Follow Us On

29

March

2024

Friday

എയ്ഡ്‌സിനെതിരെ 'കോൺട്രാസിഡാ'

എയ്ഡ്‌സിനെതിരെ 'കോൺട്രാസിഡാ'

സാൻ സാൽവദോർ, എൽ സാൽവദോർ: സിസ്റ്റർ മേരി വിർജീനിയ അന്നലും സഹായികളും വിശ്രമമില്ലാത്ത യാത്രയിലാണ്. എൽ സാൽവദോറിൽ എയ്ഡ്‌സ് രോഗത്തിനെതിനെതിരേ സന്ധിയില്ലാ സമരം നടത്തുന്ന ഈ സംഘം ഒരോ ദിവസവും വിദൂരഗ്രാമങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുന്നു.
12 വർഷം കൊണ്ട് 75,000 പേരുടെ ജീവൻ കവർന്നെടുത്ത ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളിൽ നിന്ന് സാവധാനം മോചിതമായി വരുന്ന ഈ ചെറുരാജ്യത്തിന് എയ്ഡ്‌സ് എന്ന മാറാരോഗം വലിയ ഭീഷണി ഉയർത്തിയിരുന്നു. എയ്ഡ്‌സ് താണ്ഡവമാടിയിരുന്ന 90കളിൽ രോഗത്തിന്റെ വ്യാപനം തടയാൻ സിസ്റ്റർ രൂപം കൊടുത്ത കോൺട്രസിഡാ എന്ന സംഘടന ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്.
74 വയസുള്ള സിസ്റ്റർ അന്നൽ 18ാം വയസിലാണ് മേരിനോൾ സന്യാസിനി സമൂഹത്തിൽ ചേരുന്നത്. മെഡിക്കൽ ഡോക്ടറായി പരിശീലനം പൂർത്തിയാക്കിയ സിസ്റ്ററിന്റെ ആദ്യ പ്രവർത്തനമേഖല ഗ്വാട്ടമാലയായിരുന്നു. സമാധാന ഉടമ്പടി ഒപ്പുവച്ച 1992-ലാണ് സിസ്റ്റർ എൽ സാൽവദോറിലേക്ക് എത്തുന്നത്. പൊതു ആരോഗ്യരംഗത്ത് പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ ആഗോളതലത്തിൽ വൈദ്യശാസ്ത്രരംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായ അപഗ്രഥനം നടത്തിയാണ് സിസ്റ്റർ തന്റെ പ്രവർത്തനമേഖല തിരഞ്ഞെടുത്തത്.
മേരിനോൾ സന്യാസിനിസമൂഹത്തിലെ സന്യാസിനികൾ വിശദമായ പഠനത്തിന് ശേഷമാണ് ഏത് കാര്യത്തിനുമിറങ്ങുന്നതെന്ന് സിസ്റ്റർ അന്നൽ തന്റെ ഓഫീസിലിരുന്ന് പങ്കുവച്ചു. സിസ്റ്റർ അന്നൽ അംഗമായിരിക്കുന്ന സന്യാസിനിസമൂഹത്തിലെ മൂന്ന് രക്തസാക്ഷികളുടെ ചിത്രങ്ങളാണ് ആ ഓഫീസിന്റെ ചുമരിൽ തൂക്കിയിരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സിസ്റ്റർ അന്നലിനൊപ്പം ധ്യാനിച്ചിരുന്ന സിസ്റ്റർ മൗരാ ക്ലാർക്കും ആ കൂട്ടത്തിലുണ്ട്. 1980 ഡിസംബർ രണ്ടിന് ക്ലാർക്ക് ഉൾപ്പെടെയുള്ള മൂന്ന് സന്യാസിനിമാരെയും മറ്റൊരു അൽമായ മിഷനറിയെയും എൽ സാൽവദോർ സൈനികർ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.
ഞങ്ങളുടെ വ്യതിരിക്തത ജനങ്ങളുടെ കൂടെയായിരിക്കുന്നതിലാണ്. വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന കാര്യങ്ങളാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. രക്തസാക്ഷിയാവുക എന്നത് അഭിമാനകരമാണ്. ധാരാളം മനുഷ്യരാണ് അന്ന് സുവിശേഷത്തിന് വേണ്ടി കൊല്ലപ്പെട്ടത്; സിസ്റ്റർ അന്നൽ വിശദീകരിച്ചു. 1980 ലാണ് മധ്യഅമേരിക്കയിലെ ആദ്യ എയ്ഡ്‌സ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എൽ സാൽവദോറിന്റെ അതിർത്തിയിൽ ഹോണ്ടുറാസിലായിരുന്നു അത് റിപ്പോർട്ട് ചെയ്തത്.
മധ്യഅമേരിക്കയിൽ ഈ മാരകരോഗത്തിന്റെ പ്രഭവകേന്ദ്രമായി ഹോണ്ടുറാസ് മാറി. യുഎസ് പിന്തുണയുള്ള സൈന്യം എൽ സാൽവദോറിൽ നടത്തിയിരുന്ന അക്രമങ്ങളിൽ നിന്ന് രക്ഷ തേടി ആയിരക്കണക്കിന് ആളുകൾ ഹോണ്ടുറസിലേക്ക് പലായനം ചെയ്യുന്ന കാലമായിരുന്നു അത്. തിരിച്ചുവരുന്ന എൽ സാൽവദോറൻ അഭയാർത്ഥികൾ എയ്ഡ്‌സ് എന്ന രോഗത്തെക്കുറിച്ച് കേട്ടിട്ടെങ്കിലും ഉണ്ടാകണമെന്നായിരുന്നു സിസ്റ്റർ അന്നലിന്റെ പ്രാർഥന. ആ കാലത്ത് എയ്ഡ്‌സിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ അത്രയ്ക്ക് ശുഷ്‌കമായിരുന്നു.
അതിരൂപതയുടെ കീഴിൽ ഒരു സന്നദ്ധസംഘടനയായിട്ടാണ് കോൺട്രാസിഡാ ആരംഭിക്കുന്നത്. ഇന്ന് ഈ സംഘടനയിൽ 20 സാമൂഹ്യപ്രവർത്തകരും 250 വോളന്റിയർമാരും ശുശ്രൂഷ ചെയ്യുന്നു. ഒരോ വർഷവും ക്ലാസുകളിലൂടെയും വർക്ക്‌ഷോപ്പുകളിലൂടെയും 40,000ത്തിലധികം ആളുകളിലേക്കാണ് കോൺട്രാസിഡാ എത്തുന്നത്.
മറ്റെവിടെയും എന്ന പോലെ എൽ സാൽവദോറിലും ദുഷ്‌പ്പേരുള്ള രോഗമായി എയ്ഡ്‌സ് മുദ്രകുത്തപ്പെട്ടു. അനിയന്ത്രിതമായ ലൈംഗികതയ്ക്കുള്ള ശിക്ഷയായിട്ടാണ് ഈ രോഗത്തെ കണ്ടിരുന്നത്. പല കത്തോലിക്ക സ്‌കൂളുകളിൽ നിന്ന് പോലും എയ്ഡ്‌സ് രോഗികളായ മാതാപിതാക്കളുടെ കുട്ടികളെ പുറത്താക്കി. എന്നാൽ ദിവംഗതനായ മുൻ ആർച്ച് ബിഷപ് ആർതുരോ റിവേരാ ഡയാസ് കോൺട്രാസിഡായോട് തുറന്ന സമീപനമാണ് പുലർത്തിയത്. സഭയുടെ തുറവി സിസ്റ്റർ അന്നലിനും സംഘത്തിനും പുത്തനുണർവാണ് നൽകിയത്. ആർച്ച് ബിഷപ് തന്നെ ഈ സന്നദ്ധസംഘത്തെ വൈദികർക്ക് പരിചയപ്പെടുത്തി.
അജപാലന ശുശ്രൂഷയുടെ ചുമതല വഹിച്ചിരുന്ന ഫാ.ഫാബിയൻ അമായാ നൽകിയ സന്ദേശം കോൺട്രാസിഡായുടെ പ്രവർത്തനശൈലിയെ പ്രതിഫലിപ്പിക്കാനുതകുന്നതായിരുന്നു- ”നമ്മുടെ മൂല്യങ്ങൾ നമുക്ക് യേശുവിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. ഒരോ മനുഷ്യന്റെയും അന്തസും തുല്യതയും, യഥാർത്ഥ സ്‌നേഹം, വിവാഹത്തിലെ വിശ്വസ്തതയും വിവാഹപൂർവ്വ സംയമനവും തുടങ്ങിയ കാര്യങ്ങളിൽ നമുക്ക് യേശു നൽകിയ മൂല്യങ്ങളുണ്ട്. എന്നാൽ ഏകാധിപത്യപരമായ രീതിയിൽ നമുക്ക് നീങ്ങാനാവില്ല. ജനങ്ങൾ എവിടെയാണോ അവിടെ നാം അവരെ കണ്ടെത്തേണ്ടിയിരിക്കുന്നു.”
പട്ടണപ്രദേശങ്ങളിലാണ് കോൺട്രാസിഡാ ആദ്യം ശ്രദ്ധ ചെലുത്തിയത്. ആഴ്ചയിൽ 200 രോഗികളെ ശുശ്രൂഷിക്കുന്ന ക്ലിനിക്ക് ഇന്ന് സംഘടനയ്ക്ക് സ്വന്തമായുണ്ട്. സ്‌കൂൾ വർഷത്തിന്റെ ആരംഭത്തിൽ എയ്ഡ്‌സ് ബാധിതരായ അനാഥർക്കും എയ്ഡ്‌സ് ബാധിച്ചവരുടെ കുട്ടികൾക്കും ആവശ്യമായ പുസ്തകവും യൂണിഫോമും സൗജന്യമായി നൽകുന്നു. സ്വവർഗാനുരാഗികളിലും അമേരിക്കൻ അതിർത്തിയിൽ ലൈംഗികതൊഴിലാളികളായി ജീവിക്കുന്ന പെൺകുട്ടികളിലുമാണ് ഇന്ന് എയ്ഡ്‌സ് രോഗബാധ ഏറ്റവുമധികം ഉള്ളതെന്ന് സിസ്റ്റർ അന്നൽ സാക്ഷ്യപ്പെടുത്തുന്നു.
കോൺട്രാസിഡാ ആരംഭിച്ച സമയത്ത് ഇത്തരത്തിലുള്ള ഒരു സംഘടന മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് 50തിലധികം സംഘടനകളാണുള്ളത്. അതുകൊണ്ടുതന്നെയാവണം മധ്യഅമേരിക്കൻ രാജ്യങ്ങളിലെ എയ്ഡ്‌സ് ബാധിതരുടെ നിരക്കിൽ രണ്ടാം സ്ഥാനത്തായിരുന്ന എൽ സാൽവദോർ അഞ്ചാം സ്ഥാനത്തായതും. ”ജനങ്ങൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ മൂല്യമുള്ളവരാണവർ എന്ന സന്ദേശമാണ് ഞങ്ങൾ നൽകുന്നത്. ഹൃദയങ്ങൾ കൂടി ചേരുന്നതാണ് അവർ. ഭാവിയിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോകുവാൻ ഞാൻ ആഗ്രഹിക്കുന്നു.”, സിസ്റ്റർ അന്നൽ തുടർന്നു.
ഒരോ രോഗി മരിക്കുമ്പോഴും തനിക്ക് ബ്രോങ്കൈറ്റിസ് പിടിപെടാറുണ്ടായിരുന്നതായി സിസ്റ്റർ അന്നൽ പങ്കുവച്ചു, ഒരു ഡോക്ടർ എന്ന നിലയിൽ പരാജയപ്പെട്ടു എന്ന തോന്നലിൽ നിന്നാണത്. പിന്നീട് ആരോ പറഞ്ഞതനുസരിച്ച് ആ വ്യക്തി എന്റെ ജീവിതത്തിൽ കടന്നുവന്നതിനെയോർത്ത് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു തുടങ്ങി. മെഡിക്കൽ കോളജിൽ എനിക്ക് കിട്ടിയ പരിശീലനത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു അത്. അവിടെ മരണം പരാജയമായിട്ടാണ് കണ്ടിരുന്നത്. നമ്മളെല്ലാവരും ദൈവത്തിന്റെ കരങ്ങളിലാണെന്ന് ഞാൻ മനസിലാക്കി. നാമെല്ലാവരും മരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജനങ്ങളുടെ സ്‌നേഹിക്കുന്ന ഹൃദയം എനിക്ക് കൂടുതലായി മനസിലാക്കുവാൻ സാധിക്കുന്നു; സിസ്റ്റർ വിശദീകരിച്ചു.
ഇന്നും എൽ സാൽവദോറിൽ ആറ് പേർ വീതം ഒരോ ദിവസവും എയ്ഡ്‌സ് രോഗബാധിതരായി തീരുന്നു. ദരിദ്രരായവരുടെ ഇടയിൽ ഈ രോഗത്തെ പ്രതിരോധിക്കുക വലിയ വെല്ലുവിളിയാണ്. എങ്കിലും സിസ്റ്റർ അന്നലിനും സംഘത്തിനും തെല്ലും പതർച്ചയില്ല. അവർ യാത്ര തുടരുകയാണ്. രോഗബാധിതരെ ശുശ്രൂഷിക്കാൻ… രോഗമില്ലാത്തവരെ രോഗമില്ലാത്തവരായി തന്നെ കാത്തുസൂക്ഷിക്കുവാൻ…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?