Follow Us On

28

March

2024

Thursday

നാലു മരിയൻ സത്യങ്ങൾ

നാലു മരിയൻ സത്യങ്ങൾ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര 6
മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ അനന്യമായ സ്ഥാനം വഹിച്ചവളാണ് നസ്രസിലെ മറിയം എന്നു സഭ എക്കാലവും വിശ്വസിക്കുന്നു.
മനുഷ്യാവതാരം ചെയ്യാനിരുന്ന ദൈവപുത്രനെ സ്വീകരിക്കുവാൻ പിതാവായ ദൈവം തെരഞ്ഞെടുത്ത അത്ഭുതപാത്രമാണവൾ. അനാദിമുതലെ ദൈവം ഒരുക്കിയതാണ് ഈ രക്ഷാകരപദ്ധതി.
ഈ പദ്ധതിയിൽ അനന്യമായി പങ്കെടുത്ത അമ്മ ആരാണ് എന്നതിനെക്കുറിച്ച് എല്ലാവരും വിശ്വസിക്കേണ്ട നാലു വിശ്വാസ സത്യങ്ങൾ സഭ ആദ്യാവസാനം ചെയ്തിട്ടുണ്ട്. അതായത് ഇവ നിഷേധിക്കുവാൻ കത്തോലിക്കാ വിശ്വാസികൾക്ക് അനുവാദമില്ല.
ഈ നാലു വിശ്വാസ സത്യങ്ങളിൽ രണ്ടെണ്ണമാണ് ആധുനികകാലത്ത് പ്രഖ്യാപിക്കപ്പെട്ടത്. രണ്ടെണ്ണം ഏഴാം നൂറ്റാണ്ടിനുമുമ്പ് പ്രഖ്യാപിക്കപ്പെട്ടവയാണ്. മറിയത്തെക്കുറിച്ചു സഭ ആദ്യം പ്രഖ്യാപിച്ച വിശ്വാസസത്യം അവൾ ദൈവമാതാവാണെന്നുള്ളതായിരുന്നു. യേശു പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമായതുകൊണ്ട് യേശുവിന്റെ അമ്മ ദൈവത്തിന്റെ അമ്മയാണ് എന്നു സഭ എക്കാലവും വിശ്വസിച്ചിരുന്നു. അവിടുന്നു സത്യദൈവമാണ് (1യോഹ.5:20). അവിടുന്നു പൂർണ്ണ മനുഷ്യനുമാണ് (ഹെബ്രാ.2:14-17).
മറിയം ദൈവമാതാവാണെന്ന് ആദ്യം ഏറ്റുപറഞ്ഞത് സ്‌നാപകന്റെ അമ്മ എലിസബത്താണ്. ‘എന്റെ കർത്താവിന്റെ അമ്മ’ (ലൂക്ക 1:43) എന്നാണ് അവൾ മറിയത്തെ വിളിച്ചത്. അഞ്ചാം നൂറ്റാണ്ടുവരെ ഇക്കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.
എന്നാൽ 428 ഏപ്രിൽ പത്തിന് അന്തോക്യൻ പാത്രിയാർക്കീസായി തെരഞ്ഞെടുക്കപ്പെട്ട നെസ്‌ത്തോറിയസ്, മറിയത്തെ ദൈവത്തിന്റെ അമ്മ (തെയോടോക്കോസ്) എന്നല്ല ക്രിസ്തുവിന്റെ അമ്മ (ക്രിസ്‌തോടോക്കോസ്) എന്നാണ് വിളിക്കേണ്ടതെന്ന് നിർദ്ദേശിച്ചു. പാശ്ചാത്യ-പൗരസ്ത്യ നാടുകളിലെ സഭ ഒന്നടങ്കം ഇളകി. കത്തുന്ന തീയിൽ എണ്ണ ഒഴിക്കുംവിധം നെസ്‌തോറിയസിന്റെ സുഹൃത്തായ ഒരു വൈദികൻ അത്തനാസിയൂസ്, മറിയത്തെ ദൈവമാതാവ് എന്നു വിളിച്ചുകൂടാ എന്നു പ്രസംഗിച്ചുതുടങ്ങി. ദൈവത്തിനു എങ്ങനെ ഒരമ്മ ഉണ്ടാകും എന്ന് അവർ പരിഹസിച്ചു. വിവാദമായി. 431 ജൂൺ 22-ന് എഫേസൂസിൽ സഭാപിതാക്കന്മാർ ഒന്നിച്ചുകൂടി. വിശു ദ്ധ സിറിലായിരുന്നു അധ്യക്ഷൻ. സൂനഹദോസ് നെ സ്‌തോറിയസിന്റെ നിലപാടിനെ ഖണ്ഡിച്ചു. നെസ്‌തോറിയസിനെ സ്ഥാനഭ്രഷ്ടനാക്കി, പുറത്താക്കി. ദൈവമാതാവെന്ന് മറിയത്തെ വിളിക്കണം എന്ന് നിശ്ചയിച്ചു. 451-ൽ ചേർന്ന കാൽസിഡൺ സൂനഹദോസാണ് ഈ വിശ്വാസസത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുരാതന സഭാസമൂഹങ്ങളെല്ലാം ഈ വിശ്വാസം ഏറ്റുപറയുന്നവരാണ്. പ്രൊട്ടസ്റ്റന്റ്-നേതാക്കളായ മാർട്ടിൻ ലൂതറും, കാൽവിനും, സ്വിംഗ്‌ളിയും മ റിയം ദൈവമാതാവാണെന്ന് ഏറ്റുപറയുന്നവരായിരുന്നു.
നിത്യകന്യക
മറിയത്തെക്കുറിച്ച് സഭ പ്രഖ്യാപിച്ച രണ്ടാമത്തെ വിശ്വാസസത്യം അവൾ നിത്യകന്യകയാണെന്നുള്ളതാണ്. 649-ൽ പാട്രൻ കൗൺസിലാണ് ഈ വിശ്വാസസത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മറിയത്തിന്റെ നിത്യകന്യകാത്വത്തെ ആദിമസഭ ഒരിക്കലും സംശയിച്ചിരുന്നില്ല. വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ നൽകുന്ന മംഗള വാർത്താവിവരണത്തിൽ മറിയം കന്യകയാണെന്നും അവൾ നിത്യകന്യകയാണെന്നും സൂചനയുണ്ട് (ലൂക്ക 1:34-37).
കത്തോലിക്കരും ഓർത്തഡോക്‌സുകാരും വിശ്വസിക്കുന്ന സത്യമാണിത്. എന്നാൽ പ്രൊട്ടസ്റ്റന്റ്കാർ യേശു പിറക്കുന്നതുവരെയാണ് മറിയം കന്യകയായിരുന്നതെന്ന് വാദിക്കുന്നുണ്ട്. യേശുവിന്റെ സഹോദരന്മാരെക്കുറിച്ചു സുവിശേഷത്തിൽ പറയുന്ന സൂചനയാണ് ഇതിനു കാരണമായി അവർ പറയുന്നത്. അറമായ ഭാഷയിൽ സഹോദരൻ, കസിൻ എന്നിവർക്കു പ്രത്യേക വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് യേശുവിന്റെ അപ്പന്റെ സഹോദരങ്ങളുടെയും അമ്മയുടെ സഹോദരങ്ങളുടെയും മക്കളെ സഹോദരങ്ങളായി കണക്കാക്കുന്നത്. ലോകത്തെ പല ഭാഷകളിലും ഇന്നും അതാണ് സ്ഥിതി. യേശുവിന്റെ സഹോദരങ്ങളായി കരുതപ്പെടുന്നവർ, മറിയത്തിന്റെ മക്കളാണെന്ന് ബൈബിളിൽ സൂചനയില്ല. മാത്രവുമല്ല യേശുവിന്റെ സഹോദരങ്ങളായി ബൈബിളിൽ പറയുന്ന വ്യക്തികൾ ജയിംസും ജോണും ഒക്കെ വേറെ അമ്മമാരുടെ മക്കളാണെന്ന് തെളിവും ഉണ്ട്. കുരിശിൻചുവട്ടിലെ ശിഷ്യരെക്കുറിച്ച് യോഹന്നാനും ഇതര സുവിശേഷകരും നൽകുന്ന വിവരണം തുലനം ചെയ്താൽ ഈ സത്യം ആർക്കും മനസ്സിലാകും.
മറിയത്തിനു മറ്റു മക്കളുണ്ടായിരുന്നെങ്കിൽ കാൽവരിക്കുരിശിൽ കിടന്ന യേശു അമ്മയെ മറ്റുള്ളവർക്കു ഏൽപ്പിക്കുമായിരുന്നോ? എസക്കിയേൽ 44:2-3 ഇങ്ങനെ പറയുന്നു, ‘വാതിലുകൾ അടഞ്ഞുകിടന്നു. കാരണം അതിലെ കർത്താവ് കടന്നുപോന്നതാണ്.’ ദൈവപുത്രൻ മനുഷ്യാവതാരം ചെയ്യാൻ സ്വീകരിച്ച ഉദരം മറ്റു മക്കളെ സ്വീകരിച്ചില്ല എന്നതിന്റെ സൂചനയാണ് ഈ പ്രവചനം.
മത്തായി 1:25-ൽ അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിക്കുന്നതുവരെ അവൻ അവളെ അറിഞ്ഞില്ല എന്ന പ്രയോഗം അതിനുശേഷം അവർ ബന്ധപ്പെട്ടു എന്നും വരുന്നില്ല. ഹെബ്രായ ഭാഷയുടെ പ്രത്യേകതയാണ് അതും. സാവൂളിന്റെ മകൾ മിഖാൽ മരണം വരെ വന്ധ്യയായിരുന്നുവെന്ന് (2സാമു.6:23) പറയുന്നതിനർത്ഥം പിന്നീട് ഉണ്ടായെന്നല്ലല്ലോ?
ബൈബിളിൽ തന്നെ അബ്രാഹത്തിന്റെ സഹോദരപുത്രനായ (ഉൽപ.11:27) സഹോദരൻ (ഉൽപ.14:14) എന്നു വിളിക്കുന്നുണ്ട്. കടിഞ്ഞൂൽ എന്നു പറയുന്നതുകൊണ്ട് രണ്ടാമൻ ഉണ്ടെന്നു വരുന്നില്ല. മറിയത്തിന്റെ നിത്യകന്യാത്വം പ്രൊട്ടസ്റ്റന്റ് സഭാസ്ഥാപകർ അംഗീകരിച്ചിരുന്നു. ലൂതറും കാൻവിനും സ്വിംഗ്‌ളിയും ഈ അഭിപ്രായത്തിനെതിരായിരുന്നു. 1531-ൽ ഗ്വാദലുപ്പേയിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ സ്വയം പരിചയപ്പെടുത്തിയത് താൻ നിത്യകന്യക ആണെന്നായിരുന്നു.
അമലോത്ഭവം
ദൈവപുത്രന് ജന്മം നൽകുവാൻ ദൈവം തെരഞ്ഞെടുത്ത മറിയം അമലോത്ഭവയാണെന്നും സഭ എക്കാലവും വിശ്വസിച്ചിരുന്നു. എന്നാൽ ഈ സത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1854 ഡിസംബർ എട്ടിനാണ്. ഭാഗ്യസ്മരണാർഹനായ ഒമ്പതാം പിയൂസ് പാപ്പായാണ് ഈ പ്രഖ്യാപനം നടത്തിയത്.
മറിയം ഉത്ഭവപാപം ഇല്ലാതെ ജനിച്ചു എന്ന നിലപാട് എല്ലാവരും പാപികളാണെന്ന (റോ.3:3) ദൈവവചനത്തിനു നിരക്കുമോ എന്ന സംശയമാണ് എതിരാളികൾ ഉന്നയിക്കുന്നത്. എങ്കിൽ യേശുവോ? മറുപക്ഷം ചോദിക്കുന്നു. യേശുവിനെപ്പോലാണോ മറിയം? അല്ലെന്നു മറിയത്തിന്റെ അമലോത്ഭവത്തെ ഏറ്റുപറയുന്നവരും പറയുന്നു. മറിയം യേശുവിലൂടെയാണ് പാപമോചനം നേടിയത്. യേശു വഴിയാണ് ഉത്ഭവപാപത്തിൽനിന്നും മോചിക്കപ്പെട്ടത്.
മറിയം അമലോത്ഭവയാണെന്നതിനു വിശുദ്ധ ഗ്രന്ഥത്തിൽ നേരിട്ടുള്ള സൂചനകളൊന്നും ഇല്ല. അവൾ പരിശുദ്ധാത്മാവിന്റെ വധുവാകുവാൻ നിർണ്ണയിക്കപ്പെട്ടവളായിരുന്നു (ലൂക്ക 1:35).പഴയനിയമത്തിലെ മറിയത്തിന്റെ സൂചനകളിൽ ഒരാളായ എസ്‌തേറിനോട് അ സ്വാരസ് രാജാവ് പറയുന്നു. ”ഈ നിയമം നിനക്കുവേണ്ടിയുള്ളതല്ല. മറ്റുള്ളവർക്കുള്ളതാണ്.” ഉൽപ. 3:15-ൽ അവൾ സർപ്പത്തിന്റെ തല തകർക്കാനുള്ളവളാണെ ന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. വി.ബൊ നവച്ചുർ മറിയത്തിന്റെ അമലോത്ഭവത്തിന്റെ കരുത്തനായ വക്താവായിരുന്നു.
പതിനാലാം നൂറ്റാണ്ടായപ്പോഴേക്കും കത്തോലിക്കാ സർവകലാശാലകളെ കേന്ദ്രീകരിച്ച് ഈ വിശ്വാസസത്യം കൂടുതൽ വിശദീകരിക്കപ്പെട്ടു. പാരിസ്, നേപ്പാൾസ്, കൊളോൺ തുടങ്ങിയ സർവകലാശാലകൾ ഈ നിലപാടിലായിരുന്നു. ജോൺ ഡൺസ്‌കോട്‌സ് (1266-1388) മറിയം യേശുവിന്റെ കൃപ മുൻകൂട്ടി സ്വീകരിച്ചു എന്ന പ്രഖ്യാപനം നൽകി. തുടർന്ന് ഈശോസഭാ ദൈവശാസ്ത്രജ്ഞന്മാർ ആയിരക്കണക്കിനു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിവ് പകർന്നു.
1648-ൽ പോർച്ചുഗലിലെ രാജാവ് ജൂവാൻ പോർച്ചുഗലിനെ അമലോത്ഭവ മറിയത്തിനു പ്രതിഷ്ഠിച്ചു. 1781-ൽ പോർട്ട് ഓഫ് സ്‌പെയിനിൽ അമലോത്ഭവയുടെ നാമത്തിലുള്ള ആദ്യത്തെ ദേവാലയം ഉയർന്നു. 1830 റുഡെ ബാക്കിൽ പ്രത്യക്ഷപ്പെട്ട അമ്മ ‘അമലോത്ഭവ’ യാണെന്ന് വെളിപ്പെടുത്തി. ലൂർദ്ദിലും അമ്മ പറഞ്ഞത് ഞാൻ അമലോത്ഭവയാണെന്നാണ്. ഗ്രിഗറി പതിനാറാമൻ പാപ്പായുടെ കാലമായപ്പോഴേക്കും ഈ വിശ്വാസം സഭയിൽ കൂടുതൽ ശക്തമായി. ഒമ്പതാം പിയൂസ് പാപ്പായുടെ വരവോടെ ഈ ചിന്ത കൂടുതൽ തീക്ഷ്ണമായി. 1848-ൽ പാപ്പാ എഴുതിയ ‘ഇൻ എഫാലിബിലിസ് ദേവുസ്’ എന്ന ചാക്രികലേഖനം ഈ വിഷയം കൂടുതൽ വിശദമാക്കി.
പാപ്പാ ഇതേക്കുറിച്ച് ഇരുപത് ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. 17 പേരും അമലോത്ഭവത്തെ അംഗീകരിച്ചു. തുടർന്ന് അദ്ദേഹം കർദ്ദിനാളന്മാരുടെ സമ്മേളനം വിളിച്ചു. കർദ്ദിനാളന്മാരും ഈ വിശ്വാസത്തെ അംഗീകരിച്ചു. വിശ്വാസ സത്യമായി പ്രഖ്യാപിക്കേണ്ടതാണെന്നും ഏറ്റുപറഞ്ഞു. അതിനായി മെത്രാന്മാരുടെ അഭിപ്രായം ആരായണമെന്ന് നിർദ്ദേശിച്ചു. ഇതനുസരിച്ച് 1849 ഫെബ്രുവരി രണ്ടിന് പാപ്പാ ‘ഊസിപ്രിമും’ എന്ന കത്തിലൂടെ മെത്രാന്മാരുടെ അഭിപ്രായം തേടി. 603 മെത്രാന്മാർക്കാണ് എഴുതിയത് 546 പേർ അംഗീകരിച്ചു. 40 പേർ എതിർത്തു. 1854 ഡിസംബർ എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാപ്പായുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു. 53 കർദ്ദിനാളന്മാരും 152 മെത്രാന്മാരും സഹകാർമ്മികരായി. 40,000 ജനങ്ങളും സംബന്ധിച്ചു.
വിശുദ്ധകുർബാനയ്ക്കിടെ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ മച്ചി, ഗ്രീക്ക്, അർമേനിയൻ സഭകളിലെ ഓരോ മെത്രാപ്പോലീത്താമാർ ലത്തീൻ സഭയിലെ 12 സീനിയർ മെത്രാപ്പോലീത്തമാർ എന്നിവർ ചേർന്ന് മാർപാപ്പയോട് അഭ്യർത്ഥിച്ചു, അമ്മയുടെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിക്കണമെന്ന്. അവിടെവച്ച് പാപ്പാ മറിയത്തെക്കുറിച്ചുള്ള മൂന്നാമത്തെ വിശ്വാസസത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നാളെ
അമ്മയുടെ സ്വർഗ്ഗാരോപണം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?