദ്യാഭ്യാസം ക്രിസ്തുവിനു ലഭിച്ചിട്ടുണ്ട്. യഹൂദസമ്പ്രദായമനുസരിച്ച് അറമായക്, ഹീബ്രു ഭാഷകളിൽ ഉന്നതജ്ഞാനവും ലത്തീൻ, ഗ്രീക്കു ഭാഷകളിൽ സാമാന്യജ്ഞാനവും ഉണ്ടായിരുന്നതിന് തെളിവുകളുമുണ്ട്. മതതത്വങ്ങൾ ഓരോന്നായി മാതാപിതാക്കളിൽനിന്നാണ് ക്രിസ്തു പഠിച്ചത്. അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷമാണ് സാബത്ത് ദിവസങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിലും സ്ഥിരമായും ക്രിസ്തു സിനഗോഗ് സന്ദർശിച്ചു തുടങ്ങിയത്. തുകലുകളിൽ എഴുതിയിരിക്കുന്ന നിയമക്കുറിപ്പുകൾ വിശുദ്ധ പെട്ടകത്തിൽനിന്ന് പൂജ്യതയോടെ എടുത്തുകൊണ്ടുവരികയും കുട്ടികളെ അത് വായിച്ച് കേൾപ്പിക്കയും ചെയ്തിരുന്നു. ഓരോ നിയമവും വായിച്ച് വ്യാഖ്യാനം നൽകിയിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്ന ആളാണ് നിയമ- പ്രവാചക ഭാഗങ്ങൾ കുട്ടികൾക്കുവേണ്ടി വായിച്ചിരുന്നത്. നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും അതിന്റെ വ്യാഖ്യാനവും വേർതിരിച്ച് മനസ്സിലാക്കുക ആവശ്യമാണ്. സാമ്പത്തു ദിവസങ്ങളിൽ സിനഗോഗിൽ ജനങ്ങൾ ഒന്നിച്ചുകൂടുകയും നിയമങ്ങൾ വായിക്കുകയും അവയുടെ വ്യാഖ്യാനം പണ്ഡിതൻമാർ നൽകുകയും ചിലപ്പോൾ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇവയിലെല്ലാം ക്രിസ്തു സംബന്ധിച്ചിരുന്നു. യഹൂദവിദ്യാർത്ഥികളുടെ പഠനത്തിൽ ഇതെല്ലാം ഉൾപ്പെട്ടിരുന്നു. അമ്മയുടെ ഏകസന്താനമെന്ന നിലയിൽ ഭവനത്തിലെ എല്ലാക്കാര്യങ്ങളിലും ഉൾപ്പെടുകയും ജോലിക്കാര്യങ്ങളിൽ സഹായിക്കുകയും ചെയ്യുക ക്രിസ്തുവിന്റെ ജീവിതഭാഗമായിരുന്നുവെന്നും പുസ്തകം വിവരിക്കുന്നു. ഓരോ ആവശ്യങ്ങൾക്കായി നസ്രത്തിലെ വഴികളിലൂടെ നടക്കുമ്പോൾ പ്രകൃതിഭംഗി നിരീക്ഷിക്കാനും ആസ്വദിക്കാനും അവിടുന്ന് ശ്രദ്ധിച്ചിരുന്നു. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരെയും വിത്തുവിതക്കുന്നവരെയും മൃഗങ്ങളെ പരിപാലിക്കുന്നവരെയുമൊക്കെ പ്രത്യകം നിരീക്ഷിച്ചിരുന്നു. ഉപമകളിൽ പ്രത്യക്ഷപ്പെടുന്ന വിവരണങ്ങളും വൃക്ഷങ്ങളും പക്ഷികളും മുന്തിരിത്തോട്ടങ്ങളും ശോശന്നാപുഷ്പങ്ങളും എല്ലാം ബാല്യകാല പഠനത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്. പ്രകൃതിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽനിന്ന് ഇവയെല്ലാം കാണുകയും കാത്തുപരിപാലിക്കയും ചെയ്യുന്ന പരമകാരുണികനും സാത്വികനുമായ ഒരു ദൈവമുണ്ടെന്ന സത്യം നിരന്തരം വ്യക്തമാക്കുകയും ചെയ്തിരുന്നു ക്രിസ്തുവെന്ന് ലേഖകൻ വ്യക്തമാക്കുന്നു. ഗാലീലിയായിലെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷണബുദ്ധിയോടെ നോക്കി മനസ്സിലാക്കിയിരുന്ന ക്രിസ്തുവിനെ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ അപചയവും അടിമത്തവും വേദനപ്പെടുത്തിയിരുന്നുവെന്ന് പുസ്തകം വിവക്ഷിക്കുന്നു.
ക്രിസ്തുവും കുടുംബബന്ധങ്ങളും
ക്രിസ്തുവിന്റെ കുടുംബബന്ധങ്ങളെപ്പറ്റി വളരെക്കുറിച്ച് അറിവുമാത്രമേ സുവിശേഷങ്ങളിൽനിന്നും ലഭിക്കുന്നുള്ളൂ. ക്രിസ്തു സ്വന്തം നാടായ നസ്രത്തിലെ സിനഗോഗിൽ സാബത്തു ദിവസം പ്രസംഗിക്കാനൊരുങ്ങിയപ്പോൾ അവിടെയുള്ളവർ ആശ്ചര്യപ്പെടുകയും ഈ വിജ്ഞാനവും പ്രസംഗചാതുരിയും എവിടെനിന്ന് സമ്പാദിച്ചെന്ന് പരസ്പരം ആരായുകയും ചെയ്തു. കുടുംബബന്ധങ്ങളെക്കുറിച്ചും സഹോദരീ സഹോദരൻമാരെക്കുറിച്ചും ജനങ്ങൾ പരാമർശനങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ അവ കൃത്യമായും വ്യക്തമായും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് ലേഖകനും നിരീക്ഷിക്കുന്നു. ഈശോയുടെ വളർത്തുപിതാവായ യൗസേപ്പിന്റെ ഇളയസഹോദരനാണ് ഹൽപൈ എന്ന അപരനാമമുള്ള അൽപ്പേവൂസ്. അദ്ദേഹം യൗസേപ്പിന്റെ വിവാഹത്തിന് വളരെമുൻപ് മേരിയെന്നു പേരുള്ള സ്ത്രീയെ വിവാഹം ചെയ്തു. അവർക്ക് യൗസേപ്പ് (യൗസേ), ശെമയോൻ, ചെറിയ യാക്കോബ്, യൂദാ തദേവൂസ് എന്നു നാലു പുത്രൻമാരുണ്ടായിരുന്നു. ഹൽപൈയ്ക്കും മൂത്ത രണ്ടു പുത്രൻമാർക്കും ഈശോയുടെ പ്രസംഗം, പര്യടനങ്ങൾ എന്നിവയൊന്നും ഇഷ്ടമായിരുന്നില്ല.
അടങ്ങിയൊതുങ്ങി ഗ്രാമീണാന്തരീക്ഷത്തിൽ ഈശോ കഴിഞ്ഞാൽ മതിയെന്ന അഭിപ്രായക്കാരായിരുന്നു അവർ. ഈ സഹോദരൻമാരാണ് ഈശോയിൽ വിശ്വസിക്കാതിരുന്നവർ. ഇവരുടെ ഇളയ സഹോദരൻമാർ രണ്ടുപേരും ശിഷ്യസമൂഹത്തിൽ ചേർന്നു. യൗസേപ്പിന്റെ ആദ്യ വിവാഹത്തിലെ സന്താനങ്ങളാണ് സഹോദരന്മാരെന്ന പേരിൽ അറിയപ്പെടുന്നതെന്നും യൗസേപ്പിന്റെ രണ്ടാം വിവാഹമാണ് മറിയവുമായി നടത്തിയതെന്നും വാദഗതികളുണ്ട്. ക്രിസ്തുവിനുശേഷം യൗസേപ്പ്- മറിയം ദമ്പതികൾക്കുണ്ടായ സന്താനങ്ങളാണ് സഹോദരന്മാരായി അറിയപ്പെടുന്നതെന്ന് ചിലർ പറയുന്നു. ഇവർ
ക്രിസ്തുവിന്റെ ഇളയസഹേദരന്മാരാണെങ്കിൽ കുരിശിൽ കിടന്ന ക്രിസ്തു അമ്മയുടെ സംരക്ഷണഭാരം യോഹന്നാനെ ഏൽപ്പിക്കില്ലായിരുന്നു.
നിത്യകന്യകയായ മറിയത്തിന് മറ്റു സന്താനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സന്താനങ്ങളുണ്ടായിരുന്നെങ്കിൽ അതിന്റെ സൂചന ബൈബിളിലുണ്ടാകുമായിരുന്നുവെന്നും പുസ്തകം അഭിപ്രായപ്പെടുന്നു. ഈശോയുടെ സഹോദരൻമാർ പോലും അവനിൽ വിശ്വസിച്ചില്ല
(യോഹ.7:5). മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് മൂന്നു ദിവസം ദൈവാലയത്തിൽ ചർച്ചകളിൽ ഏർപ്പെട്ടതും കുടുംബാംഗങ്ങൾക്ക് ഇഷ്ടമായില്ല. ഒപ്പം ജീവിക്കുകയും ഓടിക്കളിച്ചു നടക്കുകയും ചെയ്ത ഒരാൾ സിദ്ധനും ജനപ്രീതി നേടിയവനുമായിത്തീരുക പലർക്കും ഉൾക്കൊള്ളാനാകുന്ന കാര്യവുമല്ലല്ലോ. ക്രിസ്തുവിന്റെ ജീവിതത്തിലെ ഒരു നിർണായക ഘട്ടത്തിലും കുടുംബാംഗങ്ങളോ സഹോദരൻമാരോ പ്രത്യക്ഷപ്പെടുന്നില്ല. ഓശാന ഞായർ, വിചാരണ, കുരിശുമരണം, ഉയിർപ്പ് തുടങ്ങിയ സന്ദർഭങ്ങളിലൊന്നും അമ്മയായ മറിയമല്ലാതെ സഹോദരന്മാരായി വിവരിക്കപ്പെടുന്നവരാരും വന്നെത്തുന്നില്ല.
നസ്രത്തിലെ സിനഗോഗിൽ പ്രസംഗിച്ചതിന്റെ പേരിൽ ക്രിസ്തുവിനെ മലമുകളിൽനിന്ന് താഴേക്കു തള്ളിയിടാൻ ജനം ഒരുങ്ങിയപ്പോഴും സഹോദരന്മാരാരും രംഗത്തെത്തുന്നില്ല. വരാനിരിക്കുന്ന മിശിഹായായി ക്രിസ്തുവിനെ സ്വീകരിക്കാൻ സഹോദരങ്ങൾ തയാറായില്ല. വഴിക്കവലകളിലും സമുദ്രതീരത്തും മീൻ വള്ളങ്ങളിലും നിന്നു പ്രസംഗിക്കുന്നത് കുടുംബത്തിന് അപമാനം വരുത്തുന്നെന്ന ചിന്താഗതിയാണ് അവർക്കുണ്ടായത്. കുടുംബക്കാരിൽ കുറേപ്പേർ അകന്നുപോയെങ്കിലും ക്രിസ്തു അവരിൽനിന്ന് അകന്നു പോയില്ല. എതിർപ്പുകളും നിസ്സഹകരണവും സമചിത്തതയോടും വിശാലഹൃദയത്തോടും കൂടെ വീക്ഷിച്ചു. അഭിപ്രായ വ്യത്യാസമുള്ളവരോട് പിണങ്ങിയില്ലെന്നും പുസ്തകം വിവരിക്കുന്നു.
മനുഷ്യനെ നോക്കിയിരിക്കുന്ന ദൈവം
നിരീക്ഷണബുദ്ധ്യാ സുവിശേഷം വായിച്ച് നോക്കുകയാണെങ്കിൽ സഹനം, മാനസികവേദന, തിരസ്‌ക്കരണം, അപമാനം, സംശയം, സ്‌നേഹരാഹിത്യം, നന്ദികേട് തുടങ്ങി ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാവിധ ജീവിതമേഖലകളിൽക്കൂടെയും ക്രിസ്തു കടന്നുപോയത് മനസ്സിലാക്കാൻ കഴിയുമെന്ന് ലേഖകൻ വ്യക്തമാക്കുന്നു. ബന്ധുജനങ്ങൾ, ഇഷ്ടപ്പെട്ട സ്ഥലം, സൗകര്യങ്ങൾ തുടങ്ങിയവ ത്യജിക്കുന്നതിന്റെ പ്രയാസങ്ങൾ അവിടുന്ന് അനുഭവിച്ചു. അധ്വാനത്തിന്റെ ക്ലേശങ്ങൾ അനുഭവിച്ചു. ദിവ്യവചനങ്ങൾ ശ്രവിക്കാൻ താൽപ്പര്യം കാണിക്കാത്തവർ, നന്മകൾ നൽകിയിട്ടും നന്ദിപ്രദർശിപ്പിക്കാതെ പോയവർ എന്നിവരിൽനിന്നുള്ള ദുരനുഭവങ്ങൾ അവിടുത്തേക്കുണ്ടായി. നാട്ടുവഴികളുടെ ഇരുവശങ്ങളിലുമുള്ള ലില്ലിപുഷ്പങ്ങളെ കാണുന്ന മുഗ്ദ്ധവികാരങ്ങളോടെ കുഷ്ഠരോഗികളെയും അന്ധരെയും യാചകരെയും കണ്ട് അവർക്ക് സാന്ത്വനമരുളി. വഴിയരികിലുള്ള ചോലമരങ്ങളിലിരിക്കുന്ന പക്ഷികളുടെ ഗാനങ്ങൾ ശ്രവിക്കുന്ന അതേ ശ്രദ്ധയോടെ, നിലവിളിക്കുന്ന അന്ധരുടെയും, കുഷ്ഠരോഗികളുടെയും യാചനകൾ ശ്രവിച്ചു. ഈശോ രോഗികളെ സൗഖ്യമാക്കി. കരയുന്നവരെ ആശ്വസിപ്പിച്ചു. പിശാചുക്കളെ പുറത്താക്കി. ഭാരം വഹിക്കുന്നവർക്ക് ദുഃഖശമനം നൽകി. പാവപ്പെട്ടവരുടെ വഴിയെ സഞ്ചരിച്ചു. നഷ്ട്ടപ്പെട്ട ആടുകളെ അന്വേഷിച്ച് യാത്ര നടത്തി. മനുഷ്യയാതനകളിലേക്ക് തുറന്ന മനസ്സുമായാണ് ക്രിസ്തു സഞ്ചരിച്ചത്. അവശതയനുഭവിക്കുന്നവരെക്കാൾ ആഴമായി അവരുടെ ദുഃഖങ്ങൾ മനസ്സിലാക്കിയിരുന്നുവെന്ന് പുസ്തകം നിരീക്ഷിക്കുന്നു. ഗ്രന്ഥങ്ങളൊന്നും ക്രിസ്തു എഴുതിയില്ല. സംഘടനകൾ സ്ഥാപിച്ചില്ല. സൗധങ്ങൾ നിർമിച്ചില്ല. വഴിക്കവലകളിലും സമുദ്രതീരത്തും, കിണറ്റിനരികിലും വള്ളത്തിലുംനിന്ന് ചില കാര്യങ്ങൾ പറഞ്ഞു. ഒന്നു രണ്ടു പ്രാവശ്യം മലമുകളിലിരുന്ന് ചുറ്റുമിരുന്നവരോടു സംസാരിച്ചു. അതും വളരെ പരിമിതമായ മേഖലകളിൽമാത്രം ഉപയോഗിക്കുന്ന അറമായിക്ക് ഭാഷയിൽ. ക്രിസ്തുവിന്റെ ഉപദേശങ്ങൾ ഉടനുടൻ രേഖപ്പെടുത്താൻ റിപ്പോർട്ടർമാരുണ്ടായിരുന്നില്ല. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓർമയിൽനിന്നും ചികഞ്ഞെടുത്ത ആശയങ്ങൾ ചിലരൊക്കെ രേഖപ്പെടുത്താൻ തുടങ്ങി. അവ വിലയേറിയതും അനന്യലഭ്യങ്ങളുമായി. ദൈവം ലോകത്തെ നോക്കുമ്പോൾ വൃക്ഷങ്ങളെയും ചെടികളെയും പക്ഷിമൃഗാദികളെയുമെല്ലാം കാണുന്നു. അവരുടെ ഇടയിൽക്കൂടി വ്യാപരിക്കുന്ന പ്രിയപ്പെട്ട സൃഷ്ടിയായ മനുഷ്യനെ അവിടുന്നു ശ്രദ്ധിച്ചു നോക്കുന്നു. മനുഷ്യന്റെ ശാന്തിയും സമാധാനവും തൃപ്തിയുമാണ് ദൈവത്തിന്റെ ആനന്ദം. രോഗവും പട്ടിണിയും ദുഃഖവുമെല്ലാം മനുഷ്യനെ ആക്രമിച്ചാലും ദൈവികമായ ശാന്തതയും തൃപ്തിയും അവന് ആസ്വദിക്കാൻ കഴിയുമെങ്കിൽ അതൊരു സന്തോഷവും വിജയവുമാണ് എന്ന് ഉദ്‌ബോധിപ്പിച്ച് പുസ്തകം അവസനിക്കുന്നു.
ചുരുക്കം
ചിന്തയിലും പ്രവർത്തനത്തിലും ഒരു നവപ്രസ്ഥാനത്തിന് നാന്ദി കുറിച്ച ക്രിസ്തുവിന്റെ ആശയങ്ങൾ എന്നും പുരോഗമനനാത്മകവും കാലത്തിന് നിരക്കുന്നതുമാണ്. ക്രിസ്തുവിന്റെ ജീവിതയാത്രയിലൂടെ വിനയപൂർണമായ ഒരു തീർത്ഥയാത്രയാണ് ഇവിടെ ഗ്രന്ഥകാരൻ നടത്തുന്നത്. അനുദിനമധ്വാനിച്ച് കഷ്ടപ്പെടുന്നവരുടെ സുഹൃത്തും ഭാരം വഹിക്കുന്നവരുടെ സഹായിയുമായ ക്രിസ്തുവിനെയും അവിടുത്തെ ജീവിതത്തെയും തുറന്ന് കാണിക്കുന്നു പുസ്തകം. ധനവാൻമാർ, ഭൂസ്വാമികൾ, അധികാരമോഹികൾ എന്നിവരെ അവഗണിച്ച് അവശർ, ആർത്തർ, ആലംബഹീനർ തുടങ്ങിയ അടിത്തറയില്ലാത്ത ജനങ്ങളുടെ ബന്ധുവും സ്‌നേഹിതനും രക്ഷകനുമായിത്തീർന്ന യേശുവിന്റെ ജീവിതത്തെ, പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഭാഗത്തുനിന്ന് നോക്കിക്കാണാനും വിലയിരുത്താനുമുള്ള ശ്രമമാണിവിടെ. ക്രിസ്തു ജീവിതം ആഴത്തിൽ അറിയാൻ സഹായിക്കുന്ന ഈ പുസ്തകം ക്രിസ്തുവിന്റെ എളിയ ജീവിതം നമ്മുടെ ജീവിത്തിൽ പകർത്താനും പ്രചോദനമേകുന്നതാണ്.
Buy Online : www.sophiabuy.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?