Follow Us On

29

March

2024

Friday

ജെൻഡർ ഐഡിയോളജി പഠനം: സർക്കാർ പിൻമാറുന്നു; സ്വാഗതംചെയ്ത് ബിഷപ്പുമാർ

ജെൻഡർ ഐഡിയോളജി പഠനം: സർക്കാർ  പിൻമാറുന്നു; സ്വാഗതംചെയ്ത് ബിഷപ്പുമാർ
കൊളംബിയ :’ജെൻഡർ ഐഡിയോളജി’ പ്രചരിപ്പിക്കാനും നടപ്പിലാക്കാനുമുള്ള തീരുമാനത്തിൽനിന്ന് പിൻമാറിയ സർക്കാർ നടപടിയെ കൊളംബിയൻ ബിഷപ്പുമാർ സ്വാഗതം ചെയ്തു. കർദിനാൾ റൂബൻ സാലാസർ ഗോമസ് ഉൾപ്പെടെ മൂന്ന് ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രസിഡന്റ് മാനുവൽ സാന്തോസ് തീരുമാനം പുനഃപരിശോധിക്കാമെന്ന് അറിയിച്ചത്.
സ്ത്രീയും പുരുഷനും തമ്മിൽ ജീവശാസ്ത്രപരമായ വ്യത്യാസമില്ലെന്നും ലിംഗം ഒരോ വ്യക്തിക്കും ഇഷ്ടാനുഷ്ടം തിരഞ്ഞെടുക്കാമെന്നുമുള്ള ആശയമാണ് ജെൻഡർ ഐഡിയോളജിയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.
വിവേചനരഹിതമായ സ്‌കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ ഏജൻസികളായ യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്, യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്, യുണൈറ്റഡ് നേഷൻസ് ഡെവലപ്പപ്പ്‌മെന്റ് പ്രോഗ്രാം എന്നിവയുമായി ഉണ്ടാക്കിയ ധാരണപ്രകാരം  പുറത്തിറക്കിയ രേഖയിലാണ് ‘ജെൻഡർ ഐഡിയോളജി’ പ്രചരിപ്പിക്കാനും നടപ്പിലാക്കാനുമുള്ള നിർദേശം മുമ്പോട്ട് വച്ചിരുന്നത്. സ്വവർഗ ലൈംഗികതയിലേക്ക് നയിക്കുന്ന ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധപ്രകടനങ്ങൾ നടന്നിരുന്നു.
ബൊഗൊത, ബാറാൻക്വില്ലാ, കാലി, മെദലിൻ, ലബാഗ്, ബുകാരമാംഗ, തുൻകാ, പാൽമിറാ, പോപയാൻ തുടങ്ങിയ നഗരവീഥികളെല്ലാം പ്രതിഷേധക്കാർ കൈയടക്കുന്ന സാഹചര്യമുണ്ടായി. കൊളംബിയൻ സമൂഹം പരമ്പരാഗത കുടുംബസംവിധാനത്തിന് കൊടുക്കുന്ന പ്രാധാന്യത്തിന്റെ അടയാളമാണ് ഈ പ്രതിഷേധപ്രകടനങ്ങളെന്ന് ബിഷപ്പുമാർ നിരീക്ഷിച്ചു. കുട്ടികളുടെ ആദ്യ അധ്യാപകരാകുവാനുള്ള കടമ ഉത്തരവാദിത്വത്തോടെ നിർവഹിക്കാൻ ബിഷപ്പുമാർ ആഹ്വാനം ചെയ്തു.
ലോകയുവജന സമ്മേളനത്തിനായി പോളണ്ട് സന്ദർശിച്ച അവസരത്തിൽ പോളിഷ് ബിഷപ്പുമാർക്ക് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ സ്‌കൂളുകളിൽ ‘ജെൻഡർ ഐഡിയോളജി’ പ്രചരിപ്പിക്കുന്നിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നിന് പിന്നിൽ ശക്തരായ രാജ്യങ്ങളും സ്ഥാപനങ്ങളും വ്യക്തികളുമുണ്ടെന്നും പാപ്പ അന്ന് വ്യക്തമാക്കി. ഇത് സൃഷ്ടാവായ ദൈവത്തിനെതിരെ ചെയ്യാവുന്ന ഏറ്റവും ഭീകരമായ പാപമാണെന്ന് ബനഡിക്ട് പാപ്പ തന്നോട് പങ്കുവെച്ചതായും ഫ്രാൻസിസ് പാപ്പ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?