Follow Us On

18

April

2024

Thursday

ചില ചെറിയ കാര്യങ്ങൾ… പക്ഷേ അവ നൽകുന്ന പാഠം

ചില ചെറിയ കാര്യങ്ങൾ… പക്ഷേ അവ നൽകുന്ന പാഠം

ചെറിയൊരു കാരുണ്യം ലോക കാരുണ്യമായത്
കാരുണ്യ പ്രവർത്തികളെക്കുറിച്ച് പറയുമ്പോൾ ചിലരൊക്കെ പറയാറുണ്ട്, ”എനിക്ക് കാരുണ്യ പ്രവൃത്തികളിലൊക്കെ താല്പര്യമുണ്ട്. എന്നാൽ അതിനുള്ള സാമ്പത്തികമൊന്നുമില്ല. അതിനാൽ മറ്റുള്ളവരൊക്കെ ചെയ്യട്ടെ, ഞാനൊന്നും ചെയ്യുന്നില്ല.”ഇങ്ങനെ കരുതുന്നവരും പറയുന്നവരും മാഗ്നസ് മാഗ്ഫാർലൻ ബാരോയെക്കണ്ട് പഠിക്കണം.
ഒരു സാധാരണ കർഷകനായിരുന്നു ബാരോ. മറ്റുളള കർഷകരെക്കാൾ അധികമൊന്നുമില്ല. എന്നാൽ ഒരു നാൾ വണ്ടി നിറയെ ഭക്ഷണപദാർത്ഥങ്ങളും മരുന്നുകളും വസ്ത്രങ്ങളുമായിട്ടാണ് ബാരോ ബോസ്‌നിയൻ അഭയാർത്ഥികളുടെ അടുത്തെത്തിയത്. എല്ലാവരും പട്ടിണിപ്പാവങ്ങൾ. ഭക്ഷണവും വസ്ത്രവുമെല്ലാം അവർക്ക് നൽകുമ്പോൾ ആ മിഴികളിൽ സന്തോഷത്തിന്റെ തിരയിളക്കം. ദൈവത്തിന് നന്ദിപറഞ്ഞ് തന്റെ ദൗത്യം പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തുമ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. വീടിന്റെ മുറ്റം നിറയെ ധാന്യങ്ങളും വസ്ത്രങ്ങളും. അദ്ദേഹത്തിന്റെ മിഷൻ മനസിലാക്കിയ സുഹൃത്തുക്കളെല്ലാംകൂടി എത്തിച്ചതായിരുന്നു അത്. പിന്നെ വൈകിയില്ല, അദ്ദേഹം കൃഷിപ്പണി നിർത്തി. വീടും പറമ്പും വിറ്റു. ഇന്ന് അദ്ദേഹത്തിന്റെ മിഷൻ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ വിശപ്പടക്കുന്ന ‘മേരീസ് മീൽസായി’ വളർന്നിരിക്കുന്നു. ഓരോ ദിവസവും ആഫ്രിക്കയിലെ അഞ്ച് ലക്ഷം കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നത് ഈ സംഘടനയാണ്.
മെഡ്ജുഗോറിയായിലേക്ക് നടത്തിയൊരു ചെറിയ തീർത്ഥാടനമാണ് അദ്ദേഹത്തിന്റെ മനസിൽ ഈ പരസ്‌നേഹത്തിന്റെ വിത്തിട്ടത്. കുടുംബക്കാരും സുഹൃത്തുക്കളുമായി പത്ത് പേരാണ് മെഡ്ജുഗോറിയിലേക്ക് യാത്ര തിരിച്ചത്. എല്ലാവരും 20 വയസിൽ താഴെ മാത്രം പ്രായമുള്ളവർ. അവിടെയെത്തിയപ്പോഴാണ് അറിയുന്നത് അവിടുയുള്ള ആറ് കുട്ടികൾക്ക് മാതാവിന്റെ ദർശനം ലഭിച്ചതായി. ”ഏതായാലും വന്നതല്ലേ, അവരെയൊന്ന് കണ്ടുകളയാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അവിടെനിന്നും ഒരു കാർ വാടകക്ക് എടുത്ത് ഞങ്ങൾ ദർശനം ലഭിച്ച കുട്ടികളെ തേടിപ്പോയി.”
അവിടെ ചെന്നപ്പോൾ മാതാവിന്റെ ദർശനം ലഭിച്ച കുട്ടികൾ അവർക്ക് ദർശനം കിട്ടിയ മുറിയിലേക്ക് ക്ഷണിച്ചു. ആ കുട്ടികളുടെയും അവിടുത്തെ നാട്ടുകാരുടെയും വിശ്വാസം ഇവരെ വല്ലാതെ പിടിച്ചുലച്ചു. ബാരോക്ക് ഒരു കാര്യം മനസിലായി. അവർക്ക് പ്രത്യക്ഷപ്പെട്ടത് മാതാവാണ്, തീർച്ച. ഏതായാലും മടങ്ങിയെത്തിയ മാഗ്നസ് ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കാനുള്ള മാതാവിന്റെ സന്ദേശം സ്വീകരിച്ചുകഴിഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹം മിഷൻ തുടങ്ങുന്നത്. ഒരിക്കൽ സഹായം പ്രവഹിക്കുവാൻ തുടങ്ങിയാൽ പിന്നെ അത് നിർത്തുവാനാണ് വിഷമം; അദ്ദേഹം പറയുന്നു. ജോലിയും വീടും ഉപേക്ഷിച്ചത് വലിയ ത്യാഗമൊന്നുമല്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ സ്‌കോട്ടിഷ് ദുരിതാശ്വാസ സംഘടന ബോസ്‌നിയയിലേക്ക് സഹായമായി ഒഴുകി. അനേകം ദുരിതാശ്വാസഭവനങ്ങൾ റൊമാനിയായിലും ലൈബീരിയായിലും തുറന്നു.
മേരീസ് മീൽസ് എന്ന സംഘടനയ്ക്ക് തുടക്കമായത് 2002- ലാണ്. പ്രീ സ്‌കൂളിൽ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന ലക്ഷ്യം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളു. മെഡ്ജുഗോറിയായിലെ തീർത്ഥാടനത്തിനുശേഷം മാഗ്നസിന്റെ സഹോദരി കാത്തലിക് ഹെറാൾഡിൽ ഒരു ലേഖനമെഴുതി. അതിന് ആയിരം പ്രതികരണങ്ങൾ ലഭിച്ചു. മാലാവിയിലെ ഗേ റസൽ എന്നൊരു വനിതയുടെ കത്തും ആ കൂടെ ഉണ്ടായിരുന്നു. അവളും മെഡ്ജുഗോറിയ സന്ദർശിച്ച അനുഭവത്തിൽ മാലാവിയിൽ അത്തരം ഒരു കൊച്ചു ചാപ്പൽ നിർമ്മിച്ചിരുന്നു. ആ കത്തിൽ നിന്നാണ് മാലാവിയിലെ അവസ്ഥയെക്കുറിച്ച് മനസിലാക്കിയത്. അവരുമായി ബന്ധപ്പെട്ടു മാലാവിയിൽ അദ്ദേഹത്തിന്റെ സംഘടന എത്തി. അതുതന്നെയാണ് മേരീസ് മീൽസ് എന്ന സംരംഭത്തിന്റെ തുടക്കം.
മാലാവിയിൽ ഭക്ഷണവുമായി എത്തിയപ്പോൾ മാഗ്നസിനെ ഒരു വൈദികൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു വർഷംമുമ്പ് കുടുംബനാഥൻ മരിച്ചു. മൺതറയിൽ ആറു കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് അയാളുടെ ഭാര്യ കരയുകയായിരുന്നു. ആരെങ്കിലും ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കണേ എന്ന ഒറ്റ പ്രാർത്ഥനയേ അവർക്കുണ്ടായിരുന്നുള്ളു. മൂത്തകൂട്ടിയെ വിളിച്ച് മാഗ്നസ് ചോദിച്ചു. എന്താണ് മോന്റെ ആഗ്രഹം. അവൻ പറഞ്ഞു.”എനിക്ക് വയറുനിറയെ ഭക്ഷണം കഴിക്കണം. ഒരിക്കൽ സ്‌കൂളിൽ പോകണം. അതേയുള്ളൂ.” മാഗ്നസിന്റെ കണ്ണുനിറഞ്ഞു. പിന്നെ മാഗ്നസിന്റെ പ്രവർത്തനങ്ങൾക്ക് വേഗത കൂടി. മേരീസ് മീൽസ് പിന്നെ മുടങ്ങിയതേയില്ല.
മേരീസ് മീൽസ് ഇന്ന് മാലാവിയിലെ പ്രൈമറി സ്‌കൂളിലെ 17 ശതമാനം കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നു. ഭക്ഷണം കിട്ടാൻ തുടങ്ങിയതോടെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടി. മകന്റെ ഈ ഓട്ടമെല്ലാം കണ്ടിട്ടും അർത്ഥം മനസിലാകാതിരുന്ന ബാരോയുടെ മാതാപിതാക്കൾ ഒരിക്കൽ മെഡ്ജുഗോറിയ സന്ദർശിച്ചു. അതോടെ അവരുടെ ജീവിതം ഉടച്ചുവാർക്കപ്പെട്ടു. മടങ്ങിയെത്തിയതോടെ അവരുടെ വീട് ധ്യാനകേന്ദ്രമാക്കി മാറി. ഇതുതന്നെയാണ് ഇന്നും മേരീസ് മീൽസിന്റെ ആസ്ഥാനം. ബോസ്‌നിയയിലെ ക്യാമ്പുകളിൽനിന്ന് മടങ്ങുന്നവർ ഭക്ഷണപ്പൊതിയുടെ ഒരു ഭാഗം ഇല്ലാത്തവർക്കായി മാറ്റിവെക്കാൻ പരിശ്രമിക്കുന്നത് കാണുമ്പോൾ ബാരോയുടെ കണ്ണുകൾ നിറയും. അദ്ദേഹം പറയും. ”എന്റെ ദൈവം കരുണാമയനാണ്. അതാണ് കാരുണ്യം അളവില്ലാതെ ഒഴുകുന്നതിന്റെയെല്ലാം പിന്നിൽ..”
ഒരു കർഷകന് ദാരിദ്ര്യം കലർന്ന സമൂഹത്തെ ഉദ്ധരിക്കാൻ കഴിയുമെങ്കിൽ അതിനേക്കാൾ ഹൃദയ അലിവോടെ നമുക്കും കരങ്ങൾ നീട്ടാം. അവ അനേകം നിരാലംബരുടെയും നിർധനരുടെയും കണ്ണീരൊപ്പട്ടെ.
കയ്പു നിറഞ്ഞ മുരിങ്ങയുടെ മധുരം
നാട്ടിൻപുറങ്ങളിൽ ഫലസമൃദ്ധമായി നിറഞ്ഞുനിന്ന മരമാണ് മുരിങ്ങ. കാൽ നൂറ്റാണ്ടുമുമ്പ് നമ്മുടെ പറമ്പിൽ മറ്റ് വൃക്ഷങ്ങൾക്കൊപ്പം മുരിങ്ങക്കും സ്ഥാനമുണ്ടായിരുന്നു. ഇതിന്റെ ഇലയും കായും പൂവും വേരും തൊലിയുമെല്ലാം മനുഷ്യർ ഉപയോഗിച്ചിരുന്നു. എന്നാൽ പുതിയ തലമുറ പച്ചക്കറികളെ ബഹിഷ്‌കരിച്ചതിനൊപ്പം വീട്ടിൽനിന്ന് മുരിങ്ങയെക്കൂടി ഉപേക്ഷിച്ചു. മുരിങ്ങക്ക ഇട്ട സാമ്പാറുപോലും പലർക്കും അലർജിയായി. പക്ഷേ മുരിങ്ങ എന്ന ഔഷധ സസ്യത്തിന്റെ ഗുണം മലയാളിയേക്കാളിന്ന് തമിഴ്‌നാട്ടുകാരാണ് അനുഭവിക്കുന്നത്. കാരണം അവിടെനിന്നാണ് കേരളത്തിനാവശ്യമായ മുരിങ്ങക്ക ഇന്ന് എത്തുന്നത്.
മുരിങ്ങയിലയിൽ 12.5 അന്നജവും 1.7 കൊഴുപ്പും 6.7 പ്രോട്ടീനും 440 ഗ്രാം കാൽസ്യവും അടങ്ങിയിരിക്കുന്നു. കൂടാതെ ഇരുമ്പും ജീവകവും അടങ്ങിയതായി ഗാർഹിക വിജ്ഞാനകോശത്തിൽ പറയുന്നു. മുരിങ്ങയില ചതച്ച് പിഴിഞ്ഞ് എടുത്ത ഒരു കപ്പ് നീരിൽ ഒമ്പത് മുട്ടയുടെ വിറ്റാമിൻ എ. അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. 500 ഗ്രാം വെണ്ണയോ 50 ഗ്രാം ആട്ടിൻകരളോ കഴിച്ചാൽ കിട്ടുന്ന അത്ര വിറ്റാമിൻ എ. മുരിങ്ങയിലയുടെ ഒരു കപ്പ് നീരിൽനിന്നും ലഭിക്കുമത്രേ. ഒരു കപ്പ് മുരിങ്ങനീരിൽ ആറു മധുരനാരങ്ങയിൽ അടങ്ങിയ അത്രയും വിറ്റാമിൻ സിയുമുണ്ട്. കാൽസ്യത്തിന്റെ അളവ് 20 കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്നതിൽ കൂടുതലാണ്.
* മുരിങ്ങയില കാഴ്ചശക്തി വർധിപ്പിക്കുകയും തിമിരം വരാതെ കണ്ണിനെ സംരക്ഷിക്കുകയും ചെയ്യും.
* മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ടു പാലുകാച്ചി രാത്രി കഴിച്ചാൽ രക്തസമ്മർദ്ദം ഒഴിവാക്കാം. മുരിങ്ങയിലനീരു കാൽ ഔൺസ് മുതൽ അര ഔൺസ് വരെ കഴിച്ചാലും രക്തസമ്മർദം കുറയും.
* മുരിങ്ങക്കായോ മുരിങ്ങപ്പൂവോ മുരിങ്ങ ഇലയോ ദിവസവും ഏതു വിധേനയെങ്കിലും കുറച്ചെങ്കിലും കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും. അതോടൊപ്പം രക്താതിമർദ്ദം, വൃക്കരോഗം, ഹൃദ്രോഗം, വാതരോഗങ്ങൾ, കണ്ണുരോഗങ്ങൾ എന്നിവക്കും ഫലപ്രദമാണ്.
* പ്രായാധിക്യത്താൽ കാഴ്ചശക്തി കുറഞ്ഞാൽ മുരിങ്ങയില പതിവായി ഉപയോഗിച്ചാൽ കാഴ്ചശക്തി വീണ്ടെടുക്കാൻ കഴിയും. പ്രമേഹംമൂലം കാഴ്ച മങ്ങുന്നവർക്കു മുരിങ്ങയില കഴിച്ചാൽ കാഴ്ച തിരികെ കിട്ടും.
ഇത്രയേറെ ഗുണപ്രദമായ മുരിങ്ങ നമ്മുടെയെല്ലാം വീട്ടുവളപ്പിൽ വളരട്ടെ.
ചപ്പാത്തി കഴിക്കുന്നവർ ഓർക്കുക
ഇന്ന് റെഡിമെയ്ഡ് ഭക്ഷണമാണ് എല്ലാവർക്കും താല്പര്യം. രുചിയുണ്ട്. അധികം കഷ്ടപ്പെടുകയും വേണ്ട. ചപ്പാത്തിയും പൊറോട്ടയുമൊക്കെ ഇങ്ങനെ ഹോട്ടലിൽനിന്നും മറ്റും പാക്കറ്റാക്കി വീട്ടിൽ കൊണ്ടുവരുന്നവർ ധാരാളം. സാധാരണ നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നതിൽനിന്നും വളരെയേറെ രുചികരമാണ് ഹോട്ടലുകളിലും മറ്റും ഉണ്ടാക്കുന്ന ചപ്പാത്തി.
ഒരുകിലോ ഗോതമ്പ് മാവിൽ നാലിലൊന്ന് മൈദമാവ്, നാലു ടീസ്പൂൺ പഞ്ചസാര, രണ്ട് ടീസ്പൂൺ തൈര്, 50 ഗ്രാം വനസ്പതി എന്നിവ ചേർത്ത് നന്നായി കുഴച്ചുണ്ടാക്കുന്നതുകൊണ്ടാണ് പല ഹോട്ടലുകളിലെയും ചപ്പാത്തിക്ക് അതീവരുചി അനുഭവപ്പെടുന്നതെന്ന് ഈയിടെ വായിച്ചത് ഓർക്കുന്നു. പ്രമേഹത്തിനും മറ്റും ചപ്പാത്തി നല്ലതാണെന്ന് കേട്ട് ഇത്തരം ഭക്ഷണം വാങ്ങിക്കഴിച്ചാൽ വിപരീതഫലമാണ് ലഭിക്കുന്നത്. ചപ്പാത്തിയിൽ പഞ്ചസാര ചേർത്താൽ ചപ്പാത്തി വേഗം പൊള്ളിവരുകയും ഇന്ധന ഉപയോഗം കുറയുകയും ചെയ്യുമത്രേ. അതുകൊണ്ടാണ് എളുപ്പവഴിക്ക് പലരും പഞ്ചസാര ചേർക്കുന്നത്.
തൈരിനൊടൊപ്പം വനസ്പതി ചേർത്താൽ മൃദുത്വവും രുചിയും ലഭിക്കും. ഈ കോമ്പിനേഷനിൽ ചപ്പാത്തി ഉണ്ടാക്കിയാൽ ചപ്പാത്തി കഴിക്കുന്നവർ പിന്നെയും പിന്നെയും വാങ്ങും. വനസ്പതി കരളിന് നല്ലതല്ല. ഫാറ്റി ലിവർ, ചീത്ത കൊളസ്‌ട്രോൾ എന്നിവ വർധിപ്പിക്കുന്നതിന് ഇത് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണ ഒരു ഗോതമ്പ് ചപ്പാത്തിക്ക് 71 കിലോ കലോറിയാണ് ഊർജം. എന്നാൽ ഈ കോമ്പിനേഷനിൽ നിർമ്മിക്കുന്ന ചപ്പാത്തിക്ക് 170 മുതൽ 220 വരെ കിലോ കലോറി ഊർജമാണത്രേ ലഭിക്കുന്നത്. ഒരു പൊറോട്ടക്ക് 260 കിലോ കലോറി ഊർജമാണുള്ളത് എന്നും മറക്കാതിരിക്കുക. അതായത് പതിവായി ഈ കോമ്പിനേഷനിൽ ചപ്പാത്തിയോ പൊറോട്ടയോ കഴിച്ചാൽ പ്രമേഹരോഗികളുടെ അവസ്ഥ എത്ര ദയനീയമായിരിക്കും? സാധിക്കുമെങ്കിൽ ഗോതമ്പ് വാങ്ങി പൊടിപ്പിച്ച് അതുകൊണ്ട് ചപ്പാത്തിയോ മറ്റോ ഉണ്ടാക്കുന്നതല്ലേ നല്ലത്?
ക്രിസ്തുവിനുവേണ്ടി രക്തം വിലയായി നൽകുന്നവർ
ആദിവാസികൾക്കിടയിൽ വചനം പ്രഘോഷിക്കുന്ന ധാരാളം മിഷനറിമാർ ഇന്നും നമുക്കിടയിലുണ്ട്. യേശു എന്ന നാമംപോലും കേട്ടിട്ടില്ലാത്ത അവരുടെയിടയിൽ ദൈവവചനത്തിന്റെ വിത്തെറിയുന്നവർ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് നാം പലപ്പോഴും മനസിലാക്കാറില്ല. ഈയിടെ ഉത്തരേന്ത്യയിലെ ഒരു ഗ്രാമപ്രദേശത്ത് വർഷങ്ങളായി സുവിശേഷം പ്രഘോഷിക്കുന്ന ഒരു മിഷനറി സഹോദരൻ അവർ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് സൂചിപ്പിച്ചതോർക്കുന്നു. ഓരോ ദിവസവും മണിക്കൂറുകളോളം ഇവർക്ക് കാൽനടയാത്ര ചെയ്യേണ്ടി വരുന്നു. മിക്കവാറും ഭക്ഷണമൊന്നും ഉണ്ടാകില്ല. അല്ലെങ്കിൽ ഗ്രാമവാസികൾ നൽകുന്ന ശുചിത്വമില്ലാത്ത ഭക്ഷണമായിരിക്കും ആശ്രയം. ഇങ്ങനെയാണ് പലയിടത്തും ദൈവവചനം എത്തുന്നതെന്ന് ഓർക്കുക.
പാപ്പുവാ ന്യൂഗിനിയ പോലുളള രാജ്യങ്ങളിന്നും തങ്ങളുടെ പ്രാകൃതമായ ഗോത്രസംസ്‌കാരം പൂർണമായും വിട്ടിട്ടില്ല. എന്നാൽ സഭയുടെ ചുരുങ്ങിയ നാളിലെ പ്രവർത്തനങ്ങളിലൂടെ അവിടെ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
ഇക്വഡോറിലെ നിബിഢവനങ്ങളിൽ താമസിക്കുന്നവരാണ് ജിബാരോകൾ. ആമസോണിന്റെ തെക്കുഭാഗത്തായി സാന്തിയാഗോയ്ക്കും പാസ്റ്റസ നദികൾക്കും ഇടയ്ക്കുള്ള വനങ്ങളിലാണ് അവരുടെ വാസം.
താടിയും മുടിയും നീട്ടിവളർത്തിയ ഉരുക്കുശരീരമുള്ള തനി കാട്ടുമനുഷ്യരാണിവർ. ചെറിയ വീടുകൾ. അതിന് രണ്ടു വാതിലുകൾ, ഒരു വശത്തേത് പുരുഷന്മാർക്കും മറുവശത്തേത് സ്ത്രീകൾക്കും. സ്ത്രീകളുടെ വാതിലിന്റെ അടുത്തായി തീ കൂട്ടുവാനുള്ള സ്ഥലമുണ്ടാകും. ഇതാണ് എല്ലാ വീടിന്റെയും അടയാളം.
വിഷം പുരട്ടിയ അമ്പുകളും കുന്തവും ഉപയോഗിച്ച് യുദ്ധം ചെയ്യുവാനാണ് അവർക്ക് ഇഷ്ടം. സ്ത്രീകൾ കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം പുലർത്തുന്നു. കൃഷികളെല്ലാം അവർ സ്വന്തം ചെയ്യും. ആയിരക്കണക്കിന് ജിബാരോകളുണ്ടായിരുന്നു ഇക്വഡോർ വനങ്ങളിൽ. ആദ്യം പെറുവിൽനിന്ന് ആക്രമണമുണ്ടായപ്പോൾ അവരതിനെ ചെറുത്തു. 1541-ലും 1559-ലും സ്പാനിഷുകാർ അവരെ ആക്രമിച്ച് കുറെപ്പേരെ കീഴടക്കി.
ഇങ്ങനെ പുറത്തുനിന്നുള്ള ഏതൊരു സ്വാധീനത്തെയും യുദ്ധമനോഭാവത്തോടെ കണ്ടിരുന്ന ജിബാരോകളുടെ ഇടയിൽ പ്രവർത്തിക്കാനും അവരെ മാനസാന്തരപ്പെടുത്താനും കാലക്രമത്തിൽ മിഷനറിമാരെത്തി. 1645-ൽ രണ്ട് ഫ്രാൻസിസ്‌കൻ വൈദികർ – ലൗറീനോ ക്രൂസും ആന്ദ്രേ ഫെർണാണ്ടസും സുവിശേഷവുമായി ഇവിടെയെത്തി. ചെറിയൊരു സൈന്യവുമായിട്ടാണ് അവരെത്തിയത് എന്നു വേണമെങ്കിൽ പറയാം. കാട്ടുനിയമവും കാടൻ രീതികളുമുള്ള അവരുടെ ഇടയിലെ സുവിശേഷപ്രഘോഷണം തികച്ചും കഠിനമായിരുന്നു.
അവർ മിഷനറിമാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 1767 ഈശോ സഭാ വൈദികനായ ആന്ദ്രേ കമാച്ചോ വീണ്ടും സുവിശേഷവത്കരണ യജ്ഞം ആരംഭിച്ചു. പിന്നാലെ ഫ്രാൻസിസ്‌കൻ സന്യാസികളും സെക്കുലർ വൈദികരും എത്തി. പലപ്പോഴും ആട്ടവും പാട്ടുമൊക്കെയായിട്ടാണ് മിഷനറിമാർ അവരെ സമീപിക്കുക. അവർക്ക് ഇഷ്ടപ്പെട്ടാൽ ജീവനോടെ നിൽക്കാം. ശത്രുക്കളായി തോന്നിയാൽ അതോടെ ശിരസ് നഷ്ടപ്പെടും. അനേകം മിഷനറിമാർ ഇവിടെ ജീവൻ വെടിഞ്ഞിട്ടുണ്ട്. ഭാഷപോലും ഇല്ലാത്ത കാടന്മാരായ ഇക്കൂട്ടരെ ക്രിസ്തുവിലേക്ക് നയിക്കുക അതികഠിനമായിരുന്നു. പിന്നീടെത്തിയ ഡോമിനിക്കൻ മിഷനറിമാരും ഇവർക്കിടയിൽ അതികഠിനമായി കഷ്ടപ്പെട്ടു. ഇന്ന് ഫ്രാൻസിസ്‌കൻ മിഷനറിമാർക്ക് ജിബാരോയിൽ നാലു മിഷൻ സ്റ്റേഷനുകളുണ്ട്. ഈശോ സഭ വൈദികർ നാപ്പോ എന്ന സ്ഥലത്ത് സേവനം ചെയ്യുന്നു. ഇന്ന് ആകെ ജിബാരോകളുടെ എണ്ണം പതിനായിരത്തിൽ താഴെയാണ്. അവരിൽ 1500-ഓളം പേർ കത്തോലിക്കരാണ്. വിശുദ്ധ കുർബാനയും കുമ്പസാരവുമൊക്കെയുള്ള സജീവ കത്തോലിക്കർ.
മിഷനി പ്രവർത്തനവുമായി ഓരോ ദേശത്തും അലയുന്നവരെ നമുക്ക് ഓർക്കാം. അവർ ക്രിസ്തുവിനായി നേടിയെടുത്ത ജനത്തെക്കുറിച്ച് മാത്രമേ നാം പലപ്പോഴും കേൾക്കുകയും വായിക്കുകയും ചെയ്യുന്നുള്ളൂ. എന്നാൽ അതിനായി അവർ നൽകിയ വില നാം കാണാതെ പോകുന്നു.
ക്രിസ്തുവിനെ പകർന്ന് നൽകി ജീവൻ നഷ്ടപ്പെട്ടവർ ലക്ഷക്കണക്കിന് വരും. അവരൊന്നും ഒരിക്കലും സഭാചരിത്രത്തിന്റെ താളിൽ പോലും ഇടം ലഭിക്കാത്തവരാണ്. എങ്കിലും സ്വർഗത്തിൽ തങ്കലിപികളിൽ അവരുടെ പേര് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഗോത്ര വർഗക്കാർക്കിടയിലും ആദിവാസികളുടെ ഇടയിലും സുവിശേഷം പ്രഘോഷിക്കുന്ന മിഷനറിമാരെ നമുക്ക് ഈ നാളുകളിൽ ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
രോഗിയുടെ സംശയം
മദ്യപാനിയായ രോഗി ഡോക്ടറോട് ചോദിച്ചു.
രോഗി: ”എന്റെ അസുഖം എന്താണ് ഡോക്ടർ?”
ഡോക്ടർ: എത്ര ചിന്തിച്ചിട്ടും എനിക്കത് കണ്ടെത്താൻ കഴിയുന്നില്ല!!
രോഗി: ”അതെന്താ?”
ഡോക്ടർ: ”ലഹരിയുടെ ഉപയോഗമാകാം കാരണം.”
രോഗി: (ക്ഷമാപണത്തോടെ) ”നിങ്ങൾ ലഹരി ഉപയോഗിക്കാത്ത സമയം നോക്കി ഞാൻ നാളെ വരാം.”
ജയ്‌മോൻ കുമരകം
@ആൾക്കൂട്ടത്തിൽ തനിയെ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?